അനന്യമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം. ആശയാദര്‍ശങ്ങളും പ്രവര്‍ത്തന പദ്ധതിയും അടുത്തറിയുമ്പോഴേ ഈ സവിശേഷതകളെ ഒരാള്‍ക്ക് തനിമയോടെ മനസ്സിലാക്കാനാവൂ. ഇതിനുള്ള എളുപ്പവഴിയാണ് സംഘത്തിന്റെ പ്രാര്‍ത്ഥന.
സ്വയംസേവകരെ സംബന്ധിച്ചിടത്തോളം സംഘപ്രാര്‍ത്ഥന അവരുടെ ബീജമന്ത്രമാണ്. സംഘം എന്തിനുവേണ്ടി നിലകൊള്ളുന്നു? ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാര്‍ഗമേതാണ്? ജീവിതമാതൃകയിലൂടെ ഈ പാതയില്‍ മുന്നേറുന്ന സ്വയംസേവകര്‍ക്ക് വേണ്ടഗുണഗണങ്ങളേവ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം സ്ഫുടം ചെയ്തെടുത്തതാണ് പ്രാര്‍ത്ഥന.
സംഘപ്രാര്‍ത്ഥനയുടെ ബഹിരംഗവും (ചരിത്രം, ശബ്ദ നിഷ്പത്തി, വാക്യരചന, വ്യാകരണ നിയമങ്ങള്‍, ഉച്ചാരണങ്ങള്‍), ഭാവാര്‍ത്ഥം അന്വേഷിക്കുന്ന അന്തരംഗവും, ഗര്ഭിതാര്ത്ഥവും അടങ്ങുന്നതാണ് സംഘപ്രചാരകന് തന്നെയായ കെ. മോഹന കണ്ണന് എഴുതിയ ‘രാഷ്ട്രീയ സ്വയംസേവക സംഘം, പ്രാര്‍ത്ഥന-ബഹിരംഗവും അന്തരംഗവും’ എന്ന ചെറു പുസ്തകം. ഭുജംഗപ്രയാതം, മേഘനിര്‍ഘോഷം എന്നീ വൃത്തങ്ങളില്‍ മൂന്ന് ശ്ലോകങ്ങളിലായി ഇരുപത് വരിയും, ഒടുവില്‍ ഭാരത് മാതാ കി ജയ് എന്ന ഉദ്ഘോഷവും ചേര്‍ന്നതാണ് പ്രാര്‍ത്ഥന.
1940-ല്‍ അംഗീകരിക്കപ്പെട്ട പ്രാര്‍ത്ഥന സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ ആശയങ്ങള്‍ പദ്യരൂപത്തിലാക്കിയ ചരിത്രത്തിന്റെ രത്നച്ചുരുക്കമാണ് ഒന്നാം അധ്യായം. പ്രാര്‍ത്ഥന മന്ത്രമായതിനാല്‍ അത് മനഃപാഠമാക്കി അക്ഷരത്തെറ്റു കൂടാതെ ചൊല്ലാനും, ശബ്ദാര്‍ത്ഥവും ഭാവാര്‍ത്ഥവും ഉള്‍ക്കൊള്ളാനും കഴിയുന്നവിധം അനുസ്വാരം, വിസര്‍ഗം, സന്ധി, സമാസം മുതലായവയുടെ പ്രതിപാദനമാണ് രണ്ടാമധ്യായം. ഭാഷാപാണ്ഡിത്യമില്ലാത്തവര്ക്കും മനസ്സിലാവുന്ന വിധത്തില്‍ വളരെ ലളിതമാണ് ഈ വ്യാഖ്യാനം.
ശബ്ദാര്ത്ഥത്തിനുപരിയായി മനനംകൊണ്ട് മനസ്സിലാക്കാനാവുന്ന ഭാവത്തെ വിവരിക്കുന്നതാണ് അന്തരംഗം എന്നുപേരുള്ള അധ്യായം. വൈയക്തികമായും സാമൂഹ്യമായും ഭാരതമാതാവിനെ ഉപാസിക്കാനുള്ള മന്ത്രമാണ് പ്രാര്‍ത്ഥനയെന്ന് അഭിപ്രായപ്പെടുന്ന ഗ്രന്ഥകര്‍ത്താവ്, അത് എന്തുകൊണ്ടാണെന്ന് സ്വകീയമായ രീതിയില്‍ സമര്‍ത്ഥിക്കുകയും ചെയ്യുന്നു. അഥര്‍വവേദം, ബൃഹസ്പതി ആഗമം, ജ്ഞാനപ്പാന, വിഷ്ണുപുരാണം, ഭഗവദ്ഗീത, മഹാഭാരതം, കഠോപനിഷദ്, രാമായണം എന്നിവയെ ആശ്രയിച്ചുള്ള വിവരണം ആധികാരികമാണ്. സൂര്യനമസ്കാര ധ്യാന ശ്ലോകത്തിന്റെയും, ഏകാത്മതാ മന്ത്രത്തിന്റെയും വാഗര്‍ത്ഥ വിചാരങ്ങള്‍ അനുബന്ധമെന്നോണം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
ഗ്രന്ഥകര്‍ത്താവിന്റെ ആത്മാര്‍ത്ഥമായ ശ്രമത്തിനുപുറമെ ഉള്ളടക്കത്തിന് ആഴമണയ്ക്കുന്നതാണ് ഭാരതീയ വിചാരധാരയില്‍ ധിഷണാശാലിയായ ടി.ആര്. സോമശേഖരന്റെ അവതാരിക. ഇതില്‍ രാഷ്ട്രം, ധര്‍മം എന്നീ മഹിത സങ്കല്പങ്ങളെക്കുറിച്ചും, തന്നില്‍നിന്നുതന്നെ ഫലിക്കുന്ന പ്രാര്‍ത്ഥനയെക്കുറിച്ചും തര്‍ക്കശുദ്ധമായ ഭാഷയില്‍ പണ്ഡിതോചിതമായി സ്വന്തം കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. വ്യക്തിവികാസത്തില്‍ ഭാഷാവിജ്ഞാനത്തിന് നിര്‍ണായക പങ്കുണ്ടെന്നും, ഭാഷാവിഷയത്തില്‍ താല്പര്യം കുറഞ്ഞിട്ടുള്ളത് സമാജജീവിതത്തിലെ ദുര്ദശയാണെന്നും അവതാരികാകാരന് ചൂണ്ടിക്കാട്ടുന്നു.
അറിവും കര്‍മവും വീര്യവും ചേരുന്ന കര്‍മയോഗികളെ സൃഷ്ടിക്കാനാണ് ഡോക്ടര്‍ജി ശാഖാ പദ്ധതി ആവിഷ്കരിച്ചതെന്നും, ഈ കര്‍മയോഗിയാണ് സ്വയംസേവകനെന്നും അവതാരികയില്‍ അടിവരയിട്ടു പറയുന്നു. ഇത്തരം വ്യക്തിനിര്‍മാണത്തിലൂടെയാണ് രാഷ്ട്രനിര്‍മാണം സാധിക്കുക. ആര്‍നോള്‍ഡ് ടോയന്‍ബിയുടെ ‘സര്‍ഗാത്മക ന്യൂനപക്ഷം’ എന്ന പരികല്‍പ്പനയെ മുന്‍നിര്‍ത്തി ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിലേക്ക് ശരിയായി വിരല്‍ചൂണ്ടുകയും ചെയ്യുന്നു.
എറണാകുളത്തെ ‘ജാഗ്രതി പ്രകാശനം’ ആണ് പ്രസാധകര്. സ്വയംസേവകര്‍ക്ക് ആത്മസാധനയ്ക്ക് ഉപകരിക്കുന്നതും, സംഘത്തെ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു പ്രവേശികയുമാണ് ഈ കൈപ്പുസ്തകം. എന്തുകൊണ്ടും അഭിനന്ദനാര്‍ഹമായ അക്ഷരദൗത്യമാണ് ഗ്രന്ഥകാരന് നിര്‍വഹിച്ചിരിക്കു
ന്നത്.
(ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: