ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ ്രപഖ്യാപിക്കപ്പെട്ട ദേശീയ ബഹുമതികളുടെ പട്ടികയില്‍ ചിത്രകൂടത്തിലെ ഗ്രാമീണ സര്‍വകലാശാല സ്ഥാപകനും കുലപതിയുമായിരുന്ന സ്വര്‍ഗീയ നാനാജി ദേശ്മുഖ് ഉള്‍പ്പെട്ടത് ഏത് നിലയിലും സമുചിതമാണ്. അദ്ദേഹം മുതിര്‍ന്ന സംഘപ്രചാരകനായിരുന്നുവെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, പ്രചാരക ജീവിതത്തില്‍ നാനാജി തൊട്ടതൊക്കെ പൊന്നാക്കിയ ‘വിരാട് പ്രതിഭ’ പ്രദര്‍ശിപ്പിച്ച ആളുമായിരുന്നു.
ദീനദയാല്‍ജിയോടൊപ്പം ഭാരതീയ ജനസംഘത്തിന്റെ തുടക്കകാലത്ത് അയയ്ക്കപ്പെട്ട പ്രചാരകന്മാരില് അദ്ദേഹവുമുണ്ടായിരുന്നു. അടല്‍ബിഹാരി വാജ്പേയി, സുന്ദര്‍സിംഗ് ഭണ്ഡാരി, കുശാഭാവു ഠാക്കറെ, യജ്ഞദത്ത ശര്‍മ, കിഷന്‍ലാല്‍, ജഗന്നാഥറാവു ജോഷി, ഭാവുറാവു ഗോഡ്ബോലെ തുടങ്ങിയ സംഘടനാ കുശലന്മാരുടെ നിരയില്‍ നാനാജിയുമുണ്ടായിരുന്നു. സംഘടനയെ സുശക്തവും ദൃഢവുമായി പടുത്തുയര്‍ത്തുന്നതിനുള്ള സാമര്‍ഥ്യം പ്രവര്‍ത്തകരില്‍ സൃഷ്ടിക്കുന്നതിന് നാനാജി ഊന്നല്‍ കൊടുത്തു. അതിനിടെ പ്രവര്‍ത്തകര്‍ നേരിട്ട പ്രശ്നങ്ങളൊക്കെ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹം ശ്രദ്ധ ചെലുത്തി. 1967-ലെ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട നേട്ടം ജനസംഘത്തിനു കൈവരിക്കാനായതില്‍ നാനാജി ദേശ്മുഖിന്റെ പങ്ക് വളരെ വലുതായിരുന്നു.
ദീനദയാല്‍ജി 1968-ല്‍ ദുരൂഹമായ സാഹചര്യത്തില്‍ അന്തരിച്ചപ്പോള്‍ ഒരുവിധത്തില്‍ അനാഥത്വം ബാധിച്ച ഭാരതീയ ജനസംഘം ഒരു കൂട്ടനേതൃത്വത്തിന് കീഴിലാണ് ദൗത്യം തുടര്‍ന്നു നടത്തിയത്. ദീനദയാല്‍ജിയുടെ മൗലിക ചിന്തകള്‍ക്ക് പ്രായോഗിക രൂപം നല്കി തുടര്‍ച്ച നിലനിര്‍ത്തുന്നതിനായി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം നിര്‍മിച്ച് പടുത്തുയര്‍ത്തിയത് നാനാജിയായിരുന്നു.
തന്റെ പ്രതിഭയും സമ്പര്‍ക്കവലയവും പരിപൂര്‍ണമായി പ്രയോജനപ്പെടുത്തി അദ്ദേഹം ന്യൂദല്‍ഹിയുടെ ഹൃദയഭാഗത്തുതന്നെ അതിനാവശ്യമായ ഇടം കണ്ടെത്തുകയും, സകല സംവിധാനങ്ങളും ലോകോത്തര നിലവാരം പുലര്ത്തുന്നതെന്നുറപ്പുവരുത്തി ആസ്ഥാന മന്ദിരം പടുത്തുയര്‍ത്തുകയും ചെയ്തു. ദീനദയാല്‍ജിയെ ആദരിക്കുന്നവരായ ജനസംഘം പ്രവര്‍ത്തകരുടെ വകയാവണം അതിന്റെ നിര്‍മാണച്ചെലവ് എന്ന് നിര്‍ണയിച്ച്, ദേശവ്യാപകമായ ധനസഞ്ചയം നടത്തിയിരുന്നു. അന്ന് മണ്ഡലതലത്തില്‍ ജനസംഘാംഗങ്ങളും അനുഭാവികളും അതില്‍ പങ്കുവഹിച്ചു.
ദീനദയാല്‍ജിയുടെ ആശയങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കുന്നതിന് ഗ്രാമീണതലത്തിലുള്ള സര്‍വതോമുഖമായ വികസനത്തിനായി നാനാജി ഉത്തര്‍പ്രദേശിലെ പിന്നാക്ക ജില്ലയായ ഗോണ്ഡയെ തെരഞ്ഞെടുത്തു. ആ ജില്ലയുടെ ഭാഗമായിരുന്നു അടല്‍ബിഹാരി വാജ്പേയി പ്രതിനിധീകരിച്ച ബല്റാംപൂര് ലോക്സഭാ മണ്ഡലം. ഗോണ്ഡയിലെ മുന്‍ രാജകുടുംബത്തെ സമീപിച്ച് പദ്ധതിയുടെ പ്രവര്‍ത്തന പരിശീലന കേന്ദ്രങ്ങള്‍ക്കായി ഏതാനും ഏക്കര്‍ സ്ഥലം അനുവദിപ്പിച്ചു. ഗ്രാമീണ യുവാക്കളെ കൃഷി-കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, നിരക്ഷരതാ നിര്‍മാര്‍ജനം, ജലസേചനം തുടങ്ങിയ കാര്യങ്ങളില്‍ നൂതനമായ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താന്‍ പ്രചോദനം നല്കി. ധാരാളം യുവദമ്പതിമാരെ സേവന്രപവര്ത്തനത്തിന് പ്രേരിപ്പിച്ച് പുതിയ സ്ഥലങ്ങളിലേക്കയച്ചു. ചുരുങ്ങിയ കാലയളവില്‍ ഗോണ്ഡ ജില്ല യുപിയിലെ ഏറ്റവും സജീവവും സമൃദ്ധവുമായ മേഖലയായി.
മറ്റു സംസ്ഥാനങ്ങളിലും അതിന് സാധ്യത തേടി നാനാജി ഉദ്യമിച്ചിരുന്നു. കേരളത്തില്‍ തിരൂര്‍ താലൂക്കില്‍ പൂരപ്പുഴ കടലില്‍ ചേരുന്നതിനു തെക്കുഭാഗത്തായി ഏതാണ്ട് നൂറിലധികം ഏക്കര്‍ സ്ഥലത്ത് സാധുക്കളായ കുറേ കുടുംബങ്ങള്‍ കുടികിടപ്പുകാരായി കിടന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് ഗ്രാമീണ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ഉത്സാഹമായി.
സ്ഥലത്തിന്റെ ഉടമസ്ഥരെ സമീപിച്ചാല്‍ അത് ലഭ്യമാകുമെന്ന വിവരവുമുണ്ടായിരുന്നു. 1972-ല്‍ നാനാജി ആയുര്‍വേദ ചികിത്സയ്ക്കായി തൃശ്ശിവപേരൂരില്‍ ഒരു മാസം താമസിച്ചപ്പോള്‍ താനൂരിലെ സംഘ-ജനസംഘ പ്രവര്‍ത്തകര്‍ അവിടെയെത്തി അദ്ദേഹവുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. രാഷ്ട്രീയരംഗത്ത് വന്‍മാറ്റങ്ങള്‍ ഉണ്ടായതും അടിയന്തരാവസ്ഥയും മറ്റും മൂലം ആ പരിപാടിയുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല.
ഗ്രാമീണ പ്രതിഭയെ പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിന് നാനാജി നല്കിയ പ്രചോദനവും ശ്രദ്ധേയമായിരുന്നു. ജലസേചനരംഗത്ത്, പൈപ്പുകള്‍ക്ക് പകരമായി മുട്ടകലമുള്ള പ്രത്യേകതരം മുള ഉപയോഗിക്കുന്ന രീതി വികസിപ്പിച്ചെടുത്തത് ധനലാഭവും, സാധാരണ പാഴാകാറുള്ള മുളയ്ക്ക് ഉപയുക്തതയും ഉണ്ടാക്കി. മുട്ടുകള്‍ക്ക് തുളയിടാനുള്ള ഉപകരണംകൂടി ഗ്രാമീണ പ്രതിഭയില്‍ വളര്‍ന്നുവന്നു.
1970-കളില്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണത ജനായത്ത ലംഘനത്തിന്റെയും ഭിന്നാഭിപ്രായ നിഷേധത്തിന്റെയും വഴിയിലേക്ക് നീങ്ങിയപ്പോള്‍ അതിനെതിരെ ജനരോഷമുയരുകയും, ഗുജറാത്തിലും ബീഹാറിലും ബഹുജന പ്രക്ഷോഭമായിത്തീരുകയും ചെയ്തു. വിദ്യാര്‍ഥി പരിഷത്തും, ആ പ്രക്ഷോഭത്തിന്റെ മുന്നില്‍നിന്ന സോഷ്യലിസ്റ്റ് വിഭാഗക്കാരും അതിനോട് സഹകരിച്ചു. അവര്‍ ഒരു ജനതാ മുന്നണിയുണ്ടാക്കി ജയപ്രകാശ് നാരായണനോട് പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് അഭ്യര്‍ഥിച്ചു.
അദ്ദേഹം അതേറ്റെടുത്തപ്പോള്‍, സഹായിയായി നാനാജി ദേശ്മുഖ് ജനസംഘാധ്യക്ഷന്‍ ലാല്‍കൃഷ്ണ അദ്വാനിയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചു. ജനതാ പ്രക്ഷോഭത്തിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തില്‍ പാട്നയിലെ ഒരു സഭയെ അഭിസംബോധന ചെയ്യാന്‍ ജെപി എത്തിയപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ജെപിക്കു ലാത്തിയടിയേല്ക്കാതെ കവചമായിനിന്ന് അതു നാനാജി ദേശ്മുഖ് സ്വയം ഏറ്റുവാങ്ങി. തലയില്‍ മുറിവേറ്റ നാനാജിയുടെ ചിത്രം അന്ന് പത്രങ്ങളില്‍ വന്നു.
ജനതാ പ്രക്ഷോഭകാലത്തും അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭത്തിലും, അതിനുശേഷം നടന്ന ജനതാപാര്‍ട്ടി രൂപീകരണത്തിലും നാനാജി ദേശ്മുഖിന്റെ പങ്ക് അവിസ്മരണീയമാണ്. ജനതാസര്‍ക്കാര്‍ രൂപീകൃതമായപ്പോള്‍ അതിലെ ഘടകകക്ഷികളില്‍ ഏറ്റവും പ്രബലവും വലുതും ജനസംഘമായിരുന്നിട്ടും, പ്രധാനമന്ത്രിസ്ഥാനം ഏറ്റ മൊറാര്‍ജി ദേശായി മൂന്ന് ക്യാബിനറ്റ് മന്ത്രിമാരുടെ സ്ഥാനങ്ങളാണ് ജനസംഘത്തിന് നല്‍കിയത്. അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി, നാനാജി ദേശ്മുഖ് എന്നിവര്‍ക്ക്.
അറുപതു വയസ്സ് കഴിഞ്ഞ താന്‍ ഔദ്യോഗികപദവി വഹിക്കാനില്ലെന്നു പറഞ്ഞ് നാനാജി മന്ത്രിസ്ഥാനം നിരസിച്ചത് ഭാരതത്തിന്റെ രാഷ്ട്രീയത്തില്‍ അഭൂതപൂര്‍വമായി കരുതപ്പെടുന്നു. 1947-ല്‍ പണ്ഡിറ്റ് നെഹ്റു കെ. കേളപ്പനോട് മന്ത്രിപദമോ ഗവര്ണര്സ്ഥാനമോ ഏതെങ്കിലും സ്വീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്കു സര്‍വോദയ പ്രവര്‍ത്തനത്തിനാണ് താല്പര്യമെന്നു പറഞ്ഞ് നിരസിച്ചതാവും സമാനമായി പറയാവുന്ന മറ്റൊരു സംഭവം.
നാനാജി തുടര്‍ന്ന് ഗോണ്ടാ പ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. പിന്നീട് മധ്യപ്രദേശ് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ചിത്രകൂടത്തില്‍ ഗ്രാമീണ സര്‍വകലാശാല ആരംഭിച്ചു. ഭാരതത്തിലെ എല്ലായിനങ്ങളിലുംപെട്ട ഗോവര്ഗങ്ങളെ അവിടെ പരിപാലിച്ചുവരുന്നു. കേരളത്തിലെ വെച്ചൂര്‍, വടകര, കാസര്‍കോട് ഇനം പശുക്കള്‍ അവിടെയുണ്ട്. നൂറുകണക്കിന് യുവാക്കള്‍ ചിത്രകൂടത്തിലെ പഠന-പരിശീലന ഗവേഷണങ്ങളിലേര്‍പ്പെട്ടു കഴിയുന്നു. അവരുടെ നൈപുണ്യ വികാസം നാനാജിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയമായിരുന്നു.
കേരളത്തിലെ ഒരു നാടന്‍ ഗ്രാമമായ കൊട്ടമുറി എന്ന സ്ഥലത്തുള്ള മാധവപ്പിഷാരടി എന്ന ജനസംഘം പ്രവര്‍ത്തകന്റെ മകള്‍ പ്രശസ്തമായ രീതിയില്‍ എസ്എസ്എല്‍സി ജയിച്ചപ്പോള്‍ തുടര്‍ന്നു പഠിക്കാന്‍ ആരെങ്കിലും സഹായിക്കാതെ പറ്റില്ല എന്ന സ്ഥിതിയിലായിരുന്ന പിഷാരടി, തൃശ്ശിവപേരൂരില്‍ ചികിത്സയ്ക്കു താമസിച്ചിരുന്ന നാനാജിയെ കണ്ട് സംസാരിച്ചപ്പോള്‍ സംസ്കൃതം പഠിക്കാനായി ഒരു സ്കോളര്‍ഷിപ്പ് നേടിക്കൊടുത്തു. അവര്‍ അതിന്‍പ്രകാരം പഠിച്ച്, സംസ്കൃതാധ്യാപികയായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തൃപ്പൂണിത്തുറ സംസ്കൃത കോളേജില്‍നിന്ന് പ്രൊഫസറായി വിരമിച്ചു.
സാധാരണ വ്യക്തിയുടേതു മുതല്‍ സംപൂര്‍ണ ദേശത്തിന്റെയും ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച്, ആ രംഗങ്ങളിലെല്ലാം വിജയിച്ച അന്യാദൃശ കര്‍മയോഗിയായിരുന്നു നാനാജി ദേശ്മുഖ്. ജാതി, മത, കക്ഷി, ദേശ സീമകളെല്ലാം ലംഘിച്ച് അതിവിപുലമായ സൗഹൃദവും അദ്ദേഹം പുലര്‍ത്തി. അതേസമയം സ്വന്തം പ്രശസ്തിക്കായി ഒന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. സ്വയം രത്നമായി വിളങ്ങിയ നാനാജിയെ സര്‍ക്കാര്‍ ഭാരതരത്നം നല്കി ആദരിക്കുകയായിരുന്നു; പ്രണബ്കുമാര്‍ മുഖര്‍ജി, ഭൂപെന്‍ ഹസാരിക എന്നീ അതിപ്രശസ്തരോടൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: