ശബരിമലയെ പോലീസ് ബന്തവസിലാക്കി ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയുടെ നിയന്ത്രണവും ഭരണവും സ്വതന്ത്രസംവിധാനമായ ദേവസ്വം ബോര്‍ഡിനാണ്. മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതിക്കും അധികാരമുണ്ട്. ഇതെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഭക്തന്മാര്ക്ക് ദുരിതം സമ്മാനിച്ച് ശബരിമലയെ കയ്യടക്കിയിരിക്കുന്നത്. ഏത് വിധത്തിലെങ്കിലും യുവതികളെ പ്രവേശിപ്പിക്കുകയെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ തുലാമാസ പൂജ സമയത്തോ ചിത്തിര ആട്ട പൂജാവേളയിലോ കഴിഞ്ഞിരുന്നില്ല. അതിനായി പോലീസ് സഹായത്തോടെ നിരവധി പേക്കൂത്തുകള്‍ കാട്ടിയെങ്കിലും ലക്ഷ്യം നേടിയില്ല. അയ്യപ്പഭക്തരുടെ സംഘടിത ചെറുത്തുനില്‍പ്പായിരുന്നു കാരണം. ഫാത്തിമാ ബീവിയെ ആനയിച്ചതും ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി പോലീസ് മൈക്ക് ഉപയോഗിച്ച് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായതും സര്‍ക്കാരിന് നാണക്കേടാണ് വരുത്തിയത്. വിശ്വാസി സമൂഹത്തിന്റെ ശക്തിയും സംഘടിത സ്വഭാവവും മനസ്സിലാക്കാതെയുള്ള നടപടിയായിരുന്നു സര്‍ക്കാരിന്റേത്. അന്നുണ്ടായ നാണക്കേട് മറയ്ക്കാനാണ് ഇപ്പോള്‍ ശബരിമലയില്‍ പോലീസ് രാജ് നടപ്പാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെ വിന്യസിച്ച് അടിയന്തരാവസ്ഥക്കാലത്തുപോലും കാണാത്ത തരത്തിലുള്ള പോലീസ് വേട്ടയാണ് നടക്കുന്നത്. ശബരിമല അയ്യപ്പനെ തന്നെ ബന്തിയാക്കിയിരിക്കുന്നു. ദേവസ്വംബോര്‍ഡിനുപോലും ഇത് തെറ്റാണെന്ന് പറയേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ പിണറായിയുടെ ആജ്ഞയ്ക്കുമുന്‍പില്‍ അനുസരണയോടെ ഓച്ഛാനിച്ച് നില്ക്കുന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റിന് സന്നിധാനത്തെ പോലീസ് ഭരണം അവസാനിപ്പിക്കണമെന്ന് ധൈര്യത്തോടെ പറയാന്‍ കഴിയുന്നില്ല.
ശബരിമലയില്‍ പോലീസ് ആദ്യമായല്ല. പക്ഷേ ഒരിക്കലും അവര്‍ അവിടെ ചെയ്യുന്നത് ലാത്തിയുംതോക്കും പിടിച്ചുകൊണ്ടുള്ള പോലീസിംഗായിരുന്നില്ല. അയ്യപ്പന്മാരായി ലയിച്ച് അവരോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ടുള്ള സേവനമായിരുന്നു നടത്തിയിരുന്നത്. പോലീസുകാരെയും അതുകൊണ്ടുതന്നെ അയ്യപ്പന്മാരെന്നുതന്നെയായിരുന്നു വിളിച്ചിരുന്നത്. അതൊന്നും വേണ്ടായെന്ന തിട്ടൂരവുമായിട്ടാണ് പതിനയ്യായിരത്തോളം പോലീസുകാര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അവര്‍ കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമായ നടപടികളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലടീച്ചറിന്റെയും ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെയും അറസ്റ്റ്, ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. അയ്യപ്പവിശ്വാസികളായ ഇരുവരും ഇരുമുടിക്കെട്ടുമായി മല ചവിട്ടാനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ശശികല ടീച്ചറെ പാതിരാത്രിയിലാണ് അറസ്റ്റ് ചെയ്തത്. എത്ര വലിയ കുറ്റം ചെയ്താലും സ്ത്രീകളെ രാത്രിയില്‍ അറസ്റ്റ് ചെയ്യരുതെന്നാണ് നിയമം. മാത്രമല്ല, പോലീസ് തടഞ്ഞപ്പോള്‍ അതനുസരിക്കുകയും യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവയ്ച്ച് കിടന്നുറങ്ങുകയുമായിരുന്നു ടീച്ചര്‍. കെ. സുരേന്ദ്രനാകട്ടെ, നിലയ്ക്കല്‍ വരെയെത്തിയപ്പോള്‍ തന്നെ അറസ്റ്റിലായി. ഇരുവരുടെയും അറസ്റ്റിനെതിരെ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതിന്റെ പേരില്‍ നടന്ന ഹര്‍ത്താല്‍ പ്രതിഷേധമാക്കി കേരളം ഏറ്റെടുത്തു. ഹര്‍ത്താല്‍ പൊളിക്കാന്‍ സിപിഎമ്മും ചില മുസ്ലീം തീവ്രവാദി സംഘടനകളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാമജപവുമായി സംയമനത്തോടെ സമാധാനപരമായ ഹര്‍ത്താലാണ് നടന്നത്. ബാലരാമപുരത്ത് കൊടിപിടിച്ച് ജാഥയായെത്തിയ സിപിഎമ്മുകാരെ കോഴിക്കോട് കാറിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനും എസ്ഡിപിഐക്കാരും കരുനാഗപ്പള്ളിയിലും മലപ്പുറത്തും പ്രശ്നം സൃഷ്ടിച്ചെങ്കിലും അതേറ്റുപിടിച്ച് അക്രമത്തിലേക്ക് നീങ്ങാന്‍ പ്രതിഷേധക്കാര്‍ മുതിര്‍ന്നില്ല. സര്‍ക്കാര്‍ ആഗ്രഹിച്ചത് അതായിരുന്നു.
ഹര്‍ത്താല്‍ ആക്രമത്തിനാണെന്ന് ദേവസ്വംമന്ത്രി രാവിലെതന്നെ ആരോപിക്കുകയും ചെയ്തു. അക്രമമൊന്നും നടക്കാതിരുന്നതിന്റെ ജാള്യത മറയ്ക്കാനാണ് വൈകുന്നേരം കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് കാരണം പറയാനില്ലാത്തതിനാല്‍ തരംതാണ ആരോപണവുമായി എത്തിയിരിക്കുകയാണ് ദേവസ്വംമന്ത്രി. സുരേന്ദ്രന് അമ്മ മരിച്ചതിന്റെ പുലയുണ്ടായിരുന്നുവെന്നും പോലീസ് സ്റ്റേഷനില്‍വച്ച് സുരേന്ദ്രന് ഇരുമുടിക്കെട്ട് സ്വയം നിലത്തിട്ടെന്നുമൊക്കെയാണ് കടകംപള്ളി സുരേന്ദ്രന് പറയുന്നത്. പറയുന്നത് കടകംപള്ളിയായതുകൊണ്ടുതന്നെ ജനം വിശ്വസിക്കില്ല. എങ്കിലും മന്ത്രി സ്ഥാനത്തിരിക്കുന്നൊരാള്‍ ഇത്ര തരംതാഴാമോ എന്ന ചോദ്യം പ്രസക്തമാണ്.
ശബരിമല പ്രശ്നത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്നാണ് ഇപ്പോഴത്തെ പ്രധാന ആരോപണം. വിശ്വാസികള്‍ക്കൊപ്പം അടിയുറച്ചുനിന്നാല്‍ അതിന്റെ രാഷ്ട്രീയഗുണം ബിജെപിക്ക് കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിശ്വാസികള്‍ മാത്രമല്ല, അവിശ്വാസികളാണെങ്കിലും ആപത്ഘട്ടത്തില്‍ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുമെന്നത് ലോകതത്വമാണ്. അത് തിരിച്ചറിയുന്നിടത്താണ് രാഷ്ട്രീയ പാര്‍ട്ടികളുടെ മിടുക്ക്. അത് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ടാകാം. അതിന് കുശുമ്പ് പറഞ്ഞിട്ട് കാര്യമില്ല. വിശ്വാസികളെ പാതിവഴിയിലിട്ട് പോകുന്നവര്‍ക്കും മേല്‍ കുതിരകയറുന്നവര്‍ക്കും വിനാശകാലേയുണ്ടാകുന്ന ബുദ്ധിയായിട്ടുവേണം ശബരിമലയിലെ ഓരോ നടപടിയെയും കാണാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: