അപ്പോള്‍ എനിക്ക് ഏതു സമയത്തും എവിടെയും എത്താനായി. സമയവും കാലവും ദൂരവും ബാധകമല്ലാതായി. എന്റെ ഗുരുതരാവസ്ഥ അറിഞ്ഞ് സഹോദരന് ന്യൂദല്‍ഹി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇവിടേക്ക് പുറപ്പെടാന്‍ നില്‍ക്കുന്നത് ഹോങ്കോങ്ങിലെ ആ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ഞാന്‍ കണ്ടു. ഭൂമിയിലെ അതിരുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. വളരെ മുന്‍പ് മരിച്ചുപോയ എന്റെ അച്ഛനെയും ഞാന്‍ കണ്ടു, സമയമായില്ല മോള് തിരിച്ചു പോകൂ എന്ന് നിര്‍ബന്ധിച്ചു.”
2002-ല്‍ കാന്‍സര്‍ ബാധിതയായി മരണക്കിടക്കയിലെത്തിയ അനിതാ മൂര്‍ജനിയുടെ വാക്കുകളാണിത്. ഡോക്ടര്‍മാര്‍ മരണം വിധിച്ച് കയ്യൊഴിഞ്ഞ് 30 മണിക്കൂര്‍ അബോധാവസ്ഥയില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ സമയവും കാലവും ദൂരവുമില്ലാത്ത അവസ്ഥ അനുഭവിച്ചത്. പിന്നീട് ആ അനുഭവങ്ങള്‍ വിശദീകരിച്ച് അനിത മൂര്‍ജനി എഴുതിയ ‘dyeing to be me’ എന്ന പുസ്തകം ലോകമെങ്ങും വായിക്കപ്പെട്ടു. ഉപബോധമനസ്സില്‍ അടക്കിവച്ച നിരാശയും പ്രതിഷേധവുമാണ് കാന്‍സറായി ശരീരത്തില്‍ പ്രതിഫലിക്കുന്നതെന്ന തിരിച്ചറിവില്‍ ആ മാരകരോഗം അവരെ വിട്ടൊഴിഞ്ഞു. ആധുനിക ശാസ്ത്രത്തിന് അവിശ്വസനീയമായ ആ അവസ്ഥ അനിത വിവരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കേട്ടത്. യൂ ട്യൂബില്‍ വിവിധ ഇംഗ്ലീഷ് ചാനലുകള്‍ നടത്തിയ അവരുടെ അഭിമുഖത്തിനായി ഇന്നും തെരച്ചില്‍ തുടരുന്നു. അനിത മൂര്‍ജനിയുടെ മരണാനന്തര അനുഭവം മനസ്സിനെക്കുറിച്ചും മരണത്തെക്കുറിച്ചും ഗവേഷണം നടത്തുന്നവര്‍ വീണ്ടും വീണ്ടും വായിക്കുന്നു.
ഈ അനുഭവം പക്ഷേ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ത്ഥയ്ക്ക് ഒട്ടും കൗതുകമല്ല. അത് അസാധ്യമല്ലെന്ന് ബോധ്യപ്പെടുത്തുന്ന തത്ത്വശാസ്ത്രങ്ങളിലാണ് സ്വാമികളുടെ ജീവിതം. പുരാണവും ഇതിഹാസവും വേദാന്തവും തത്ത്വശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതന്മാരും കവികളും മഹായോഗികളുമായവരുണ്ട്. തങ്ങള്‍ക്ക് ബോധ്യപ്പെട്ടവ സാഹിത്യമായും തത്ത്വശാസ്ത്രമായും വ്യാഖ്യാനമായും കുറിച്ചുവച്ച് മണ്മറഞ്ഞുപോയവര്. പക്ഷേ അവരില്‍ അധികമാരും വിസ്തരിക്കാത്ത ഒന്നാണ് പതഞ്ജലിയുടെ യോഗശാസ്ത്രം. മനഃശാസ്ത്രത്തിന്റെ ഏറ്റവും പുരാതന ഗ്രന്ഥമെന്നാണ് യോഗശാസ്ത്രം വിശേഷിപ്പിക്കപ്പെടുന്നത്. ആ യോഗശാസ്ത്രം പഠിച്ചതും മനസ്സിലാക്കിയതും അപൂര്‍വ്വം പേര് മാത്രം. അവരില്‍ ഒരാളാണ് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ത്ഥ.
യോഗയും ശാസ്ത്രവും
അപൂര്‍വ്വമായ ഭാരതീയ മനഃശാസ്ത്രഗന്ഥമാണ് യോഗശാസ്ത്രം. ഇത്തരം ശാസ്ത്രസംബന്ധമായ മറ്റു ഗ്രന്ഥങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. യോഗ ശാസ്ത്രത്തിലുള്ള മനഃശാസ്ത്ര പദ്ധതിയുടെ പത്ത് ശതമാനം മാത്രമേ ആധുനിക മനഃശാസ്ത്രത്തില്‍ ഉപയോഗിക്കപ്പെടുന്നുള്ളു എന്നറിയുമ്പോഴാണ് ആ ശാസ്ത്രത്തിന്റെ മഹത്വവും ഗാംഭീര്യവും മനസ്സിലാകുന്നത്. ഹഠയോഗയുടെ(ഇന്ന് വ്യാപകപ്രചാരം ലഭിച്ചിട്ടുള്ള യോഗാസനങ്ങള്‍) പ്രയോഗം ശരീരവും പ്രാണനും സംബന്ധിച്ചാണെങ്കില്‍ മനസ്സും ബുദ്ധിയും അടങ്ങുന്ന ഘടകങ്ങളെക്കുറിച്ചാണ് യോഗശാസ്ത്രം പ്രറയുന്നത്. അത് പ്രതിപാദിക്കാത്ത വിഷയങ്ങളില്ല. അന്താരാഷ്ട്ര യോഗദിനം ആഗോള വ്യാപകമായി ആചരിക്കപ്പെടുമ്പോള്‍ യോഗശാസ്ത്രം എന്ന തത്ത്വശാസ്ത്രകൃതിയിലൂടെ നഷ്ടമാകുന്ന സംസ്കൃതിയും പൈതൃകവും തിരികെ പിടിക്കാനുള്ള നിശ്ശബ്ദയത്നവും പ്രാര്‍ത്ഥനയുമായി യാത്രയിലാണ് ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ത്ഥ.
പൂര്‍വ്വ ജന്മത്തിലേക്ക്
മാനസികപ്രശ്നം കാരണം ഡോക്ടറെ കാണുന്ന ആളുടെ ഭൂതകാലം അന്വേഷിക്കാതെ മനഃശാസ്ത്രജ്ഞന് രോഗം കണ്ടെത്താനും മരുന്ന് കല്‍പ്പിക്കാനുമാകില്ല. പക്ഷേ ആധുനികകാലത്തെ ആ ചികിത്സാവിധിയേയും മറികടക്കും യോഗശാസ്ത്രം. മുന്നിലിരിക്കുന്ന രോഗിയായ മനുഷ്യന്റെ പൂര്വ്വചരിതമല്ല, ചിലപ്പോള്‍ പൂര്‍വ്വജന്മമാണ് രോഗത്തിന് കാരണമെന്ന് യോഗശാസ്ത്രം പറയുമ്പോള്‍ ഇന്നത് അധികമാരും വിശ്വസിക്കാന്‍ തയ്യാറായെന്ന് വരില്ല.
കഴിഞ്ഞുപോകുന്ന അതീന്ദ്രിയാനുഭവത്തിലൂടെ രോഗിയെ അറിഞ്ഞ് രോഗത്തിന്റെ വേരറുക്കുന്ന രീതി. ശരീരത്തിലും മനസ്സിലും യോഗാസനങ്ങളുടെ പരിശീലനം വഴിയുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകുകയില്ല. അത് പ്രത്യക്ഷമാണ്. പക്ഷേ യോഗശാസ്ത്രം പ്രതിപാദിക്കുന്നത് മനസ്സിന്റെ നമ്മളറിയാത്ത തലങ്ങളെക്കുറിച്ചാണ്. ബോധമനസ്സും ഉപബോധമനസ്സുമെല്ലാം അതില്‍പ്പെടും. മനസ്സിലുയരുന്ന ചിന്തകളുടെ അടിസ്ഥാനം എവിടെയാണ്, എങ്ങനെ നമുക്ക് അതിലേക്കെത്താം തുടങ്ങിയ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് ഈ ശാസ്ത്രം മുന്നോട്ടുവയ്ക്കുന്നതെന്ന് സ്വാമികള്‍ പറയുന്നു.
രോഗങ്ങള്‍ മാറ്റുന്നതിന് പൂര്‍വാവസ്ഥ മനസ്സിലാക്കുന്നത് ഏറെ സഹായകമാണ്. മെഡിക്കല്‍ സയന്‍സില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. ആ അവസ്ഥ കാലങ്ങള്‍ക്ക് ശേഷമായിരിക്കും രോഗമായി തിരിച്ചു വരുന്നത്. മനസ്സിലൂടെ കടന്നുപോയാല്‍ മുന്‍പുള്ള സ്ഥിതി കാണാനാകും. ചിലരുടെ ലക്ഷണങ്ങള്‍ തന്നെ അവരുടെ ഭാവിയെ സൂചിപ്പിക്കുന്നതാണെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, യോഗശാസ്ത്രം പഠിച്ചാല്‍ വ്യക്തിയുടെ എല്ലാ അസുഖങ്ങളും മാനസികപ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമോ എന്ന വിമര്‍ശനപരമായ ചോദ്യങ്ങള്‍ക്കും സ്വാമികള്‍ക്ക് ഉത്തരമുണ്ട്. ജന്മനാ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മുഴുവനായി പരിഹരിക്കാനാകില്ല. ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കാം. ചില അവസ്ഥകള്‍ ചിലര്‍ അനുഭവിച്ചേ തീരൂ എന്നര്‍ത്ഥം. പുരാണേതിഹാസങ്ങളിലെ അത്ഭുതവൃത്തികള്‍ ഇന്ന് സാധ്യമാകാത്തത് അത്തരത്തിലുള്ള ഹീലിങ് പവര്‍ നേടിയവരുടെ അഭാവം കൊണ്ടുമാത്രമാണെന്നാണ് സ്വാമികളുടെ അഭിപ്രായം.
ഹിമാലയം വിളിച്ചത്
വെറും പതിനാലു വയസ്സുള്ളപ്പോള്‍ തിരുവനന്തപുരത്തുനിന്ന് വീടുപേക്ഷിച്ച് ഹിമാലയം ലക്ഷ്യമാക്കി പുറപ്പെട്ടുപോയതാണ്. അന്നേരം ഉത്തരകാശി കാത്തിരിക്കുന്നുണ്ടായിരുന്നു. മഹാദര്ശനങ്ങളില് ആഴ്ന്നിറങ്ങി അവയുടെ വക്താവാകാനെത്തുന്ന മറ്റൊരു പുണ്യജന്മത്തെ. സ്വാമി ശിവാനന്ദജി മഹാരാജിന്റെ ശിഷ്യനായ സ്വാമി ചൈതന്യാനന്ദജിയുടെ ശിഷ്യത്വം സ്വീകരിച്ച് വര്‍ഷങ്ങളോളം സംസ്കൃതവും ദര്‍ശനശാസ്ത്രങ്ങളും അഭ്യസിച്ചു. അറിവിന്റെ അഗ്നി ചൂടുപകര്‍ന്ന ഹിമാലയത്തിലെ തണുത്തുറഞ്ഞ രാവും പകലും സ്വാമിക്ക് പഠിക്കാന്‍ മാത്രമുള്ളതായിരുന്നു. അവിടെ നിന്നറിഞ്ഞത് ലോകത്തിനോട് പറഞ്ഞും പഠിപ്പിച്ചുമുള്ള യാത്രകള്‍ക്ക് സമയം കണ്ടെത്തുകയാണ് ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ത്ഥ.
മൂന്ന് പതിറ്റാണ്ടാകുന്നു ഉത്തരകാശി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ത്ഥയുടെ വാസസ്ഥാനമായിട്ട്. ഉജ്ജേലിയില് തപോവനം സ്വാമി കഴിഞ്ഞിരുന്ന സ്ഥലത്ത് നിര്‍മിച്ച ആദിശങ്കര ബ്രഹ്മവിദ്യാപീഠത്തിലെ ആചാര്യനാണ് അദ്ദേഹം. ശങ്കരാചാര്യ സ്വാമികളുടെ ദര്‍ശനങ്ങളിലും അഗാധ പ്രാവീണ്യം നേടിയ സ്വാമികള്‍ ശ്രീശങ്കര ദര്‍ശനങ്ങളുടെ പ്രചാരണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയിലെ യുവസാന്നിധ്യമായി. രാജ്യത്തെ വിവിധ മേഖലകളില്‍ നടക്കുന്ന വിദ്വത് സദസുകളിലും സ്വാമികളെ കാണാം. ഇതിനിടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചുകഴിഞ്ഞു. പാതഞ്ജലയോഗദര്‍ശനത്തിന്റെ വ്യാസഭാഷ്യ വ്യാഖ്യാനം ഇതില്‍ പ്രധാനപ്പെട്ടതാണ്. ശങ്കരാചാര്യ സ്വാമികളുടെ സമ്പൂര്‍ണ കൃതികള്‍ മലയാള വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഡിസംബര്‍ 17 മുതല്‍ ജനുവരി 20 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്വാമികളുടെ ക്ലാസ്സുകളുണ്ട്.
കാലമല്ല മാറുന്നത്
മനുഷ്യന് ഒന്നാണെങ്കിലും അവന്റെ വിശ്വാസവും സങ്കല്‍പ്പവും സംസ്കാരവും പലതായപ്പോള്‍ അവനവന്റെ ശരികള്ക്കായുള്ള യുദ്ധം തുടങ്ങി. ആ യുദ്ധത്തിന്റെ മാനദണ്ഡങ്ങളും അടിസ്ഥാനഘടകങ്ങളും കാലം ചെല്ലുന്തോറും മാറുകയാണ്. ഭീതിദമായ ഒരു കാലത്തിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്ന ആശങ്ക പങ്കുവയ്ക്കുമ്പോള്‍ സ്വാമികള്‍ പുഞ്ചിരിക്കും. മാറുന്ന കാലത്തില്‍ ഇതൊക്കൈ ആരൈങ്കിലും അംഗീകരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ശാന്തമായി അദ്ദേഹം തിരികെ ചോദിക്കുന്നു, കാലം മാറിയെന്ന് ആരു പറഞ്ഞു? കാലത്തിന് മാറ്റമില്ല, ഭൂമിയും കാറ്റും വെളിച്ചവും ജലവുമെല്ലാം ഇവിടെ പഴയതുപോലെ തന്നെയില്ലേ.
കാറ്റോ ജലമോ മഴയോ വെയിലോ ഇല്ലാതായി പകരം മറ്റൊന്നു വന്നിട്ടില്ല. അപ്പോള്‍ പിന്നെ ഒന്നും മാറിയിട്ടില്ല. മാറിയത് മനുഷ്യന്റെ ചിന്തകളും കാഴ്ചപ്പാടും മാത്രമാണ്. അത് ശാശ്വതമായ മാറ്റമല്ല. സത്യത്തിലേക്ക് മടങ്ങാതിരിക്കാന്‍ പ്രപഞ്ചത്തിന് ആകില്ല. അതിനനുസൃതമായി മനുഷ്യരിലും പരിവര്‍ത്തനം വന്നേ തീരൂ. അത് ബൗദ്ധികമോ മാനസികമോ ആകാം. അതല്ലെങ്കില്‍ പ്രകൃതി തന്നെ അതിലേക്ക് അവനെ ആദ്യം മുതല്‍ നയിക്കും.
സാംസ്കാരിക മൂല്യങ്ങളില്ലാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് സംസ്കാരത്തെ ഇല്ലാതാക്കുന്നതെന്ന ആരോപണം സ്വാമികള്‍ ശരിവയ്ക്കുന്നു. ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ആത്മീയമായ തലങ്ങളും അവയുടെ സാധ്യതകളും കുട്ടികളെ പഠിപ്പിക്കാന്‍ സംവിധാനമുണ്ടാകണമെന്നും, അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പണ്ട് അച്ഛനമ്മമാര്‍തന്നെ പല വിധത്തില്‍ കുട്ടികള്‍ക്ക് ഗുരുക്കന്മാരായി. ഇന്നതില്ല. ശരീരം മാത്രമല്ല താനെന്ന് പഠിക്കപ്പെടുന്ന കുട്ടി അവന്റെ ജീവിതത്തില്‍ ആവശ്യമുള്ള ഘട്ടങ്ങളില്‍ ആ അറിവിനെ പ്രയോജനപ്പെടുത്തുകതന്നെ ചെയ്യുമെന്ന് സ്വാമി ഉറപ്പ് പറയുന്നു.
ജാതി, മതം, വര്‍ഗം എന്നൊക്കെ മുറവിളി കൂട്ടുന്ന സമൂഹത്തില്‍ ഇതൊക്കെ എങ്ങനെ പ്രായോഗികമാകുമെന്ന് ആശങ്കപ്പെട്ടപ്പോള്‍ വര്‍ഗീകരണത്തിന്റെ നിഷ്പ്രയോജനം സ്വാമികള്‍ ചൂണ്ടിക്കാട്ടി. അജ്ഞാനം കൊണ്ട് സംഭവിക്കുന്നതാണത്. ആ അജ്ഞത തിരിച്ചറിഞ്ഞ് പുറത്തിറങ്ങാന്‍ മനുഷ്യനാകണം. അതില്‍ ആശങ്കപ്പെടുന്നവര്‍ കര്‍മഗതി എന്ന് വിധിയെഴുതി കാഴ്ചക്കാരനാകാതെ പുരുഷാര്‍ത്ഥങ്ങള്‍ ശരിയായി അനുഷ്ഠിക്കുകയാണ് വേണ്ടത്.
പൂര്വ്വനിശ്ചിതമെന്ന് കരുതി വിധിയോട് നിസ്സംഗത പുലര്‍ത്തരുത്. യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നമ്മുടെ അടിസ്ഥാനപരവും, സാംസ്കാരികവുമായ ജീവിതരീതി തിരിച്ചറിയുകയും അതില്‍നിന്നുകൊണ്ട് ലക്ഷ്യങ്ങള്‍ നേടുകയുമാണ് വേണ്ടത്. സ്വാമികള്‍ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ഓരോരുത്തര്‍ക്കും സംസ്കാരം തിരിച്ചറിയാന്‍ പല വഴികളുണ്ടാകും. അത് ഏത് വിശ്വാസത്തെ മുറുകി പിടിച്ചായാലും, തത്ത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയായാലും അനുവര്‍ത്തിക്കുക…അതാണ് ലോകനന്മയിലേക്കുള്ള വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: