തൃശൂര്‍ : കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനുള്ള തീരുമാനത്തെച്ചൊല്ലി കേരള സിപിഎമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസുമായുള്ള ധാരണയ്ക്ക് ആദ്യം മുതല്‍ എതിര് നിന്ന മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുകണ്ടം ചാടിയതാണ് ഔദ്യോഗിക പക്ഷത്തെ വിള്ളല്‍ രൂക്ഷമാക്കുന്നത്. കോണ്‍ഗ്രസുമായി ധാരണ വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനൊപ്പമാണ് ഇപ്പോള്‍ കോടിയേരി.
ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടേയും നിലപാടിനൊപ്പം കേരളത്തില്‍ നിന്ന് വി.എസ് അച്യുതാനന്ദനും എം.എ ബേബിയും മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്ന് ഹൈദ്രാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിലും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനൊപ്പം പിണറായി-കോടിയേരി സഖ്യം യെച്ചൂരിയുടെ നിലപാടിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. ഇപ്പോള്‍ കോടിയേരി കളം മാറിയതോടെ കാരാട്ട്-പിണറായി പക്ഷം ദുര്‍ബലമാവുകയും കോണ്‍ഗ്രസ് സഖ്യത്തെ അംഗീകരിക്കാന്‍ നിര്ബന്ധിതമാവുകയുമാണ്.
അതേസമയം കോണ്‍ഗ്രസ് സഖ്യത്തെ കേരളത്തില്‍ ന്യായീകരിച്ച് നില്ക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണ് പാര്‍ട്ടി നേതൃത്വം തന്നെ സമ്മതിക്കുന്നത്. ശബരിമല, പ്രളയ പുനരധിവാസം, വിലക്കയറ്റം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ട്. അതിന് പിന്നാലെ കോണ്‍ഗ്രസ് സഖ്യം കൂടിയാകുമ്പോള്‍ കേരളത്തിലും നില പരുങ്ങലിലാകും. കേരളത്തില്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ഇതുവരെയുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് വിരുദ്ധത എന്നതായിരുന്നു. ഇനി കോണ്‍ഗ്രസ് വിരുദ്ധത എത്രമാത്രം പ്രസംഗിക്കാനാകുമെന്നാണ് നേതാക്കള്‍ തന്നെ ആശങ്കപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടിവേദികളില്‍ നിരന്തരം പോരിന് വഴിവെച്ചിരുന്ന കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമാകുന്നതോടെ കാരാട്ട് -പിണറായി സഖ്യം പരാജയപ്പെടുകയും യെച്ചൂരി അവര്‍ക്കുമേല്‍ വിജയം വരിക്കുകയുമാണ്. കോണ്‍ഗ്രസുമായും സോണിയ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സോണിയയും രാഹുലും കോണ്‍ഗ്രസും തയാറായിരുന്നുവെങ്കിലും പിബി യോഗത്തില്‍ കാരാട്ടും പിണറായിയും ചേര്‍ന്ന് വെട്ടുകയായിരുന്നു.
കേരളത്തിന് പുറത്തുനിന്ന് രണ്ടോ മൂന്നോ സീറ്റ് തരപ്പെടുത്തുകയും കേരളത്തില്‍ പിണറായിയെ ദുര്‍ബലനാക്കുകയും ചെയ്യുക എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ കണ്ണുറപ്പിച്ചിട്ടുള്ള യെച്ചൂരി ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ധാരണ നിലവില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ സാങ്കേതിക കാരണം പറഞ്ഞ് യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനം കാരാട്ട് പക്ഷത്തിന് എതിര്‍ക്കാനുമാകില്ല. യുപിഎക്ക് ഭരണം കിട്ടുന്ന സാഹചര്യമുണ്ടായാല്‍ ലഭിക്കാനിടയുള്ള പരിഗണനയിലാണ് യെച്ചൂരിയുടെ കണ്ണ് എന്നാണ് പിണറായി പക്ഷത്തെ ഒരു പ്രമുഖ നേതാവ് കുറ്റപ്പെടുത്തുന്നത്.
ബംഗാളിലും ത്രിപുരയിലും ധാരണ എന്നാണ് പറയുന്നതെങ്കിലും ഫലത്തില്‍ കേരളമൊഴികെ രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ ബി. ടീമാവുകയാണ് സിപിഎം. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കാനും പാര്‍ട്ടി തയാറാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: