വിലക്കുകളില്‍ പൊറുതിമുട്ടുകയാണ് ഓരോ അയ്യപ്പഭക്തനും. വീടുകള്‍ മുതല്‍ സന്നിധാനം വരെയും വിലക്കുകളാണ്. എന്ന് മാലയിടണം എന്നുതുടങ്ങി എപ്പോള്‍ സന്നിധാനത്ത് എത്തണമെന്നും നെയ്യഭിഷേകം എങ്ങനെ നടത്തണമെന്നും പോലീസും ഭരണകൂടവും തീരുമാനിക്കുന്നിടം വരെ എത്തിനില്കുന്നു. ശബരിമലയിലെ യുവതീപ്രവേശന വിധിയുടെ മറവില്‍ ശബരിമല എന്ന പുണ്യഭൂമിയെ മുച്ചൂടും മുടിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയുകയാണ് പിണറായി സര്‍ക്കാര്‍. അതുവഴി വിശ്വാസവും അമ്പലങ്ങളും നശിപ്പിക്കുകയെന്ന കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പാക്കാനാണ് പിണറായി വിജയന് എന്ന ‘പാര്‍ട്ടിസെക്രട്ടറി’ ശ്രമിക്കുന്നത്.
യുവതികളെ വിലക്കരുതെന്ന സുപ്രീംകോടതി പരാമര്‍ശം വരും മുമ്പേതന്നെ ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ശബരിമലയിലെ ‘തിരക്ക് നിയന്ത്രിക്കാനു’ള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് നാളുകളേറെയായി. ലക്ഷങ്ങള്‍ മാത്രം എത്തുന്ന തിരുപ്പതി മോഡല്‍ നടപ്പിലാക്കാന്‍ പഠനം വരെ നടത്തി. അതിനായി ഉദ്യോഗസ്ഥരെ തിരുപ്പതിയിലേക്ക് അയക്കുകയും ചെയ്തു. ദേവസ്വം കമ്മീഷണര്‍ സ്ഥാനത്തേയ്ക്ക് അഹിന്ദുവിനെ നിയമിക്കാനായി ദേവസ്വം ബില്ലില്‍ തിരുത്തല്‍ കൊണ്ടുവരാന്‍ ശ്രമിച്ചതും ഈ സര്‍ക്കാരാണെന്നത് ശബരിമലവിഷയങ്ങളോട് കൂട്ടിവായിക്കണം. ഇവയെല്ലാം ഹിന്ദുസമൂഹം കണ്ടില്ലെന്ന് നടിച്ചു, രാഷ്ട്രീയമായി കണ്ടു. അതിന്റെ ഫലമാണ് ശബരിമലയിലെത്തുന്ന ഓരോ ഭക്തനെയും നിയന്ത്രണങ്ങള്‍ വരിഞ്ഞുമുറുക്കുന്നത്.
കുഞ്ഞുമാളികപ്പുറങ്ങളെപോലും….
ഡിജിപി തൊപ്പി ലോക്നാഥ് ബഹ്റയ്ക്കാണെങ്കിലും ശബരിമലയില്‍ എല്ലാം തീരുമാനിക്കുന്നത് ഐജിമാരായ മനോജ് എബ്രഹാമും വിജയ് സാഖറെയും. സന്നിധാനം മാത്രമല്ല ശബരിമല എന്ന വിശ്വാസം പോലും ഭക്തരില്‍ നിന്ന് അവര്‍ പിടിച്ചെടുത്തു. പാക്കിസ്ഥാന് അതിര്‍ത്തിയിലുള്ളതിനേക്കാള്‍ സുരക്ഷാപരിശോധനയാണ് ശബരിമലയിലും പമ്പയിലും. ഇരുമുടികെട്ടുവരെ അഴിച്ച് പരിശോധിക്കും. ഇരുമുടിക്കെട്ടില്‍ ബോംബുമായി വരുമെന്ന ‘ഇന്റലിജന്‍സ്’ ഇല്ലാത്ത ഇന്‍ലിജന്റ്സ് റിപ്പോര്‍ട്ടിന്റെ മറവില്‍ കുഞ്ഞുമാളികപ്പുറങ്ങളുടെ പാല്‍ക്കുപ്പി വരെ അവര്‍ തുറന്ന് നോക്കുന്നുണ്ട്. വിസ്താരമുള്ള വൃത്തിയുള്ള നടപ്പന്തല്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ചെളിക്കുണ്ടില്‍ വിരിവെയ്ക്കണം. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും പുറത്തേയ്ക്ക് പോകാന്‍ അനുവാദമില്ല. പതിനെട്ടാംപടിക്ക് മുകളിലെത്തുന്ന ഭക്തന് കാണുന്നത് സോപാനത്തിന് ചുറ്റും തോക്കേന്തിയ കമാന്‍ഡോകളെ.
ഇരുമുടി അഴിച്ച്, നെയ്യഭിഷേകത്തനും മറ്റുമുള്ള ഒരുക്കങ്ങള്‍ക്കായി കോടികള്‍ മുടക്കി കോണ്‍ക്രീറ്റ് ചെയ്ത തറയില്‍ ഇരുന്നാല്‍ പിണറായി പോലീസ് പിടിച്ചെഴുന്നേല്പിക്കും. എല്ലായിടവും പോലീസ് ബൂട്ടുകള്‍ കൈയടക്കി. ചെളിയിലും അഴുക്കുചാലിലും ഇരുന്ന് പരിപാവനമായ ഇരുമുടി അഴിക്കുന്ന ഭക്തന്റെ ഹൃദയവേദന ‘വിശ്വാസ’മില്ലാത്ത ദേവസ്വം മന്ത്രിക്ക് മനസ്സിലാകില്ല.
ഭക്തരെ ആട്ടിയോടിക്കുന്നു
രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ ഭക്തന് അനുവാദമില്ല. വാവര് നടയ്ക്ക് മുന്നിലും മാളികപുറത്തും നടപന്തലിലുമെല്ലാം കര്പ്പൂരദീപത്തിന് മുന്നിലിരുന്ന് ഇരുമുടി അഴിച്ച് നെയ്ത്തേങ്ങ പൊട്ടിക്കുന്നതും രാത്രിയില്‍ വിരിവച്ച് കിടക്കുന്നതും ഇനി കാണാനാകില്ല. ഉച്ചയ്ക്ക് ശേഷം നടതുറക്കുമ്പോള്‍ എത്തുന്ന ഭക്തന് തൊഴുത് മലയിറങ്ങി പമ്പയിലെത്തണം. നെയ്യഭിഷേകത്തിന് പുലര്‍ച്ചെ പിന്നെയും മലകയറണം. ഉച്ചയ്ക്ക് ശേഷം നിലയ്ക്കലില്‍ എത്തുന്നവര്‍ നെയ്യഭിഷേകം നടത്തുന്നവരാണെങ്കില്‍ അവിടെ തടഞ്ഞുവയ്ക്കും. രാത്രി പന്ത്രണ്ട് മണിക്കേ അവിടുന്ന് പമ്പയിലേക്ക് പ്രവേശനമുള്ളൂ.
ഹരിവരാസനം പാടി നടയടച്ചാല്‍ പിന്നെ സന്നിധാനത്ത് നിന്ന് പോലീസ് ആട്ടിയോടിക്കും. കുഞ്ഞുമാളികപുറങ്ങളെയും കന്നി അയ്യപ്പന്മാരെയും കൊണ്ട് ചെളിക്കുണ്ടിലും മാലന്യക്കൂമ്പാരത്തിലും കിടക്കണം. നടയടച്ചാല്‍ വഴി അടയ്ക്കുന്ന തന്ത്രമാണ് ശബരിമലയില്‍ പയറ്റുന്നത്. രാവിലെ രണ്ടുമുതല്‍ മാത്രമാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശനം. നടതുറന്ന ദിവസം മുതല്‍ സന്നിധാനത്ത് രാത്രി തങ്ങുന്നത് വിലക്കി. വൃശ്ചികം ഒന്നുമുതല്‍ പമ്പയില്‍ നിന്ന് രാത്രി ഒമ്പത് മണിക്ക് ശേഷം ആളെ കടത്തി വിടുന്നില്ല. നട തുറക്കുമ്പോള്‍ മാത്രമാണ് ഭക്തരെ പമ്പയില്‍ നിന്നുപോലും കടത്തി വിടുന്നത്. ഭക്തരെ മനഃപൂര്‍വ്വം ബുദ്ധിമുട്ടിലാക്കുക. പതുക്കെപ്പതുക്കെ ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റുക. അതില്‍ സര്‍ക്കാര്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് ആദ്യരണ്ട് ദിവസം എത്തിയത് രണ്ടു ലക്ഷം ഭക്തരാണ്. എന്നാല്‍ ഇത്തവണ അത് 87,000 ആയി ചുരുങ്ങി. മലയാളികള്‍ വരുന്നില്ലെന്നു തന്നെ പറയാം. ഇനി ശബരിമലയില്‍ വിലക്കാന്‍ ഒന്നും ഇല്ല. ശരണമന്ത്രവും കൂടി വിലക്കുമോ എന്നേ ഇനി അറിയിനുള്ളൂ. അതും വൈകില്ല. അതിന്റ ആദ്യഘട്ടമായാണ് ശബരിമലയെ തകര്ക്കഭൂമിയാക്കി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഒരക്ഷരം മിണ്ടാതെ പോലീസിനുമുന്നില്‍ ഓച്ഛാനിച്ച് നില്കുകയാണ് ദേവസ്വം ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: