പി. കൃഷ്ണപിള്ളയുടെ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. സ്മാരകം കത്തിക്കാനും പ്രതിമ തകര്‍ക്കാനും ഗൂഢാലോചന നടത്തിയവരില്‍ പലരും ഇപ്പോള്‍ കണ്ണര്‍ക്കാട്ടെ കൃഷ്ണപിള്ള സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാര്‍ച്ചന നടത്തി രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന് മുദ്രാവാക്യം വിളിക്കുന്നു!!
കേരളത്തിലെ കമ്യൂണിസ്റ്റുകള്‍, അത് ഇടതായാലും വലതായാലും എല്ലാവരും ഒരുപോലെ സഖാവ് എന്നു വിളിച്ചിട്ടുള്ളത് പി. കൃഷ്ണപിള്ളയെ മാത്രമാണ്. ഒരുപക്ഷേ അത്രമാത്രം വൈകാരികതയോടെ കമ്യൂണിസ്റ്റുകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പേരും കൃഷ്ണപിള്ളയുടേതാണ്. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരുമിച്ചൊരു നേതാവിന്റെ ചരമദിനം ആചരിക്കുന്നതും കൃഷ്ണപിള്ളയുടേതു മാത്രം. എന്നിട്ടും സഖാക്കള്‍ കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ചു, പ്രതിമ തല്ലിത്തകര്‍ത്തു. കാരണമോ?
തള്ളയെ തല്ലുന്ന സഖാക്കള്‍
‘സഖാവി’നെ കത്തിച്ചവരാണ് ഇന്നും കമ്മ്യൂണിസം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത്. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ചത് സിപിഎമ്മുകാരാണോ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞത് ‘സഖാക്കള്‍ തള്ളയെ തല്ലുന്നവരല്ലാ’ എന്നാണ്. ഒടുവില്‍ പ്രതിക്കൂട്ടില്‍ എത്തിയവരെല്ലാം സ്വന്തം അനുയായികളായ സഖാക്കളാണെന്ന് വ്യക്തമായതോടെ മൗനത്തില്‍ ഒളിക്കുകയായിരുന്നു, കൃഷ്ണപിള്ളയാണ് തന്നെ പാര്‍ട്ടിയിലേക്ക് കൊണ്ടു വന്നതെന്ന് അവകാശപ്പെടുന്ന അച്യുതാനന്ദന്.
ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ച് അട്ടിമറിച്ച കേസുകളുടെ പട്ടികയിലൊന്നായി കൃഷ്ണപിള്ള കേസും മാറി. സിപിഎം പ്രഖ്യാപിച്ച അന്വേഷണകമ്മീഷന് എവിടെയെന്ന അണികളുടെ ചോദ്യത്തിനും ഉത്തരമില്ല. 2013 ഒക്ടോബര്‍ മുപ്പത്തിയൊന്നിന് അര്‍ദ്ധരാത്രിയാണ് മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തെ കൃഷ്ണപിള്ള സ്മാരകം കത്തിച്ചത്. തുടക്കത്തില്‍ അന്വേഷണം നടത്തിയ പോലീസുദ്യോഗസ്ഥര്‍ ഒത്തുകളിച്ച് തെളിവുകള്‍ നശിപ്പിച്ചു. പിന്നീട് അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണ് പ്രതികളായ അഞ്ചു സിപിഎമ്മുകാരെ വലയിലാക്കിയത്. ഇവരെ സഹായിച്ച ഉന്നത സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെ ക്രൈംബ്രാഞ്ചിലും സമ്മര്‍ദ്ദം മുറുകി. ഇതോടെ അന്വേഷണം വഴിമുട്ടി. കൃഷ്ണപിള്ള സ്മാരകവും തൊട്ടടുത്ത് കായിപ്പുറത്ത് ഇന്ദിരാഗാന്ധി സ്തൂപവും തകര്‍ത്തത് മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു. രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കോണ്‍ഗ്രസ്സ്! ആര്‍എസ്എസ്!!
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കണ്ണൂരില്‍ കല്ലേറു കിട്ടിയതിന്റെ കോലാഹലം കേരളമാകെ കത്തിനില്‍ക്കുമ്പോഴാണ് മൂന്നു ദിവസത്തിനുശേഷം ആലപ്പുഴയില്‍ കൃഷ്ണപിള്ള സ്മാരകം അഗ്നിക്കിരയാക്കുന്നതും പ്രതിമ തകര്‍ക്കുന്നതും. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന എല്‍ഡിഎഫ് ആരോപണത്തെ തുടര്‍ന്ന്, എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെങ്കിലും സിപിഎം നേതൃത്വം തൃപ്തരായില്ല. തുടര്‍ന്നു നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഇതിനിടെ സ്മാരകം തകര്‍ത്തത് ആര്‍എസ്എസുകാരാണെന്ന പ്രചരണവും സിപിഎം അഴിച്ചുവിട്ടു. എന്നാല്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. പളനിയടക്കമുള്ളവര് സിപിഎം നുണപ്രചാരണത്തിനെതിരെ രംഗത്തെത്തി.
ആര്എസിഎസിനോ, കോണ്‍ഗ്രസ്സിനോ സ്മാരകം നിലനില്‍ക്കുന്ന മുഹമ്മ കണ്ണര്‍കാട്ട് സ്വാധീനമില്ല. കമ്മ്യൂണിസ്റ്റ് കോട്ടയായ പ്രദേശത്ത് മറ്റുള്ളവര്‍ക്ക് കടന്നുകയറി അക്രമം നടത്താനാകില്ലെന്നും വ്യക്തമായിരുന്നു. പളനി അടക്കമുള്ളവരുടെ മൊഴികളാണ് അന്വേഷണം സിപിഎമ്മുകാരിലേക്ക് നീളാന്‍ പ്രധാന കാരണം. സംഭവം നടന്നതിന്റെ മുന്‍പുള്ള ദിവസങ്ങളില്‍ ഉന്നത സിപിഎം നേതാക്കളുടെ പ്രദേശത്തെ സാന്നിദ്ധ്യവും ഫോണ്‍കോളുകളും യഥാര്‍ത്ഥ പ്രതികളെ കുടുക്കാന്‍ അന്വേഷണസംഘത്തെ സഹായിച്ചു.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ചാരമംഗലം തോട്ടത്തുശേരില് ലതീഷ് ബി. ചന്ദ്രന്, കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. സാബു, ഡിവൈഎഫ്ഐ നേതാക്കളായ ദീപു, രാജേഷ് രാജന്, സിപിഎമ്മുകാരനായ പ്രമോദ് എന്നിവരാണ് പ്രതികളെന്ന് കാണിച്ച് 2014 നവംബറില്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി പത്രക്കുറിപ്പും ഇറക്കി. പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താതെ പോലീസ് റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുത്തതിലെ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രതികളെല്ലാവരും തന്നെ പല ഘട്ടങ്ങളിലായി ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. തുടരന്വേഷണം ജില്ലയിലെ പ്രമുഖ സിപിഎം നേതാവിലേക്കും നീളുന്ന ഘട്ടത്തില്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടായി. അന്വേഷണം പൊടുന്നനെ നിലച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.പി. ചിത്തരഞ്ജനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അടുത്തതായി സംസ്ഥാന കമ്മിറ്റിയംഗത്തെയും തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയംഗത്തെയും ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് അന്വേഷണം നിലച്ചത്. ഉദ്യോഗസ്ഥനെ നീക്കി അന്വേഷണം അട്ടിമറിക്കാനും ശ്രമങ്ങള്‍ നടന്നു. സിപിഎമ്മില്‍ ജില്ലയിലെ സുപ്രധാന സ്ഥാനം വഹിക്കുന്ന വിഎസ്-ഐസക് പക്ഷനേതാവ് സ്മാരകം തകര്‍ക്കുന്നതിന് മുന്‍പും ശേഷവും പ്രതികളായ ലതീഷ് ബി. ചന്ദ്രന് അടക്കമുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. മറ്റു സാഹചര്യത്തെളിവുകളെല്ലാം നേതാവിനെതിരായിരുന്നു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനെതിരെ പ്രക്ഷോഭം നടത്തുന്നതിനും പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുന്നതിനും ജില്ലാ സെക്രട്ടറിയേറ്റിലടക്കം നേതാവ് എതിരായ നിലപാടാണ് സ്വീകരിച്ചത്.
അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ചില പേഴ്സണല്‍ സ്റ്റാഫംഗങ്ങളും പ്രതി ലതീഷുമായി സ്മാരകം തകര്‍ക്കപ്പെട്ടതിന് മുന്‍പും പിന്നീടുമുള്ള ദിവസങ്ങളില്‍ നിരന്തരം സംസാരിച്ചെന്നു തെളിയിക്കുന്ന മൊബൈല്‍ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതോടെ വിഎസ് പക്ഷ നേതാക്കള്‍ പലരും സംശയനിഴലിലായി. ഈ സാഹചര്യത്തിലാണ് അച്യുതാനന്ദനെതിരെ ഗുരുതരമായ ആരോപണം ടി.കെ. പളനി ഉന്നയിച്ചത്. അച്യുതാനന്ദന്റെ അറിവോടെയാണ് അക്രമം നടന്നതെന്നായിരുന്നു പളനിയുടെ ആരോപണം. ഇതോടെ ഇരുവരും തമ്മില്‍ വാക്പോരാട്ടവും തുടങ്ങി.
എന്നിട്ടും വിഎസിലെത്താതെ…
പാര്‍ട്ടി ആചാര്യന്റെ സ്മാരകം തകര്‍ത്തിട്ടും പാര്‍ട്ടി കാര്യക്ഷമമായി വിഷയത്തില്‍ ഇടപെടാത്തതില്‍ മുതിര്‍ന്ന നേതാവായ പളനി നിരാശനായിരുന്നു. അധികം വൈകാതെ പളനി സിപിഎം വിട്ട് സിപിഐയില്‍ ചേക്കേറി. പളനി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പളനിയുടെ മൊഴിയുടെയും മൊബൈല്‍ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ വിഎസില്‍നിന്ന് ക്രൈംബ്രാഞ്ചിന് മൊഴിയെടുക്കേണ്ടിവരുമായിരുന്നു. കൃഷ്ണപിള്ളയ്ക്കൊപ്പം പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ച നേതാവുതന്നെ സംശയത്തിന്റെ നിഴലിലാകുന്ന ഗതികേടിലും അപമാനകരമായ അവസ്ഥയിലും എത്തിയ പാര്‍ട്ടിയെ രക്ഷിച്ചത് അക്കാലത്ത് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പ്രമുഖനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
സിപിഎമ്മിലും പൊതുസമൂഹത്തിലും സ്മാരകം കത്തിച്ചതിനെ ചൊല്ലി വിവാദം കത്തി നില്‍ക്കെ 2016 ഏപ്രിലില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും, പാര്‍ട്ടിയിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമെന്നുമുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് എസ്പി: പി.ബി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേരെ തന്നെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഞ്ഞിക്കുഴിയിലെ സിപിഎം വിഭാഗീയതയെത്തുടര്‍ന്നു പ്രതികള്‍ സ്മാരകത്തിന് തീവയ്പ്പ് നടത്തിയശേഷം കൃഷ്ണപിള്ളയുടെ പ്രതിമ അടിച്ചുതകര്‍ത്തെന്നാണു കേസ്.
കേസിലെ പ്രധാന സാക്ഷികളും സിപിഎമ്മുകാരാണ്. കേസിലെ പ്രതികള്‍ എല്ലാവരും വിഎസ് പക്ഷക്കാരാണ്. ലതീഷ് ബി. ചന്ദ്രന് ഗൂഢാലോചന നടത്തിയാണ് സ്മാരകം തകര്‍ത്തതെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. സ്മാരകം തകര്‍ക്കലിലേക്ക് നയിച്ചത് സിപിഎമ്മിലെ വിഭാഗീയതയാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മുഹമ്മ കണ്ണര്‍കാട്ട് പാര്‍ട്ടി നടപടികള്‍ നേരിട്ട വിഎസ് പക്ഷക്കാരായ ലതീഷ്, മുന്‍ ലോക്കല്‍ കമ്മറ്റിസെക്രട്ടറി പി. സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവര്‍ ആസൂത്രണം ചെയ്താണ് അക്രമം നടത്തിയത്. സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടാക്കാനായി സമീപ പ്രദേശമായ കായിപ്പുറത്തെ ഇന്ദിരാഗാന്ധിയുടെ സ്തൂപവും ഇവര്‍ തകര്‍ത്തെന്നാണ് കുറ്റപത്രത്തിലുള്ളത്. കൃഷ്ണപിള്ള സ്മാരകം പോലും സംരക്ഷിക്കാന്‍ കഴിയാത്തവരാണ് ഔദ്യോഗിക പക്ഷ നേതൃത്വം എന്നു വരുത്തിത്തീര്‍ക്കുകയും ഇവരുടെ ലക്ഷ്യമായിരുന്നു. മുന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ എല്ലാം ഇപ്പോഴത്തെ അന്വേഷണ സംഘവും ശരിവെച്ചു.
ചെല്ലിക്കണ്ടത്തിലെ പച്ചക്കറികള്‍
പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സ്ഥാപക നേതാവിനുപോലും രക്ഷയില്ലെന്ന് കൃഷ്ണപിള്ള സ്മാരകത്തിന്റെ ദുര്‍ഗതി വ്യക്തമാക്കുന്നു. കള്ളം പ്രചരിപ്പിച്ച് എത്രകാലം കേരളത്തിലെ സിപിഎം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും? എത്രകാലം കൂടി അവരുടെ കാലാളുകളും അനുഭാവികളും ഈ നുണപ്രചാരണങ്ങളെ പിന്തുടരും? സിപിഎം നേതൃത്വം മറുപടി പറയേണ്ടൊരു ചോദ്യമാണിത്. കേസ് ഇപ്പോള്‍ ആലപ്പുഴ ജില്ലാസെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. രണ്ടര വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം വായിച്ചിട്ടു പോലുമില്ല. കേസ് നടത്തിപ്പ് അനന്തമായി നീളുകയാണ്. പാര്‍ട്ടി സ്ഥാപകന്റെ സ്മാരകം കത്തിച്ചവരെ ശിക്ഷിക്കണമെന്ന താല്‍പ്പര്യം സ്മാരകത്തിന്റെ ഉടമസ്ഥരായ സിപിഎമ്മിനും ഇല്ല.
ചെല്ലിക്കണ്ടത്തില്വീട് സിപിഎം സ്മാരകം നിര്‍മ്മിക്കാന്‍ വാങ്ങിയത് 2003ലാണ്. 25 സെന്റ് സ്ഥലവും അതിലൊരു കൂരയുമാണ് വാങ്ങിയത്. കൃഷ്ണപിള്ളയുടെ പേരില്‍ കോടികള്‍ പിരിച്ച് ഓഫീസിനായി ബഹുനില മന്ദിരം ആലപ്പുഴയില്‍ പടുത്തുയര്‍ത്തിയ സിപിഎം നേതൃത്വം പാര്‍ട്ടി സ്ഥാപകാചാര്യന്‍ പാമ്പുകടിയേറ്റ് മരിച്ച സ്മാരക മന്ദിരം ചുറ്റുമതില്‍ പോലും കെട്ടി സംരക്ഷിച്ചില്ല. ഓലപ്പുര നവീകരിക്കുകയും, ഇവിടെ കൃഷ്ണപിള്ളയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുകയും മാത്രമാണുണ്ടായത്.
ലൈബ്രറി, ഗവേഷണകേന്ദ്രം, സ്മാരകം എന്നിവ അവിടെ നിര്‍മ്മിക്കുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. ചെല്ലിക്കണ്ടത്ത് സ്മാരകം നിര്‍മ്മാണത്തിനായി പാര്‍ട്ടി ഫണ്ട് ശേഖരണം തുടങ്ങിയെങ്കിലും പിന്നീട് ആ പണം ഉള്‍പ്പെടെ ചെലവഴിച്ച് കൃഷ്ണപിള്ള സ്മാരകമെന്ന പേരില്‍ ആലപ്പുഴ നഗരത്തില്‍ കോടികള്‍ ചെലവഴിച്ച് ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു. എം.എ. ബേബി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുമ്പോഴായിരുന്നു നിര്‍മ്മാണം. റിസോര്‍ട്ട് മാതൃകയില്‍ കോടികള്‍ ചെലവഴിച്ച് കൃഷ്ണപിള്ളയുടെ പേരില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചതും അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ചെറ്റക്കുടിലില്‍ താമസിക്കുമ്പോള്‍ പാമ്പു കടിയേറ്റു മരിച്ച നേതാവിന്റെ പേരില്‍ കൊട്ടാരം നിര്‍മ്മിക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇപ്പോള്‍ ചെല്ലിക്കണ്ടത്തെ ഭൂമിയില്‍ സിപിഎം നേതൃത്വത്തില്‍ പച്ചക്കറി കൃഷി നടത്തുകയാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: