ചൂടുകൂടുകയാണ് ഓരോ നിമിഷവും. ആ ചൂടില്‍ മനുഷ്യനും മൃഗങ്ങളും വെന്തുരുകുകയാണ്. സസ്യജാലങ്ങള്‍ ഉണങ്ങി വരണ്ട് നശിക്കുകയാണ്. കാലാവസ്ഥയാകെ തകിടം മറിയുന്നു. ആ തകിടം മറിച്ചിലില്‍ നിന്ന് കൊടുങ്കാറ്റും ഇടിമിന്നലും കൊട്ടും പ്രളയവും ജനിക്കുന്നു. കൃഷിഭൂമികള്‍ നശിക്കുന്നു. ജനലക്ഷങ്ങള്‍ അഭയാര്‍ത്ഥികളായി ദേശാന്തരഗമനം നടത്തുന്നു.
ചൂട് ഇത്രയും കൂടിയപ്പോള്‍ത്തന്നെ ജീവിതം അസഹ്യം. അപ്പോള്‍ ഇനിയും ചൂട് കൂടിയാലോ? എങ്കില്‍ ഭൂഗോളം ഒരു തീഗോളമാവും. താഴ്ന്ന ഭൂമിയപ്പാടെ കടല്‍ത്തിരകള്‍ നക്കിത്തുടയ്ക്കും. കൃഷി ഭൂമികള്‍ മരുഭൂമികളാവും. പട്ടിണി മരണങ്ങള് മനുഷ്യരാശിയെ വേട്ടയാടും. ഇത്തരമൊരവസ്ഥ ഉണ്ടാകാന്‍ നാം അനുവദിച്ചുകൂടാ. അതിനാണ് കാലാവസ്ഥാമാറ്റം ചര്‍ച്ച ചെയ്യുന്ന വേദിയായ ‘യുണൈറ്റഡ് നേഷന്‍സ് ഫ്രെയിം വര്‍ക്ക് കണ്വന്ഷന് ഓണ്‍ ക്ലൈമറ്റ് ചേഞ്ച്’ പാരീസില്‍ ഒരു മഹായോഗം വിളിച്ചത്. മഹാന്മാരായ ഒരുപാട് രാഷ്ട്രത്തലവന്മാര് അണിനിരന്ന ആ യോഗം നടന്നത് മൂന്നുവര്‍ഷം മുന്‍പ്, അതിനെ നാമൊക്കെ വിളിച്ചത് ‘പാരീസ് കാലാവസ്ഥാ ഉച്ചകോടി.’
ആഗോളതാപനിലയിലെ വര്‍ധന രണ്ട് ഡിഗ്രി കണ്ട് കുറയ്ക്കുക എന്നതായിരുന്നു ഉടമ്പടിയുടെ അടിസ്ഥാനം. അങ്ങനെ മാത്രമേ ഭൂമണ്ഡലത്തെ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്താനാവൂ. അന്ന് 200 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പാരീസ് യോഗത്തില്‍ പങ്കെടുത്തത്. പക്ഷേ ഈ ഉടമ്പടി അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാകണമെങ്കില്‍ ‘നിയമപരമായ ചട്ടക്കൂട്’ ഉണ്ടാക്കി അംഗീകരിക്കണം. ‘പാരീസ് റൂള്‍ബുക്ക്’ എന്ന് വിളിക്കപ്പെടുന്ന ഈ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനാണ് പോളണ്ടിലെ കാറ്റോവിറ്റ്സയില്‍ ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ ഒത്തുകൂടിയത്. 2018 ഡിസംബറിലായിരുന്നു ഈ യോഗം. പക്ഷേ യോഗത്തിന്റെ ആകത്തുകയെ ഒരു നാടന്‍ ചൊല്ലുകൊണ്ട് ഇങ്ങനെ വിശേഷിപ്പിക്കേണ്ടിവരുന്നു. ”വഞ്ചി തിരുനക്കരത്തന്നെ” എന്നതാണ് ആ നാടന്‍ ചൊല്ല്.
അതിന് കാരണക്കാരായത് മലിനീകരണ വീരന്മാരായ കുറെ വന്‍കിട രാജ്യങ്ങള്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍. ഭൂമണ്ഡലത്തില്‍ മലിനീകരണത്തിലൂടെ ഏറ്റവും കൂടുതല്‍ ചൂട് പുറത്തുവിടുന്നവരാണവര്‍. അമേരിക്ക, ചൈന എന്നിവര്‍ അക്കൂട്ടത്തിലെ മുഖ്യവില്ലന്മാര്‍. കാലാവസ്ഥാ വ്യതിയാനം എന്നത് കേവലം അമ്മൂമ്മക്കഥയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പും ക്രൂരമായ ഏകാധിപത്യത്തിന്റെ മൂര്‍ത്തീഭാവമായ ചൈനീസ് ഭരണകൂടവും ചില യൂറോപ്യന്‍ രാജ്യങ്ങളും…
ഭൂമി ചൂട് കൂടി ഒരു ഹരിതഗൃഹം ആയി മാറിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ‘ഹരിതഗൃഹം’ എന്നത് കേള്‍ക്കാന്‍ ഏറെ കുളിര്‍മ്മയുള്ള വാക്കാണെങ്കിലും അതിന് ഹരിതവുമായി തരിമ്പും ബന്ധമില്ല. ചെടികളെ ഏത് കാലാവസ്ഥയിലും വളര്‍ത്താന്‍ തക്ക ഊഷ്മാവ് നല്കുന്ന കൃത്രിമ സംവിധാനമാണ് ഗ്രീന്‍ ഹൗസ്. അതിന്റെ തര്‍ജമയാണ് ‘ഹരിതഗൃഹം’ എന്ന വാക്ക്. ഗ്രീന്‍ഹൗസിനകത്ത് കടക്കുന്ന തരിമ്പ് ചൂടുപോലും പുറത്തുപോവില്ല. ഉള്ളില്‍ തങ്ങിനില്ക്കും. കല്‍ക്കരി, പെട്രോളിയം മുതലായ കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണും മറ്റ് മലിനീകരണ വാതകങ്ങളുമൊക്കെ ചേര്‍ന്ന് നമ്മുടെ ഭൂമണ്ഡലത്തെ വലിയൊരു ‘ഗ്രീന്‍ഹൗസാ’ക്കി മാറ്റുന്നുവെന്ന് സാരം. ആ വാതകങ്ങള്‍ ഒത്തുചേര്‍ന്ന് സൂര്യനില്‍നിന്നും മറ്റുമെത്തുന്ന താപോര്‍ജ ത്തെ ഭൂമണ്ഡലത്തില്‍ തിരികെപ്പോകാനാവാത്തവിധം കുടുക്കിയിട്ടും ഫലം ഭൂമണ്ഡലത്തില്‍ ചൂട് കുതിച്ചുയരും. കാലാവസ്ഥ തകിടം മറിയും.
കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ ആവുന്നത്ര കത്തിച്ച് മുതലാളിത്ത രാജ്യങ്ങള്‍ പുരോഗതിയുടെ സ്വര്‍ഗങ്ങളിലേക്ക് കുതിച്ച് കയറിയപ്പോള്‍ ഇത്രവലിയ കാര്‍ബണ്‍ മലിനീകരണം ആരും നിനച്ചതല്ല. കാര്‍ബണെ വലിച്ചെടുക്കാന്‍ കഴിവുറ്റ വനസമ്പത്തും അനുനിമിഷം നശിപ്പിക്കപ്പെട്ടു. ചൂട് വര്‍ധിച്ചതോടെ സമുദ്രത്തിന്റെ അഗാധതയില്‍ വിലയം പ്രാപിച്ചിരുന്ന കാര്‍ബണ്‍ വാതകങ്ങളും പുറത്തുവന്നു തുടങ്ങി. രാസ മലിനീകരണം മറ്റൊരു വശത്തുകൂടി ഭൂമണ്ഡലത്തെ വല്ലാതെ പീഡിപ്പിച്ചു.
കാര്‍ബണ്‍ മലിനീകരണത്തിലൂടെ ഭൂമിയെ നശിപ്പിച്ച അമേരിക്കയും റഷ്യയുമൊന്നും തങ്ങളുടെ ആക്രമണം നിറുത്താന്‍ ഇനിയും ഭാവമില്ല. മറ്റ് ദരിദ്ര രാജ്യങ്ങള്‍ ഇത്തരം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്താനും അവര്‍ ശ്രമിക്കുന്നു. ‘ഞങ്ങള്‍ ഏതായാലും ഇത്രയൊക്കെ കാട്ടിക്കൂട്ടി; പുരോഗമിക്കുകയും ചെയ്തു. ഇനി നിങ്ങള്‍ മലിനീകരണം നടത്തി ‘പുരോഗമിക്കണ്ട’ എന്ന ഭാവം! എന്നാല്‍ ദരിദ്രരാജ്യങ്ങള്‍ക്ക് പുരോഗമിക്കാന്‍ ശുദ്ധമായ സാങ്കേതിക വിദ്യ നല്‍കാനും ഇക്കൂട്ടര്‍ ഒരുക്കമല്ല. അതിനായി ചില്ലിക്കാശ് മുടക്കാന്‍ ഭാവവുമില്ല.
മൂന്നാം ലോകരാജ്യങ്ങള്‍ക്ക് മറ്റൊരു ഓഫര്‍ അവര്‍ നല്കുന്നു. തങ്ങള്‍ പുറത്തുവിടുന്ന മാലിന്യം വലിച്ചെടുക്കാനുള്ള സിങ്ക് അഥവാ കാര്‍ബണ്‍ സംഭരണി ആയി പാവപ്പെട്ട രാജ്യങ്ങളിലെ മരസമ്പത്ത് മാറട്ടെ എന്നതാണ് നയം. അത്തരം വനസമ്പത്തിന് കാശുനല്‍കാന്‍ മലിനീകരണ രാജ്യങ്ങള്‍ തയ്യാര്‍. ആവശ്യത്തിലേറെ വനസമ്പത്തുള്ള രാജ്യങ്ങള്‍ക്കാണ് ഈ ‘ഭാഗ്യം’ നല്‍കുക. അത്തരം രാജ്യങ്ങളെ കാര്‍ബണ്‍ മാര്‍ക്കറ്റ് അഥവാ കാര്‍ബണ്‍ വിപണി എന്ന് വിളിക്കും. കാശുനല്‍കുന്ന രാജ്യത്തിന്റെ നിശ്ചിത ശതമാനം കാര്‍ബണ്‍ ഇത്തരം കാര്‍ബണ്‍ വിപണി ഉള്‍ക്കൊള്ളുന്നു എന്ന് സങ്കല്പം. സ്വന്തം പാപത്തിന് കാശു നല്കി അന്യനെക്കൊണ്ട് പരിഹാരം ചെയ്യുന്ന ഏര്‍പ്പാടെന്നും ഇതിനെ വിളിക്കാം.
കാര്‍ബണ്‍ വലിച്ചെടുത്ത് സൂക്ഷിക്കുന്ന ഇത്തരം കാര്‍ബണ്‍ സംഭരണി (കാര്‍ബണ്‍ സിങ്ക്) ആയിമാറാന്‍ നമ്മുടെ രാജ്യത്തിനും ഏറെ സാധ്യതകളുണ്ട്. പുറത്തുചാടുന്ന മലിനവാതകങ്ങളുടെ അളവെടുക്കാനും ശാസ്ത്ര മാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. അതാണ് കാര്‍ബണ്‍ ‘ഫുട്ട് പ്രിന്റ്’ അഥവാ ‘കാര്‍ബണ്‍ കാല്‍പ്പാടുകള്‍’ എന്ന ഏകകം. മലിനീകരണം, ഗതാഗതം, ഊര്‍ജ ഉപഭോഗം തുടങ്ങിയവയിലൂടെ അന്തരീക്ഷത്തിലേക്ക് വിസര്‍ജിക്കപ്പെടുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവാണ് കാര്‍ബണ്‍ ‘ഫുട്ട്പ്രിന്റ്’ സൂചിപ്പിക്കുന്നതെന്ന് സാരം.
നമുക്ക് കാറ്റോ വീറ്റ്സയിലേക്ക് മടങ്ങിവരാം. ഡിസംബര്‍ 15-നു സമാപിച്ച കാലാവസ്ഥാ ഉച്ചകോടി ലക്ഷ്യം കാണില്ല എന്ന ഖേദകരമായ ചിന്തയോടെയാണ് 2018 വിടവാങ്ങിയത്. ആ യോഗത്തില്‍ ചൈനയും യൂറോപ്പും അമേരിക്കയും കല്ലിന് കാറ്റുപിടിച്ചതുപോലെ നിന്നു. മലിനീകരണത്തില്‍ കുറവ് വരുത്തി ലോകത്തെ നശിപ്പിക്കുന്നതില്‍നിന്ന് തങ്ങള്‍ പിന്മാറില്ല എന്ന അഹന്തയോടെ പാരീസ് കരാറില്‍ വ്യാപകമായി വെള്ളം ചേര്‍ക്കപ്പെട്ടു. വികസ്വര-അവികസിത രാജ്യങ്ങള്‍ക്ക് ലഭിക്കേണ്ട സാങ്കേതിക-സാമ്പത്തിക സഹായങ്ങള്‍ ഒന്നും കാര്യമായി ഉറപ്പാക്കാനായില്ല.
അത്തരം രാജ്യങ്ങളുടെ ജീവരക്ഷയ്ക്കായി ഒന്നും ചെയ്യാതെ സമ്പന്നലോകം മാറിനിന്നു. അങ്ങിനെ കാറ്റോവീറ്റ്സയിലെ ഉച്ചകോടി ഒരു തരത്തില്‍ കഴിഞ്ഞു. ഇനി ദരിദ്രരാജ്യങ്ങളെ കാത്തിരിക്കുന്നത് രൂക്ഷമായ കാലാവസ്ഥാ ദുരന്തങ്ങള്‍. ഇല്ലാത്ത പണമുണ്ടാക്കി അവര്‍ സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുക. കൃഷി നശിക്കാതെ, മരുവല്‍ക്കരണം ഉണ്ടാവാതെ, മാരകരോഗം പടരാതെ, അഭയാര്‍ത്ഥി പ്രവാഹം സംഭവിക്കാതെ, തീരഭൂമികള്‍ കടലെടുക്കാതെ… ഇരിക്കാന്‍ അവര്‍ക്കിനി ആശ്രയം ഈശ്വരന് മാത്രം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: