ആലുവ: പ്രളയം ആലുവയെ വിഴുങ്ങിയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിയ്ക്കാന്‍ അനാരോഗ്യം മറന്ന റേഷന്‍ കടക്കാരന് കീഴ്മാട് സ്വദേശി പി.എന്‍. ശ്രീധര്‍ എന്ന മണി ചേട്ടനെ സഹായിക്കാന്‍ നാട്ടുകാരൊന്നാകെ രംഗത്തിറങ്ങി. പ്രളയജലം വളഞ്ഞപ്പോള്‍ ആലുവ കുട്ടമശ്ശേരി, കീഴ്മാട് ഭാഗത്തെ ഏഴ് ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കളെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത് റേഷന്‍കട ഉടമയായ പി.എന്‍ ശ്രീധറാണ്.
തുരുത്തായി മാറിയ കീഴ്മാട് ഭാഗത്ത് 1500 ഓളം കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിഞ്ഞത്. ക്യാമ്പില്‍ ഭക്ഷ്യവസ്തുക്കളില്ലാതെ നട്ടം തിരിഞ്ഞപ്പോള്‍ മുങ്ങി കൊണ്ടിരുന്ന റേഷന്‍ കട തുറന്ന് നൂറോളം ചാക്ക് ഭക്ഷ്യവസ്തുക്കള്‍ ശ്രീധരന്റെ നേതൃത്വത്തില്‍ പുറത്തെടുത്ത് ക്യാമ്പുകളില്‍ വിതരണം ചെയ്തു. വഞ്ചികള്‍ ലഭ്യമല്ലാത്തതിനാല്‍ ചെമ്പിലും വാര്പ്പിലുമായാണ് പഞ്ചസാരയും അരിയുമെല്ലാം യുവാക്കളുടെ സഹായത്തോടെ കരക്കെത്തിച്ചത്. പക്ഷെ ഒറ്റപെട്ട് പോയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് നാടിനൊപ്പം നിന്ന ശ്രീധരേട്ടന് പ്രതിഫലമായി കിട്ടിയത് രോഗങ്ങളായിരുന്നു. നീര്‍ക്കെട്ടുണ്ടായിരുന്ന കാലില്‍ പ്രളയ ദിനങ്ങളിലുണ്ടായ വ്രണം മൂര്‍ഛിച്ച് പിന്നീട് ഗുരുതരാവസ്ഥയിലായി.
രോഗം കരളിനെയും ബാധിച്ചതോടെ ജീവന് നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഭാര്യ രതി ശ്രീധര്‍ കരള്‍ പകുത്തു നല്കാന് തയ്യാറായെങ്കിലും ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന് പരിഹാരമായാണ് നാട്ടുകാര്‍ ധനശേഖരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
20 ലക്ഷത്തിലധികം വേണ്ട ചികിത്സാ തുക സമാഹരിക്കാനായി ഭാര്യ രതിയുടെ പേരില്‍ ചുണങ്ങംവേലി ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 16920100013003. കോഡ് :FDRL0001692
പ്രതികരിക്കാൻ ഇവിടെ എഴുതുക: