പലരുടെയും തനിനിറം അറിയണമെങ്കില്‍ നട്ടപ്പാതിരയ്ക്ക് സൂര്യനുദിക്കണമെന്ന് നാട്ടിന്‍പുറത്ത് ഒരു ചൊല്ലുണ്ട്. അത്തരം പകല്മാന്യന്മാരുടെ വിളറിയ മുഖമാണ് 2018-ന്റെ സാംസ്കാരിക വക്കാണങ്ങളുടെ ആകെത്തുക.
കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് കോഴിക്കോട്ട് നടന്ന സാഹിത്യോത്സവത്തിലെ സംഘപരിവാര്‍ വിരുദ്ധതയ്ക്കെതിരെ വേദിയിലും പുറത്തും ഉണ്ടായ പ്രതികരണങ്ങള്‍ വസ്തുതകള്‍ തിരിച്ചറിഞ്ഞവരുടെ സ്വാഭാവിക ഇടപെടല്‍ മാത്രമായിരുന്നു. അട്ടപ്പാടിയിലെ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ മധുവിന്റെ നിസ്സംഗത നിഴലിച്ച മുഖം കേരളത്തെ വേട്ടയാടിയ കാലമായിരുന്നു. ‘തപസ്യ’യുടെ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കവേ ‘ഈ കേരളത്തില്‍ ജീവിക്കാന്‍ ഭയമാണെ’ന്ന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് വിളിച്ചുപറഞ്ഞതും അത്രമേല്‍ പൊറുതിമുട്ടിയിരിക്കുന്നു നാട് എന്ന് സൂചിപ്പിക്കുന്നതാണ്.
അസഹിഷ്ണുതയും അവാര്‍ഡ് വാപ്പസിയും ചേര്‍ത്ത് പെരുപ്പിച്ചെടുത്ത വിവാദക്കച്ചവടത്തിന്റെ പുത്തന്‍ മുഖം തുറന്നാണ് മലയാളത്തിലെ ഒരുപറ്റം സിനിമാ അവാര്‍ഡിതര്‍ ദല്‍ഹിക്ക് വണ്ടികയറിയതും രാഷ്ട്രപതി നേരിട്ട് തങ്ങളെ ആദരിക്കാത്തതില്‍ കെറുവിച്ച് മടങ്ങിയതും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കേണ്ട പുരസ്കാരങ്ങള്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് ഏറ്റുവാങ്ങാന്‍ തയ്യാറല്ലെന്നായിരുന്നു പ്രഖ്യാപനം. മോദിയുഗത്തിനോടുള്ള അസഹിഷ്ണുതാപ്രകടനങ്ങള്‍ അതിലൊതുങ്ങിയില്ല. മോദിയുടെ നയങ്ങളെ പിന്തുണയ്ക്കുന്നവരോടും അദ്ദേഹത്തെ സന്ദര്‍ശിക്കുന്നവരോടുമെല്ലാം പുരോഗമനവാദികള്‍ ഉറഞ്ഞാടി.
സിനിമാക്കാരുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാല്‍ എത്തിയതും തുടര്‍ന്നുണ്ടായ വിവാദങ്ങളും അതിന്റെ തുടര്‍ച്ചയായിരുന്നു. നടികളെ ‘നടികള്‍’ എന്നു വിളിച്ചതുപോലും പ്രശ്നമായി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ ഒപ്പുശേഖരണം സംഘടിപ്പിക്കുകയായിരുന്നു മറ്റൊരു ഇനം. കോപ്പിയടിയും പകര്‍ത്തിയെഴുത്തുമൊക്കെ പതിവാക്കിയ ഒപ്പിടുവിക്കല്‍ സംഘാടകര്‍ പല ഒപ്പുകളും ഒപ്പിച്ചതാണെന്ന് പിന്നീടാണ് പുറത്തായത്. പ്രകാശ് രാജിന്റെ ഒപ്പുവരെ ഇത്തരത്തില്‍ സംഘടിപ്പിച്ചാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
കത്വയിലെ ബാലികയുടെ ദാരുണമരണം ഹര്‍ത്താലാഘോഷമാക്കിയ വാട്സാപ്പ് പ്രബുദ്ധതയ്ക്കും കേരളത്തില്‍ പിന്തുണ കിട്ടി. കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തി പശ്ചാത്താപം ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയത് പക്ഷം നോക്കി പ്രതികരിക്കുന്നതില്‍ പണ്ടേ വിരുതനായ കെ.പി. രാമനുണ്ണിയാണ്. മതേതര ശയനപ്രദക്ഷിണമെന്നായിരുന്നു രാമനുണ്ണിയന്‍ അഭ്യാസത്തിന് മാധ്യമങ്ങള്‍ നല്കിയ പേര്.
അസഹിഷ്ണുത മാത്രമല്ല തീരാത്ത അസൂയയും കൊടിയടയാളമാക്കിയ ചിലരുടെ, പറഞ്ഞിട്ടും തീരാത്ത ആര്‍ത്തി പിന്നെയും പുറത്തുചാടിയത് കേരളം കണ്ടത് തസ്രാക്കിലാണ്. ഒ.വി. വിജയന്റെ അനുസ്മരണപരിപാടിയില്‍ സക്കറിയയാണ് കയ്യിലിരിപ്പുകൊണ്ട് പരിഹാസ്യനായത്. ഒ.വി. വിജയന് ആര്‍എസ്എസ് അനുഭാവിയാണെന്ന പറഞ്ഞുപഴകിയ സക്കേറിയന്‍ വാദം ഇത്തവണ പാളി. വേദിയില്‍ത്തന്നെ തിരിച്ചടി കിട്ടി. പ്രൊഫ:വി. മധുസൂദനന്‍നായരും ഒ.വി. ഉഷയും ആഷാമേനോനും സക്കറിയയെ ചോദ്യം ചെയ്തു. ഇത്തരത്തിലൊരു ധീരമായ മറുപടി ഒരുപക്ഷേ കേരളത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്തതാണ്. അതാകട്ടെ മാറുന്ന കേരളത്തിന്റെ സൂചകവുമായി.
മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ എസ്. ഹരീഷ് എഴുതിയ മീശ എന്ന നോവലിനെതിരെ ഹിന്ദുസമൂഹത്തില്‍ നിന്നും ക്ഷേത്രവിശ്വാസികളില്‍ നിന്നുമുയര്‍ന്ന പ്രതിഷേധം അതിന്റെ പ്രകടനമായിരുന്നു. ക്ഷേത്രങ്ങളില്‍ തൊഴാന്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള നോവലിലെ പരാമര്‍ശത്തിനെതിരെ ഹിന്ദുസമൂഹം രംഗത്തിറങ്ങി. സ്ഥിരം ആവിഷ്കാരസ്വാതന്ത്ര്യസമരഭടന്മാരുടെ തിണ്ണമിടുക്കില്‍ ആദ്യം ധാര്‍ഷ്ട്യത്തോടെ മറുപടി പറഞ്ഞ ‘മാതൃഭൂമി’ക്ക് ഒടുവില്‍ നോവല്‍ പിന്‍വലിക്കേണ്ടിവന്നു. എഡിറ്ററെ ഒഴിവാക്കി. മാതൃഭൂമി സംഘപരിവാറിന്റെ ഭീഷണിക്ക് വഴങ്ങിയെന്ന് ആരോപിച്ച് ഇവിടെയും ചിലര്‍ ഒത്താല്‍ ഒരു പെരുമാള്‍ മുരുകനായിക്കളയാം എന്നു കരുതി ഇനി ആ പ്രസിദ്ധീകരണത്തില്‍ കഥയെഴുതാനില്ലെന്ന് പ്രഖ്യാപിക്കുകയും, മറ്റ് ഇടത്താവളങ്ങള്‍ തേടിപ്പോവുകയും ചെയ്തു.
ഹിന്ദുസമൂഹത്തിനെതിരെ മീശ പിരിച്ച എഴുത്തുകാരനുവേണ്ടി രംഗത്തിറങ്ങിയവരുടെ ഇരട്ടമുഖങ്ങളുടെ പൊളിച്ചടുക്കലായിരുന്നു പിന്നെ കേരളം കണ്ടത്. പര്‍ദ എന്ന കവിത എഴുതി മൂന്നാം ദിനം പിന്‍വലിച്ച് മാളത്തിലൊളിച്ച പവിത്രന് തീക്കുനിയും മീശയ്ക്കുവേണ്ടി മീശ പിരിക്കാന്‍ രംഗത്തിറങ്ങി.
സാംസ്കാരിക അടിത്തറ അമ്പേ തകര്‍ന്ന ഇടതുപക്ഷം പോറ്റിവളര്‍ത്തി രംഗത്തിറക്കിയ ബൗദ്ധികപോരാളികളുടെ പകര്‍ത്തെഴുത്ത് വിപ്ലവമാണ് നാണക്കേടിന്റെ അടുത്ത അധ്യായം. മഹാഭാരതത്തെയും രാമായണത്തെയും പോലുള്ള ഇതിഹാസ, പുരാണങ്ങളെ വരെ തന്റെ വഴിക്ക് വ്യാഖ്യാനിച്ച്, ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ നുണ പറയാമെന്ന് ഉളുപ്പില്ലാതെ ന്യായീകരിച്ച് അരങ്ങുവാണ ഒരു യുജിസി പ്രൊഫസര്‍ സ്വന്തം ഡോക്ടറേറ്റ് തീസിസ് പോലും പകര്‍ത്തിയെഴുതിയും കാലുപിടിച്ചും സ്വന്തമാക്കിയതാണെന്ന ആരോപണങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാനില്ലാതെ ഇളിച്ചുനില്ക്കുന്നു. ബീഫ് ഫെസ്റ്റിവലിലൂടെ ഇടതു രാഷ്ട്രീയത്തിന് കുന്നോളം കുളിരു പകര്‍ന്ന ദീപാ നിശാന്തിന്റെ കോപ്പിയടിയാണ് അതിലും വലിയ നാണക്കേടായത്. കോപ്പിയടിയുടെ കണ്ണികള്‍ പിന്നെയും നീളുകയായിരുന്നു. എസ്. കലേശിന്റെ കവിത എം.ജെ. ശ്രീചിത്രന് മോഷ്ടിച്ച് ദീപനിശാന്തിന് നല്‍കുകയും, ദീപ നിശാന്ത് സ്വന്തം പേരില്‍ ഇടത് അദ്ധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നുവത്രെ.
സമൂഹത്തില്‍ ജാതിയും മതവും പ്രചരിപ്പിച്ച് മുതലെടുക്കാനുള്ള ഇടതു രാഷ്ട്രീയ കുബുദ്ധിയുടെ ഉപകരണങ്ങളായവരാണ് ദീപയും ശ്രീചിത്രനും അടക്കമുള്ളവര്‍. വടയമ്പാടിയിലെ ജാതിമതിലും ചിത്രകാരനായ അശാന്തന്റെ മരണവുമെല്ലാം വ്യാഖ്യാനിച്ച് വെടക്കാക്കി സമൂഹത്തില്‍ അവര്‍ണ-സവര്‍ണ ഭേദം സൃഷ്ടിക്കുകയായിരുന്നു ഉന്നം. കവി കുരീപ്പുഴ ശ്രീകുമാര്‍ അഞ്ചലില്‍ നടത്തിയ ആഭാസപ്രസംഗവും അതിനുനേരെ സദസ്സില്‍ നിന്നുണ്ടായ പ്രതികരണവും വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. ഉണ്ണി.ആര് ‘സമകാലിക മലയാളം’ വാരികയില്‍ എഴുതിയ വാങ്ക് എന്ന ചെറുകഥയെ ആധാരമാക്കി റഫീക്ക് മംഗലശ്ശേരി തയ്യാറാക്കിയ കിത്താബ് എന്ന നാടകം ജില്ലാതലത്തില്‍ ഒന്നാമതെത്തിയിട്ടും സംസ്ഥാനതലത്തിലേക്ക് അയയ്ക്കാതിരുന്ന മേമുണ്ട സ്കൂളിന്റെ നടപടിയും വലിയ ചര്‍ച്ചയ്ക്കിടയാക്കി. സാംസ്കാരികരംഗത്തെ പ്രതികരണങ്ങളുടെ ഇരട്ടത്താപ്പും പുറത്തായി.
അധികാര രാഷ്ട്രീയം ജനങ്ങള്‍ക്കിടയില്‍ മതിലുകള്‍ പണിയുന്ന കാലത്ത് സമൂഹത്തിന് വെളിച്ചം പകരേണ്ട സാംസ്കാരികലോകം കേരളം തെളിക്കുന്ന ഹൃദയജ്യോതി ഏറ്റുവാങ്ങുമോ എന്നതാണ് പുതുവര്‍ഷം പ്രതീക്ഷയോടെ ഉയര്‍ത്തുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: