കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ഇപ്പോള്‍ പ്രാബല്യത്തിലുള്ള 44 തൊഴില്‍നിയമങ്ങള്‍ ക്രോഡീകരിച്ച് വിവിധ മേഖലകളില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. നിയമഭേദഗതിയുടെ ഭാഗമായി സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവുമായി ബന്ധപ്പെട്ട വിഭാഗത്തിലെ കരട് ബില്ല് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച തൊഴിലാളി യൂണിയനുകളുടെയും മറ്റും യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരുന്നു. പ്രബല സംഘടനയായ ബിഎംഎസും ചെറിയ സംഘടനകളായ ടിയുസിസി, എന്‍എഫ്ഐടിയു എന്നിങ്ങനെ മൂന്ന് സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇടതു തൊഴിലാളി യൂണിയനുകള്‍ വിട്ടുനിന്നു.
രാജ്യത്തെ നാലരക്കോടി വരുന്ന തൊഴിലാളികള്‍ക്ക് പെന്‍ഷനും ചികിത്സയുമടക്കമുള്ള സുരക്ഷ ലഭ്യമാക്കാന്‍ കഴിയുന്ന ഭേദഗതിയിലൂടെ കോര്‍പ്പറേറ്റ് തലം മുതല്‍ താഴെത്തട്ടിലെ സാധാരണ തൊഴിലാളികള്‍ക്കുവരെ സാമൂഹികസുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മോദി സര്‍ക്കാരിനുള്ളത്. നിയമ ഏകോപനത്തിലൂടെ തൊഴിലാളി ക്ഷേമം, വേതനം, ആരോഗ്യം എന്നിവയിലൂന്നിയുള്ള ഭേദഗതികളാണ് പരിഗണിക്കുന്നത്. അടല്‍ പെന്ഷന് പദ്ധതി, പ്രധാനമന്ത്രി അപകട ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവയുടെ ആനുകൂല്യങ്ങള്‍ കഴിയുന്നത്ര തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാനാവുമോയെന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ തൊഴിലാളികളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള സാധ്യതയും പരിശോധിക്കുന്നു.
മൂലധന ശക്തികളുടെ വന്‍തോതിലുള്ള സ്വാധീനവും അതുകൊണ്ടുതന്നെ കടുത്ത സമ്മര്‍ദ്ദങ്ങളും നിലനില്‍ക്കുന്ന ഒന്നാണ് തൊഴില്‍ മേഖല. എന്നാല്‍ മുന്സര്ക്കാരുകളില്നിന്ന് വ്യത്യസ്തമായി തുറന്ന മനസ്സോടെയുള്ള സമീപനമാണ് മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നത്. ഇത് ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്ക് കഴിയുന്നില്ല. ഇക്കാരണംകൊണ്ടാണ് സാമൂഹ്യസുരക്ഷിതത്വവും ക്ഷേമവും സംബന്ധിച്ച കരട് ബില്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഇക്കൂട്ടര്‍ പങ്കെടുക്കാതിരുന്നത്. തൊഴിലാളി യൂണിയനുകളും തൊഴിലാളികളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിന്റെ അറിയിപ്പ് കിട്ടാന്‍ വൈകിയതാണ് കാരണമായി പറയുന്നതെങ്കിലും രാഷ്ട്രീയപ്രേരിതമാണ് നിഷേധാത്മകമായ തീരുമാനത്തിന് കാരണമെന്ന് വ്യക്തം.
വിയോജിപ്പുകള്‍ എന്തുതന്നെയായിരുന്നാലും നിയമഭേദഗതികള്‍ നടപ്പാക്കുന്നതിനു മുന്‍പുതന്നെ ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്താവുന്നതാണ്. ഇതിനു പകരം കേന്ദ്രസര്‍ക്കാരിനെതിരെ ജനുവരിയില്‍ ദേശീയ പണിമുടക്ക് നടത്താനുള്ള ഇടതു തൊഴിലാളി യൂണിയനുകളുടെ തീരുമാനം ദുഷ്ടലാക്കാണ്. മോദി സര്‍ക്കാരിനോടുള്ള രാഷ്ട്രീയ വിരോധമാണ് ഇതിന് കാരണം. കോണ്‍ഗ്രസ്സിന്റെ അധികാരമോഹത്തിന് കുടപിടിക്കുന്ന ഇടതുപാര്‍ട്ടികള്‍ മോദിസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പണിമുടക്കും. തൊഴിലാളികളുടെ ക്ഷേമമല്ല, കോണ്‍ഗ്രസ്സിന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ഇക്കൂട്ടരുടെ ഉദ്ദേശ്യം.
യോഗത്തില്‍ പങ്കെടുത്ത ബിഎംഎസ് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. തൊഴിലാളികളെ വേര്‍തിരിക്കാതെ എല്ലാ മേഖലയിലുമുള്ളവര്‍ക്കും തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്നും, സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം കണക്കാക്കിയാവരുത് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും ബിഎംഎസ് ദേശീയ അധ്യക്ഷന്‍ സി.കെ. സജിനാരായണന്‍ ആവശ്യപ്പെട്ടു. തൊഴില്‍ സുരക്ഷയെയും ആരോഗ്യവിഷയത്തെയും സേവന നിബന്ധനകളില്‍നിന്ന് വേറിട്ടു കാണണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. തൊഴില്‍ സുരക്ഷ അടിസ്ഥാന അവകാശമാക്കണം, തൊഴിലാളികളുടെ ഇഷ്ടാനുസരണം മാറാവുന്നതാവണം തൊഴില്‍ സമയം തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ബിഎംഎസിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നും സ്വീകരിക്കുമെന്നും പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: