സ്ത്രീകള്‍ക്കുനേരെ മാര്‍കിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നിരന്തരം ചൊരിയുന്ന അവഹേളനം കേരളത്തിന് ആകെ അപമാനകരമായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ. സ്ത്രീവിരുദ്ധ മാര്‍ക്സിസ്റ്റ് നേതാക്കളുടെ നിരയില്‍ ഏറ്റവും അവസാനമായി കടന്നുവന്നു സ്ത്രീകളെ അധിക്ഷേപിച്ചതും അപമാനിച്ചതും മൂന്നാര്‍ എംഎല്‍എ രാജേന്ദ്രന് ആണ്. ‘അവള് ബോധമില്ലാത്തോള്. ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പ് ഒണ്ടാക്കാന്‍ വന്നിരിക്കുന്നു’. ഒരു സ്ത്രീയെ കുറിച്ചാണ് പൊതുജന മധ്യത്തില്‍വച്ച് പരസ്യമായി എംഎല്‍എ ഇതുപറഞ്ഞത്. അവിടംകൊണ്ടും ജനപ്രതിനിധിയായ, ജനസേവകനായ രാജേന്ദ്രന് നിര്‍ത്തിയില്ല, പിന്നെയും തരംതാണ ശകാരവാക്കുകള്‍ കൊണ്ട് ഭര്‍ത്സനം തുടര്‍ന്നു.
ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ ആണ് പരസ്യമായി അധിക്ഷേപിച്ചത്. അനധികൃതമായി കെട്ടിപ്പൊക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സബ്കളക്ടര്‍ സ്റ്റോപ്പ്മെമ്മോ നല്‍കിയതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. എംഎല്‍എ എന്ന് സബ്കളക്ടര്‍ വിളിച്ചുവെന്ന് രാജേന്ദ്രന് പരാതി പറയുന്നത് എന്തോ വലിയ തെറ്റുചെയ്ത മട്ടിലാണ്. എംഎല്‍എയെ പിന്നെ എന്തു വിളിക്കണം? സവര്‍ണ മേധാവിത്വത്തിന്റെ പേരില്‍ ആ പാര്‍ട്ടിതന്നെ നിരന്തരം ആക്രോശിക്കുന്ന ഇക്കാലത്ത് എംഎല്‍എയെ ‘തമ്പ്രാന്’ എന്നാണോ വിളിക്കേണ്ടിയിരുന്നത് എന്ന് ‘പെരുമാറ്റച്ചട്ടം’ നോക്കി ഒന്ന് വിശദീകരിക്കുന്നതു നന്നായിരിക്കും.
ലാന്‍ഡ്മാഫിയയെ തൊട്ടാല്‍ മണിക്കും രാജേന്ദ്രനും ഒക്കെ നോവും. കുറേനാള്‍മുന്‍പ് മൂന്നാറില്‍ സ്ത്രീകള്‍ നടത്തിയ ഐതിഹാസിക സമരം ഓര്‍മയുണ്ടാകുമല്ലോ. പെമ്പിളകളെ മറന്നാലും മന്ത്രി മണി അവര്‍ക്കു ചാര്‍ത്തിക്കൊടുത്ത അപമാനകരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ മലയാളി മറക്കില്ല. സമരം ചെയ്ത പെമ്പിളൈ ഒരുമൈക്കാരെ ‘മറ്റേപണി’ എന്നൊക്കെ പറഞ്ഞു മന്ത്രി അപമാനിച്ചതു ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് സ്ത്രീയെ അപമാനിച്ചതിന് മറ്റൊരു കേരളമന്ത്രിയുടെ പേരില്‍ കേസെടുത്തത്. സര്‍വ്വജ്ഞപീഠം കയറിയെന്നുനടിക്കുന്ന മന്ത്രി സുധാകരന് എതിരെ സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് കേസ് എടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്കി. 2016ല്‍ പോലീസില്‍ കൊടുത്ത പരാതിയില്‍ കേസ് എടുക്കാത്തതുകൊണ്ടാണ് സ്ത്രീക്ക് കോടതിയില്‍ പോകേണ്ടിവന്നത്. ‘ഒരു പൊതുപരിപാടിയില്‍ എന്നെ കൈചൂണ്ടി എടീ പോടീ എന്നൊക്കെ വിളിച്ചു. രാവിലെ ഒരു സാരീം ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടി ആയിരുന്നു.’ പൊതുസമ്മേളനത്തില്‍ മൈക്കിലുടെയാണ് ഇതൊക്കെ മന്ത്രി വിളിച്ചുപറഞ്ഞത് എന്ന് ഇരയായ സ്ത്രീ പറയുന്നു.
പാര്‍ട്ടിനേതാക്കളുടെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കു പാര്‍ട്ടിയും പിന്തുണ നല്‍കുന്നുവെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. അതാണ് വീണ്ടു വീണ്ടും അവരെ സ്ത്രീവിരുദ്ധരാകാന്‍ പ്രേരിപ്പിക്കുന്നത്. 2017ല്‍ മുഖ്യമന്ത്രിതന്നെ പറഞ്ഞു, എം.എം. മണി സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല എന്ന്. ഇത് ഒരു പ്രോത്സാഹനം ആയി അവര്‍ എടുത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. രേണുരാജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ‘പരി ശോധിക്കും’ എന്ന് മാത്രം പറഞ്ഞു ഇടുക്കി ജില്ലാസെക്രട്ടറി തടിതപ്പിയത് കേരളം കണ്ടല്ലോ. ഇതൊക്കെ കൂടാതെ പാര്ട്ടി്ക്ക് സുപ്രീം കോടതിക്ക് തുല്യമായ ഒരു സമാന്തര നിയമസംവിധാനവും ഉണ്ട്. എംഎല്‍എ ശശി്ക്ക് എതിരെ പീഡനം ഉന്നയിച്ച പാര്‍ട്ടിപ്രവര്‍ത്തകയുടെ പരാതി പാര്‍ട്ടിയുടെ കോടതി തീര്‍പ്പാക്കിയത് സമൂഹം കണ്ടു. പാര്‍ട്ടിക്കു സ്ത്രീകളോടുള്ള സമീപനവും നിലപാടും ആണ് ഇത് കാണിക്കുന്നത്. നവോത്ഥാനമതില്‍ കെട്ടാന്‍ വനിതകളെ വിളിച്ചപ്പോള്‍ എന്തെല്ലാമാണ് സര്‍ക്കാര്‍ പറഞ്ഞത്? സ്ത്രീപുരുഷ സമത്വം, സ്ത്രീസുരക്ഷ എന്നിവയൊക്കെയാണ് നവോത്ഥാനം എന്ന്. മതിലിനുപോകാന്‍ നിര്‍ബന്ധിതരായ കുടുംബശ്രീ, തൊഴിലുറപ്പു സ്ത്രീകള്‍ മതിലിനു നില്ക്കേണ്ടിവന്ന തങ്ങളുടെ നിര്‍ഭാഗ്യമോര്‍ത്തു ദുഃഖിക്കുകയാണിന്ന്. ഓരോദിവസവും പുറത്തുവരുന്ന പാര്‍ട്ടിക്കാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍കേട്ട് അവര്‍ ലജ്ജിച്ചു തലകുനിക്കുന്നു. ഒപ്പം പിണറായി പറയുന്ന നവോത്ഥാന കേരളവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: