രാഹുല്‍ഗാന്ധിയെ കോമാളിയെന്ന് വിളിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും രാഹുലിനു കൈ കൊടുക്കാന്‍ പോലും തയ്യാറാവാത്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിലങ്ങുതടിയായി നില്ക്കുമ്പോള് നരേന്ദ്ര മോദിയെയും ബിജെപിയെയും ഭരണത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസ് ഒരുക്കുന്ന മഹാസഖ്യത്തിന് എത്രനാള്‍ ആയുസ്സുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ബിജെപിയെ താഴെയിറക്കാന്‍ രാഷ്ട്രീയ നിലപാടുകളില്‍ എന്തു വിട്ടുവീഴ്ച ചെയ്തും കോണ്‍ഗ്രസ്സിന് ഒപ്പം നില്ക്കാന് സിപിഎം മാത്രമാണ് ഇതുവരെ തയ്യാറായിരിക്കുന്നത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു ശേഷവും രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ നേടിയെടുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കുന്നില്ല. യുപിയില്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ലോക്സഭാ തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതുതന്നെ പ്രതിപക്ഷ അനൈക്യത്തിന്റെ ഉദാഹരണമാണ്.
പ്രതിപക്ഷ സഖ്യം സാധ്യമാകുമോ?
543 ലോക്സഭാ സീറ്റുകളില്‍ 282 സീറ്റുകളും നേടിയാണ് ബിജെപി 2014 മേയില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 44 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് 34 സീറ്റുകളിലും വിജയിച്ചപ്പോള്‍ ഒറീസയില്‍ അധികാരത്തിലുള്ള ബിജു ജനതാദള്‍ 19 ലോക്സഭാ മണ്ഡലങ്ങള്‍ നേടി. സിപിഎം അടക്കമുള്ള മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും പത്തിലധികം സീറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബീഹാറില്‍ ജെഡിയു-ആര്‍ജെഡി സഖ്യത്തിന് മുന്നില്‍ അടിതെറ്റിയ ബിജെപി, പക്ഷേ ജെഡിയുവിനെ വീണ്ടും എന്‍ഡിഎ സഖ്യത്തിലെത്തിച്ച് ബീഹാര്‍ ഭരണം തിരിച്ചുപിടിച്ചു. തുടര്‍ന്ന് നടന്ന വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയക്കൊടി പാറിച്ചപ്പോള്‍ പ്രതിപക്ഷം രാജ്യത്ത് ദുര്‍ബലമായി. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഹിമാചല്‍, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും കാവിയണിഞ്ഞു. എന്നാല്‍ ഏറ്റവും ഒടുവിലായി രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാന ഭരണങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിച്ചത് കോണ്‍ഗ്രസ്സിന് നേട്ടമായി. നേരത്തെ പഞ്ചാബിലും കോണ്‍ഗ്രസ്സ് വിജയം നേടിയിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി-കോണ്‍ഗ്രസ് ബലാബലം വീണ്ടും പരീക്ഷിക്കുന്നതിനുള്ള വേദിയായി 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മാറുമെന്ന സൂചനകളാണ് നിലവിലെ സംസ്ഥാന ഭരണങ്ങള്‍ നല്‍കുന്നത്. ബംഗാളും ആന്ധ്രയും ഒറീസയും തമിഴ്നാടും മാത്രമാണ് ഇതിനപവാദമായി നില്‍ക്കുന്നത്. ബംഗാളില്‍ 16 മുതല്‍ ഇരുപതുവരെ ലോക്സഭാ സീറ്റുകള്‍ ബിജെപി നേടുമെന്ന പുതിയ സര്‍വ്വേകള്‍ പാര്‍ട്ടിക്ക് ഊര്‍ജ്ജം പകരുന്നു. ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്ന ഒറീസയിലും അധികാരത്തിലെത്താനാവുമെന്നാണ് ബിജെപി ക്യാമ്പുകളിലെ കണക്കുകൂട്ടല്‍. തമിഴ്നാട്ടില്‍ എഐഎഡിഎംകെ തന്നെ വീണ്ടും നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ വിശാല പ്രതിപക്ഷ ഐക്യവുമായി സഹകരിക്കുന്ന മറ്റു പ്രാദേശിക പാര്‍ട്ടികള്‍ക്കൊന്നും വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്ന സന്ദേശമാണ് ദേശീയ രാഷ്ട്രീയം നല്‍കുന്നത്.
അപ്രത്യക്ഷമായ ഇടതു ബദല്‍
കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും ഒന്‍പത് ലോക്സഭാ സീറ്റുകളാണ് പതിനാറാം ലോക്സഭയിലെ സിപിഎമ്മിന്റെ സംഭാവന. ഇതില്‍ ബംഗാളിലെയും ത്രിപുരയിലെയും രണ്ടുവീതം സീറ്റുകള്‍ 2019-ല്‍ പാര്‍ട്ടി സ്വപ്നം പോലും കാണുന്നില്ല. കേരളത്തില്‍നിന്ന് പരമാവധി സീറ്റുകള്‍ നേടിയെടുക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. പുറത്തുവന്ന സര്‍വ്വേകള്‍ സിപിഎമ്മിന് മൂന്നു സീറ്റുകള്‍ മാത്രമാണ് കേരളത്തില്‍നിന്ന് കണക്കുകൂട്ടുന്നത്. ഇതോടെ അതീവ ദയനീയ അവസ്ഥയിലേക്ക് സിപിഎം ദേശീയ തലത്തില്‍ കൂപ്പുകുത്തും. ഒരു എംപി മാത്രമുള്ള സിപിഐയാണ് ഇടതു ബദലിലെ മറ്റൊരു പ്രധാന കക്ഷി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈവിരലുകളിലൊതുങ്ങാന്‍ പോകുന്ന ഇടതുപാര്‍ട്ടികളുടെ ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തി തന്നെ വരും നാളുകളില്‍ ഇല്ലാതാവുകയാണ്. സീതാറാം യെച്ചൂരിയുടെ സിപിഎമ്മും ഇടതു പാര്‍ട്ടികളും എത്ര സമ്മര്‍ദ്ദം ഉയര്‍ത്തിയാലും രാജ്യത്തെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ കൂടെക്കിട്ടില്ലെന്ന് ഉറപ്പാണ്.
നരേന്ദ്രമോദിയും അമിത് ഷായും
അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊതു തെരഞ്ഞെടുപ്പിനെ നേരിടാനാണ് മോദി സര്‍ക്കാരും ബിജെപിയും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചെറിയ പരാജയം മറികടക്കാനുള്ള ശ്രമങ്ങള്‍ വളരെ നേരത്തെ തന്നെ പാര്‍ട്ടി ആരംഭിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നേതൃത്വവും വ്യക്തമാക്കുന്നു. ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി 2018-നെ അശുഭകരമായി കാണാന്‍ ചിന്തിപ്പിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി ഈ സംസ്ഥാനങ്ങളില്‍ തിരികെ എത്താന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും, ഭരണനേട്ടങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്‍കാനുമാണ് പുതിയ വര്‍ഷത്തില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മഹാറാലികളിലൂടെ തെരഞ്ഞെടുപ്പ് കാഹളം ബിജെപി മുഴക്കിക്കഴിഞ്ഞു. 2014-ല്‍ ഒരു കോടി പാര്‍ട്ടി അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇന്ന് 12 കോടി അംഗങ്ങളുള്ള സംവിധാനമായി വളര്‍ന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ സംഘടനാ ശക്തി മുഴുവനും കൈകോര്‍ത്തുപിടിച്ച് വിജയം സുസാധ്യമാക്കാനാവുമെന്നാണ് അമിത് ഷായുടെ പ്രതീക്ഷ. ബംഗാള്‍, ഒറീസ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അമ്പതോളം അധിക സീറ്റുകളാണ് ബിജെപി ആഗ്രഹിക്കുന്നത്. മറ്റു സംസ്ഥാനങ്ങളും 2014ന് സമാനമായ വിധിയെഴുത്ത് നടത്തിയാല്‍ 350 സീറ്റുവരെ നേടാനാവുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: