മേരിയും സിന്ധുവും പിന്നെ വിരാടും ഛേത്രിയും
ഇടിക്കൂട്ടിലെ സിംഹഗര്‍ജനം നിലച്ചിട്ടില്ലെന്ന് തെളിയിച്ച് എം.സി. മേരി കോം ലോക ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണം സ്വന്തമാക്കുന്നതിന് നവംബര്‍ സാക്ഷിയായി. ന്യൂദല്‍ഹി വേദിയായ ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ ജേത്രിയായാണ് മണിപ്പൂരില്‍ നിന്നുള്ള ഈ സൂപ്പര്‍ ലേഡി ചരിത്രത്തിലിടം നേടിയത്. ബാഡ്മിന്റണില്‍ ലോക ടൂര്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് പി.വി. സിന്ധു. ഫൈനലുകളില്‍ സ്ഥിരം തോല്ക്കുന്നെന്ന പരിവേഷം അഴിച്ചുവയ്ക്കാനും ഈ നേട്ടം കൊണ്ട് സിന്ധുവിനായി. ഫൈനലില്‍ ജപ്പാന്റെ നസോമ ഒകുഹാരയെ നേരിട്ടുള്ള ഗെയിമില്‍ തകര്‍ത്ത് സിന്ധുവിന്റെ നേട്ടം. സൈന നേവാള്‍, പി. കശ്യപ്, എച്ച്.എസ്. പ്രണോയ്, സമീര്‍ വര്മന് തുടങ്ങിയവരും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ സാന്നിധ്യമറിയിച്ച വര്‍ഷമാണിത്.
ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു 2018. ടെസ്റ്റ്, ഏകദിന, ട്വന്റി20 ബാറ്റിങ്ങില്‍ വിരാടിനു പകരം വയ്ക്കാന്‍ മറ്റൊരു താരമില്ലെന്ന് ക്രിക്കറ്റ് ലോകം ഒന്നാകെ വിധിയെഴുതി. ഐസിസി റാങ്കിങ്ങില്‍ മുന്നിലെത്താനും ഈ പ്രകടനം നായകനെ തുണച്ചു. ഏഷ്യാ കപ്പ് സ്വന്തമാക്കാനും ടീം ഇന്ത്യക്കായി. ഋഷഭ് പന്ത്, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ തുടങ്ങി ഒരുപിടി യുവതാരങ്ങളെയും കണ്ടെത്താനായി. പ്രൃഥ്വി ഷാ, മായങ്ക് എന്നിവരുടെ പ്രകടനം ടെസ്റ്റിലെ ഓപ്പണിങ് ആശങ്കകള്‍ക്ക് അന്ത്യമാകുമെന്നും പ്രതീക്ഷ നല്കുന്നു. നേട്ടങ്ങളേക്കാളേറെ വിവാദങ്ങളാണ് വനിതാ ക്രിക്കറ്റിനെ സജീവമാക്കിയത്. ട്വന്റി20 ലോകകപ്പിന്റെ സെമിയില്‍ ടീം പുറത്തായതും മിതാലി രാജിനെ കളിപ്പിക്കാതിരുന്നതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ആണ്‍കുട്ടികളുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാരായി.
ഹോക്കിയില്‍ പ്രതീക്ഷയുടെ തിരിനാളം പകര്‍ന്നു നല്കി ഭുവനേശ്വര്‍ വേദിയായ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ്. ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനോട് പോരാടി കീഴടങ്ങിയ ടീമിന് വിനയായത് അവസാന നിമിഷം ഗോള്‍വഴങ്ങുന്ന ശീലം. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റു. ഐഎസ്എല്ലിന്റെ പകിട്ടില്‍ ഫുട്ബോളിനുണ്ടായ ഉണര്‍വ് ദേശീയ ടീമിലും പ്രതിഫലിച്ചു. ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച ഇന്ത്യ ഇപ്പോള്‍ 97-ാം സ്ഥാനത്താണ്. ഏഷ്യയിലെ പല മുന്‍നിര ടീമുകളെയും വിറപ്പിച്ച ഇന്ത്യ എട്ടു വര്‍ഷത്തിനുശേഷം എഎഫ്സി കപ്പിനു യോഗ്യത നേടി. നായകന് സുനില്‍ ഛേത്രിയാണ് ഈ നേട്ടങ്ങള്‍ക്കിടയിലും സൂപ്പര്‍ സ്റ്റാര്‍. ഇന്ത്യക്കായി 63 ഗോളുകള്‍.
ഇന്തോനേഷ്യ ആതിഥേയരായ ഏഷ്യന്‍ ഗെയിംസില്‍ 15 സ്വര്‍ണം, 24 വെള്ളി, 30 വെങ്കലമടക്കം 69 മെഡലുകള്‍ ഇന്ത്യ നേടി. ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍നേട്ടമാണിത്. അത്ലറ്റിക്സില് ഏഴ് സ്വര്‍ണം, 10 വെള്ളി, രണ്ട് വെങ്കലം നേടിയപ്പോള്‍, ഷൂട്ടിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയത് തിരിച്ചടിയായി. 65 കിലോ ഗുസ്തിയില്‍ ബജ്രംഗ് പൂനിയയാണ് ജക്കാര്‍ത്തയില്‍ ആദ്യ സ്വര്‍ണം നേടിയത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ദേശീയ റെക്കോഡ് (88.06) മറികടന്ന് സ്വര്‍ണമണിഞ്ഞു. മലയാളി താരങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസ് അഭിമാന നിമിഷമായി. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്സണ് ജോണ്സണ് സ്വര്‍ണമണിഞ്ഞു. മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, വി.കെ. വിസ്മയ, വി. നീന, പി.യു. ചിത്ര, ഹോക്കിയില്‍ പി.ആര്. ശ്രീജേഷ്, സ്ക്വാഷ് താരങ്ങളായ ദീപിക പള്ളിക്കല്‍, സുനൈന കുരുവിള എന്നിവരും മെഡലുമായി സാന്നിധ്യമറിയിച്ചു. ഗെയിംസില്‍ തുടര്‍ച്ചയായ പത്താം തവണയും ചൈന ജേതാക്കളായി (132 സ്വര്‍ണമടക്കം 289 മെഡലുകള്‍).
ടീം ഇന്ത്യ സജ്ജമാകുന്നു
പുരുഷ ടെന്നീസില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ദ്യോകോവിച്ച് ത്രയത്തിന്റെ തിരിച്ചുവരവിനും 2018 സാക്ഷിയായി. നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഇവര്‍ പങ്കിട്ടു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ ജേതാവായപ്പോള്‍, ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യന്‍പട്ടം നദാലിനൊപ്പം നിന്നു. വിംബ്ള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ ദ്യോകൊയുടെ അക്കൗണ്ടിലുമെത്തി. വനിതകളില്‍ പക്ഷേ, ആര്‍ക്കും കുത്തകയില്ല. ജപ്പാനിന്റെ നവാമി ഒസാക്കൊയിലൂടെ ഗ്രാന്‍ഡ്സ്ലാം കിരീടം ആദ്യമായി ഏഷ്യയിലുമെത്തി. യുഎസ് ഓപ്പണിലാണ് നവാമി ജേത്രിയായത്. ഓസ്ട്രേലിയയില്‍ കരോളിന് വൊസ്നിയാക്കി ആദ്യ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയപ്പോള്‍, ഫ്രാന്‍സില്‍ സിമോണ ഹാലെപ്പ് ജേത്രിയായി. ഏയ്ഞ്ചലീന കെര്‍ബറാണ് വിംബ്ള്‍ഡണ്‍ സ്വന്തമാക്കിയത്.
പ്രതീക്ഷകളാണ് 2019-നെ സജീവമാക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വര്‍ഷമാണിത്. ലോക കിരീടം തിരികെപ്പിടിക്കാന്‍ ടീം ഇന്ത്യ സജ്ജമാകുന്നു. ഏഷ്യയിലെങ്കിലും ഫുട്ബോളില്‍ കരുത്തറിയിക്കാനുള്ള ഒരുക്കത്തിലാണ് ഫുട്ബോള്‍ ടീം. ജനുവരി ആദ്യം അബുദാബിയില്‍ ഏഷ്യ കപ്പ് ഫുട്ബോളിന് അരങ്ങുണരുമ്പോള്‍, കിരീട പ്രതീക്ഷയൊന്നുമില്ലെങ്കിലും ചിലത് തെളിയിക്കാനുറച്ചാണ് ഇന്ത്യയെത്തുന്നത്. ഹോക്കി, ബാഡ്മിന്റണ്‍, ഗുസ്തി, ബോക്സിങ്, ഷൂട്ടിങ് തുടങ്ങിയവയിലും പ്രതിഭ വറ്റിയിട്ടില്ലെന്നത് ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കുന്നു.
അത്ലറ്റിക്സിലും പ്രതീക്ഷ. വര്‍ഷാവസാനം അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ ജൂനിയര്‍ റാങ്കിങ്ങില്‍ മലയാളി ലോങ്ജംപ് താരം ശ്രീശങ്കര്‍ ഒന്നാമതെത്തിയത് നേട്ടമായി. 400 മീറ്ററില്‍ ബംഗാളിന്റെ ഹിമ ദാസിന് രണ്ടാം റാങ്കുണ്ട്. ആഫ്രിക്കയെയും യൂറോപ്പിനെയും പിന്തള്ളിയുള്ള ഈ നേട്ടം വരുംവര്‍ഷം ഇന്ത്യന്‍ അത്ലറ്റിക്സിന് കരുത്തേകും. ജൂനിയര്‍ റാങ്കിങ്ങില്‍ മുന്നിലെത്തിയവരാണ് പിന്നീട് ട്രാക്കും ഫീല്‍ഡും ഭരിച്ചതെന്നതും ചരിത്രം.
ഫ്രാന്‍സിന്റെ നേട്ടം, ബെല്‍ജിയത്തിന്റെ ഉദയം
യുവതാരങ്ങളുമായെത്തി ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയ ഫ്രാന്‍സാണ് വര്‍ഷത്തിന്റെ മധ്യത്തില്‍ കായിക ലോകത്തെ സജീവമാക്കിയത്. റഷ്യ വേദിയായ ഫുട്ബോള്‍ മാമാങ്കത്തിന്റെ ഫൈനലില്‍ ക്രൊയേഷ്യയെ കീഴടക്കിയാണ് ഫ്രാന്‍സ് കിരീടം ചൂടിയത്. കൈലിയന്‍ എംബാപ്പെയെന്ന യുവതാരത്തിന്റെ പ്രകടനം നിര്‍ണായകമായി. മികച്ച യുവതാരത്തിനുള്ള പുരസ്കാരവും ഗോള്‍ നേട്ടക്കാരില്‍ രണ്ടാമനുമായി താരം. എന്നാല്‍, ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മധ്യനിരക്കാരനാണ് ഈ വര്‍ഷത്തെ താരം. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഭാവനാസമ്പന്നനായ മധ്യനിരക്കാരനെന്ന് അറിയപ്പെടുന്ന മോഡ്രിച്ച് അവരെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരവുമായി അദ്ദേഹം. ഹാരി കെയ്നാണ് ടോപ് സ്കോറര്‍.
സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ നിറഞ്ഞാടിയ മോഡ്രിച്ചിനെ തേടി ഫിഫയുടെ ബാലണ്‍ദ്യോര്‍ പുരസ്കാരവുമെത്തി. സമകാലീന ഫുട്ബോളിലെ പ്രതാപികളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനൊ റൊണാള്ഡൊയെയുമാണ് ഇദ്ദേഹം പിന്തള്ളിയത്. പത്ത് വര്‍ഷത്തിനു ശേഷമാണ് മെസിയും ക്രിസ്റ്റ്യാനൊയുമല്ലാതെ മറ്റൊരാള്‍ ബാലണ്‍ദ്യോറിന് അര്‍ഹനാകുന്നത്. ക്രിസ്റ്റ്യാനൊ റയല്‍ വിട്ട് ഇറ്റലിയിലേക്ക് കൂടുമാറുന്നതിനും 2018 സാക്ഷിയായി. 800 കോടി രൂപയ്ക്കാണ് പോര്‍ച്ചുഗല്‍ താരം ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറിയത്.
സ്പാനിഷ് ലീഗില്‍ തപ്പിത്തടയുമ്പോഴും ലോകവേദിയില്‍ അപ്രമാദിത്വം പ്രകടിപ്പിക്കുന്ന പതിവ് റയല്‍ മാഡ്രിഡ് തുടര്‍ന്നു. തുടരെ മൂന്നാം തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍, വര്‍ഷാവസാനം ലോക ക്ലബ് ഫുട്ബോള്‍ കിരീടവും മാഡ്രിഡിലെത്തിച്ചു. ഇതും തുടരെ മൂന്നാം തവണ. യൂറേപ്പില്‍ പതിമൂന്നാം തവണയാണ് റയലിന്റെ കിരീടധാരണം. ഫൈനലില്‍ ലിവര്‍പ്പൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. ലാലിഗയില്‍ ബാഴ്സലോണ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ജര്‍മന്‍ ലീഗില്‍ ബയണ്‍ മ്യൂണിക്ക്, ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ്, ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും ജേതാക്കളായി.
ഹോക്കിയില്‍ പരമ്പരാഗത ശക്തികളെ നിഷ്പ്രഭമാക്കി പുതിയൊരു ടീമിന്റെ കടന്നുവരവിന് ഇന്ത്യന്‍ മണ്ണ് സാക്ഷിയായി. ഭുവനേശ്വറില്‍ നടന്ന ഹോക്കി ലോകകപ്പില്‍ നെതര്‍ലാന്‍ഡ്സിനെ കീഴടക്കി ബെല്‍ജിയം ജേതാക്കളായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയം. ഇതാദ്യമായാണ് ബെല്‍ജിയം ജേതാക്കളാകുന്നത്. ഫോര്‍മുല വണ്‍ റേസിങ് ട്രാക്കില്‍ അയര്‍ട്ടണ്‍ സെന്നയും മൈക്കള്‍ ഷുമാക്കറും ഒഴിച്ചിട്ട പദവിക്ക് താന്‍ തന്നെയാണ് യഥാര്‍ത്ഥ അവകാശിയെന്ന് മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്ട്ടണ് തെളിയിച്ചു. അഞ്ചാം തവണയാണ് ഫോര്‍മുല വണ്‍ കിരീടം ഇദ്ദേഹത്തെ തേടിയെത്തുന്നത്. ക്രിക്കറ്റില്‍ വീണ്ടും പന്തുചുരണ്ടല്‍ വിവാദം ഈ വര്‍ഷത്തെ നാണക്കേട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് ടീമാണ് വിവാദത്തിലകപ്പെട്ടത്. ടീമംഗം ബാന്‍ക്രോഫ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടി. ടെലിവിഷന്‍ ക്യാമറകള്‍ ഇത് പിടിച്ചെടുത്തതോടെ ബാന്‍ക്രോഫ്റ്റിനും ടീം നായകന് സ്റ്റീവന്‍ സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ സസ്പെന്‍ഷനും ലഭിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ കുതിപ്പ്
ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നാമതെത്തി ഇന്ത്യ. 26 സ്വര്‍ണം, 20 വീതം വെള്ളിയും വെങ്കലവുമടക്കം 66 മെഡലുകള്‍ സമ്പാദ്യം. ചരിത്രത്തിലാദ്യമായി ടേബിള്‍ ടെന്നീസില്‍ മൂന്നു സ്വര്‍ണം നേടി ഇന്ത്യ. ഗുസ്തിയില്‍ അഞ്ചും ഷൂട്ടിങ്ങില്‍ ഏഴും സ്വര്‍ണം വാരിക്കൂട്ടി. ബോക്സിങ്ങില്‍ മേരി കോമും സ്വര്‍ണമണിഞ്ഞു. 2010-ന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഗെയിംസില്‍ ആതിഥേയരായ ഓസ്ട്രേലിയ 80 സ്വര്‍ണമടക്കം 198 മെഡലുകളോടെ ഒന്നാമതെത്തി. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ നടന്ന യൂത്ത് ഒളിമ്പിക്സ് ഗെയിംസില്‍ മൂന്ന് സ്വര്‍ണവും ഒന്‍പത് വെള്ളിയും ഒരു വെങ്കലവുമടക്കം 13 മെഡലുകള്‍ നേടി ഇന്ത്യ പതിനേഴാം സ്ഥാനത്തെത്തി. 2014-ല്‍ അറുപത്തിനാലാം സ്ഥാനത്തായിരുന്ന ഇന്ത്യ വലിയ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. 29 സ്വര്‍ണമടക്കം 59 മെഡലുകളോടെ റഷ്യ ജേതാക്കളായി.
ഐഎപിഎല്ലില്‍ ജേതാക്കളായി ചെന്നൈ സൂപ്പര്‍ കിങ്സ് ശക്തമായ തിരിച്ചുവരവ് നടത്തി. കോഴ വിവാദത്തില്‍ രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷമാണ് ചെന്നൈ, രാജസ്ഥാന് ടീമുകള്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയത്. മൂന്നാം കിരീടം നേടിയാണ് ചെന്നൈ തിരിച്ചുവരവിനെ സാധൂകരിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന് എഫ്സിക്കാണ് കിരീടം. നടപ്പു സീസണില്‍ ബെംഗളൂരുവും ഗോവയും മുന്നില്‍ നില്ക്കുന്നു. രണ്ടുതവണ റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്നു. സ്കൂള്‍ തലത്തില്‍ കായികാവബോധം വളര്‍ത്തി താരങ്ങളെ കണ്ടെത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ പ്രഥമ ഖേലോ ഇന്ത്യ സ്കൂള്‍ ഗെയിംസില്‍ 38 സ്വര്‍ണമടക്കം 102 മെഡലുകള്‍ നേടി ഹരിയാന ഒന്നാമതെത്തി. കായിക പ്രതിഭകളെ കണ്ടെത്തി വളര്‍ത്താന്‍ കൂടുതല്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. മികവു തെളിയിച്ച താരങ്ങള്‍ക്ക് പരിശീലനത്തിനായി പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ കായിക മന്ത്രാലയം ചെലവഴിക്കും. മികവു തെളിയിച്ച കായിക താരങ്ങള്‍ക്ക് നല്കുന്ന പെന്ഷന് തുക വര്‍ധിപ്പിച്ചു. മണിപ്പൂരില്‍ ദേശീയ കായിക സര്‍വകലാശാലയ്ക്ക് ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. കായിക ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്മെന്റ്, സ്പോര്‍ട്സ് കോച്ചിങ് എന്നീ മേഖലകളില്‍ കായിക വിദ്യാഭ്യാസം നല്‍കുന്നതിനാണ് സര്‍വകലാശാല. ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം എസ്. മീരാബായി ചാനുവിനും (ഭാരോദ്വഹനം), വിരാട് കോഹ്ലിക്കും (ക്രിക്കറ്റ്) സമ്മാനിച്ചു. മലയാളികളുള്‍പ്പെടെ നിരവധിപേര്‍ അര്‍ജുന പുരസ്കാരത്തിനും അര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: