ചൈനക്കാര്‍ ഒരു കാര്യത്തില്‍ മിടുമിടുക്കരാണ്. ഡ്യൂപ്ലിക്കേറ്റുകള്‍ പടച്ചുവിടുന്ന കാര്യത്തില്‍. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ നിര്‍മിക്കുന്നതില്‍ ചൈനക്കാരനെ കവച്ചു വയ്ക്കാന്‍ ഒരു രാജ്യക്കാരനുമില്ല. ഭൂമിയിലെ സമസ്ത സാധനങ്ങള്‍ക്കും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈനക്കാരന് ഇതാ, ആകാശത്തും അതേ പരിപാടിയിലേക്ക് കടക്കുന്നു. തുടക്കം സാക്ഷാല്‍ ചന്ദ്രന് ഒരു ഡ്യൂപ്പിനെ നിര്‍മിക്കുന്നത്. ചേരുവകളെല്ലാം ചേരുംപടി ഒത്താല്‍ ബഹിരാകാശത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ചന്ദ്രന് കൂടി ഉദിക്കും. ‘ചന്ദ്രന്’ മെയ്ഡ് ഇന്‍ ചൈന!!
പണ്ട് വിശ്വാമിത്ര മഹര്‍ഷി ത്രിശങ്കുവിനുവേണ്ടി ഒരു ഡ്യൂപ്ലിക്കേറ്റ് ദേവലോകം നിര്‍മിച്ച കഥ പുരാണ പ്രസിദ്ധമാണ്. വിശ്വാമിത്രന്റെ വാശിയായിരുന്നു കൃത്രിമ ദേവലോകത്തിന്റെ നിര്‍മിതിക്കു പിന്നില്‍. എന്നാല്‍ ചൈനക്കാരന് ‘ചന്ദ്രനെ’ നിര്‍മിക്കുന്നത് വാശി തീര്‍ക്കാനല്ല. കാശ് ലാഭിക്കാനും കറന്റു ലാഭിക്കാനുമാണ്. സിയായില്‍ പ്രവിശ്യയിലെ ‘ചെംഗ്ദു’ നഗരത്തില്‍ രാത്രിയില്‍ വൈദ്യുത വിളക്കു കത്തിക്കാന്‍ ഒരുപാട് വൈദ്യുതി വേണ്ടിവരുന്നുവത്രെ. രാത്രിയില്‍ ഒരു കൃത്രിമ ചന്ദ്രനെവച്ച് സൂര്യവെളിച്ചം പ്രതിഫലിപ്പിച്ചാല്‍ പിന്നെ തെരുവ് വിളക്ക് വേണ്ട പോലും. ഭൂമിയില്‍നിന്ന് ഏതാണ്ട് 500 കിലോമീറ്റര്‍ ഉയരത്തിലാണ് കൃത്രിമ ചന്ദ്രനെ സ്ഥാപിക്കുന്നത്. നഗരത്തില്‍ ഏതാണ്ട് 50 കിലോമീറ്റര്‍ വിസ്താരത്തില്‍ ചൈനീസ് ചന്ദ്രന് രാത്രി വെളിച്ചം നല്‍കുമെന്നും അങ്ങനെയെങ്കില്‍ ഒരുവര്‍ഷംകൊണ്ട് 170 ദശലക്ഷം ഡോളര്‍ ലാഭിക്കാമെന്നുമാണ് ചൈനക്കാരന്റെ കണക്ക്.
പ്രത്യേകതരത്തില്‍ പടുകൂറ്റന്‍ കണ്ണാടിയാണ് ഈ പ്രകാശ കേന്ദ്രം. പരീക്ഷണങ്ങളെല്ലാം കൃത്യമായി നടക്കുന്ന പക്ഷം 2020 ല്‍ ഈ ചന്ദ്രദര്‍പ്പണവും കൊണ്ട് ബഹിരാകാശ വാഹനം കുതിച്ചുയരും. തുടര്‍ന്ന് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ദര്‍പ്പണം ഉറപ്പിക്കും. പദ്ധതി വിജയമെന്നു കണ്ടാല്‍ 2022 ല്‍ രണ്ട് കൃത്രിമ ചന്ദ്രന്മാരെക്കൂടി ആകാശത്തേക്കയയ്ക്കുമെന്ന് പ്രൊജക്ടിന്റെ ചാലകശക്തിയും ചെംഗ്ദു എയ്റോസ്പേസ് സയന്‍സ് ആന്റ് ടെക്നോളജി മൈക്രോ ഇലക്ട്രോണിക്സ് സിസ്റ്റം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ടിയാന്‍ഫു ന്യൂ എരിയ സയന്‍സ് സൊസൈറ്റി അധ്യക്ഷനുമായ വൂച്ചന്‍ ഫെംഗ് പറയുന്നു. എന്നാല്‍ ഈ പദ്ധതിയില്‍ ചൈനീസ് സര്‍ക്കാരിന് പങ്കാളിത്തമുണ്ടോയെന്നത് ഇനിയും വ്യക്തമല്ല.
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ പടുകൂറ്റന്‍ ദര്‍പ്പണങ്ങള്‍ സ്ഥാപിച്ച് ഇരവ് പകലാക്കാമെന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ജര്‍മ്മന്‍ ശാസ്ത്രജ്ഞന് ഹെര്‍മന്‍ ഒബെര്‍ത്ത് ആയിരുന്നു. 1920 കളിലായിരുന്നു ഇത്. അതിന്റെ അടിസ്ഥാനത്തിലാണ്. ‘സാംയ-2’ എന്ന പേരില്‍ ഒരു കൃത്രിമദര്‍പ്പണത്തെ റഷ്യക്കാര്‍ ആകാശത്തേക്ക് തൊടുത്തുവിട്ടത്. പക്ഷേ വിക്ഷേപണം പരാജയപ്പെട്ടു. കഷ്ടിച്ച് രണ്ട് മൈല്‍ വീതിയുള്ള ഒരു പ്രകാശകിരണത്തെ പ്രതിഫലിപ്പിക്കാന്‍ മാത്രമാണ് ആ ദര്‍പ്പണത്തിനു കഴിഞ്ഞത്. ഭൂവാസികള്‍ക്ക് കേവലമൊരു നക്ഷത്ര തിളക്കംപോലെ മാത്രമാണത് അനുഭവപ്പെട്ടത്. ആറുവര്‍ഷത്തിനുശേഷം ‘സാംയ-2’ എന്ന പേരില്‍ റഷ്യക്കാര്‍ വിക്ഷേപിച്ച നവീകരിച്ച ദര്‍പ്പണത്തിനും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഭ്രമണപഥത്തില്‍ ദര്‍പ്പണം ഉറപ്പിച്ചപ്പോഴുണ്ടായ പിഴവായിരുന്നു പരാജയ കാരണം.
ചൈനക്കാര്‍ കരുതുംപോലെ അത്ര എളുപ്പമല്ല കൃത്രിമ ചന്ദ്രന്റെ കാര്യം എന്ന് വിശ്വസിക്കുന്നവരാണ് മിക്ക ബഹിരാകാശ ഗവേഷകരും എയ്റോ സ്പേസ് ശാസ്ത്രജ്ഞരും. ഭൂമിയുടെ ലോവര്‍ ഓര്‍ബിറ്റില്‍ സഭാ ചലനവിധേയമായ ദര്‍പ്പണത്തെ ഉറപ്പിച്ചു നിര്‍ത്തുക ചില്ലറ കാര്യമല്ല. ഉറച്ചുനില്‍ക്കാത്ത പക്ഷം ലക്ഷ്യസ്ഥാനത്ത് രാവെളിച്ചം പതിക്കില്ല. ദര്‍പ്പണം ഉറച്ചുനില്ക്കണമെങ്കില് റോക്കറ്റ് ത്രസ്റ്ററുകള്‍ ആവശ്യമാണ്. അവയുടെ പ്രവര്‍ത്തനത്തിനുവേണ്ട ഇന്ധന ചെലവ് വഴിവിളക്ക് കത്തിക്കാനാവശ്യമായതിന്റെ നിരവധി ഇരട്ടിയാവും. ഇത്രയൊക്കെ ചെയ്തിട്ടും പ്രതിഫലന കോണില്‍ നേരിയ ഭ്രംശം സംഭവിച്ചാല്‍ പ്രകാശകിരണം പതിക്കുക ലക്ഷ്യസ്ഥാനത്തുനിന്നും നിരവധി കാതങ്ങള്‍ അകലെയായിരിക്കും.
ഉയര്‍ന്ന ഭ്രമണപഥത്തില്‍ കൃത്രിമചന്ദ്രനെ സ്ഥാപിച്ചാല്‍ സൂര്യപ്രകാശത്തെ വേണ്ടവിധം ഭൂമിയില്‍ എത്തിക്കാനും കഴിയില്ലത്രെ.
ഇനിയുമുണ്ട് പ്രശ്നങ്ങള്‍. ലോകത്തെ മിക്ക മഹാനഗരങ്ങളും തീവ്രമായ പ്രകാശമലിനീകരണംകൊണ്ട് പൊറുതിമുട്ടുകയാണിന്ന്. അപ്പോള്‍ രാത്രിയില്‍ മുടക്കമില്ലാതെ സൂര്യപ്രകാശംകൂടി നല്കിയാല് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് അത് വഴിതെളിക്കും. മാനസിക തകരാറുകള്‍ക്ക് കാരണമാവും. സസ്യ-ജന്തു ജാലങ്ങളുടെ ജീവിതചക്രം തന്നെ തകിടം മറിയാന്‍ അതിടവരുത്തും. മനുഷ്യന്റെയും മൃഗങ്ങളുടെയും ജൈവ ഘടികാരത്തിന് താളം തെറ്റും.
പക്ഷേ ഇത്തരം ശങ്കകള്‍ക്കൊന്നും സ്ഥാനമില്ലെന്നാണ് എയ്റോ സ്പേസ് വിദഗ്ദ്ധരുടെ ഉറപ്പ്. കാരണം പദ്ധതി പ്രായോഗികമാകാനിടയില്ല. സാംയയുടെ ഗതിതന്നെയാവും പിന്‍ഗാമികള്‍ക്കുമെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: