‘നെല്‍’ ജയരാജന്റെ ജീവിത യാത്ര നീണ്ടുനിന്നത് കേവലം 54 വര്‍ഷം മാത്രം. കൃത്യമായി പറഞ്ഞാല്‍ 1964 മുതല്‍ 2018 വരെ. പക്ഷേ ആ ചുരുങ്ങിയ കാലംകൊണ്ടാണ് വെറും ജയരാമന് നെല്ജയരാമനായത്. നാമാവശേഷമായ 170 പരമ്പരാഗത നെല്ലിനങ്ങളെ വീണ്ടെടുത്ത് കര്‍ഷകര്‍ക്ക് സമ്മാനിച്ചത്. താന്‍ കണ്ടെത്തിയ നെല്ലിനങ്ങള്‍ വീണ്ടെടുത്ത് ഇരട്ടിക്കിരട്ടിയായി വയലുകളിലേക്ക് പകര്‍ന്നത്. ജയരാമന് വിത്തെറിഞ്ഞ് തുടങ്ങിയ ‘വിത്ത് ഉത്സവം’ തമിഴ് കര്‍ഷക ലോകത്ത് വലിയൊരു പരിവര്‍ത്തനമാണ് ഉണ്ടാക്കിയത്. അത്തരം ഉത്സവങ്ങളിലൂടെയാണ് വെറും ജയരാമന് നെല്ജയരാമ’നായി മാറിയത്.
കാലപ്രവാഹത്തില്‍ മറഞ്ഞുപോയ നെല്‍വിത്തുകള്‍ തേടിയുള്ള അടങ്ങാത്ത യാതനകളായിരുന്നു ജയരാമന്റേത്. ആ യാത്രയിലാണ് അദ്ദേഹം അപൂര്‍വ വിത്തുകളെ കണ്ടെത്തിയത്. ദാനം കിട്ടിയ പാടത്ത് അവയെ വിതച്ച് വിളവെടുത്തത്. അവയെ നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. അവയുടെ ഒക്കെ മികവും ഔഷധഗുണങ്ങളും വിശദമായി അവര്‍ക്ക് പറഞ്ഞുകൊടുത്തത് കളിമണ്‍ മണല്‍ പ്രദേശത്തിന് ഏറ്റവും യോജിച്ച ‘കാട്ടു കൂതളം’, മണല്മണ്ണിനു പറ്റിയ ‘കാടൈ കഴുത്തന്’, ബിരിയാണി വയ്ക്കാന്‍ യോജിച്ച ‘സീരഗ സമ്പാ’, വെള്ളപ്പൊക്കത്തെ ചെറുത്തുനില്ക്കുന്ന ‘കാട്ടുനായം’, ഓരുമണ്ണിനു ചേര്‍ന്ന ‘പോങ്കാര്‍’, കഴിക്കുന്നവര്‍ക്ക് അനന്യമായ ഊര്‍ജം നല്കുന്ന ‘മാപ്പിളൈ സസാ’ എന്നിങ്ങനെ എത്രയോ ഗ്രാമീണ നെല്ലിനങ്ങള്‍. അവയെയൊക്കെ പുനര്‍ജനി നല്കി ജയരാമന് മടക്കിക്കൊണ്ടുവന്നു. അവസാന നാളുകളില്‍ അര്‍ബുദംകൊണ്ട് പിടയുമ്പോഴും അദ്ദേഹം തന്റെ ദൗത്യം തുടര്‍ന്നു. തമിഴ്നാട്ടില്‍ തിരവാരൂര്‍ ജില്ലയിലെ ആദി രംഗത്തായിരുന്നു ജയരാമന്റെ ജനനം.
കൃത്യമായി പറഞ്ഞാല്‍ തിരുത്തുറൈ പോണ്ടി ഗ്രാമത്തില്‍ രാമസ്വാമിയുടെയും മുത്തുസ്വാമിയുടെയും മകന്. കൂട്ടിന് കുടുംബത്തിലുണ്ടായിരുന്നത് ദാരിദ്ര്യം മാത്രം. അതിനാല്‍ പഠിച്ചത് എട്ടാം ക്ലാസ്സുവരെ മാത്രം. നാട്ടിലെ അച്ചടിശാലയില്‍ വേലക്കാരനായി തൊഴില്‍ തുടങ്ങിയ ജയരാമന് ഡോ. നമ്മാള്വാരത്തിനെ ഗുരുവായി വരിച്ചതോടെയാണ് ജീവിതലക്ഷ്യം തിരിച്ചറിഞ്ഞത്. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രചാരകനായ നമ്മാള്വാരം ജയരാമന്റെ അകക്കണ്ണ് തുറപ്പിച്ചുവെന്നു പറയാം. അങ്ങനെ വിത്ത് സംരക്ഷണ പരിപാടി (സേവ് ഔവര്‍ റൈസ് കാംപൈന്‍)യുടെയും ഉപഭോക്തൃ സംരക്ഷണത്തിന്റെയും കാവലാളായി. അത് നെല്‍വിത്തുകളുടെ സംരക്ഷണത്തിലേക്ക് നയിച്ചു.
തുടര്‍ന്ന് നെല്‍വിത്തുകള്‍ തേടിയുള്ള യാത്രയായിരുന്നു. ഓരോരോ നാടിനും ചേര്‍ന്ന വിത്തുകള്‍. അവയുടെ ഗുണവും ദോഷവും. വിധിപ്രകാരമുള്ള മേന്മകള്. ചിലത് ഗര്‍ഭിണികള്‍ക്കാണ് പ്രയോജനകരം. മറ്റു ചിലത് പാലൂട്ടുന്ന അമ്മമാര്‍ക്ക്. പ്രമേഹം നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ആസ്ത്മ ഒഴിവാക്കാനുമൊക്കെ സഹായിക്കുന്ന നെല്‍ ഇനങ്ങളുണ്ട്. ഓരോ നാടിനും ചേര്‍ന്ന നെല്ലുകളും അവയുടെ ഔഷധഗുണങ്ങളും ജയരാമന് പറഞ്ഞുകൊടുത്തു. ഓരോ കാലാവസ്ഥാ മേഖലയ്ക്കും ചേരുന്ന നാടന്‍ ഇനങ്ങളെ നിശ്ചയിച്ചു. അറുപതു നാള്‍കൊണ്ട് മൂപ്പെത്തുന്ന ‘അറുപതാം കുരുവി’ ജനത്തെ അദ്ദേഹം കാവേരി തടത്തിന് പരിചയപ്പെടുത്തി. കാഞ്ചീപുരത്തിനായി ജയരാമന് കണ്ടെത്തിയത് 13 അപൂര്‍വ ഇനങ്ങളെയാണ്.
എങ്കിലും തന്റെ നാടായ ആദിരംഗത്ത് 2005-ല്‍ നടത്തിയ ‘വിത്ത് ഉത്സവ’ത്തോടെയാണ് ജയരാമനെ നാടറിഞ്ഞു തുടങ്ങിയത്. അന്ന് അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നത് കേവലം 15 വിത്തിനങ്ങള്‍. ദാനം കിട്ടിയ പാടത്ത് അവയൊക്കെ കൃഷി ചെയ്ത ജയരാമന് ഉത്സവത്തിനെത്തിയ കര്‍ഷകര്‍ക്ക് സൗജന്യമായി അവ വിതരണം ചെയ്തു. നല്കിയ വിത്ത് ഇരട്ടിയാക്കി തൊട്ടടുത്ത വര്‍ഷം മടക്കി നല്‍കണമെന്നതായിരുന്നു നിയമം. ജയരാമന്റെ വിത്തുത്സവം കര്‍ഷകലോകം ഏറ്റെടുത്തത് വളരെ പെട്ടെന്നായിരുന്നു. അവിടേക്ക് കര്‍ഷകര്‍ക്കു പുറമെ ഉദ്യോഗസ്ഥരും ഗവേഷകരും ശാസ്ത്രജ്ഞരും ഒഴുകിയെത്തി. ഒരിക്കല്‍ പണമില്ലാതെ ‘വിത്ത് ഉത്സവം’ നിന്നു പോകുമെന്ന അവസ്ഥയുണ്ടായപ്പോള്‍ ഭാര്യയുടെ കെട്ടുതാലിപോലും പണയം വച്ച് ഉത്സവം നടത്താന്‍ ജയരാമന് മടിച്ചില്ല. അതിനിടെ ഗ്രാമത്തിലെ ഒരു എന്‍.ആര്.ഐ വ്യവസായി തന്റെ ഒന്പതേക്കര് വയലുകളാണ് വിത്തിന്റെ വര്‍ധനയ്ക്കായി ജയരാമന് സമ്മാനിച്ചത്.
അപൂര്‍വ വിത്തിനങ്ങള്‍ തേടിപ്പിടിച്ച് ഗ്രാമീണര്‍ക്ക് സമ്മാനിക്കുക മാത്രമായിരുന്നില്ല ജയരാമന്റെ ദൗത്യം. അദ്ദേഹം അവയ്ക്ക് വിപണി ഉറപ്പാക്കുകയും ചെയ്തു. ഇടനിലക്കാരില്ലാത്ത ഗ്രാമീണ വിപണി. ഓരോ വിത്തുകളുടെയും മേന്മകള് അറിയിക്കുന്നതിനൊപ്പം അവയുടെ സമഗ്രമായ കൃഷിരീതികളും ജയരാമന് ജനങ്ങളെ പഠിപ്പിച്ചു.
മികച്ച ജൈവകര്‍ഷകനുള്ള പുരസ്കാരം നല്കി തമിഴ്നാട് സര്‍ക്കാര്‍ ജയരാമനെ ആദരിച്ചത് ആ ജീവിത നാള്‍വഴിയിലെ ഒരു സന്തോഷ സംഭവം. അപൂര്‍വ സസ്യവര്‍ഗങ്ങളുടെ ജീന്‍ സംരക്ഷകനുള്ള കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം മറ്റൊരു സന്തോഷം. മാനിലയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദ്ദേശീയ നെല്‍ ഗവേഷണ കേന്ദ്രം (ഇന്റര്‍ നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ആദരിച്ചു. മരിക്കുന്നതിന് ഒരു മാസം മുന്‍പ് തന്റെ ശേഖരത്തിലെ 51 ഇനം നാടന്‍ വിത്തിനങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിനു കൈമാറാനും ജയരാമന് മറന്നില്ല. കൗണ്‍സിലിന്റെ അധീനതയിലുള്ള ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സസിന്റെ ‘വിത്ത്വീട്ടി’ല്‍ ഭദ്രമായി സൂക്ഷിക്കുന്നതിനായിരുന്നു ഈ വിത്ത് സമ്മാനം.
അര്‍ബുദം ബാധിച്ച് അവശനായ അവസാന കാലത്തും അദ്ദേഹം തന്റെ വിത്തുത്സവം മുടക്കിയില്ല. വൈദ്യ ഉപകരണങ്ങളുടെ സഹായത്തോടെ ഇരുന്നും കിടന്നും അദ്ദേഹം ഉത്സവത്തിനു നേതൃത്വം നല്കി. കഴിയുന്നത്ര കര്‍ഷകര്‍ക്ക് കൃഷിയില്‍ മാര്‍ഗനിര്‍ദ്ദേശം നല്കി. ജൈവ വ്യവസ്ഥയില്‍ നാടന്‍ നെല്ലിനങ്ങളുടെ പ്രസക്തി ആവര്‍ത്തിച്ച് പറഞ്ഞുകൊടുത്തു. ഒടുവില്‍ 2018 ഡിസംബര്‍ ആറിന് നെല്ലറിവുകളുടെ സഞ്ചരിക്കുന്ന ആ വിജ്ഞാനകോശം അന്തരിച്ചു. നെല്ജയരാജന്റെ ഭൗതികദേഹം കര്ഷകര്ക്കൊപ്പമില്ലെങ്കിലും അദ്ദേഹം കൊളുത്തിയ ആശയത്തിന്റെയും പ്രയോഗത്തിന്റെയും നെല്‍വിളക്ക് എന്നെന്നും കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം ചൊരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: