ഉഗാണ്ടയിലെ ആകാശത്തിനൊരു പ്രത്യേകതയുണ്ട്. ഏപ്രില്‍ മാസമെത്തുന്നതോടെ ആകാശത്ത് പച്ചനിറം പരക്കും. ഒറ്റനോട്ടത്തില്‍ പച്ചനിറത്തിലുള്ള കാര്‍മേഘങ്ങളാണെന്നു തോന്നിയേക്കാം. ഇങ്ങു താഴെ വെളിച്ചത്തിന്റെ നുറുങ്ങു കണ്ടാല്‍ മതി ആ മേഘമാല താഴേക്ക് കുതിക്കും. പുല്‍ച്ചാടികള്‍ ഒരുക്കുന്ന വമ്പന്‍ മേഘമാല! ഒന്നല്ല, ഒരായിരമല്ല, ലക്ഷക്കണക്കിന് പുല്‍ച്ചാടികള്‍…. അവ കയ്യെത്തും ദൂരത്തെത്തുമ്പോള്‍ത്തന്നെ കാഴ്ചക്കാര്‍ ചാക്ക് വീശി എറിയും. ഓരോ ഏറിലും ചാക്കില്‍ കയറുന്നത് ആയിരക്കണക്കിന് പുല്‍ച്ചാടികള്‍. ചാക്കില്‍ പുല്‍ച്ചാടി നിറഞ്ഞാല്‍ ഉടനെയെത്തും കച്ചവടക്കാര്‍. അളവ് അല്‍പ്പം കുറഞ്ഞാലും മോഹവില ഉറപ്പ്.
തലസ്ഥാനമായ കബാലയ്ക്കടുത്ത് കാപ്വെ ചന്തയിലെത്തിയാലേ ശരിയായ കച്ചവടം കാണാനാവൂ. അവിടെ പുല്‍ച്ചാടി പിടുത്തവും വില്‍പ്പനയും വറുക്കലും പൊരിക്കലുമൊക്കെയാണ് മുഖ്യപരിപാടി. കയ്യില്‍ കിട്ടുന്ന പുല്‍ച്ചാടികളെ എണ്ണയും മുളകും ചേര്‍ത്ത് ചീനച്ചട്ടിയില്‍ വറുത്ത് വില്‍ക്കുന്ന കടകളില്‍ വന്‍ തിരക്കാണ്. പുല്‍ച്ചാടി പൊരിച്ചതിന്റെ മണമടിച്ചാല്‍ ആരും അതൊന്ന് രുചിച്ചുനോക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
നാട്ടുകാരെല്ലാം കച്ചവടത്തിനിറങ്ങുന്ന കാലമാണ് പുല്‍ച്ചാടിക്കാലം. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയും നവംബര്‍ മുതല്‍ ഡിസംബര്‍ വരെയും. ആ കാലത്ത് കുട്ടികള്‍ പച്ചക്കുതിരയെ തേടി സ്കൂള്‍ വിട്ടിറങ്ങും. കച്ചവടക്കാര്‍ കടയടച്ച് വഴിയിലിറങ്ങും. കര്‍ഷകര്‍ വയല്‍ വിട്ട് പുല്‍ച്ചാടിയുടെ പിന്നാലെ പായും. കീടത്തെ കൂട്ടിലാക്കി പ്രതിദിനം ലക്ഷം ഷില്ലോങ് (30 ഡോളര്‍)വരെ സമ്പാദിക്കുന്നവരുണ്ട് കമ്പാലയില്‍. പുല്‍ച്ചാടിയെക്കൊണ്ട് സ്ഥലം വാങ്ങിയവരും വീടുവച്ചവരും സ്കൂള്‍ ഫീസ് കണ്ടെത്തിയവരുമുണ്ട്. ഉഗാണ്ടയിലെ പ്രാദേശിക ഭാഷയായ ‘ലുവാണ്ട’യില്‍ പുല്‍ച്ചാടികളെ വിളിക്കുന്നത് ‘സെനിന്’ എന്നാണ്.
വര്‍ഷത്തില്‍ രണ്ടുവട്ടം മാത്രമാണ് പുല്‍ച്ചാടികള്‍ ഉഗാണ്ടയില്‍ അവതരിക്കുന്നത്. അപ്പോള്‍ മാത്രമേ ആവശ്യത്തിന് അവയെ കഴിക്കാന്‍ കിട്ടൂ. പക്ഷേ വര്‍ഷം മുഴുവന്‍ അവയെ തിന്നണമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കാരണം, പ്രോട്ടീന്‍ അടക്കമുള്ള പോഷകങ്ങളുടെ കലവറയാണത്രേ ഈ പുല്‍ച്ചാടികള്‍. ഉഗാണ്ടയില്‍ ലക്ഷക്കണക്കിന് കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം കഷ്ടപ്പെടുന്നത്. നിരവധി രോഗങ്ങള്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് വര്‍ഷം മുഴുവനും പുല്‍ച്ചാടികളെ ചുട്ടുതിന്നാന്‍ കിട്ടിയാല്‍ പോഷകാഹാര പ്രശ്നം പൂര്‍ണമായും പരിഹരിക്കാനാവുമത്രേ. ഉഗാണ്ടയ്ക്കു പുറമെ ആഫ്രിക്കയിലെ ദരിദ്ര്യ രാജ്യങ്ങളെയും അപ്രകാരം സഹായിക്കാനാവുമെന്നും ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നു.
ഉഗാണ്ടയുടെ മധ്യമേഖലയിലും പടിഞ്ഞാറന്‍ മേഖലയിലുമാണ് പുല്‍ച്ചാടികള്‍ എണ്ണമറ്റ അളവില്‍ ജന്മമെടുക്കുന്നത്. നല്ല മഴയില്‍ കൂടുതല്‍ ജനിക്കും. ഇരുട്ടുപരക്കുന്നതോടെ ആകാശത്തില്‍ നിറയും. തീകത്തിയാല്‍ ആകര്‍ഷിക്കപ്പെടും. തീയില്‍നിന്നുയരുന്ന പുകയില്‍ ബോധം നശിച്ച് താഴെ വീഴും. കൊടും മഴയിലെ വെള്ളത്തുള്ളികള്‍ പതിക്കുന്ന ശബ്ദഘോഷത്തോടെയാണവ പാട്ടകൊണ്ടൊരുക്കിയ കെണികളിലേക്ക് വീഴുന്നത്.
പക്ഷേ ഒരു കാര്യം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. പുല്‍ച്ചാടികളുടെ ഉല്‍പ്പാദനത്തില്‍ ഓരോ വര്‍ഷവും ക്രമമായി കുറവ് സംഭവിക്കുന്നു. വമ്പിച്ച വനനശീകരണംതന്നെ മുഖ്യ കാരണം. പുല്‍ച്ചാടികളുടെ പ്രജനന മേഖലയായ വിക്ടോറിയ തടാകത്തിന്റെ വൃഷ്ടി പ്രദേശത്തെ വനവും പുല്‍മേടുകളും അനുനിമിഷം നശിച്ചുകൊണ്ടിരിക്കയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ കണക്കെടുത്താല്‍ പ്രതിവര്‍ഷം 46000 ഹെക്ടര്‍ വനം അവിടെ വെട്ടിവെളുപ്പിച്ചുവത്രേ. പുല്‍ച്ചാടി പിടുത്തത്തിന്റെ മുഖ്യകേന്ദ്രമായ ഗ്രേറ്റര്‍ മസാക്കയില്‍ മാത്രം പതിനായിരം ഹെക്ടര്‍ വനഭൂമിയാണ് കൃഷി ഭൂമിയായി മാറ്റപ്പെട്ടത്. ആവാസ കേന്ദ്രത്തിലുണ്ടാകുന്ന ഈ കുറവാണത്രേ പുല്‍ച്ചാടികളുടെ എണ്ണം കുറയാന്‍ മുഖ്യ കാരണം.
പുല്‍ച്ചാടി പ്രതിഭാസം പഠിക്കുന്ന ശാസ്ത്രജ്ഞനായ പ്രൊഫ. ഫിലിപ്പ് നിക്കോ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കുന്നു. ആകാശത്ത് മാമലപോലെ പറന്നുവരുന്ന പുല്‍ച്ചാടികള്‍ നാട്ടുകാര്‍ക്ക് ആഹാരമാകാന്‍ വേണ്ടി സ്വയം ബലി നല്‍കുന്നതല്ല. ഭക്ഷണം തേടിയോ സന്തതി ഉല്‍പ്പാദനത്തിനുള്ള സാഹചര്യം തേടിയോ ആണവ വരുന്നത്. അവയെ വന്‍തോതില്‍ കൊന്നൊടുക്കുന്നത് വംശനാശത്തിനുതന്നെ വഴിയൊരുക്കിയേക്കാം. അതുകൊണ്ടുതന്നെ കൃത്രിമ പ്രജനനത്തിലൂടെ പുല്‍ച്ചാടികളെ വര്‍ഷം മുഴുവന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. അപ്രകാരം ഉണ്ടാക്കിയെടുക്കുന്നവയെ അനുകൂലമായ അന്തരീക്ഷത്തിലേക്ക് പറത്തിവിടുകയാണ് ലക്ഷ്യം.
മകീരിരി സര്‍വകലാശാലയിലെ ഫുഡ് ടെക്നോളജി ആന്റ് ഹ്യൂമന്‍ നുട്രീഷ്യന്‍ വകുപ്പും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍സെക്ട് ഫിസിയോളജി ആന്റ് ഇക്കോളജിയും ചേര്‍ന്ന് പുല്‍ച്ചാടികളെ കൃത്രിമമായി ഉല്‍പ്പാദിപ്പിക്കാനും, എക്കാലവും അവയുടെ ലഭ്യത ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ്.
ആ ശ്രമം വിജയിച്ചാല്‍ ഭക്ഷ്യ അരക്ഷിതത്വത്തില്‍ കഴിയുന്ന ഉഗാണ്ടയിലെ പാവങ്ങള്‍ക്കും, പോഷകക്കുറവ് മൂലം വളര്‍ച്ച മുരടിച്ച കുഞ്ഞുങ്ങള്‍ക്കും വലിയൊരു സഹായമായിരിക്കും ഉണ്ടാവുക. കാരണം പുല്‍ച്ചാടി പാവങ്ങളുടെ പോഷകാഹാരമാണെന്നതുതന്നെ. മൂന്നര ഔണ്‍സ് പുല്‍ച്ചാടിയില്‍ 28 ഗ്രാം പ്രോട്ടീനും ആറു ഗ്രാം കൊഴുപ്പും ആവശ്യത്തിന് നാരുകളും അടങ്ങിയിരിക്കുന്നു. അതിനും പുറമെ ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യവും.
വാല്‍ക്കഷ്ണം: കടുത്ത പോഷകക്കുറവ് മൂലം വീര്‍പ്പുമുട്ടുന്ന കമ്പോഡിയയിലെ കാല്‍ലക്ഷം കുഞ്ഞുങ്ങള്‍ക്കായി മത്സ്യപ്രോട്ടീന്‍ കൊണ്ടുള്ള വേഫര്‍ തയ്യാറാവുന്നു. മത്സ്യത്തില്‍ നിന്നെടുക്കുന്ന ഈ വേഫര്‍ കിഴക്കേഷ്യയിലെ 50 ലക്ഷം
കുട്ടികളുടെ പോഷകാഹാര പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് ‘യുണിസെഫി’ന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: