കഴിഞ്ഞയാഴ്ചത്തെ സംഘപഥത്തില്‍ രണ്ടു കാര്യങ്ങള്‍ തെറ്റായി കടന്നുകൂടിയിരുന്നു. ലേഖകന്‍ എഴുതിയത് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് സംഭവിച്ചതാണ്. കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ അദ്ദേഹം ഒരുപക്ഷേ കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന സ്വയംസേവകനായിരിക്കും; രാ. വേണുഗോപാല്‍ ഒഴിച്ചാല്‍ എന്നാണ് ഉദ്ദേശിച്ചത്. രാ. വേണുഗോപാല്‍ അച്ചടിച്ചു വന്നപ്പോള്‍ മാടവന ഗോപാലായി. ഉദയംപേരൂരിലെ രാകേശ് എന്ന സംഘപ്രവര്ത്തകന് ഫോണ്‍ ചെയ്തു. പ്രസ്തുത മാടവന ഗോപാല്‍ തൃപ്പൂണിത്തുറക്കാരനാണോ എന്നുറപ്പിക്കാനായിരുന്നു അത്. അവിടെയാര്‍ക്കും ഈ വസ്തുത അറിയില്ലാത്തതിനാല്‍ അദ്ദേഹത്തെ നേരിട്ടു കണ്ട് അഭിനന്ദിക്കാന്‍ ആലോചിക്കുകയായിരുന്നത്രേ.
ജന്മഭൂമി പത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഏതാനും മീറ്റര്‍ അകലെ മാധവ നിവാസ് എന്ന സംഘകാര്യാലയത്തില്‍ നിരവധി വര്‍ഷങ്ങളായി രാ. വേണുഗോപാല്‍ താമസിക്കുന്നു. തൊണ്ണൂറ്റിനാല് കഴിഞ്ഞതിന്റെ അവശതമൂലം ശയ്യാവലംബിയാണെന്നേയുള്ളൂ. അദ്ദേഹം കേരളത്തിലെ ആദ്യ പ്രചാരകനുമാണെന്നു പറയാം. വളരെ വര്‍ഷങ്ങള്‍ നേരിട്ടുള്ള സംഘപ്രവര്‍ത്തനത്തിലും, പിന്നീട് ഭാരതീയ മസ്ദൂര്‍ സംഘത്തിലും പ്രവര്‍ത്തിച്ചു. അതിന്റെ ദേശീയാധ്യക്ഷന്റെ പ്രവര്‍ത്തനംതന്നെ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. അക്കാലത്ത് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ബിഎംഎസ് ഉയര്‍ന്നു. വേള്‍ഡ് ലേബര്‍ ഓര്ഗനൈസേഷന് (ഡബ്ല്യുഎല്ഒ)യുടെ അംഗത്വം ബിഎംഎസ്സിന് മൂന്നു പതിറ്റാണ്ടുകളിലേറെയായി നിലനില്ക്കുന്നു. ജനീവയില്‍ ആ സംഘടനയുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ രാ. വേണുഗോപാല്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. തൊഴിലാളി സംഘടന, പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്കും മാര്‍ക്സിസ്റ്റ്, ഭൗതികദര്ശനങ്ങള്ക്കതീതവും അന്യവുമായ ഒരു മൗലികാടിസ്ഥാനമുണ്ടെന്ന് ആ സമ്മേളനങ്ങളില്‍ അദ്ദേഹത്തിന്റെ അവതരണങ്ങളില്‍ നിന്നു മനസ്സിലാക്കിയ ധാരാളം അന്യരാജ്യ പ്രതിനിധികള്‍ക്ക് അതു നൂതനമായ വെളിപ്പെടലായി.
ബിഎംഎസിന്റെ വളര്‍ച്ച കണ്ട് അദ്ഭുതം കൂറിയ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ സൗഹൃദ സന്ദര്‍ശനത്തിന് അവര്‍ക്ക് ആതിഥ്യമരുളി. ദത്തോപാന്ത് ഠേംഗഡിയുടെ നേതൃത്വത്തില്‍ രാ. വേണുഗോപാല്‍ അടക്കമുള്ള ഒരു പ്രതിനിധി സംഘം 1990-കളില്‍ ചീന സന്ദര്‍ശിച്ചു. അവര്‍ തമ്മിലുണ്ടായ ആശയവിനിമയം അതീവ ഹൃദ്യമായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി പ്രസ്ഥാനമായ സിഐടിയുവിന് അത്തരം ഒരു സന്ദര്‍ശനത്തിന് ക്ഷണം ഒപ്പിച്ചെടുക്കാന്തന്നെ ക്ലേശിക്കേണ്ടി വന്നു. ബിഎംഎസിന്റെ പണം സ്വീകരിച്ച് ചീന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടന ദല്‍ഹിയില്‍ പ്രതിസന്ദര്‍ശനവും നടത്തി. തന്റെ ചീനാ സന്ദര്‍ശനത്തിന്റെ അനുഭവങ്ങള്‍ അതീവ ഹൃദ്യമായ വിധത്തില്‍ രാ. വേണുഗോപാല്‍ രണ്ടു ഖണ്ഡങ്ങളായി ‘ജന്മഭൂമി’യില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ബിഎംഎസിന്റെ ദേശീയാധ്യക്ഷന്‍ തൃശ്ശിവപേരൂര്‍ക്കാരന്‍ സി.കെ. സജിനാരായണന്‍ ആണ് എന്നുകൂടി സ്മരിക്കണം. രാ. വേണുഗോപാല്‍ എന്നാല്‍ രാവുണ്യാരത്ത് വേണുഗോപാല്‍ ആണ്.
രണ്ടാമത്തെ പിശകിന് ഞാന്‍ തന്നെയാണുത്തരവാദി. അനവധാനതകൊണ്ടു സംഭവിച്ചതായിരുന്നു അത്. കോഴിക്കോട്ട് വ്യാസവിദ്യാപീഠത്തില്‍ നടത്തപ്പെട്ട പൂര്‍വപ്രചാരക സംഗമത്തിനെ പരാമര്‍ശിക്കവെ പഴയ പ്രചാരകനും ഇപ്പോള്‍ വാനപ്രസ്ഥനുമായി കഴിയുന്ന പി. വാസുദേവന്‍ കൊളത്തൂര്‍ ആശ്രമത്തിലെ വൃദ്ധസദനത്തില്‍ കുടുംബസഹിതം താമസിക്കുകയാണ് എന്നെഴുതിയത് അദ്ദേഹത്തിന് മാനസികവ്യഥയുണ്ടാക്കിയെന്ന് ഫോണില്‍ വിളിച്ച് അറിയിച്ചു.
ഞാന്‍ പ്രചാരകജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ 1958-ല്‍ പേരാമ്പ്ര ശാഖയുടെ ചുമതല വഹിച്ച കാലഘട്ടം മുതല്‍ അദ്ദേഹവുമായി അടുത്ത പരിചയത്തിലാണ്. പേരാമ്പ്രയില്‍ സംഘപ്രവര്‍ത്തനത്തിന്റെ മുഖ്യചുമതലക്കാരനായിരുന്ന അദ്ദേഹത്തില്‍നിന്നാണ് ജനസമ്പര്‍ക്കത്തിന്റെയും സ്വയംസേവകരുമായി ഇടപഴകുന്നതിന്റെയും പ്രാഥമിക അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടതെന്നും പറയാം. അഞ്ചു കിലോമീറ്ററിലേറെ ദൂരം നിത്യേന നടന്നുപോയാണ് വാസുദേവന്‍ പേരാമ്പ്രക്കടുത്ത കൂത്താൡയിലെ ശാഖ നടത്തിവന്നത്. കൂടെ ഞാനും പലതവണ പദയാത്രയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അനഭ്യസ്ത ഗ്രാമീണ സ്വയംസേവകരുടെയിടയില്‍, അവരോടിഴുകിച്ചേര്ന്ന് ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പ്രായോഗികാനുഭവം അദ്ദേഹത്തില്‍നിന്നു വേണ്ടുവോളം ലഭിക്കുകയുമുണ്ടായി.
കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രചാരകനായിരുന്ന്, അവിടെയൊക്കെ ഹൃദയംഗമമായ സൗഹൃദം സമ്പാദിച്ചു. കുറെക്കാലം വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാന ചുമതലയും വഹിച്ചശേഷം വിരമിച്ചു. ഗൃഹസ്ഥനായി, പത്നിയുടെ അസുഖത്തിന് ഹോമിയോ ചികിത്സയിലൂടെ ആശ്വാസവും ലഭിച്ചു. ഭാസ്കര്‍റാവുജിയുടെ ജീവചരിത്രം തയ്യാറാക്കിയപ്പോള്‍ അദ്ദേഹം തനിക്കയച്ച ഹൃദയം നിറയ്ക്കുന്ന കത്തുകളുടെ പകര്‍പ്പുകള്‍ അയച്ചു സഹായിച്ചു. ‘സംഘപഥത്തിലൂടെ’- എന്ന ഈ പംക്തിയില്‍ എവിടെയെങ്കിലും സ്ഖലിതം വന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നേരിട്ടറിയിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചുവന്നു.
കോഴിക്കോട്ട് കണ്ട് കുശലം പറയുന്നതിനിടെയാണ് കൊളത്തൂരില്‍ ശ്രീമദ് ചിദാനന്ദപുരിസ്വാമിയുടെ ആശ്രമത്തോടനുബന്ധിച്ച്, അവിടത്തെ ആത്മീയാന്തരീക്ഷത്തില്‍ മുഴുകി ദമ്പതിമാര്‍ക്ക് ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്ന വിവരം അറിഞ്ഞ്, അതില്‍ ഒന്ന് വാങ്ങി ഇരുവരും അവിടേക്ക് താമസം മാറ്റുകയായിരുന്നുവെന്ന് അറിഞ്ഞത്. എന്റെ മനസ്സിലോ, പേനയുടെ തുമ്പത്തോ ഗുളികന് കയറിയിരുന്ന സമയത്താണ് സംഘപഥത്തില്‍ അക്കാര്യം പരാമര്‍ശിക്കവേ അദ്ദേഹത്തിന് വേദനയുണ്ടാക്കിയ പരാമര്‍ശം വന്നത് എന്നേ പറയാനുള്ളൂ. നല്ല ജീവിതം മുഴുവന്‍ സംഘപഥത്തിലൂടെ സമാജത്തിന് നല്കിയ അദ്ദേഹത്തിന് ഏല്‍പ്പിച്ച വേദനയില്‍ എന്നോട് പൊറുക്കുമെന്നു വിശ്വസിക്കുന്നു.
കൊളത്തൂരിലെ ചിദാനന്ദപുരി സ്വാമികളുടെ ശബരിമലക്കാര്യത്തെക്കുറിച്ചുള്ള നിലപാടും വചനങ്ങളും നേരാംവഴിക്കു ചിന്തിക്കുന്ന ആര്‍ക്കും അഭയദായകവും മാര്ഗദര്ശകവുമായിരുന്നു. ആവശ്യത്തില്‍ കുറഞ്ഞോ കവിഞ്ഞോ ഒരു ശബ്ദവും പറയാതെയായിരുന്നു സുപ്രീംകോടതിവിധി വന്നതുമുതല്‍ പുത്തരിക്കണ്ടത്തിലെ സന്ദേശത്തില്വരെ അദ്ദേഹം വ്യക്തമാക്കിയ കാര്യങ്ങള്‍. ഹിന്ദുസമാജത്തിന്റെ ആത്മീയ അഭ്യുന്നതിക്ക് ആവശ്യമായ ചിന്തകളുടെ ഇന്ധനം അദ്ദേഹം ജനങ്ങള്‍ക്കു നല്‍കിവരികയാണ്. അതൊരു ഭാഗ്യവും വരദാനവുംതന്നെ.
കൊളത്തൂരിനടുത്ത് ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുവരാനന്ദസ്വാമികള്‍ ഉണ്ടായിരുന്നു. ക്ഷേത്രസംരക്ഷണ സമിതിയുടെ ആരംഭത്തിന് പ്രചോദനമായ മുഖ്യസംഭവം അദ്ദേഹത്തിന്റെ ആശീര്‍വാദത്തോടെ വയനാട്ടിലെ ഗണപതിവട്ടത്ത് ടിപ്പുസുല്‍ത്താന്‍ പീരങ്കിവച്ച് തകര്‍ത്ത മഹാഗണപതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ശ്രമങ്ങളാണെന്ന് കേളപ്പജിയും വി.എം. കൊറാത്തും രേഖപ്പെടുത്തിയത് ഓര്‍മവരുന്നു. നന്മണ്ടയ്ക്കടുത്തുള്ള ആ ഗ്രാമത്തിലെ കാറ്റിന് ആധ്യാത്മികതയെ പരിപോഷിപ്പിക്കുന്ന അഭൗമശക്തിയുണ്ടെന്നു തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: