പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടരവര്‍ഷം പിന്നിട്ടു. എല്ലാം ശരിയാക്കാന്‍ വാഗ്ദാനം ചെയ്ത് ഒന്നും ശരിയാംവണ്ണം നടത്താനുള്ള ത്രാണിയില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. അതിന്റെ ഒന്നാന്തരം തെളിവാണ് ഓഖി ദുരന്തവും പ്രളയാനന്തര നടപടികളും. ഓഖി ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷമായി. അന്നത്തെ ദുരന്തബാധിതര്‍ ഇപ്പോഴും കേഴുകയാണ്. കുറേപേര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം ലഭ്യമായി. എന്നാല്‍ ബഹുഭൂരിപക്ഷം പേരും ഇപ്പോഴും ദുരന്തക്കയത്തിലാണ്. ദുഃഖത്തിന്റെ ഇരമ്പമാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും കടലോരമക്കളുടെ കാതുകളില്‍ മുഴങ്ങുന്നത്. വീട് നഷ്ടപ്പെട്ടവരും ഭാഗികമായി ആരോഗ്യം നശിച്ചവരും വേഴാമ്പലുകളെപ്പോലെ കാത്തിരിക്കുകയാണ്. ദുരന്തം നേരിട്ടപ്പോള്‍ അവരെ ആശ്വസിപ്പിക്കാന്‍ പോലും മടിച്ചുനിന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചുദിവസം കഴിഞ്ഞ് ദുരന്തമേഖലയില്‍ എത്തിയ മുഖ്യമന്ത്രിക്ക് കടലോരത്ത് കാലുകുത്താന്‍ പോലും കഴിയാതെ മടങ്ങേണ്ടി വന്നു. സെക്രട്ടേറിയറ്റില്‍ നിന്നും പത്ത് മിനുട്ട് മാത്രം സഞ്ചരിച്ചാല്‍ എത്താന്‍ കഴിയുന്ന സ്ഥലത്ത് മുഖ്യമന്ത്രി എത്തിയത് അഞ്ചുദിവസം കഴിഞ്ഞാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമായ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു അങ്ങനെ സംഭവിച്ചത്.
കേരളത്തെ നടുക്കിയ മഹാപ്രളയകാലത്തും അങ്ങിനെ തന്നെ സംഭവിച്ചു. പ്രളയം കഴിഞ്ഞ് നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. എല്ലാ മേഖലയില്‍ നിന്നും നിര്‍ലോഭമായ സഹായവും സഹകരണവുമുണ്ടായിട്ടും ദുരന്തബാധിതരെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. സഹായവിതരണത്തില്‍ അഴിമതിയും പക്ഷപാതവും നടന്നതായി പരക്കെ പരാതിയുണ്ട്. സിപിഎം പ്രവര്‍ത്തകരും അവരോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അനാസ്ഥയും സ്വജനപക്ഷപാതവും തുടക്കംമുതലേ ആരോപിക്കപ്പെട്ടിരുന്നു. അത് അക്ഷരംപ്രതി ശരിയാണെന്നാണ് നൂറുദിവസം പിന്നിട്ട് അവലോകനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. പ്രാഥമിക സഹായമായി 10,000 രൂപ അനുവദിച്ച് കയ്യടി നേടിയെങ്കിലും അര്‍ഹരായ അരലക്ഷം പേര്‍ക്ക് ഇനിയും അത് ലഭ്യമായിട്ടില്ല. നഷ്ടപരിഹാരം നിശ്ചയിച്ചതിലും അനുവദിച്ചതിലും അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാങ്കേതിക കാരണങ്ങള്‍ മാത്രമാണ് ഇതിന് തടസ്സമെന്ന് വ്യക്തം. ഭാഗികമായി വീട് നഷ്പ്പെട്ടവരുടെ സങ്കടത്തിന് ചെവികൊടുക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല. അവരുടെ കണ്ണീര് പ്രളയംപോലെ ഇപ്പോഴും തുടരുകയാണ്.
പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നതായി കണക്കാക്കിയിട്ടുള്ളത് ഏതാണ്ട് പതിനേഴായിരത്തോളം വീടുകളാണ്. ഇതില്‍ സഹായം ലഭിച്ചത് 10 ശതമാനം പേര്‍ക്ക് മാത്രം. ഇതുവരെ 2,312 പേര്‍ക്കേ സഹായം ലഭ്യമാക്കിയിട്ടുള്ളത്. നഷ്ടം തിട്ടപ്പെടുത്തിയതിലും ക്രമക്കേടുകളും അഴിമതിയുമുണ്ടെന്ന് പരാതിയുണ്ട്. സഹായത്തിന് അര്‍ഹതയുണ്ടെന്ന് കണക്കാക്കിയവര്‍ക്കാകട്ടെ ആദ്യഗഡുവായ ഒരുലക്ഷത്തില്‍ താഴെ രൂപമാത്രം. തകര്‍ന്ന വീടുകള്‍ക്ക് ആകെ നല്‍കിയത് 23 കോടിയില്‍ താഴെ രൂപമാത്രം. 419 പേരാണ് പ്രളയത്തില്‍ മരിച്ചതായി സര്‍ക്കാര്‍ കണക്ക്. ഇതില്‍ 368 പേരുടെ കുടുംബങ്ങള്‍ക്കേ സഹായധനം നല്‍കിയിട്ടുള്ളൂ. ഇതര സംസ്ഥാനക്കാരും മരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ചുപേരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ഇത്രയും കാലമായിട്ടും കഴിഞ്ഞിട്ടില്ല. ഓഖിയിലും പ്രളയത്തിലും അകപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്രം വേണ്ടത്ര പണം ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്ന ഇടത് മുന്നണിയും അവരുടെ സര്‍ക്കാരും ലഭിച്ചപണംപോലും അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിച്ചിട്ടില്ല. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയിട്ടില്ല. നഷ്ടം നികത്താനും കണ്ണീരൊപ്പാനും കഴിയാത്ത സര്‍ക്കാര്‍ മറ്റുള്ളവരെ പഴിചാരി കഴിവില്ലായ്മ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനല്‍കിയ ഇടതു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ എന്തെങ്കിലും ശരിയാക്കുമോ എന്നാണ് പരക്കെ ഉയരുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: