പമ്പ: അയ്യപ്പഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ വാശിയോടെ പോലീസ് നടപ്പാക്കുന്നു. ഇന്നലെയും ഭക്തര്‍ നരകിച്ചു. തീര്‍ഥാടകരുടെ പ്രവാഹം ഇല്ലാതിരുന്നിട്ടും നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ പിടിച്ചിട്ടു.
ബസുകള്‍ എപ്പോള്‍ വിടണമെന്ന് തീരുമാനിക്കുന്നത് പോലീസാണ്. കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് വിഭാഗം ഇതോടെ നോക്കുകുത്തിയായി. നിലയ്ക്കല്‍ – പമ്പ സര്‍വീസ് 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് വൈകിപ്പിക്കുന്നത്. നിലയ്ക്കലില്‍ നിന്ന് പമ്പയ്ക്ക് ഓരോ മിനിറ്റിലും ബസ് വിടുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഇതെല്ലാം പോലീസ് നിയന്ത്രണങ്ങളില്‍ ഇല്ലാതായി. ബസുകള്‍ ഒരുമിച്ച് വിട്ടാല്‍ ഗതാഗത തടസമുണ്ടാകുമെന്നാണ് പോലീസ് ഭാഷ്യം.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്ക്കുള്ള നിയന്ത്രണങ്ങളും തുടരുന്നു. രാവില 11.30ന് ശേഷം മല ചവിട്ടാന്‍ അനുവദിക്കില്ല. ഉച്ചയ്ക്ക് ഒന്നു മുതല്‍ മാത്രമാണ് അനുവാദം. രാത്രി ഒമ്പതിനു ശേഷം ആര്‍ക്കും മലചവിട്ടാന്‍ അനുവാദമില്ല. പുലര്‍ച്ചെ നാല് മുതലാണ് അനുവാദം. അതേസമയം, പമ്പ ഗണപതി കോവില്‍ ഓഡിറ്റോറിയത്തില്‍ വിശ്രമിക്കാനോ വിരിവയ്ക്കാനോ പോലീസിന്റെ അനുമതിയില്ല. ഇവിടെ കാട്ടുപന്നികള്‍ക്ക് കിടക്കാം. പക്ഷെ, അയ്യപ്പഭക്തര്‍ വന്നാല്‍ ഓടിക്കുന്ന അവസ്ഥയാണെന്നാണ് ഇതേക്കുറിച്ച് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: