മലയാളത്തെ കവിതയില്‍ വരഞ്ഞിട്ട കവിയാണ് ചങ്ങമ്പുഴ. അക്ഷരധ്യാനത്തില് ആ കാവ്യഗന്ധര്വന് മുഴുകിയപ്പോഴൊക്കെ മലയാളത്തിന്റെ മാറില്‍ സുമധുരപദങ്ങള് ചാര്‍ത്തപ്പെട്ടു. ഒരു കവിതകൊണ്ടു മാത്രം ആസ്വാദകരെ തന്റെയൊപ്പം നടത്തിച്ച കവികള്‍ നമുക്കധികമില്ല. അത്തരമൊരു ഭാവതരംഗിണിയുടെ പേരാകുന്നു ചങ്ങമ്പുഴ.
കാവ്യകന്യകയുടെ മൃദുചുംബനാലസ്യനിറവില് എഴുതിയതെല്ലാം മലയാളം ഒരിക്കലും മറക്കാത്ത പൈതൃകസ്വത്തായി മാറി. ജന്മാന്തരങ്ങളെ കടന്നു പറന്നകന്നു ഇടപ്പള്ളിയിലെ ഗാനകോകിലം. കവിയുടെ നാമധേയത്താല്ത്തന്നെ ആരും അഞ്ജലീബദ്ധരാകുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കേരള സാഹിത്യമണ്ഡലം സംഘടിപ്പിച്ച കവിതാ ചൊല്‍ക്കാഴ്ച വേറിട്ടൊരു അനുഭൂതി പകര്‍ന്നു. കവിതയില്‍നിന്നും സാഹിത്യത്തില്‍നിന്നും അകന്നുകഴിയുന്ന കുറച്ചേറെ സാധാരണക്കാരെ കവിതാസ്വാദനത്തിലേക്ക് തിരികെ കൊണ്ടുവരാനായെന്ന് പരിപാടിക്കെത്തിച്ചേര്‍ന്ന വന്‍ ജനാവലി വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു കാഴ്ച മലയാള കവിതയുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കകളെ ദൂരികരിക്കുന്നതായി. കൊച്ചിയിലെ കവിതാപ്രേമികള്ക്കായി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തില്‍ കാവ്യാംഗനയുട കനകച്ചിലങ്ക വീണ്ടും കിലുങ്ങി.
2019 ജനുവരി പന്ത്രണ്ട് ശനിയാഴ്ച വൈകുന്നേരം ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം മുന്‍ പ്രസിഡന്റ് കെ. ബാലചന്ദ്രന് കവിതാ ചൊല്‍ക്കാഴ്ച ഉദ്ഘാടനം ചെയ്യുമ്പോള്‍, ഒരു മാസം മുമ്പുതന്നെ മത്സരത്തിന് കവിത സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയ പത്തൊമ്പത് കവികളുടെ മുഖത്ത് ആത്മവിശ്വാസം പ്രകടമായിരുന്നു. അയച്ചുകിട്ടിയ നൂറില്‍പരം കവിതകളില്‍ നിന്ന് പത്തൊമ്പത് പേരാണ് കവിത അവതരിപ്പിക്കാന്‍ യോഗ്യത നേടിയത്. താളവൃന്ദങ്ങളോടെ സംഗീതാത്മകമായി അവതരിപ്പിക്കുന്നവര്‍ക്കും രചനാഗുണത്തിന്റെ അടിസ്ഥാനത്തിലുമായി ആറ് പുരസ്ക്കാരങ്ങള്‍ സാഹിത്യ മണ്ഡലമൊരുക്കിയിരുന്നു. വരികള്‍ ആവര്‍ത്തിക്കാന്‍ സാധ്യമല്ലാത്തവിധം കൃത്യം ഏഴു മിനിറ്റായിരുന്നു മത്സരസമയം. ഒരു കവിക്ക് തന്റെ കവിത മറ്റൊരാളെക്കൊണ്ട് അവതരിപ്പിക്കാനും സ്വാതന്ത്ര്യം നല്കപ്പെട്ടിരുന്നു.
മുതിര്‍ന്ന എഴുത്തുകാരനും സാഹിത്യ മണ്ഡലം പ്രസിഡന്റുമായ കെ.എല്‍ മോഹനവര്‍മ്മ അധ്യക്ഷനായിരുന്ന കവിതാ ചൊല്‍ക്കാഴ്ചയുടെ ഉദ്ഘാടന സഭയില്‍ എക്സിക്യൂട്ടീവ് മെമ്പറും കവിയുമായ ശ്രീലകം വിജയവര്‍മ്മ മത്സരക്രമത്തെക്കുറിച്ച് വിശദീകരിച്ചു. ഹ്രസ്വമായ ഉദ്ഘാടനചടങ്ങിനു ശേഷം ശാന്താരവീന്ദ്രന്റെ ആരോ ഒരാള്‍ കവിതാവതരണത്തോടെ ചൊല്‍ക്കാഴ്ച ആരംഭിച്ചു. കാത്തിരിപ്പിന്റെ ദാര്‍ശനികത വരികളിലേക്ക് പകര്‍ത്തുവാന്‍ ശ്രമിച്ച കവിതയ്ക്കുശേഷം ചൊല്ലപ്പെട്ട കെ.വി രാധാകൃഷ്ണന് എന്തിനു വിതുമ്പുന്നു എന്ന കവിതയില്‍,
‘അന്നു നീ, യാത്മാവിന്റെ ജാലകം തുറന്നപ്പോള്‍
വന്നു ചേരുവാനല്പം വൈകി ഞാനോമലേ’
എന്ന ആത്മപരിതാപത്തിനൊടുവില്, നാളുകള്‍ പിന്നിട്ടപ്പോള്‍ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ താളു മറിഞ്ഞപ്പോള്‍, അകലം അടുത്തപ്പോള്‍ നീ വിതുമ്പുന്നതെന്തിനെന്ന് ആരായുന്ന കവിയെ കണ്ടു.
അത്തക്കളത്തിന്റെ നടുക്ക് പൂക്കുട നീര്‍ത്തുവാന്‍,
‘മുറ്റത്തൊരിത്തിരി മണ്ണു വേണം
എന്റെ മുറ്റത്തൊരിത്തിരി മണ്ണു
വേണം’
എന്നു കാരണങ്ങള്‍ നിരത്തി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പ്പര്യച്ചരട് അഴിയാതെ കാക്കുവാന്‍ ചെറിയ ചെറിയ പദങ്ങള്‍ നിരത്തി വലിയൊരു ആശയത്തെ സമൂഹത്തിനു മുമ്പില്‍ വയ്ക്കുന്നതായിരുന്നു മധു കുട്ടംപേരൂര്‍ രചിച്ച ‘എന്റെ മുറ്റം’.
സിറിയന്‍ യുദ്ധക്കെടുതിയില്‍ ബലിദാനിയായ ഐലന് കുര്‍ദി എന്ന പൈതലിനെക്കുറിച്ച് എഴുതപ്പെട്ടതായിരുന്നു ആര്യാദേവിയുടെ കവിതയായ ‘ഐലന് കുര്‍ദി.’ സ്വയം ഇടയ്ക്ക വായിച്ച് ആര്‍ട്ടിസ്റ്റ് സത്കലാ വിജയന് അവതരിപ്പിച്ച ഓര്‍മ്മയുടെ ഓളങ്ങളില്‍ എന്ന കവിത നാട്ടുസംസ്കൃതിയുടെ അപ്രത്യക്ഷമാകലിനെതിരെയുള്ള ചോദ്യങ്ങളാല്‍ സമൃദ്ധമായിരുന്നു. ‘ഗാന്ധിസ്മൃതി അവതരിപ്പിച്ച മുതിര്‍ന്ന കവി ചെല്ലന് ചേര്‍ത്തല വ്യത്തബദ്ധമായി മഹാത്മജിയെ വരികളിലാക്കി.
ജയമാധവ് മാധവശ്ശേരിയുടെ ഗ്രാമം വിളിക്കുന്നു എന്ന കവിത ഗതകാലചിത്രങ്ങള് പങ്കുവച്ചു. ‘ജീവിതസദ്യ’ എന്ന കെ. മുകുന്ദന് മേനോന്റെ കവിതയിലാകട്ടെ, ജീവിതം ഒരു വിഭവസമൃദ്ധമായ സദ്യയാണെന്ന് പറഞ്ഞുറപ്പിക്കുന്നു.
”പ്രണയം, സ്നേഹം, പിന്നെ വാത്സല്യം, ദയാവായ്പും നുണയാന്‍ രസമുള്ള വിഭവം പ്രഥമന്‍ പോല്‍” എന്നാണ് കവിവചനം. പുളിച്ച സംഭാരമാണ് വാര്‍ദ്ധക്യമെന്നും അത് പായസമധുരത്തെ പൊളിച്ചു കളയാനെത്തുന്നതാണെന്നും കവിക്ക് നല്ല നിശ്ചയമുണ്ട്.
‘മെല്ലെ മെല്ലവേ നിന് മടിച്ചാര്ത്തില് ഞാന്‍
തെല്ലുനേരം തലചായ്ച്ചുറങ്ങവേ,
നല്ല നിന് വിരല്ത്തുമ്പിനാലെന് മിഴി
തെല്ലുനേരം തഴുകിയടയ്ക്കവേ
മെല്ലെ മെല്ലെയെന്‍ കാതില്‍ മൊഴിയുമോ
നല്ല പ്രേമത്തിനീരടിയോരോന്നായ്
മെല്ലെ മെല്ലെയധരപുടങ്ങളില്
പല്ലവമൃദുചുംബനം നല്‍കുമോ?’
ഇപ്രകാരം, ഉഷാ വേണുഗോപാലിന്റെ നിര്‍വൃതി ആസ്വാദകരെ കാല്പനികരാക്കി. ഭാവം ഒട്ടും ചോര്‍ന്നുപോകാത്ത ആലാപനം ഇക്കവിതയ്ക്ക് ഭംഗിയേറ്റി.
‘സുഖമെന്നതും ദു:ഖമെന്നതും മനസ്സിന്റെ
അകമേ വിരിയുന്ന വൈദ്യുത സ്ഫുലിംഗങ്ങള്‍’
എന്ന ദാര്ശനികസത്യവുമായി കെ സി കെ എഴുക്കരനാട്, പ്രളയത്തെ ആത്മീയമായ ഒരവസ്ഥയില്‍ അടയാളപ്പെടുത്തുന്ന സുഷമാ ദേവിയുടെ ‘പ്രളയപയോധി’ ചിന്തിക്കാന്‍ വക നല്‍കുന്നതായിരുന്നു.
പ്രളയദുരിതത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഈശ്വരനോട് അപേക്ഷിക്കുകയാണ് ശിവാലയം എസ് രവീന്ദ്രന് അവതരിപ്പിച്ച ‘ഭൂലോക നാഥന്’ എന്ന കവിത. അപൂര്‍വമായി ലഭിച്ച മര്‍ത്യജന്മം വേണ്ട വിധം ഉപയോഗിക്കണമെന്ന് കാര്യകാരണങ്ങള്‍ നിരത്തി മനുഷ്യരെ വിശദീകരിക്കുന്ന ഉദ്ബോ
ധനാത്മകമാണ് കവിതയായിരുന്നു എസ് സതീദേവി രചിച്ച ‘മര്‍ത്യജന്മം.’
‘നടന്നിടാം നമുക്കു നീണ്ട യാതയില്‍ വഹിച്ചിടാ –
മുടഞ്ഞു പോയിടാത്ത ശാശ്വതങ്ങളായ മൂല്യവും
വെടിഞ്ഞിടേണമെന്തുമീയനാദിയായ യാത്രയാ –
ലൊടുങ്ങിടുന്നു ദേഹമോര്‍ക്ക, ദേഹിയാണനശ്വരം’
എന്ന ഉറച്ച ബോധ്യപ്പെടുത്തലില്‍ അവസാനിക്കുന്ന കവിത ഭാരതീയ തത്വചിന്തയുടെ പ്രഭാകിരണമുള് വഹിക്കുന്നതായിരുന്നു. മറ്റൊരു അശ്വത്ഥാമാവ് എന്ന യദു മേയ്ക്കാടിന്റെ കവിതയിലെത്തുമ്പോള്‍ പുരാവൃത്തങ്ങളിലെ അശ്വത്ഥാമാവിന്റെ ആധുനിക രൂപത്തെ തന്നില്‍ ഉപദര്‍ശിക്കുകയാണ് കവി. ചിന്താബന്ധുരമായ കവിതയാണിത്. ജന്മത്തിന്റെ മറുകര കടക്കാന്‍ വെമ്പുന്ന നിസ്സഹായാത്മാവിന്റെ സ്വരം ഇതിലുടനീളം മുഴങ്ങുന്നു. രുക്മിണി അന്തര്‍ജനത്തിന്റെ രാസവിസ്മയം പേര് സൂചിപ്പിക്കുന്നതു പോലെ പുരാണ പ്രസിദ്ധമായ രാസലീലാവര്ണ്ണനയായിരുന്നു.
കെ. കെ. രേഖ രചിച്ച ‘വയലിന്റെ യാചന’ കാര്ഷികസംസ്ക്കാരത്തിന്റെ സുവര്ണ്ണകാലമോര്മ്മിപ്പിച്ചും സമകാലികാവസ്ഥയെയും വയല്‍ എന്ന രൂപകത്തിലൂടെ വരച്ചുകാട്ടുന്നതായി. വായില്ലാക്കുന്നില്ലപ്പന്‍ ശബ്ദപ്രതീക്ഷയാകുന്ന രുഗ്മിണി ടി ആറിന്റെ ‘വാക്കിന്റെ മൗന ‘ത്തിലെ ആശയം ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. എം കെ കുമാരന് അവതരിപ്പിച്ച ‘വിത്തിന്റെ നൊമ്പരം’ കാര്‍ഷികജീവിതത്തെ പ്രമേയമാക്കി എഴുതപ്പെട്ട കവിതയായിരുന്നു. ചേറില്‍ വലിച്ചെറിയപ്പെട്ട നെല്‍വിത്തിന്റെ വളര്‍ച്ചയും വിളര്‍ച്ചയും ഒടുക്കവുമെല്ലാം പരാമര്‍ശ
വിധേയമായിരിക്കുന്നു, എഴുത്തില്‍. ചൊല്‍ക്കാഴ്ചയില്‍ മത്സര സമാപനമായി അവതരിപ്പിക്കപ്പെട്ട കവിത രവി തോട്ടുങ്കലിന്റെതായിരുന്നു. വ്യക്തിഗതമായ സ്മരണകളിലൂടെയുള്ള സഞ്ചാരമായിരുന്നു ‘ഹൃദയസ്പന്ദന’മെന്ന ഇക്കവിത.
രചനാ വിഭാഗത്തില്‍ മധു കുട്ടം പേരൂര്‍ ഒന്നാം സ്ഥാനവും എസ് സതീദേവി രണ്ടാം സ്ഥാനവും യദു മേയ്ക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആലാപനത്തില്‍ സംഗീതാവര്മ്മ ഒന്നാം സ്ഥാനവും രാജിക്ഷേമന് രണ്ടാം സ്ഥാനവും ദീപ മൂന്നാം സ്ഥാനവും നേടി. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് സി.വി മോഹന്‍ബോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാഹിത്യ മണ്ഡലം സെക്രട്ടറി കെ. എ ഉണ്ണിത്താന് ചൊല്‍ക്കാഴ്ച അവലോകനം നടത്തി.
സംഗീതാധ്യാപികയായ ജയലക്ഷ്മി കവിതകളുടെ സംഗീതാത്മകത ശ്രദ്ധിച്ചു. രചനകളുടെ വിധികര്‍ത്താവായി ഈ ലേഖകനും പങ്കുചേര്ന്ന്കവിതാസ്വാദനത്തിന്റെ വലിയൊരു ലോകം തുറക്കപ്പെ
ടുകയായിരുന്നു. സാഹിത്യമണ്ഡലം ഭാരവാഹികളും എഴുത്തുകാരുമായ കലൂര്‍ ഉണ്ണികൃഷ്ണന്, ശ്രീലകം വിജയവര്‍മ്മ, സി.വി.ഹരീന്ദ്രന്‍, രാധാമീര, കെ.രാധാകൃഷ്ണന് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സാധാരണകവിതാമത്സരത്തില്നിന്നും വ്യത്യസ്തമായി ജനപങ്കാളിത്തം കൊണ്ടും സംഘാടകമികവിനാലും പുതുമയുള്ള പരിപാടിയായിരുന്നു കവിതാചോല്ക്കാഴ്ച. ഭാഷയില്‍ പാരമ്പര്യത്തെ ഉള്‍വഹിക്കുന്ന കവികളുടെ സംഗമം കൂടിയായിരുന്നു, ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: