ശബരിമലയില്‍ അയ്യപ്പ ഭക്തന്മാര് ദുരിതമനുഭവിക്കുമ്പോള്‍ അവരെ നിയന്ത്രിക്കാന്‍ നിയുക്തരായ പൊലീസുകാരും ദുരിതത്തിലാണ്. ഉത്തരവു നടപ്പാക്കാന്‍ ബാധ്യസ്ഥരായി ഭക്തരെ നേരിടുന്ന പൊലീസ് സേനയിലെ ഓഫീസര്‍മാരടക്കം നല്ലൊരു ഭാഗവും അസ്വസ്ഥരുമാണ്. അവര്‍ക്കു പ്രതികരിക്കാനാവുന്നില്ലെന്നു മാത്രം. സ്വന്തം നയം നടപ്പാക്കാന്‍, പോലീസിലെ വിവാദപശ്ചാത്തലവും സിപിഎം ബന്ധവുമുള്ളവരെ തെരഞ്ഞുപിടിച്ച് ശബരിമലയിലേയ്ക്കയച്ച സര്‍ക്കാരാണ് സന്നിധാനത്തടക്കമുള്ള പൊലീസ് അതിക്രമങ്ങള്‍ക്ക് ഉത്തരവാദി. ഭക്തരെ ക്രിമിനലുകളെയെന്ന പോലെ നേരിടാന്‍ കൃത്യമായ നിര്‍ദേശം അവര്‍ക്കു ലഭിച്ചിട്ടുള്ളതായിത്തന്നെ വേണം കരുതാന്‍. നടപ്പന്തലില്ത്തന്നെ ഭക്തരെ കൈകാര്യം ചെയ്യുന്നതില്‍ ആനന്ദിക്കുന്നവര്‍ ആരോ ഉണ്ടെന്നു വ്യക്തം. ഇടതു സര്‍ക്കാരിന്റ ജനാധിപത്യവിരുദ്ധവും ഹിന്ദുവിരുദ്ധവും നിയമവിരുദ്ധവുമായ നയങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരായിരിക്കുകയാണു പൊലീസ് സേന. ഭക്തരായ പൊലീസുകാര്‍ നിസ്സഹായരാവുന്നു. മാനസിക സമ്മര്‍ദത്തിനൊപ്പം സന്നിധാനത്തേയും പമ്പയിലേയുമൊക്കെ അസൗകര്യങ്ങളും അവര്‍ക്കു ദുരതമാകുന്നു. നിലവിലെ സൗകര്യങ്ങള്‍ക്കു താങ്ങാവുന്നതിലധികം പൊലീസുകാരെ സന്നിധാനത്തേക്കയച്ച അധികൃതരാണ് ഇക്കാര്യത്തിലും കുറ്റക്കാര്‍.
വന്‍ പൊലീസ് സംഘത്തെ അവിടെ വിന്യസിച്ചതോടെ സംസ്ഥാനത്താകെ ക്രമസമാധാനപാലനവ്യവസ്ഥ തകരാറിലാവുകയും ചെയ്തു. കുറ്റവാസനയുള്ളവര്‍ക്ക് സംസ്ഥാനത്താകെ അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണു സര്‍ക്കാര്‍. ക്രമസമാധാന പാലനം നാടിന്റെ സ്വച്ഛവും സുരക്ഷിതവും സമാധാനപരവുമായ നിലനില്പിന്റെ നട്ടെല്ലാണ്. അതു നടപ്പാക്കാന്‍ ഭരണകൂടത്തിനുള്ള ശക്തമായ സംവിധാനമാണ് പൊലീസ്. നാടിന്റെ സ്പന്ദനങ്ങള്‍ അറിയാനും കൃത്യസമയത്ത് പ്രവര്ത്തനനിരതരാകാനുമാണ് നാട്ടിലുടനീളം പൊസീസ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരിക്കുന്നതും. ഈ സംവിധാനത്തെ അപകടകരമാംവിധം താറുമാറാക്കിക്കൊണ്ടാണ് കേരളത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനം മുന്നോട്ടുപോകുന്നത്. ശബരിമല എന്ന ഒറ്റ ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സര്‍ക്കാരും പൊലീസ് സംവിധാനവും നാടിന്റെ സുരക്ഷ മറന്ന അവസ്ഥയാണ്. ക്രിമിനലുകള്‍ക്കും അരാജക, വിധ്വംസക ശക്തികള്‍ക്കും അപ്രഖ്യാപിത സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്തെ ആകെ പൊലീസ് സേനാംഗങ്ങളില്‍ പതിനയ്യായിരത്തിലേറെപ്പേരെ ശബരിമലയിലും മറ്റുമായി വിന്യസിച്ചിരിക്കുകയാണ്. ഇത് ആകെ സേനാംഗങ്ങളുടെ മൂന്നിലൊന്നിനടുത്തു വരും. ആ നിലയ്ക്ക് മറ്റിടങ്ങളിലെ പൊലീസ് സേനയില്‍ കാര്യമായ കുറവുവരുമെന്നു വ്യക്തം. 615 പേരുടെ സേവനത്തിന് ഒരു പൊലീസ് എന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. മിക്കവാറും എല്ലാ ജില്ലകളിലേയും സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരില്‍ നല്ലൊരു ഭാഗത്തേയും സുപ്രീം കോടതിവിധി നാടപ്പാക്കാന്നെന പേരില്‍ ശബരിമലയിലും പമ്പയിലും എരുമേലിയിലും നിലയ്ക്കലുമൊക്കെയായി വിന്യസിച്ചിരിക്കുകയാണ്.
പല സ്റ്റേഷനുകളിലേയും പകുതിയിലേറെ പൊലീസ് ഇത്തരം ചുമതലയിലാണ്. പല സ്റ്റേഷനുകളിലും ദൈനംദിന കാര്യങ്ങള്‍ക്കുപോലും സേനാംഗങ്ങള്‍ വേണ്ടത്ര ഇല്ല. ഉള്ളവര്‍ക്ക് വിശ്രമവും അവധിയും ഒഴിവാക്കി ജോലിചെയ്യേണ്ട അവസ്ഥയാണ്. മണ്ഡലകാലം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ വരുന്ന ദിനങ്ങളായതിനാല്‍ വാഹനനിയന്ത്രണം, വാഹന പരിശോധന, സ്റ്റേഷനിലെ പരാതി സ്വീകരിക്കല്‍, അന്വേഷണം തുടങ്ങിയവ പതിവു ജോലികളില്‍പ്പെടും. ഇതിനു പുറമെ, അവിചാരിതമായ സംഭവങ്ങള്‍ ഉണ്ടായാല്‍ അതുകൈകാര്യം ചെയ്യാനും ഇതേ പൊലീസ് സേന തന്നെ വേണം.
നാട്ടുകാരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുക എന്നതാണ് പൊലീസിന്റെ പരമപ്രധാനമായ ചുമതല. ഒരു കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ നാടിനും നാട്ടുകാര്‍ക്കും നിഷേധിക്കേണ്ടതല്ല ആ സേവനം എന്നു മനസ്സിലാക്കാന്‍ സര്‍ക്കാരിനു കഴിയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: