ഇടുക്കിയില്‍ മുള്ളരിങ്ങാട്ടാണ് വീട്. ജീവനത്തിന് കൃഷിപ്പണി ചെയ്യാന്‍ അമ്മയും അച്ഛനും എത്തിപ്പെട്ട വനമേഖല. പരിഷ്കാരവും വികസനവും സങ്കല്‍പ്പത്തില്‍ മാത്രമുണ്ടായിരുന്ന കാലം. ജീവിതം ഒരുതരം ജീവിച്ചുപോകലായിരുന്ന കാലം. പട്ടിണിയും അര്‍ദ്ധ പട്ടിണിയുമൊക്കെയായി അരിഷ്ടിച്ച്നീങ്ങുമ്പോള് ശ്യാമിന് പഠിപ്പില്‍ ഇമ്പം തോന്നിത്തുടങ്ങിയിരുന്നു. മുള്ളരിങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുമ്പോഴാണ്, നവോദയ സ്കൂളിനെക്കുറിച്ച് ചില അധ്യാപകര്‍ പറഞ്ഞത്. പ്രവേശനം കിട്ടിയാല്‍ പിന്നെ പഠിച്ചാല്‍മതി, മറ്റൊന്നും അലട്ടില്ല.
രണ്ടുനാള്‍ തുടര്‍ച്ചയായി ആഹാരം കഴിക്കാഞ്ഞ ബാല്യം. തലയില്‍ തേക്കാന്‍ ഇറ്റു വെളിച്ചെണ്ണ ഇല്ലാഞ്ഞ്, അമ്മ തേങ്ങാപ്പാല്‍ തലയില്‍ തേച്ചുകൊടുത്ത കാലം. ബാല്യത്തിന്റെ ഈ അരക്ഷിതത്വം, അമ്പരപ്പ്, ആശയക്കുഴപ്പം ഒക്കെ ബാധിച്ചു തുടങ്ങവേ അഞ്ചാംക്ലാസിലേക്ക് നവോദയയില്‍ പ്രവേശനം കിട്ടി. ശ്യാമിന്റെ ജീവിതത്തിലെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.
ഭാഷയിലേക്കാണ് ആദ്യം ശ്രദ്ധ തിരിഞ്ഞത്. നവോദയയിലെ സമ്പ്രദായപ്രകാരം മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സഹപാഠികള്‍. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഒക്കെ ശ്യാം അതിവേഗം പഠിച്ചു. അതിനിടെ മുള്ളരിങ്ങാടിക്ക് അപ്പുറത്ത്, കുളമാവും ഇടുക്കിയും കേരളവും കടന്ന് വലിയൊരു ജീവിതാവസ്ഥയുണ്ടെന്നറിഞ്ഞു. സ്കൂളിലെ ഘടനയും പ്രവര്‍ത്തനവും ചിട്ടവട്ടങ്ങളും ജീവിതത്തില്‍ ചേര്‍ത്ത അടിസ്ഥാന സ്വഭാവങ്ങളറിഞ്ഞു. നിത്യവുമുള്ള അസംബ്ലി, പ്രാര്‍ത്ഥന, പ്രസംഗം, എന്‍സിസി, ഹോസ്റ്റല്‍ ജീവിതം, ക്ലാസ്മുറികള്, അധ്യാപകര്‍, യോഗങ്ങള്‍ എല്ലാം ചേര്‍ന്ന് കുളമാവില്‍ ഇന്ത്യയുടെ ചെറുപതിപ്പ് സൃഷ്ടിക്കുകയായിരുന്നു ശ്യാമില്‍. പത്താം ക്ലാസിലെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ രാമചന്ദ്രന് സാറിന് ശ്യാമിന്റെ ജീവിതത്തില്‍ ഏറെ നിര്‍ണായക സ്ഥാനവുമുണ്ടായി.
ശ്യാമിലെ മിടുക്കനെ കണ്ടെത്തിയ രാമചന്ദ്രന് സാര്‍ അടുത്തിരുത്തി വളര്‍ത്തി. അറിയാത്തവ പറഞ്ഞുകൊടുത്തു, പഠിക്കേണ്ടത് പഠിപ്പിച്ചു. ക്ലാസ് സമയം കഴിഞ്ഞ് ശ്യാം അദ്ദേഹത്തിനൊപ്പമായി. അങ്ങനെ പത്തില്‍ ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. മുള്ളരിങ്ങാട്ടുനിന്ന് ആ സമുദായത്തിന്റേയും പ്രദേശത്തിന്റേയും ആനുകൂല്യത്തില്‍ പ്രവേശനം നേടിയ ഒരു കുട്ടി അത്രയും മികച്ച വിജയം നേടിയത് ഒരു ‘നവോദയചരിത്രം’തന്നെയമായിരുന്നു. വീട്ടിലും നാട്ടിലും സ്കൂളിലും ആഹ്ലാദം. അങ്ങനെ സയന്‍സ് ഗ്രൂപ്പില്‍ അവിടെത്തന്നെ പഠനാവസരവും കിട്ടി. അവിടംകഴിഞ്ഞപ്പോള്, അക്കാലത്തെ ട്രെന്‍ഡിന് അനുസരിച്ച് എന്‍ട്രന്‍സ് എഴുതി. കോതമംഗലം എംഎ കോളെജില്‍ പ്രവേശനം, ബിടെക് പഠിക്കാന്‍.
പത്താംക്ലാസിലെ പ്രശസ്ത വിജയം ശ്യാമിനെ സ്കൂളില്‍ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. കേന്ദ്രവിന്ദുവാകുന്നതാണല്ലോ നേതൃത്വത്തിലെത്തുന്നതിന്റെ തുടക്കം. ക്രമേണ ശ്യാമിന് പലകാര്യങ്ങളിലും മുന്‍നിരയില്‍ നില്ക്കാന് അവസരമായി. കോതമംഗലത്തെത്തിയപ്പോള്‍ അത് കൂടുതലായി. നവോദയത്തിലെ ചിട്ടകളും ശീലങ്ങളുമെല്ലാം ചേര്‍ന്ന്, ഏതെങ്കിലും ഒരു സംഘടനയില്‍ പ്രവര്‍ത്തനം വേണമെന്നു തോന്നിപ്പിച്ചു. അതൊരു ദേശീയ പ്രസ്ഥാനത്തിലെത്തിച്ചു. അന്ന് ആ കാമ്പസില്‍ എബിവിപി ഇല്ലായിരുന്നു. പുറത്തുള്ള സംഘടനാ പ്രവര്‍ത്തകരെ കണ്ടു. ചര്‍ച്ചകള്‍ നടത്തി. കോളെജില്‍ എബിവിപി യൂണിറ്റ് തുടങ്ങി. രണ്ടുവര്‍ഷത്തിനകം ശക്തിപ്രാപിച്ചു. മൂന്നാം വര്‍ഷം എബിവിപി അനുകൂല പാനല്‍ യൂണിയന് ഭരണം നേടി. ശ്യാമിലെ പഠിപ്പിനൊപ്പം സംഘടനാ മികവും തെളിഞ്ഞ സംഭവം. തുടര്‍ന്നാണ് എബിവിപി നേതാക്കളുമായി നിരന്തരവും ഗാഢവുമായ ബന്ധം രൂപപ്പെടുന്നത്.
അതിനകം സ്വന്തം വഴിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നു. വീടും നാടും അവസ്ഥയും നോക്കുമ്പോള്‍ ഒരു തൊഴില്‍ നേടുകയായിരുന്നു അടിയന്തരാവശ്യം. അച്ഛന്, അമ്മ, രണ്ട് സഹോദരികള്‍. സാമ്പത്തിക ഭദ്രത തീരെയില്ലാത്ത കുടുംബം. പൊതുവേ മുള്ളരിങ്ങാട്ട് പരിസരത്തും ബന്ധുക്കള്‍ക്കുമൊക്കെ അതായിരുന്നു സ്ഥിതി. അതുകൊണ്ടുതന്നെ സ്വന്തം സ്ഥിതിയും വീട്ടുകാരുടെ നിലയും മാത്രം മാറിയാല്‍ പോരാ സകലരുടെയും ക്ഷേമം വേണം ലക്ഷ്യമാക്കാന്‍ എന്ന ചിന്തവന്നു. സാമൂഹ്യ പ്രവര്‍ത്തനം അതിനൊരു മാര്‍ഗമെന്ന് ധരിച്ചു. അതിനിടെ സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ എത്തിപ്പെട്ടു. ബന്ധുക്കള്‍ എതിര്‍ത്തു, അവരില്‍ ചിലര്‍ ചെറുത്തു, ഉപദേശിച്ചു, ഉപേക്ഷിച്ചു. അച്ഛനോട് ആലോചിച്ചു. കൂലിപ്പണിയും സ്വന്തംപണിയുമൊക്കെ ചെയ്ത് നാള്തള്ളിനീക്കുന്ന കാലം. അച്ഛന് മകനോട് പറഞ്ഞു, ”അങ്ങനെയെങ്കില്‍ നീ ലോകം കണ്ടുവരിക.”
ആ പറച്ചില് അച്ഛന്റെ തന്നിലുള്ള വിശ്വാസമാണെന്നത് ശ്യാംരാജിന് ആത്മവിശ്വാസം കൂട്ടി. ശ്യാം പറയുന്നു: അതിനകം എബിവിപിയുടെ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ തുടങ്ങിക്കഴിഞ്ഞിരുന്ന ഞാന്‍ അച്ഛന്റെ വാക്കോടെ എന്റെ വഴി കൃത്യമായി തിരിച്ചറിഞ്ഞു. എബിവിപിയുടെ പൂര്‍ണ സമയ പ്രവര്‍ത്തകനായി, 2010-ല്‍. പട്ടികവര്‍ഗ വിഭാഗത്തിന്റെ ഇടയില്‍ പ്രവര്‍ത്തനം നടത്തി. അവരെ കേട്ടും കണ്ടും അറിഞ്ഞും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചും രണ്ടുവര്‍ഷം. അതിനിടെ വീട്ടിലെ സ്ഥിതി മോശമാകുന്നുവെന്ന തോന്നലില്‍ ഒരിക്കല്‍ക്കൂടി ചിന്തിച്ചു. വീടുനോക്കാത്തവന് നാടുനന്നാക്കാനിറങ്ങിയെന്നെല്ലാമുള്ള ബന്ധുക്കളുടെ പഴിപറച്ചില് കൂടി. വാസ്തവത്തില്‍ അതിനേക്കാള്‍ വിഷമിപ്പിച്ചിരുന്നത് വീട്ടുയാഥാര്ഥ്യങ്ങളായിരുന്നു. അന്നത്തെ എബിവിപി സംസ്ഥാന സെക്രട്ടറി ഡോ. അരുണ്‍കുമാര്‍ പറഞ്ഞു, പക്ഷേ, മുള്ളരിങ്ങാട്ടേക്കുള്ള മടക്കം ശ്യാമിനും വലിയ നഷ്ടമായിരിക്കുമെന്ന്. വീണ്ടും സമാധാനത്തിന് അച്ഛനിലേക്ക്. അച്ഛന് പഴയ നിലപാടില്‍ത്തന്നെ- ലോകം കണ്ടുവരിക. തിരികെ സംഘടനാ പ്രവര്ത്തനത്തിലേക്കുതന്നെ. കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) ചേര്‍ന്നു പഠിക്കാന്‍ നിശ്ചയിച്ചു. ഒപ്പം സംഘടനാ പ്രവര്‍ത്തനവും.” ശ്യാംരാജ് അവിടത്തെ സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധിയായി മത്സരിച്ച് വിജയിച്ചു, റെക്കോഡ് വോട്ടോടെ. തുടര്‍ന്ന് സംഘടനാ ഉത്തരവാദിത്തത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഇപ്പോള്‍ ദേശീയ സെക്രട്ടറി.
? ഇപ്പോള്‍ എന്തു തോന്നുന്നു?
– എബിവിപി ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമാണ്. കേരളത്തില്‍ ആറു പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്നു. ഒട്ടേറെപ്പേര്‍ സമര്‍പ്പണം നടത്തി പടുത്തുയര്‍ത്തിയതാണ്. അവരുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുകയാണിന്ന്.
? മുള്ളരിങ്ങോട്ടുനിന്ന് ദേശീയ സെക്രട്ടറി സ്ഥാനത്തേക്കെത്തിയ ദൂരവും പാഠവും?
-വലിയ ദൂരമാണ്. മറ്റൊരു പ്രസ്ഥാനത്തിലാണെങ്കിലും താണ്ടാനാവാത്ത ദൂരം. ഒരു സംരക്ഷകനും വളര്ത്താളുമില്ലാതെ, എന്റേതുപോലെ സാമ്പത്തിക-സാമൂഹ്യ ചുറ്റുപാടുള്ള ഒരാള്‍ക്ക് ഇത്തരം വളര്‍ച്ച മറ്റു പ്രസ്ഥാനത്തില്‍ കിട്ടില്ല.
? ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണര്‍വും വളര്ച്ചയുമുള്ള ഇക്കാലത്ത്, കേരളത്തില്‍ എബിവിപിയുടെ വളര്‍ച്ചാതോത് തൃപ്തികരമാണോ?
– പരിഷത്തിന്റെ വളര്‍ച്ച കോളെജ് തെരഞ്ഞെടുപ്പ്ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണരുത്. തെരഞ്ഞെടുപ്പ് വിജയം പല ലക്ഷ്യങ്ങളിലൊന്നാണ്. അതിനപ്പുറം മൂല്യവത്തായ കാമ്പസ്, നിലവാരമുള്ള വിദ്യാഭ്യാസം, സര്‍വര്‍ക്കും സാമൂഹ്യ നീതി, വ്യക്തിത്വവും ദേശീയ ബോധവുമുള്ള തലമുറ- അതാണ് എബിവിപിയുടെ ലക്ഷ്യം. അതില്‍ മുന്നേറ്റമുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി എല്ലാത്തരം എതിര്‍പ്പുകളേയും മറികടന്നുവേണം ഇവിടെ വളരാന്‍. മറ്റു സംഘടനകളുടെ കായിക എതിര്‍പ്പ്, സര്‍ക്കാരുകളുടെ ചെറുക്കല്‍, മാധ്യമങ്ങളുടെ നിസ്സഹകരണം ഒക്കെയുണ്ട്. അതായത്, മുമ്പോട്ടുപോയാല്‍ മാത്രം പേരാ, പിന്നോട്ടുള്ള വലിക്കല് അതിജീവിക്കണം.
സംഘപരിവാറില്‍ എതിര്‍പക്ഷം ഏറ്റവും ഭയക്കുന്നത് എബിവിപിയേയാണ്. വിദ്യാര്‍ഥികളില്‍ പരിഷത്തിന് സ്വാധീനം വര്‍ധിക്കുന്നത് അവരെ ഭയപ്പെടുത്തുന്നുണ്ട്. മറ്റു വിദ്യാര്‍ഥി സംഘടനകളുടെ സംഘടനാ റിപ്പോര്‍ട്ടില്‍, എബിവിപിയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ ആകര്‍ഷിക്കപ്പെടുന്നുവെന്ന് വിലയിരുത്തുന്നു. പരിഷത്തിന്റെ പരിപാടികള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു. അതുകൊണ്ടുതന്നെ ചിലര്‍ അവസരങ്ങള്‍ നിഷേധിക്കുന്നു.
? പക്ഷേ, എബിവിപി സാമൂഹ്യ വിഷയങ്ങളിലിടപെടുന്നില്ല, വിദ്യാര്‍ഥി വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ല എന്നൊക്കെയാണല്ലോ പ്രചാരണം?
– തെറ്റാണ്. മുന്‍കാലങ്ങളില്‍ എബിവിപി ഏറ്റെടുത്ത് പിന്നീട് മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച ഒട്ടേറെ സംഭവങ്ങളും വിഷയങ്ങളമുണ്ട്. സ്വാശ്രയ കോളെജുകളുടെ അപകടവും പോരായ്മയും കാല് നൂറ്റാണ്ടിനുമുമ്പ് ശ്രദ്ധയില്‍ കൊണ്ടുവന്നത് പരിഷത്തിന്റെ സമരമാണ്. പോളി ടെക്നിക് സമരം, പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരം അങ്ങനെ പലതും. അന്നൊന്നും ഇത്രപോലും എബിവിപിയെ പരിഗണിക്കാന്‍ മാധ്യമങ്ങള്‍ തയാറായിരുന്നില്ല. അടുത്ത കാലത്തെ കാര്യങ്ങള്‍ പറയാം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സാമൂഹ്യ അവകാശങ്ങള്‍ക്ക് പെണ്‍പിളൈ ഒരുമൈ സമരം നടത്തിയപ്പോള്‍ അവര്‍ക്കൊപ്പം ആദ്യം ചേര്‍ന്ന വിദ്യാര്‍ഥി പ്രസ്ഥാനം എബിവിപിയാണ്. വിവിധ ജീവിത പ്രശ്നങ്ങള്‍ക്ക് ആദിവാസി ഗോത്രസഭ നടത്തിയ നില്‍പ്പുസമരത്തിന് പരിഷത്താണ് ആദ്യ പിന്തുണച്ചത്. ദാരിദ്ര്യം എന്ന കൊടും വിപത്തിനിരയായി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ വിഷയത്തില്‍ ആദ്യം ഇടപെട്ടത് എബിവിപിയാണ്. അട്ടപ്പാടിയില്‍നിന്ന് പാലക്കാടുവരെ കാല്‍നട പ്രതിഷേധ-പ്രചാരണ പരിപാടിയാണ് നടത്തിയത്. ഇതൊക്കെയാണ് അടിസ്ഥാന സാമൂഹ്യ പ്രശ്നങ്ങള്‍.
പരിഷത്ത് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്ക നടത്തിയ സമരങ്ങള്‍ ഒട്ടേറെയുണ്ടായി അടുത്തിടെ: 2016-ല്‍ ടെക്നോളജി സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ക്കും വിദ്യാര്‍ഥി ദ്രോഹങ്ങള്‍ക്കുമെതിരേ നടത്തിയ സമരം വിജയമായത് പ്രൊഫഷണല്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നല്ല സ്വാധീനം ചെലുത്തി.
സ്വാശ്രയ കോളെജ് കാര്യത്തിലെ അനിശ്ചിതത്വങ്ങള്ക്കെതിരേ കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ 45 കേന്ദ്രങ്ങളില്‍ ഒന്നര മാസം നടത്തിയ സമരം ശ്രദ്ധേയമായി. മെഡിക്കല്‍ കോളെജ്, നഴ്സിങ് മേഖലയിലെല്ലാം പരിഷത്തിന്റെ ഇടപെടലുകള്‍ അടയാളങ്ങളായി.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളെജില്‍, എസ്എഫ്ഐയുടെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം എബിവിപി ഇടപെട്ടാണ് ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. തലസ്ഥാനത്തെ ലോ അക്കാദമിയിലെ ലക്ഷ്മീ നായരുടെ അനധികൃത നിയമനവും സ്ഥാപനത്തിന്റെ കള്ളക്കളികളും എബിവിപി സമരത്തിലാണ് പുറംലോകമറിഞ്ഞത്. ഇതൊക്കെ ചിലതുമാത്രം.
? പക്ഷേ എബിവിപി കാമ്പസില്‍, എതിര്‍പ്പുകാരുടെ സംഘടനയായിട്ടാണ് പരാമര്‍ശിക്കപ്പെടുന്നത്?
– അതും ശരിയല്ല. ആ കുപ്രചാരണത്തിന് പക്ഷേ, കാരണമുണ്ട്. കാമ്പസുകളിലെ ദുശ്ശീലങ്ങള്‍ക്ക് പരിഷത്തിന്റെ കൂട്ടില്ല. തീവ്രവാദത്തിനും ഭീകരവാദത്തിനും അരാജകവാദത്തിനും പരിഷത്ത് കൂട്ടുനില്‍ക്കില്ല. ശരിയാണ്, കാമ്പസില്‍ കൗമാരക്കുട്ടികളുടെ വിനോദങ്ങള്‍ക്കും ഇടം വേണം. അത്രാജ്യ-സാമൂഹ്യ താല്പര്യങ്ങള്ക്ക് എതിരാകരുത്. വേഷത്തിലും സ്വഭാവത്തിലും ഭാഷയിലും ഭക്ഷണത്തിലുമുള്പ്പെടെ ചില അതിരുകള്‍ സ്വയം നിര്‍ണയിക്കണമെന്ന പക്ഷമാണ് പരിഷത്തിന് എന്നും. ഒരു ലഹരിക്കൂത്തുകള്ക്കും എബിവിപിയെ കിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ എബിവിപി എതിര്‍ത്തിട്ടുണ്ട്. അത് തുടരും. ഈ നിലപാടുകള്‍ അരാജക-തീവ്രവാദ- വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ്. അവരാണ് പരിഷത്തിനെതിരേ കുപ്രചാരണം നടത്തുന്നത്.
ഒടുവില്‍ എറണാകുളം മഹാരാജാസ് കോളെജില്‍ ഭീകരവാദി പ്രസ്ഥാനം ആ അരുംകൊല നടത്തി. അഭിമന്യുവധം എസ്എഫ്ഐക്ക് അല്ല, വിദ്യാര്‍ഥി സമൂഹത്തിന്റെ നെഞ്ചിലാണ് മുറിവേല്‍പ്പിച്ചത്. കേരള ഭരണവും കാമ്പസ് ഭരണങ്ങളും ഉണ്ടായിട്ട് എസ്എഫ്ഐക്കും അവരുടെ സഹ പ്രസ്ഥാനങ്ങള്‍ക്കും ഈ ഭീകരര്‍ക്കെതിരേ എന്തുചെയ്യാനായി?
അഭിമന്യുവിനെ വകവരുത്തുംമുമ്പ് ഈ ഭീകരര്‍ 2013-ല്‍ സച്ചിനേയും വിശാലിനേയും കാമ്പസില്‍ കൊന്നു. 2016 -ല്‍ കണ്ണൂരില്‍ ശ്യാമപ്രസാദിനെയും വധിച്ചു. ഈ സംഘടനയ്ക്കെതിരേ കാമ്പസുകല്‍ എബിവിപി പ്രചാരണം നടത്തിയപ്പോള്‍ വിമര്‍ശിച്ചതാണ് അഭിമന്യുവിന്റെ സംഘടനക്കാര്‍. ഭീകരപ്രവര്‍ത്തനങ്ങളേയും ഇന്റലക്ച്വല്‍ ടെററിസത്തേയും (ബൗദ്ധിക ഭീകരതയേയും) നേരിടുകയാണ് പരിഷത്ത് ചെയ്യുന്നത്.
? പരിഷത്ത് വിദ്യാര്‍ഥികള്‍ക്കായി ചെയ്യുന്ന ഇതര പ്രവര്‍ത്തനങ്ങള്‍?
– കാമ്പസുകളിലും ജില്ലാ ഘടകങ്ങളിലുമായി പലതുമുണ്ട്. പ്രധാനമായി പൊതുവിലുള്ള ചിലത് പറയാം. ജിജ്ഞാസ എന്ന പേരില്‍ അഞ്ചു ദിവസത്തെ ആയുര്‍വേദ സെമിനാറും പ്രദര്‍ശനവും ഒരുക്കാറുണ്ട്. അത് ഏറെ വിജയമാണ്. വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാണ്. വയനാട്ടില്‍ ഒരു ട്രൈബല്‍ ഫെസ്റ്റ് നടത്താന്‍ ആസൂത്രണം നടക്കുന്നു. കേരളത്തില്‍മാത്രം 36 ട്രൈബല്‍ ഗ്രൂപ്പുകളുണ്ട്. നമുക്ക് അവരിലൂടെ നമ്മുടെ നാടിന്റെ വൈവിധ്യവും സംസ്കാരവും ചരിത്രവും കലകളും ഭക്ഷണ ക്രമവും ഒക്കെ അറിയാനവസരമൊരുക്കുകയാണ് ലക്ഷ്യം. യഥാര്‍ഥ ട്രൈബല്‍ ഡവലപ്മെന്റ് എന്തെന്ന ധാരണ അതിലൂടെ ഉണ്ടാകും. നിയമ വിദ്യാര്‍ഥികള്‍ക്ക്, മെഡിക്കല്‍ വിദ്യാര്തഥികള്ക്ക് പഠന ഗവേഷണ കാര്യങ്ങളില്‍ സഹായിക്കാന്‍ സംവിധാനങ്ങളുണ്ട്. എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കും എന്‍ട്രന്‍സ് വിദ്യാര്‍ഥികള്‍ക്കും ഐഎഎസ് പരിശീലനം നേടുന്നവര്ക്കുമുള്പ്പെടെ ഒട്ടേറെ സഹായ സംവിധാനങ്ങള്‍ പരിഷത്തിന്റെ മേല്നോട്ടത്തിലുണ്ട്.
കാല്‍നൂറ്റാണ്ടിനു മുമ്പാണ് കേരളത്തില്‍നിന്ന് എബിവിപിക്ക് ദേശീയ തലത്തില്‍ ഭാരവാഹിത്വം ആദ്യം കിട്ടിയത്. ഇപ്പോള്‍ രാജ്യസഭാംഗമായ വി. മുരളീധരനിലൂടെ. അദ്ദേഹം കേരളത്തില്‍നിന്നുള്ള ആദ്യ ദേശീയ സെക്രട്ടറിയാണ്. ദേശീയ സമിതിയില്‍ അംഗങ്ങളായി ഒട്ടേറെ പ്രമുഖര്‍. ഇപ്പോള്‍ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ശ്യാംരാജ് നിയോഗിക്കപ്പെടുമ്പോള്‍ സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരംകൂടിയാണ്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: