ഇന്റര്‍നെറ്റും മൊബൈല്‍ ആപ്ലിക്കേഷനുകളും ബ്ലോഗുകളും സജീവമായ പുതിയ കാലഘട്ടത്തില്‍ പുസ്തക വായന അന്യംനിന്നു പോകുമോ എന്ന ആവലാതിക്ക് വിപരീതമായി ചിന്തിക്കുകയാണ് ഒരു കൂട്ടം യുവഎഴുത്തുകാരും അവരുടെ സൗഹൃദ കൂട്ടായ്മയും. മലയാള സാഹിത്യരചനാ ലോകത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള നാലപ്പാട്ട് തറവാട് സ്ഥിതിചെയ്യുന്ന തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം ഗ്രാമത്തില്‍നിന്നാണ് മുഖപുസ്തക(ഫെയ്സ്ബുക്ക്) കൂട്ടായ്മയിലെ രചനകള്‍ക്ക് അച്ചടി മഷി പതിപ്പിക്കുക എന്ന പുത്തന്‍ ആശയഗതിക്ക് തുടക്കമിട്ടിരിക്കുന്നത്.
‘അക്ഷരപ്പെയ്ത്ത്’ എന്ന പേരിലുള്ള കൂട്ടായ്മയിലെ അംഗങ്ങളുടെ തെരഞ്ഞെടുത്ത സാഹിത്യ രചനകള്‍ അച്ചടിച്ച് മാസികയാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ് പ്രിയ എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാദാസിന്റെ നാട്ടിലെ യുവ കവികളും എഴുത്തുകാരും അവരുടെ സുഹൃത്തുക്കളും. ഇക്കഴിഞ്ഞ ഓണത്തോടനുബന്ധിച്ചാണ് എണ്‍പതോളം സൃഷ്ടികള്‍ അടങ്ങിയ ആദ്യ പതിപ്പ് ‘അക്ഷരപ്പെയ്ത്ത് ഓണപ്പതിപ്പ് 2018’ എന്ന പേരില്‍ മാസിക രൂപത്തില്‍ പുറത്തിറക്കിയത്.
നാലപ്പാട്ടു തറവാട്ടില്‍ വി.എം. നായരുടെയും ബാലാമണി അമ്മയുടെയും മകളായി ജനിച്ച കമലാദാസ് എന്ന മാധവിക്കുട്ടിയുടെ കളിത്തൊട്ടിലായിരുന്ന നാലപ്പാട്ട് തറവാട്ടിലെ, അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന നീര്‍മാതളം ഇന്നും പൂത്തുലയാറുള്ള നാലപ്പാട്ട് തറവാട്ടു മുറ്റത്തെ ഒത്തുചേരലുകളും ചര്‍ച്ചകളുമാണ് യുവ എഴുത്തുകാരെ ഫെയ്സ് ബുക്ക് കൂട്ടായ്മയിലേക്കും, ഒടുവില്‍ രചനകള്‍ അച്ചടിച്ച് മാസിക എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കും നയിച്ചത്; ‘അക്ഷരപ്പെയ്ത്ത്’നെ കൊണ്ടുചെന്നെത്തിച്ചത്.
പതിനായിരത്തോളം അംഗങ്ങളുള്ള ഒരു വര്‍ഷം മാത്രം പ്രായമായ ‘അക്ഷരപ്പെയ്ത്ത്’ സാഹിത്യ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് പതിനഞ്ച് ‘അഡ്മിന്’ മാരാണ്. സ്വന്തം രചനകള്‍ പുസ്തകമാക്കി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ളവരും, സാഹിത്യ പരിപാടികളിലും വേദികളിലും സ്ഥിരം സാന്നിധ്യമറിയിക്കുന്നവരുമായ നിരവധി എഴുത്തുകാര്‍ ഗ്രൂപ്പ് അംഗങ്ങളുടെയും ‘അഡ്മിന്’മാരുടെയും കൂട്ടത്തിലുണ്ട്. എല്ലാ ദിവസവും ഗ്രൂപ്പില്‍ ലഭിക്കുന്ന കഥകളും കവിതകളും വായിച്ചു വിലയിരുത്തുകയും, മികച്ചത് കണ്ടെത്തി ആസ്വാദനം എഴുതി രചയിതാവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയും ഗ്രൂപ്പ് ആദ്യം മുതല്ക്കേ പിന്തുടര്ന്നു പോരുന്നു.
കഴിവുറ്റ നിരവധി പ്രതിഭകളെ ഓണ്‍ലൈന്‍ എഴുത്തുകാരെന്നു മുദ്ര കുത്തി മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമം നടക്കുന്നുവോ എന്ന സംശയം ഉടലെടുത്തപ്പോള്‍, അവരുടെ സാഹിത്യസൃഷ്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെയാണ് മികച്ച രചനകള്‍ ഉള്‍പ്പെടുത്തി മാസിക രൂപത്തില്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കണം എന്ന ആശയം രൂപം കൊണ്ടതും, ഒടുവില്‍ അത് സാക്ഷാത്കരിക്കപ്പെട്ടതുമെന്ന് മാസികയുടെ ആദ്യ പതിപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച എഴുത്തുകാരിയും സ്കൂള്‍ അദ്ധ്യാപികയും ‘അക്ഷരപ്പെയ്ത്ത്’ ഓണപ്പതിപ്പിന്റെ എഡിറ്ററുമായ ഷിജി അനൂപ് പറയുന്നു.
ആദ്യ സംരംഭമായ ഓണപ്പതിപ്പിനു പിന്നാലെ ‘ടൈറ്റില്‍’ രജിസ്ട്രേഷന് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാസിക രൂപത്തില്‍ ‘അക്ഷരപ്പെയ്ത്തി’നെ തുടര്‍ന്നും പതിവായി വായനക്കാരിലെത്തിക്കാനുള്ള പരിശ്രമവും അണിയറയില്‍ സജീവമായി നടന്നുവരികയാണ്. കഴിവുറ്റ എഴുത്തുകാരെ കണ്ടെത്തി കൂട്ടായ്മയില്‍ അംഗങ്ങളാക്കിവരുന്നതോടൊപ്പം, ഇന്റര്‍നെറ്റിനു പുറത്തും അവരുടെ സൃഷ്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരുകയാണ്, ‘അക്ഷരപ്പെയ്ത്ത്.’
സുരേഷ്കുമാര്‍ നെട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: