നക്സല്‍ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം ഭാരതത്തിനുള്ളില്നിന്ന് സായുധ അട്ടിമറിയിലൂടെ ചൈനയുടെ കടന്നുകയറ്റത്തിന് വഴിയൊരുക്കലാണ്. ഈ രാജ്യത്ത് ചരിത്രപരമായ കാരണങ്ങളാല്‍ ഉരുത്തിരിഞ്ഞു വന്ന സാമ്പത്തികമേഖലയിലെ അസന്തുലിതാവസ്ഥയേയും, സമൂഹത്തില്‍ പുകഞ്ഞുകൊണ്ടിരിക്കൂന്ന അമര്‍ഷത്തിന്റെ അഗ്നിയേയും ഉപയോഗിച്ച് ഭാരതത്തെ തങ്ങളുടെ അധീനതയിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടുകയാണ് നക്സലുകളുടെ ലക്ഷ്യം.
ദേശീയശക്തികള്‍ ദേശവിരുദ്ധ അട്ടിമറിയുടെ വര്‍ത്തമാനകാല പോര്‍മുഖങ്ങള്‍ക്ക് ശക്തമായ പ്രതിരോധമായി വളര്‍ന്നു നില്ക്കുന്നു, വീണ്ടും വളരുന്നു. ഭാരതീയ പാരമ്പര്യം അഭിമാനമായി കരുതുന്ന ഹിന്ദുവും മുസ്ലിമും ക്രൈസ്തവനും ദേശവിരുദ്ധരോട് വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച നിലപാടില്‍ അണിചേരുന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന് വളര്‍ത്തിയെടുത്ത ഇസ്ലാമിക തീവ്രവാദത്തിന്റെ ശക്തികളേയും, മതപരിവര്‍ത്തന ലക്ഷ്യവുമായി ഭാരതീയതയ്ക്കെതിരെ പാശ്ചാത്യ സഹായത്തോടെ പടപൊരുതുന്ന മാഫിയയേയും ഒപ്പം ചേര്‍ത്ത് പുതിയ സാധ്യതകള്‍ തേടുവാന്‍ നക്സലുകള്‍ തയ്യാറായത്.
ഈ മൂന്നു ശക്തികളും ഒളിപ്പോരിന്റെ മാര്‍ഗത്തിലൂടെ അട്ടിമറികള്‍ക്ക് ശ്രമിക്കുമ്പോള്‍, ലക്ഷ്യം നേടാന്‍ ഭാരതീയ ജനാധിപത്യവും പൊതുബോധവും നല്കുന്ന പരിരക്ഷ രാഷ്ട്രദ്രോഹികള്ക്കും ലഭിക്കണമെന്ന് വാദിച്ചു പോരുന്ന മാധ്യമ പ്രവര്‍ത്തകരുടെ, അദ്ധ്യാപകരുടെ, അഭിഭാഷകരുടെ, (കു)ബുദ്ധിജീവികളുടെ മറ്റൊരു പോര്‍മുഖവും ദേശവിരുദ്ധ ശക്തികള്‍ വളര്‍ത്തിയെടുത്തു. ഈ കൂട്ടായ്മയെ അടുത്തറിഞ്ഞ വിവേക് അഗ്നിഹോത്രി അവര്‍ക്ക് ‘അര്‍ബന്‍ നക്സല്‍’ എന്ന വിളിപ്പേര് നല്കി. ഈ വിളിപ്പേരിലൂടെ പ്രതിലോമശക്തികളെ ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. ഇനി അഗ്നിഹോത്രി പറയട്ടെ:
ഇന്നത്തെ ലോകത്ത് ലിബറല്‍സ് എന്ന് അവകാശപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ മൗലികവാദികളാണ്. നിങ്ങള്‍ അവരോട് യോജിക്കുന്നില്ലെങ്കില്‍ നിങ്ങളെ അവര്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കും. ഈ ഭീഷണിക്കു മുന്പില് അടിപതറാത്ത ധീരനാണ് താങ്കള്‍. ഈ രംഗത്ത് എങ്ങനെയാണ് എത്തിച്ചേര്‍ന്നത്?
ചലച്ചിത്രമേഖലയാണ് എന്റെ പ്രവര്‍ത്തനരംഗമായി ഞാന്‍ ആദ്യം തിരഞ്ഞെടുത്തത്. നക്സലിസത്തോട് ആഭിമുഖ്യം തോന്നിയതായിരുന്നു എന്റെ യൗവ്വനം. എന്നെ ഭാരതീയ പാരമ്പര്യത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് എന്റെ അച്ഛന്റെ സ്വാധീനമാണ്.
സ്വാതന്ത്ര്യ സമരസേനാനിയും വേദപണ്ഡിതനുമായിരുന്ന, അഥര്‍വ്വ വേദമുള്പ്പെടെ വേദങ്ങള്‍ തര്‍ജ്ജമ ചെയ്തയാളായിരുന്നു താങ്കളുടെ പിതാവ് ഡോ. പ്രഭുദയാല്‍ അഗ്നിഹോത്രി. അച്ഛന്റെ സ്വാധീനം എങ്ങനെയാണ് താങ്കളെ പുതിയ കര്‍മരംഗത്ത് എത്തിച്ചത്?
അച്ഛന്റെ ജീവിതമാണ് എനിക്ക് പ്രചോദനമായത്. ഞാന്‍ ചലച്ചിത്ര മേഖലയില്‍നിന്ന് അദ്ധ്യാപകനായി മാറി. അദ്ധ്യാപനം വളരെ ഗൗരവം അര്‍ഹിക്കുന്ന ദൗത്യമാണെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ അടുത്തറിയാന്‍ ഇടയാക്കി. ആ അടുത്തറിവാണ് ഉന്നതവിദ്യാഭ്യാസമേഖല ഭാരതത്തെ അട്ടിമറിക്കാന്‍ കരുതിക്കൂട്ടി പണിയെടുക്കുന്ന നക്സലുകളുടെ റിക്രൂട്ട്മെന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണെന്ന വസ്തുത എന്നെ ബോദ്ധ്യപ്പെടുത്തിയത്. മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ നക്സല്‍ പാതയിലെത്തിക്കുന്ന ദൗത്യം അക്കാദമിക രംഗത്തെ നക്സല്‍ പക്ഷം നിര്‍വ്വഹിക്കുന്നു. അക്കാദമികരംഗത്ത് എന്ത് പഠിപ്പിക്കണം, ആരു പഠിക്കണം എന്നൊക്കെ ഇവര്‍ നിശ്ചയിക്കുന്നു. കൂടെ ചേരാന്‍ തയ്യാറാകാത്തവരെ പടിക്കു പുറത്താക്കുന്നു.
അക്കാദമികരംഗം അടക്കി വാഴുകയാണ് നക്സലുകള്‍. അതോടൊപ്പം ജുഡീഷ്യറിയില്‍, കലാ സാഹിത്യ രംഗത്ത്, താങ്കളുടെ കര്‍മ്മമേഖലയായ ചലച്ചിത്രരംഗത്ത്, മാധ്യമ മേഖലയില്‍. ഭരണ സംവിധാനത്തിന്റെ ഉന്നതതലങ്ങളിലൊക്കെ വ്യാപകമായ ഇടതുപക്ഷ/നക്സല്‍ സ്വാധീനം ദൃശ്യമാണ്. അര്‍ബന്‍ നക്സലുകള്‍ പൊതു സമൂഹത്തിലെ സാന്നിദ്ധ്യവും സ്വാധീനവും ഉപയോഗിച്ച് ആക്രമണകാരികളുടെ കടന്നുകയറ്റത്തിന് വഴിതുറക്കുമെന്ന യാഥാര്‍ത്ഥ്യത്തെ താങ്കള്‍ കൂടുതല്‍ തുറന്നുകാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇക്കാര്യം ചര്‍ച്ചചെയ്യുമ്പോള്‍ ഇന്ദിരാഗാന്ധി അധികാരത്തിലെത്തിയതിനുശേഷം ഉണ്ടായ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കണം. മൊറാര്‍ജി ദേശായി അടക്കമുള്ള ദേശീയ പ്രതിബദ്ധതയുള്ള നേതാക്കള്‍ ഇന്ദിരയോടൊപ്പമല്ലാതിരുന്ന സാഹചര്യത്തില്‍ ജുഡീഷ്യറിയും ഉന്നതവിദ്യാഭ്യാസവും അടങ്ങുന്ന എല്ലാ മേഖലകളിലും ഇടതുപക്ഷ സഹയാത്രികരെക്കൊണ്ട് നിറച്ചു. ഇന്ദിരയോടുള്ള വിധേയത്വവും പ്രതിബദ്ധതയും മാത്രമായിരുന്നു പദവികള്‍ നല്‍കുന്നതിനുള്ള മാനദണ്ഡം. അതിന്റെ ഫലമായി ജുഡീഷ്യറിയിലും യൂണിവേഴ്സിറ്റികളിലും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന ഇടങ്ങളിലും ഭരണഘടനാ സ്ഥാപനങ്ങളിലും കലാ സാഹിത്യ മാധ്യമ രംഗങ്ങളിലും ദേശീയ ബോധമില്ലാത്ത ഇടതുപക്ഷ വ്യക്തികളുടെ ശക്തമായ സാന്നിദ്ധ്യം ഇന്ന് നമുക്ക് കാണാം.
താങ്കളുടെ വാക്കുകള്‍ വസ്തുതാപരമാണ്. ഇന്ദിര കമ്മിറ്റഡ് ജുഡീഷ്യറിയുടെ പേരില്‍ സീനിയോറിറ്റിയുള്പ്പെടെ എല്ലാ മാനദണ്ഡങ്ങളേയും കാറ്റില്‍പ്പറത്തി ഇഷ്ടക്കാരെക്കൊണ്ട് ഉന്നത കോടതികള്‍ നിറച്ചു. ജഡ്ജിനിയമനത്തിന് പാലിച്ചുപോരുന്ന കൊളീജിയം രീതി കൂടിയായപ്പോള്‍ കോടതികളുടെ സ്വഭാവം മാറി. വിധികള്‍ പൊതുസമൂഹത്തില്‍ സന്ദേഹങ്ങള്‍ക്ക് ഇടയാക്കി. പലപ്പോഴും ദേശവിരുദ്ധ ശക്തികള്‍ക്ക് കോടതിയില്‍നിന്ന് വിശേഷാല്‍ പരിഗണന ലഭിക്കുന്നൂവെന്നുപോലും സംശയിക്കാവുന്ന അവസ്ഥ വന്നു. എങ്ങനെയാണ് താങ്കള്‍ ഈ അവസ്ഥയെ നോക്കിക്കാണുന്നത്?
നോക്കൂ, പൗരന്മാരുടെ അവസാനത്തെ രക്ഷാകേന്ദ്രമാണ് ജുഡീഷ്യറി. അവിടെ നിന്ന് നീതി കിട്ടില്ലെന്നു വന്നാല്‍ ജനങ്ങള്‍ എങ്ങോട്ടു പോകും? കോടതികള്‍ ഇന്നും പിന്തുടരുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും ലോക വീക്ഷണവുമാണ്. ശബരിമല വിഷയത്തിലെ വിധിതന്നെ നോക്കുക. ആചാരങ്ങളെയും വിശ്വാസങ്ങളെയും കണക്കിലെടുക്കാതെ തീര്‍പ്പു കല്പിക്കുന്ന രീതിയല്ലേ ഹിന്ദുവിന്റെ വിഷയങ്ങളില്‍ അനുവര്‍ത്തിക്കുന്നത്? ഭാരതീയമായ ചോദ്യങ്ങള്‍ക്ക് ബ്രിട്ടീഷ് പാരമ്പര്യം പിന്തുടര്ന്ന് ഉത്തരം കണ്ടെത്തുന്ന സമ്പ്രദായം. നടപ്പില്‍ വരുത്താന്‍ ബുദ്ധിമുട്ടുള്ള വിധികള്‍ പുറപ്പെടുവിക്കുന്നു. ഈ അനുഭവങ്ങള്‍ പൊതുസമൂഹത്തിന് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു.
കമ്മിറ്റഡ് ജുഡീഷ്യറി എന്ന സങ്കല്പം പ്രാവര്‍ത്തികമാക്കി തന്നോട് പ്രതിബദ്ധത പുലര്‍ത്തുന്ന തലത്തിലേക്ക് കോടതികളെ മാറ്റിയെടുത്ത ഇന്ദിരാ ഗാന്ധി തുടക്കമിട്ട രീതികള്‍ കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. ഇന്ദിരയുടെ കുടുംബവാഴ്ചയുടെ പിന്മുറക്കാര് അവരോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തും വിധം ജുഡീഷ്യറിയില്‍ ഇടപെടലുകള്‍ നടത്തി. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ കാര്യങ്ങള്‍ ജനാധിപത്യം അനുശാസിക്കുന്ന തലത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സംവിധാനത്തിനുള്ളില്‍ നിന്നുള്ള പ്രതികരണം എങ്ങനെയാണ്?
പുതിയ സര്‍ക്കാര്‍ സമഗ്രവും ആശാവഹവുമായ ചുവടുവെപ്പുകള്‍ നടത്തുമ്പോള്‍ ജുഡീഷ്യറിയില്‍നിന്ന് ചിലര്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നു. നാലു ജഡ്ജിമാര്‍ പുറത്തുവന്ന് പത്ര സമ്മേളനം നടത്തിയതുപോലുള്ള ഇടപെടലുകള്‍ നാം കണ്ടു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സുപ്രീം കോടതി ന്യായാധിപന്മാര് പത്രസമ്മേളനം നടത്തി സഹന്യായാധിപന്മാര്ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ പോലും ഇല്ലാത്ത ജുഡീഷ്യല്‍ സംവിധാനത്തില്‍ നിന്നാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഓര്‍ക്കണം.
താങ്കളുടെ കര്‍മ്മമേഖലയായ ചലച്ചിത്രമേഖലയിലെ സ്ഥിതിയോ?
ചലച്ചിത്ര മേഖലയില്‍ കമ്യൂണിസ്റ്റ് സാന്നിദ്ധ്യം പണ്ടുമുണ്ടായിരുന്നു. രാജ്കപൂറിനെപ്പോലെയുള്ളവര്. പക്ഷേ അവരൊക്കെ പ്രത്യയശാസ്ത്രപരമായി കമ്യൂണിസത്തോടൊപ്പം സഞ്ചരിച്ചപ്പോഴും രാജ്യത്തിനെതിരായിരുന്നില്ല. അവരൊന്നും ഹിന്ദുവിരോധികളുമായിരുന്നില്ല. എന്നാല്‍ വര്‍ത്തമാനകാല ചലച്ചിത്ര ലോകം വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്. അവിടെ നക്സല്‍ പക്ഷത്തുള്ളവരും ദേശീയതക്കെതിരു നില്‍ക്കുന്നവരും ഹിന്ദുവിരുദ്ധ ശക്തികളും അപകടകരമായ സ്വാധീനം ചെലുത്തുന്നു. ദേശീയതയുടെ പക്ഷത്തുനിന്നുമുള്ള പ്രതിരോധമാണ് ഞാന്‍ നടത്തുന്നത്. അപ്പുറത്തു നില്ക്കുന്നവര് അതിശക്തരാണ്.
രാജ്യത്തിന്റെ കിഴക്കന്‍ തീവ്രവാദ ശൃംഖല വഴി എത്തുന്ന ചുവപ്പു ഫണ്ടും, പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെയുള്ള പാക് സാമ്പത്തിക ഒഴുക്കും കൃത്യമായി താങ്കളുടെ വാക്കുകളിലൂടെ പൊതുസമൂഹം അറിഞ്ഞിട്ടുണ്ട്. ഇവിടെ മറ്റൊരു ദേശവിരുദ്ധ സാമ്പത്തിക സ്രോതസ്സും ദേശീയതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ലേ? ഒറീസ്സയില്‍ സ്വാമി ലക്ഷ്മണാനന്ദയെ ക്രൂരമായി വധിച്ചത് നക്സല്‍ തീവ്രവാദികളല്ലേ? അവരെ വാടകയ്ക്കെടുത്തത് ക്രിസ്ത്യന്‍ മതപരിവര്‍ത്തന മാഫിയയല്ലേ?
തീര്‍ത്തും ശരിയാണ്. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഭാരതത്തിലേക്ക് ഒഴുകുന്നത് കണക്കില്ലാത്ത പണമാണ്. അത് ദേശവിരുദ്ധ കരങ്ങളിലേക്കാണ് എത്തിച്ചേരുന്നതും. ഉദാഹരണത്തിന് ബസ്തറില്‍ ഒരു പള്ളിയുണ്ട്. അവിടെ നിരന്തരം ഇടതുതീവ്രവാദികള്‍ സന്ദര്‍ശിക്കുന്നു. ആ ഒത്തുകൂടലിന്റെ അജണ്ട ശ്രദ്ധയര്‍ഹിക്കുന്നു. പള്ളിയില്‍ ഇടതുതീവ്രവാദികള്ക്കെന്താണ് കാര്യം? യഥാര്‍ത്ഥത്തില്‍ മതപരിവര്‍ത്തനത്തിന് എത്തുന്ന തുകകളും ആത്യന്തികമായി ദേശവിരുദ്ധ, നിയമ വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ കരങ്ങളിലാണ് എത്തിച്ചേരുന്നത്. ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം ഭാരതത്തിലേക്ക് ഒഴുകുന്നതിന്റെ ഒരംശം പോലും സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് എന്തുകൊണ്ട് എത്തുന്നില്ലായെന്നുള്ളതാണ്.
ഈ മൂന്നു സ്രോതസ്സുകളെയും ഉപയോഗിച്ച് സമ്പത്ത് സമാഹരിക്കുന്നവര്‍ക്ക് ശക്തമായ പ്രഹരം ഏല്പ്പിച്ചതുകൊണ്ടല്ലേ അവരുടെ തണലില്‍ തടിച്ചുകൊഴുക്കുന്ന മാധ്യമങ്ങളും അര്‍ബന്‍ നക്സലുകളും രാഷ്ട്രീയക്കാരും നോട്ട് റദ്ദാക്കലിനെതിരെ പടയ്ക്കിറങ്ങിയത്?
തീര്‍ച്ചയായും. അടിസ്ഥാനപരമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഒരു മണിമേക്കിംഗ് മാഫിയയുടെ ഭാഗമാണിവര്‍ എന്നതാണ് വസ്തുത.
ഇടത് തീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളും മതപരിവര്‍ത്തന ശക്തികളും തികച്ചും വ്യത്യസ്തവും പലപ്പോഴും പരസ്പരം കടിച്ചുകീറുന്നതുമായ ആശയലോകത്ത് ജീവിക്കുന്നവരാണ്. ഓരോ കൂട്ടരൂടെയും ഭരണകൂടമോ സ്വാധീനമോ നിലനില്‍ക്കുന്നിടത്ത് മറ്റു രണ്ടു കൂട്ടരെയും ശ്വാസം മുട്ടിക്കുകയാണ്. ചൈനയിലും പാക്കിസ്ഥാനിലും പാശ്ചാത്യ രാജ്യങ്ങളിലും കാണുന്ന കാഴ്ച ഇതല്ലേ? ഭാരതത്തില്‍ ഇവര്‍ ഒന്നിക്കുന്നത് വിചിത്രമല്ലേ?
ശത്രുവിന്റെ ശത്രു മിത്രമെന്ന തത്ത്വമാണിവിടെ പ്രവര്‍ത്തിക്കുന്നത്. ഭാരതത്തോടുള്ള വിരോധം മാത്രമാണ് ഇവരെ യോജിപ്പിക്കുന്ന ഘടകം. ഭാരതത്തെ തകര്‍ക്കലാണ് പൊതുലക്ഷ്യം. അതിന് ലഭിക്കുന്ന കൂലിയിലാണവര് കണ്ണുവയ്ക്കുന്നത്.
നമ്മുടെ മാധ്യമങ്ങള്‍ക്ക് ഈ വക വസ്തുതകളൊന്നും അറിയില്ലെന്നുണ്ടോ?
നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ കൃത്യമായി അറിയുന്നവരാണ്. പക്ഷേ അതില്‍ നല്ലൊരു ഭാഗം അര്‍ബന്‍ നക്സലുകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഒപ്പം നില്ക്കുന്നു. നക്സലുകള്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്ക് ഇരയാകുന്ന പട്ടിണിപ്പാവങ്ങളുടെ മനുഷ്യാവകാശങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുന്നു, തമസ്കരിക്കുന്നു. മറിച്ച് തീവ്രവാദികളെക്കൊണ്ട് കണക്ക് പറയിക്കാന്‍ ശ്രമിച്ചാല്‍ മനുഷ്യാവകാശവ വാദവുമായി ഓടിയെത്തും. ഇതിനെതിരെ നിലപാടെടുത്താണ് അര്‍ണബ് ഗോസ്വാമി ജനങ്ങളുടെ വിശ്വാസം തേടിയത്. പക്ഷേ ശബരിമല വിഷയത്തില്‍ അര്‍ണബ് ഗോസ്വാമി ജനങ്ങളുടെ പൊതു വികാരത്തിനും വിശ്വാസത്തിനും ആചാരങ്ങള്‍ക്കും എതിരുനില്‍ക്കുകയാണ് ചെയ്തത്.
ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചലച്ചിത്ര സൃഷ്ടിയുടെ ആവശ്യത്തിലേക്ക് താങ്കള്‍ മിത്രോഖിന്‍ രേഖകള്‍ വിശദമായി പഠിച്ചതായി മനസ്സിലാക്കുന്നു. ശാസ്ത്രിജിയെ എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കുമോ?
തീര്‍ച്ചയായും എന്റെ ചിത്രം കാണുക. ആ ചിത്രത്തെക്കുറിച്ചു പറയുമ്പോള്‍ നെഹ്റുവിനെ മഹത്വവത്കരിക്കാന്‍ വേണ്ടി തമസ്കരിക്കപ്പെട്ട ശാസ്ത്രിജിയെപ്പോലുള്ള ദേശീയ നേതാക്കളിലേക്ക് നമ്മുടെ ശ്രദ്ധ പോകണം. ശാസ്ത്രിജിയുടെ ജന്മദിനം ഒക്ടോബര്‍ രണ്ടിനാണെന്ന് അറിയാത്തവരായിരുന്നു പല യൂണിവേഴ്സിറ്റികളിലും എന്റെ പ്രഭാഷണങ്ങള്‍ കേട്ടവരില്‍ ഭൂരിപക്ഷവും. ഈ ചലച്ചിത്ര നിര്‍മ്മാണത്തിന് എന്റെ യൂണിറ്റില്‍ ഉണ്ടായിരുന്നവരില്‍ പലരും ഇതറിയാത്തവരായിരുന്നു.
ചലച്ചിത്ര നിര്‍മ്മാണത്തിനായി ഞാന്‍ മിത്രോഖിന്‍ രേഖകള്‍ പഠിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ രഹസ്യ ഏജന്‍സിയുടെ ഉള്ളില്‍ നിന്നും, അതിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥന് (വാസ്ലി മിത്രോഖിന്‍) സാഹസികമായി പുറത്തുകൊണ്ടുവന്ന് ലോകചരിത്രത്തിന് നല്കിയ സുപ്രധാന രേഖകളാണ് മിത്രോഖിന്‍ ആര്‍ക്കൈവ്സ്. സോവിയറ്റ് യൂണിയന് ഭാരതീയ ഭരണകൂടത്തിലും രാഷ്ട്രീയത്തിലും എങ്ങനെ ഇടപെട്ടുവെന്നും പിടിമുറുക്കിയെന്നും വ്യക്തമായ സൂചനകള്‍ ലഭിക്കുന്ന ചരിത്ര രേഖകളാണവ.
താങ്കള്‍ കാണാന്‍ ഇടയായ രേഖകളുടെ അടിസ്ഥാനത്തില്‍ ഇന്ദിരാ ഗാന്ധിക്കു ശേഷമുള്ള ഭാരതത്തെ എങ്ങനെ രൂപപ്പെടുത്തിയെടുക്കുവാനുള്ള രണതന്ത്രമാണ് കെജിബിയിലൂടെ സോവിയറ്റ് യൂണിയന് തയ്യാറാക്കിയിരുന്നതെന്ന് സൂചിപ്പിക്കുമോ?
തീര്‍ച്ചയായും. എന്റെ ചിത്രം കാണുക. ഒരു മറു ചോദ്യം എനിക്കുമാകാമല്ലോ? ഭാരതത്തിലെ മാധ്യമ സമൂഹം ഇന്ദിരാഗാന്ധി മുതല്‍ നരേന്ദ്ര മോദിവരെ എല്ലാവരെയും വിമര്‍ശിക്കാറുണ്ട്. ശ്രീരാമചന്ദ്രനെപ്പോലും! പക്ഷേ, സോണിയാ ഗാന്ധിയെ എന്തുകൊണ്ടങ്ങനെ വിമര്‍ശിക്കുന്നില്ല?
പ്രതികരിക്കാൻ ഇവിടെ എഴുതുക: