ആലപ്പുഴ: കഴിഞ്ഞ പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്ക് വിള ഇന്‍ഷുറന്‍സ് ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മൂലം. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഒരേക്കര്‍ കൃഷിക്കു കര്ഷകന് 100 രൂപ വിഹിതം നല്‍കുന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതി.
സര്‍ക്കാരും 100 രൂപ അടയ്ക്കും. കൃഷി പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ ഏക്കറിനു 35,000 നഷ്ടപരിഹാരമാണ് ലഭിക്കുക. കൃഷിയിറക്കി 45 ദിവസത്തിനകം നശിച്ചാല്‍ 15,000 രൂപ കിട്ടും. കുട്ടനാട്ടില്‍ പലരുടെയും കൃഷി 45 ദിവസം കഴിഞ്ഞാണു നഷ്ടപ്പെട്ടത്. എന്നാല്‍ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ഇതെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച വ്യക്തമായത്.
സര്‍ക്കാര്‍ വിഹിതം യഥാസമയം അടയ്ക്കാത്തതാണു നഷ്ടപരിഹാരം കിട്ടാത്തതിനു കാരണമെന്നാണു കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്.
3 വര്‍ഷം മുന്‍പത്തെ കൃഷിനഷ്ടത്തിന്റെ തുക പോലും ഇതുവരെ കിട്ടിയിട്ടില്ല. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാത്തതിനു കാരണവും സംസ്ഥാനത്തിന്റെ അനാസ്ഥയാണ്.
കൃഷി വായ്പയ്ക്കാണ് ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് ലഭിക്കുക. സംസ്ഥാനത്തിന്റെ വീഴ്ച കാരണം അതു കിട്ടാനുള്ള വഴിയും അടഞ്ഞു. പദ്ധതി പ്രകാരം വായ്പ അനുവദിക്കുമ്പോഴേ ഒരു ലക്ഷത്തിന് 2,500 രൂപ പ്രീമിയം ബാങ്ക് ഈടാക്കും. ഇത് അഗ്രികള്‍ചറല്‍ ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയിലേക്കാണു പോകുന്നത്.
പ്രത്യേക കാലയളവില്‍ ചെയ്ത കൃഷിയാണെന്നും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്നും പ്രീമിയം തുക ഈടാക്കിയെന്നും സംസ്ഥാനം വിജ്ഞാപനം ചെയ്താലേ ഇന്‍ഷുറന്‍സ് തുക ലഭ്യമാകുകയുള്ളു.
എന്നാല്‍ ഈ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നാണ് ഇന്‍ഷുറന്‍സ് കോര്പറേഷന് അധികൃതര്‍ പറയുന്നത്. ഈ പദ്ധതിക്കു കൃഷി വകുപ്പുമായി ബന്ധമില്ല. ബാങ്കുകള്‍ വഴിയാണു നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ യഥാസമയം നടപടിയെടുക്കാത്തത് മൂലം കുട്ടനാട്ടിലെ അടക്കം കൃഷിനശിച്ച നെല്‍കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം പോലും നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ കാരണം വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ കര്‍ഷകര്‍ വൈമനസ്യം കാട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: