ഇടുക്കി: ഇടതു സര്‍ക്കാരിന്റെ അവഗണനയും പിടിപ്പുകേടും കാരണം ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം കൂടുന്നു. അഞ്ചരമാസത്തിനുള്ളില്‍ ഇടുക്കിയില്‍ മാത്രം ആത്മഹത്യ ചെയ്തത് നാലു കര്‍ഷകരാണ്. മൂന്നു മാസത്തിനുള്ളില്‍ വയനാട്ടില്‍ ജീവനൊടുക്കിയത് മൂന്നു പേര്‍. വായ്പകള്‍ തിരിച്ചടയ്‌ക്കാന്‍ പറ്റാത്തതാണ് കാരണം. താന്‍ മരിച്ചാല്‍ തന്റെ കടം എഴുതിത്തള്ളുമെന്നും അങ്ങനെ മക്കളെങ്കിലും സുഖമായി ജീവിക്കട്ടെയെന്നു കരുതിയാണ് മിക്കവരും കടുംകൈക്ക് മുതിരുന്നത്. കേന്ദ്രം കര്‍ഷക വിരുദ്ധരെന്നു പറഞ്ഞ് അതിന്റെ പേരില്‍ പ്രക്ഷോഭം തട്ടിക്കൂട്ടുന്നവര്‍ ഭരിക്കുന്ന കേരളത്തിലാണ് ഞെട്ടിക്കുന്ന ഈ ആത്മഹത്യകള്‍.
അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വാണ് ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത്. അടിമാലി കാനറാ ബാങ്ക് ശാഖയില്‍ നിന്ന് രാജു 10 ലക്ഷം വായ്പ എടുത്തിരുന്നു. രണ്ടാഴ്ച മുന്‍പ് പണം തിരികെ അടക്കാന്‍ നോട്ടീസ് ലഭിച്ചു. ഒരേക്കര്‍ സ്ഥലത്തിന്റെ ഒരു ഭാഗം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56) മുരിക്കാശ്ശേരിയില്‍ മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) തോപ്രാംകുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന്‍ (68) എന്നിവരാണ് ജീവനൊടുക്കിയ മറ്റുള്ളവര്‍.
പ്രളയത്തില്‍ ചെറുതോണി മുതല്‍ അടിമാലി വരെ 11 വില്ലേജുകളിലായി കൃഷി നശിച്ചവര്‍ നിരവധിയാണ്. കൃഷിക്കൊപ്പം കിടപ്പാടവും സ്വത്തുക്കളും ആട്, പശു, പോത്ത്, കോഴി ഉള്‍പ്പെടെയുള്ളവയും നശിച്ചു. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്രയും വലിയ നാശമുണ്ടായിട്ടും പട്ടയമില്ലാത്തതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. ചിലര്‍ക്ക് 10,000 രൂപ വീതം ലഭിച്ചപ്പോള്‍ കൂടുതല്‍ പേര്‍ക്കും ഒന്നും ലഭിച്ചില്ല.
പ്രളയത്തിന്റെ പേരില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ഒഴുകി എത്തിയിട്ടും അതൊന്നും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല എന്നതിന്റെ നേര്‍ചിത്രമാണ് കര്‍ഷക ആത്മഹത്യകള്‍. ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും വാര്‍ഷിക അവസാനമായതോടെ ബാങ്കുകള്‍ പണം പിരിച്ചെടുക്കാനായി ഒാടുകയാണ്. ഇതിന്റെ ഭാഗമായി നല്‍കുന്ന നോട്ടീസുകളാണ് ആത്മഹത്യകളിലേക്ക് നയിക്കുന്നത്.
പ്രളയത്തില്‍ ഇടുക്കിയിലെ കൃഷിയില്‍ നാലില്‍ മൂന്ന് ഭാഗവും നശിച്ചു, ബാക്കിയുള്ളവ രക്ഷപ്പെടുത്തി എടുക്കാനുള്ള ശ്രമത്തിനിടെ കനത്ത മഞ്ഞും പിന്നാലെയെത്തിയ വേനലും തിരിച്ചടിയായി. വിളവ് തീരെ കുറഞ്ഞതിനൊപ്പം വിലയിടവും, ഇതിനൊപ്പം വന്യമൃഗ ശല്യവും ഏറിയതാണ് വലിയ തിരിച്ചടിയായത്. ഏലം, കുരുമുളക്, കൊക്കോ, കാപ്പി, ജാതി, റബ്ബര്‍ എന്നിവയ്‌ക്കുണ്ടായ നാശം ഇനി 3-5 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പഴയപടിയെത്തൂ. ഇതിനായി പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ പോലുമുള്ള ശേഷി പലര്‍ക്കുമില്ല.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരങ്ങള്‍ നടന്നപ്പോള്‍ അങ്ങോട്ട് ഓടിയെത്തി ലോങ് മാര്‍ച്ച് നടത്തിയവരും കേരളത്തിലെ കര്‍ഷക ആത്മഹത്യയ്‌ക്ക് മുമ്പില്‍ മൗനിബാബകളായി. മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍ ഇവിടുത്തെ കര്‍ഷകരുടെ ദുരിതക്കാഴ്ച കണ്ടിട്ടും കണ്ടമട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: