$ ആജീവനാന്ത ശത്രുക്കള്‍ എന്നുകരുതിയിരുന്ന ഉത്തരകൊറിയയും ദക്ഷിണ കൊറിയയും ഒളിമ്പിക്സിലൂടെ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നതാണ് 2018 തുടക്കത്തിലെ ശുഭസൂചന. വിന്റര്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയന്‍ കായികതാരങ്ങള്‍ ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ എത്തി. ഫെബ്രുവരി 9 മുതല്‍ 25 വരെയായിരുന്നു ശീതകാല ഒളിമ്പിക്സിന് ദക്ഷിണ കൊറിയ വേദിയായത്.
$ കാസ്ട്രോ യുഗത്തിന് തിരശ്ശീല വീണതും ഈ വര്‍ഷമാണ് – ഫെബ്രുവരി 24. പ്രസിഡന്റായിരുന്ന റൗള്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞതോടെ ക്യൂബയില്‍ അവസാനിച്ചത് ആറ് പതിറ്റാണ്ട് നീണ്ടുനിന്ന കാസ്ട്രോ യുഗമാണ്. പദവി ഒഴിഞ്ഞെങ്കിലും ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായി റൗള്‍ കാസ്ട്രോ 2021 വരെ തുടര്‍ന്നേക്കും.
$ റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാലാം തവണയും വ്ളാഡിമര്‍ പുടിന് തന്നെ വിജയം നേടി. പുതിയ നിയമം അനുസരിച്ച് 2022 വരെ പുടിന് പ്രസിഡന്റായി തുടരാം. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജയിച്ചത്.
$ അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് തുടക്കം. ട്രംപ് ഭരണകൂടം 3400 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെയാണ് അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് തുടക്കമായത്. പ്രധാന ഓഹരിവിപണികള്‍ നഷ്ടത്തില്‍ കലാശിച്ചു എന്നതാണ് ഇതിന്റെ പ്രഥമ പ്രത്യാഘാതം. 3400 കോടി ഡോളര്‍ മൂല്യമുള്ള 545 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതിയേര്‍പ്പെടുത്തി ചൈനയും തിരിച്ചടിച്ചു.
$ പാക് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് ആഗസ്റ്റില്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പാക് ക്രിക്കറ്റ് ടീം നായകനുമായ ഇമ്രാന് പാക്കിസ്ഥാന്റെ 22-ാം പ്രധാനമന്ത്രിയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഇമ്രാന്റെ ഭരണത്തില്‍ ഊഷ്മളമാകുമോയെന്ന് കാത്തിരുന്ന് കാണാം.
$ സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി ഒക്ടോബറില്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി എംബസിയില്‍ നടന്ന ചോദ്യം ചെയ്യലിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാന് അധിനിവേശവും ഉസാമ ബിന്‍ ലാദന്റെ വളര്‍ച്ചയുമൊക്കെ ലോകത്തെ ആദ്യമറിയിച്ച പത്രപ്രവര്ത്തകന്. സൗദിയിലെ വിവിധ മാധ്യമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. കൊട്ടാരവുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്നു. ദശാബ്ദങ്ങളോളം തുടര്‍ന്ന അടുപ്പം പെട്ടെന്ന് ഇല്ലാതായി. കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് വന്നതോടെയാണ് ഖഷോഗി സൗദി രാജകുടുംബത്തിന് അനഭിമതനായത്. ഇതോടെ, സൗദി വിട്ട ഖഷോഗി അമേരിക്കയില്‍ അഭയം തേടി. ഒരുവര്‍ഷമായി അവിടെ കഴിയുന്ന കാലയളവില്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ പംക്തി എഴുതിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിക്കുന്നതായിരുന്നു ഈ ലേഖനങ്ങളിലേറെയും. സൗദിയില്‍ മുഹമ്മദ് ബിന്‍ സല്മാന് നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഇതാണ് ഖഷോഗിയെ സൗദി എതിര്‍ക്കാനുള്ള കാരണം.
$ അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നവംബറില്‍ നടന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടി. എന്നാല്‍ സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തി.
$ ഇന്തോനേഷ്യയില്‍ വര്‍ഷാവസാനം ഡിസംബര്‍ 22 ന് സുനാമി. ഏകദേശം അഞ്ഞൂറോളം പേരാണ് കൊല്ലപ്പെട്ടത്. അനക് ക്രാക്കത്തുവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതാണ് സുനാമിക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: