താങ്കള്‍ 1984-ല്‍ കോളേജില്‍ പഠിക്കുമ്പോഴാണല്ലോ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ‘ആത്മായനങ്ങളുടെ ഖസാക്ക്’ എന്ന കൃതി രചിച്ചത്. ഇത് ഒരു സാഹസമായിരുന്നില്ലേ?
അത് ഒരു സാഹിത്യകാരന്റെ, വിമര്‍ശകന്റെ തുടക്കമാണ്. ഞാന്‍ വാക്കുകളെ നിറങ്ങളായി ഉപയോഗിച്ചു. സറിയലിസ്റ്റിക് സ്വഭാവമാണതിന്. ഞാന്‍ ഒരു വന്‍കരയെ സമീപിക്കുകയാണ്. ആ വന്‍കര ഒരു വിമര്‍ശകന്റെ ഇനിയും നിര്‍വ്വചിക്കാനാവാത്ത ലോകമാണ്. അതിന്റെ വിസ്മയവും ജിജ്ഞാസയുമാണ് എനിക്കുള്ളത്.
ഇത് കലാശാലാ അദ്ധ്യാപകരുടെ വിമര്‍ശനരീതിക്ക് എതിരല്ലേ?
എതിരാണ്. അതിലാണ് എന്റെ ജീവിതം. വിമര്‍ശനം ഇവിടെ കലയായി മാറുകയാണ്. മലയാള സാഹിത്യവിമര്‍ശനത്തിലെ ആദ്യ വിമര്‍ശനകല. ഒരിക്കല്‍ ഒ.വി. വിജയന് എന്നോട് ചോദിച്ചു, തന്റെ കൃതികളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന്. അന്ന് ഞാന്‍ പറഞ്ഞത് ‘ഗുരുസാഗരം’ എന്നാണ്. അദ്ദേഹത്തിനും അതാണ് ഇഷ്ടമെന്ന് പറഞ്ഞു.
ആനന്ദില്‍ പ്രകൃതിയില്ല ആനന്ദ്, സേതു, മുകുന്ദന്, കാക്കനാടന് തുടങ്ങിയവരെ എങ്ങനെ കാണുന്നു?
ഞാന്‍ ഇവരെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്. ആനന്ദ് പ്രകൃതിയെ ഒഴിവാക്കുകയാണ്. അദ്ദേഹത്തിന് പ്രകൃതിയുമായി വൈകാരിക ബന്ധമില്ല. സേതു ഭയം പ്രമേയമാക്കി എഴുതിയ കഥകളാണ് എനിക്കിഷ്ടം. മുകുന്ദന് നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നീ കൃതികളെഴുതിയത് നന്നായി. അദ്ദേഹത്തില്‍ ആത്മീയ സംഘര്‍ഷങ്ങളില്ല. കാക്കനാടന്റെ ‘ആള്‍വാര്‍ തിരുനഗറിലെ പന്നികള്‍’ എന്ന കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. തീക്ഷ്ണമായി എഴുതാന്‍ കാക്കനാടന് പ്രത്യേക കഴിവുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കഥാകൃത്ത് ആരാണ്?
എന്റെ അറിവില്‍ റഷ്യന്‍ എഴുത്തുകാരനായ ഇവാന് ബുനിന് ആണ്. അദ്ദേഹത്തിന്റെ ദ് ജന്റില്മാന് ഫ്രം സാന്‍ഫ്രാന്‍സിസ്കോ എന്ന കഥയെ വെല്ലുന്ന മറ്റൊന്നില്ല. കാഫ്കയുടെ ജോസഫൈന് ദ് സിംഗര്‍ ഓര് ദ് മൗസ്ഫോക്, മാര്‍കേസിന്റെ ‘എ വെരി ഓള്‍ഡ് മാന്‍ വിത്ത് എനോര്‍മസ് വിംഗ്സ്’ എന്നിവയും എന്നെ സ്വാധീനിച്ച കഥകളാണ്.
എംടി, പി.കെ. ബാലകൃഷ്ണന് എന്നിവര്‍ മഹാഭാരതത്തെ ആസ്പദമാക്കി യഥാക്രമം രണ്ടാമൂഴം, ഇനി ഞാന്‍ ഉറങ്ങട്ടെ എന്നീ കൃതികള്‍ എഴുതി. ഏതാണ് മികച്ച കൃതി? മാധവിക്കുട്ടിയെക്കുറിച്ച്?
എംടിയുടെ വ്യക്തിഗതമായ ഭാഷ ഒരു ഗുണമാണ്. ബാലകൃഷ്ണന് ഒരു ചിന്തകനാണ്. മാധവിക്കുട്ടി ആധുനിക എഴുത്തുകാരിയല്ല. അവര്‍ വളരെ വികാരപരമായ സത്യസന്ധത കാണിച്ചിട്ടുണ്ട്. കാപട്യമില്ലാതെ എഴുതും. എഴുതുമ്പോള്‍ അവര്‍ ആരെയും വകവയ്ക്കില്ല. ആണുങ്ങളോട് ഒട്ടും ദേഷ്യമോ പകയോ ഇല്ല.
‘ആടുജീവിതം’ വാണിജ്യം ആടുജീവിതം തുടങ്ങി ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെ എങ്ങനെ കാണുന്നു?
അതൊക്കെ വാണിജ്യ സാഹിത്യമാണ്. കോവിലന്റെ ‘തോറ്റങ്ങള്‍’ ഒരു വാണിജ്യ നോവലല്ല. വായനക്കാര്‍ കുറവായിരുന്നു. എന്നാല്‍ മലയാളത്തിലെ അഞ്ച് പ്രധാന നോവലുകളിലൊന്നായി നരേന്ദ്രപ്രസാദ് തോറ്റങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. സാഹിത്യത്തില്‍ വാണിജ്യവും കലയും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. കല്പറ്റ ബാലകൃഷ്ണന്റെ ”അകംപൊരുള്‍ പുറംപൊരുള്‍, ടി.ആറിന്റെ കൊരുന്ന്യേടത്ത് കോമുട്ടി, മേതിലിന്റെ സൂര്യവംശം തുടങ്ങിയ കൃതികള്‍ കലയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ പെട്ടെന്ന് പല പതിപ്പുകള്‍ വിറ്റുപോകുന്ന കൃതികള്‍ വാണിജ്യത്തിന്റെ തലത്തിലാണുള്ളത്.
മികച്ച കൃതികള്‍ പെട്ടെന്ന് സ്വീകരിക്കപ്പെടുകയില്ലെന്നാണോ?
പുതുതായി ഒരു ഭാഷ, ഉള്ളടക്കം, ആഖ്യാനം എന്നിവ കൊണ്ടുവരുന്ന കൃതിക്ക് ചില പ്രതിസന്ധികള്‍ ഉണ്ടാകാം. അത് വര്‍ഷങ്ങളായി ഒരേ രീതിയിലുള്ള കൃതികള്‍ വായിച്ച് ശീലിച്ചുപോയവരെ പെട്ടെന്ന് ആകര്‍ഷിക്കണമെന്നില്ല. ഭാഷ പുതുതായി സൃഷ്ടിക്കപ്പെടുകയാണ്. അത് അപരിചിതമാകുന്നത് സ്വാഭാവികമാണ്. ആത്മാര്‍ത്ഥതയോടെ വായിച്ചാല്‍ അതും ലളിതമായി തോന്നും.
അക്കാദമിക് വിമര്‍ശനത്തെ എങ്ങനെ കാണുന്നു?
കലാശാലാ അദ്ധ്യാപകര്‍ ഒരു ചട്ടക്കൂട്ടിലാണ്. ഒരു സ്ഥിരം മലയാളമേ അവര്‍ക്ക് വരൂ. വിമര്‍ശനം കലാശാലയ്ക്ക് പുറത്തുള്ളവര്‍ ചെയ്താലേ സ്വതന്ത്രമാകൂ. ഒരു അറവുകാരന്റെ വീട്ടിലെ കുട്ടിക്ക് എല്ലാം അറക്കാനുള്ളതാണ്. എന്നാല്‍ മൃഗശാലയില്പോയി മയിലിനെ കാണുന്ന കുട്ടിക്ക് അത് ആകാംക്ഷയും സൗന്ദര്യവുമാണ് നല്‍കുന്നത്.
പ്രതിബദ്ധതാ സാഹിത്യമോ! വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി താങ്കള്‍ മിക്കപ്പോഴും പറയാറുണ്ട്. ബഷീറിനെ എങ്ങനെ കാണുന്നു?
ബഷീര്‍ തന്റെ സാഹിത്യത്തില്‍ പ്രകൃതിയെയാണ് സ്ഥാപിച്ചിരിക്കുന്നത്. ആ ആടിനെ കണ്ടില്ലേ? അത് പാത്തുമ്മയുടേതായിരിക്കാം. പക്ഷേ, അത് ഇപ്പോള്‍ മലയാളികളുടേതാണ്.
പാശ്ചാത്യ വിമര്‍ശകരില്‍ പ്രധാനികളായി കാണുന്നത് ആരെയെല്ലാമാണ്?
ഐ.എ. റിച്ചാര്‍ഡ്സിന്റെ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് ലിറ്റററി ക്രിട്ടിസിസം’ ഒരു പ്രധാന സംഭവമായിരുന്നു. മാത്യു ആര്‍നോള്‍ഡിന്റെ ‘ദ് ഫംഗ്ഷന് ഓഫ് ക്രിട്ടിസിസം അറ്റ് ദ് പ്രസന്റ് ടൈം’ ശ്രദ്ധേയമാണ്. നവീനകാലത്ത് റൊളാങ് ബാര്‍ത്തിന്റെ ദ് ഡെത്ത് ഓഫ് ദ് ഓഥര്‍ വിലപ്പെട്ട ലേഖനമാണ്. കാതറൈന് ബെല്‍സിയുടെ ‘ക്രിട്ടിക്കല്‍ പ്രാക്ടീസ്’ വിമര്‍ശനത്തെ സമഗ്രമാക്കുന്ന പുസ്തകമാണ്. ഉത്തര-ഉത്തരാധുനികതയില്‍ റയോള്‍ ഇഷെല്‍മാന്‍, അലന് കിര്‍ബി, നിക്കോളാ ബോറിയ തുടങ്ങിയവര്‍ക്കാണ് പ്രാമുഖ്യം.
സാഹിത്യത്തിനു സമൂഹത്തോട് പ്രതിബദ്ധത ആവശ്യമാണോ?
പ്രതിബദ്ധത വേണമോ എന്ന ചോദ്യം ഇപ്പോള്‍ കാലഹരണപ്പെട്ടു. ഒരാള്‍ തന്റെ മാധ്യമത്തില്‍ കലയെ അനുഭവിപ്പിക്കാന്‍ കഴിവുള്ളവനാണോ എന്നു നോക്കിയാല്‍ മതി. ഒരു നടിക്ക് പ്രതിബദ്ധത ഉണ്ടെന്ന് കരുതുക. അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലെങ്കിലോ? ഒരു സാഹിത്യകാരന് പ്രതിബദ്ധത ഉണ്ടായിരിക്കാം; എന്നാല്‍ നല്ല വാചകങ്ങള്‍ എഴുതാന്‍ അറിയില്ലെങ്കിലോ?
എഴുത്തില്‍ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ട കാര്യമെന്താണ്?
സൗന്ദര്യബോധം. അതൊരു ആശയമല്ല; വാദമല്ല. അത് അനുവാചകന്റെ മനസ്സിനെ അഭൗമമായ തലത്തിലേക്കുയര്‍ത്തുന്നു. അത് പുതിയ ലയമാണ്. ജീവിതത്തില്‍ ഇല്ലാത്തതാണത്.കൊയ്ലോ ബുദ്ധനാവില്ല
താങ്കളുടെ നോവല്‍ പുതിയൊരു ഗണമാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
ഞാന്‍ സ്യൂഡോ റിയലിസം അഥവാ വ്യാജ യാഥാര്‍ത്ഥ്യം എന്നൊരു സങ്കേതം ഇതിനായി വികസിപ്പിച്ചിരിക്കുകയാണ്. യാഥാര്ത്ഥ്യമില്ലാതാവുകയും വ്യാജമായി അതിനെ നിലനിര്‍ത്തുകയും ചെയ്യേണ്ടിവരുന്നു. സാഹിത്യം ഒരു നിരന്തര പാരായണത്തിനുള്ളതാണ്. രണ്ടാംതരം പുസ്തകങ്ങള്‍ വായിച്ച് ശീലിച്ചവര്‍ക്ക് ഒന്നാന്തരം പുസ്തകങ്ങള്‍ കണ്ടാല്‍ തിരിച്ചറിയാനാകില്ല. എന്റെ നോവല്‍ ഒരു പുതിയ സാഹിത്യത്തിന്റെ പിറവി കുറിക്കുകയാണ്. അത് മറ്റൊന്നിന്റെ തുടര്‍ച്ചയല്ല. പുതിയ ടെക്സ്റ്റ് ഉണ്ടാക്കുകയാണ് ചെയ്തത്.
രണ്ടാംതരം പുസ്തകങ്ങള്‍ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
ഉദാഹരണത്തിന് പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മലയാളത്തിലെ ഒരെഴുത്തുകാരന്റെ കൃതിയല്ല വായിക്കേണ്ടത്. അതിന് തോറോയുടെ ‘വാല്‍ഡന്‍’ വായിച്ചുനോക്കണം. കാരുണ്യവും മനുഷ്യത്വവും മനസ്സിലാക്കാന്‍ പൗലോ കൊയ്ലോയെ വായിച്ചാല്‍ പോരാ. ശ്രീബുദ്ധന്റെ ദര്‍ശനം മനസ്സിലാക്കണം. ആനന്ദിനെയും മുകുന്ദനെയും വായിച്ചവനു ആധുനികത മനസ്സിലാവില്ല. അതിന് പിക്കാസോയെ പഠിക്കണം. എന്റെ ‘ശ്രീനാരായണായ’ അങ്ങേയറ്റം സര്‍ഗാത്മകമാണ്; മൗലികമാണ്.
കേരളത്തില്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ക്ക് കിട്ടുന്ന പ്രശസ്തിക്ക് കാരണമെന്താണ്?
ഇവിടെ പൈങ്കിളി മനസ്സുള്ള നവാഗതരെല്ലാം മാര്‍കേസിനെ വാഴ്ത്തുന്നത് അദ്ദേഹത്തിന്റെ പ്രശസ്തിയില്‍ അഭിരമിച്ചതിന്റെ ഫലമാണ്.
താങ്കളുടെ വിമര്‍ശന ജീവിതത്തില്‍ ഒരു മാറ്റവുമില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍?
സഹതപിക്കും. ഒന്നും വായിക്കുകയോ പഠിക്കുകയോ ചെയ്യാത്തവര്‍ പറയുന്നതിന് വില കൊടുക്കണോ? എന്റെ നവാദ്വൈതം, മാനിഫെസ്റ്റോ, സകലവായന, ഉത്തര-ഉത്തരാധുനികത, തനിമനസ്സ്, മാധ്യമമാണ് കല, സമന്വയഘടകങ്ങള്, എല്ലാത്തിലും മനുഷ്യന് ജീവിക്കുന്നു, വിനിയോഗത്തിന്റെ സൗന്ദര്യശാസ്ത്രം തുടങ്ങിയ ദര്‍ശനങ്ങളൊക്കെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലാണ് വികാസം പ്രാപിച്ചത്.
താങ്കളുടെ ‘അക്ഷരജാലകം’ മിത്രങ്ങളെയോ ശത്രുക്കളെയോ തന്നത്?
അക്ഷരജാലകം എന്നെ ഒരു സമ്പൂര്‍ണ എഴുത്തുകാരനാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. സ്വന്തം ചിന്തയും ദര്‍ശനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ യാഥാസ്ഥിതികരും വായിക്കാത്തവരും നെറ്റിചുളിക്കും. അതില്‍ കാര്യമില്ല. കഴുതയുടെ പുറത്ത് ഭാരം കയറ്റിവയ്ക്കുമ്പോള്‍ അത് പുറംകാലുകൊണ്ട് തൊഴിക്കുന്നത് സ്വാഭാവിക പ്രതികരണമായെടുത്താല് മതി. ഉടനെ കഴുതയെ പഴിച്ചിട്ട് കാര്യമില്ല.
ചിന്തിക്കുന്ന എഴുത്തുകാരനെ തടഞ്ഞുനിര്‍ത്താന്‍ ഏതെങ്കിലും വ്യവസ്ഥാപിത ശക്തികള്‍ക്കാവുമോ?
കുറച്ചൊക്കെ കഴിയും. ഒരുകാലത്ത് കേശവദേവിന് എഴുതാന്‍ പത്രങ്ങളില്ലായിരുന്നു. അദ്ദേഹത്തിന് വേദികള്‍ കിട്ടാതെവന്നു. എന്നിട്ടും ദേവ് ജയിച്ചു. സാംസ്കാരിക പ്രസിദ്ധീകരണങ്ങളുടെ അമരത്തുള്ളവര്‍ ഒന്നിച്ചുനിന്ന് എതിര്‍ത്താല്‍ ഒറ്റപ്പെട്ട എഴുത്തുകാരന് മുന്നേറാന്‍ തടസ്സമുണ്ടാകും.
വേണ്ടത് വിദ്യാഭ്യാസ വിപ്ലവം ഭാരതീയ കാവ്യമീമാംസയാണോ പാശ്ചാത്യ സൗന്ദര്യശാസ്ത്രമാണോ മികച്ചത്?
ഇന്ത്യയിലെ പ്രാചീന തത്ത്വശാസ്ത്രത്തെയും ദര്‍ശനങ്ങളെയും മറികടക്കുന്ന, അവയേക്കാള്‍ മികച്ച ഒരു ദര്‍ശനവും ലോകത്ത് എവിടെയുമില്ല. ഭാരതീയ ദര്‍ശനങ്ങളെ സര്‍ഗാത്മകമായി ഉപയോഗിക്കാന്‍ കഴിവുള്ളവര്‍ ഇവിടെയില്ലെന്നുള്ളത് പരമാര്‍ത്ഥമാണ്. ഒരു വിദ്യാഭ്യാസ വിപ്ലവമാണ് ഇവിടെ ഉണ്ടാകേണ്ടത്.
ആധുനികതയ്ക്കുശേഷം വന്ന കഥാകാരന്മാരില് താങ്കള്‍ കൃത്യമായി പിന്തുടരുന്ന എഴുത്തുകാര്‍ ആരൊക്കെയാണ്?
യു.പി. ജയരാജ് എന്നെ വശീകരിച്ച കഥാകൃത്താണ്. ഓക്കിനാവയിലെ പതിവ്രതകള്‍ എന്ന കഥ വായിക്കണം. വി.പി. ശിവകുമാര്‍ മൗലികതയുള്ള കഥാകൃത്തായിരുന്നു. വിക്ടര്‍ ലീനസ്, ടി.പി. കിഷോര്‍ തുടങ്ങിയവരെ ഞാന്‍ വായിക്കാറുണ്ട്. ആധുനികതയ്ക്കു ശേഷം വന്ന പലരെയും ഇപ്പോള്‍ വായിക്കാറില്ല. മൂന്ന് കഥകള്‍ തുടര്‍ച്ചയായി എന്നെ നിരാശപ്പെടുത്തുകയാണെങ്കില്‍ പിന്നീട് മൂന്നോ നാലോ വര്‍ഷം ഞാന്‍ അയാളുടെ കഥ വായിക്കില്ല.
സ്വന്തം സാഹിത്യജീവിതത്തെക്കുറിച്ച്?
ഞാന്‍ ഏറ്റവും തിരക്കുള്ള എഴുത്തുകാരനാണ്. മാസത്തില്‍ ആറ് പംക്തികള്‍ എഴുതണം. വേറെ ലേഖനങ്ങളും എഴുതണം. ഇതിനിടയില്‍ നോവലിന്റെ രചനയിലും മനസ്സ് ചെല്ലണം. പ്രഭാഷണത്തിനും സമയം കണ്ടെത്തണം. എന്റെ രണ്ട് കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങാന്‍ പോകുന്നു. ഞാന്‍ എന്റെ ഭാഷയില്‍ വളരെ സന്തോഷവാനാണ്. ആര്‍ക്കും സൃഷ്ടിക്കാനാവാത്ത ഉന്നതമായ ഗദ്യം ഞാന്‍ സൃഷ്ടിച്ചുകഴിഞ്ഞു. നിരൂപണത്തിലും നോവലിലും എന്റെ ഗദ്യം എന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതുതന്നെയാണ്.
താങ്കളുടെ നവാദ്വൈതം?
അത് മൗലികമായ ഒരു ചിന്താഗതിയാണ്. വസ്തു, നിര്‍മ്മാണം, നിരാസം, മനസ്സ് എന്നീ പ്രമേയങ്ങളിലൂടെയാണ് അത് വികസിക്കുന്നത്. എന്റെ ജലച്ഛായ എന്ന നോവലിലെ നവാദ്വൈത ദര്‍ശനം ഉള്‍ക്കൊണ്ട് സംവിധായകന് കെ.എസ്. സേതുമാധവന് അത് പുതിയൊരു തുടക്കമാണെന്ന് പറഞ്ഞതോര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: