വിനാശകാലേ വിപരീത ബുദ്ധിയെന്ന് ഇടതുമുന്നണി സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടിവന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഇന്ത്യന്‍ ഭാഷകളിലെല്ലാം ഏതാണ്ട് ഒരേപോലുള്ള ഈ പ്രയോഗം പിണറായി വിജയന്റെ സര്‍ക്കാരിന് ഏറ്റവും ചേരുന്ന സന്ദര്‍ഭം ഇപ്പോഴാണ്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ച സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിനുശേഷം പ്രശ്നപരിഹാരത്തിന് എല്ലാവരും ഉറ്റുനോക്കിയ സര്‍വകക്ഷിയോഗം പ്രഹസനമാക്കിയ സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരുടെ അഭയകേന്ദ്രമായ ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനല്ല, തകര്‍ക്കാന്‍ തന്നെയാണ് ഉറച്ചിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നു.
മണ്ഡലമാസ തീര്‍ത്ഥാടനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സുവര്‍ണാവസരമാണ് ജനാധിപത്യവിരുദ്ധമായ പിടിവാശിയെടുത്ത് ഇടതുസര്‍ക്കാര്‍ പാഴാക്കിയിരിക്കുന്നത്.
ചീഫ്ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പുനഃപരിശോധനയ്ക്ക് തയ്യാറായതോടെ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്തംബര്‍ 28-ലെ സുപ്രീംകോടതി വിധി ഫലത്തില്‍ അസ്ഥിരമായിരിക്കുകയാണ്. പഴയ വിധിയുടെ അന്തിമസ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നുവെന്നര്ത്ഥം. അതുകൊണ്ടുതന്നെ തല്ക്കാലം അത് നടപ്പാക്കേണ്ട ബാധ്യതയുമില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിയായതിനാലാണ് സ്റ്റേ നല്‍കാതിരുന്നതെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നിട്ടും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകക്ഷിയോഗത്തിലും ആവര്‍ത്തിച്ചിരിക്കുന്നത് തികഞ്ഞ ധാര്‍ഷ്ട്യമാണ്. അയ്യപ്പഭക്തരോടുള്ള യുദ്ധപ്രഖ്യാപനമാണിത്. ശബരിമലയില്‍ സമാധാനമല്ല, സംഘര്‍ഷമാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ആഗ്രഹിക്കുന്നതെന്ന് ഇതില്‍നിന്ന് പകല്‍പോലെ വ്യക്തം.
വിശ്വാസമാണ് വലുത്, മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സര്‍ക്കാരിനെടുക്കാന്‍ കഴിയില്ല എന്നു പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതേ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പൗരന് വിശ്വാസസ്വാതന്ത്ര്യം ഉറപ്പുനല്കുന്നുണ്ടെന്നത് മുഖ്യമന്ത്രി സൗകര്യപൂര്‍വ്വം മറക്കുകയാണ്. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷത്തിന്റെ യാതൊരു നിര്‍ദ്ദേശവും സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന സര്‍ക്കാരിന്റെ രഹസ്യ അജണ്ട ശബരിമലയെ കലാപഭൂമിയാക്കുകയെന്നതാണ്.
കമാന്‍ഡോ സംഘമുള്‍പ്പെടെ ആയിരക്കണക്കിന് പോലീസുകാരെ അവിടെ നിയോഗിക്കുന്നത് ശരണമന്ത്രവുമായി മലചവിട്ടിയെത്തുന്ന ഭക്തലക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിനുവേണ്ടിയാണ്. തൃപ്തി ദേശായിയെപ്പോലുള്ള അവിശ്വാസികളെ സര്‍ക്കാര്‍ തന്നെയാണ് വിളിച്ചുവരുത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തുലാമാസ പൂജക്കാലത്തേതുപോലെ ശബരിമലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുന്നു. സന്നിധാനത്ത് പോലീസ് ലോക്കപ്പ് നിര്‍മിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. തീര്‍ത്തും അസ്വാസ്ഥ്യജനകമാണിത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് ബിജെപി ചൂണ്ടിക്കാട്ടിയതുപോലെ, നിരീശ്വരവാദ പ്രസ്ഥാനമായ സിപിഎമ്മിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരും.
ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടം ജനഹിതം മാനിക്കാതെ സ്വേച്ഛാധിപത്യപരമായി പെരുമാറാന്‍ പാടില്ല. തിരുവായ്ക്ക് എതിര്‍വായില്ലാതെ ഇൗ ധാര്‍ഷ്ട്യം അനുവദിച്ചുകൊടുക്കാന്‍ ഭക്തര്‍ക്കും ജനാധിപത്യ വിശ്വാസികളായ പൗരന്മാര്ക്കും കഴിയില്ല. തുലാമാസപൂജക്കാലത്തും ചിത്തിര ആട്ടവിശേഷകാലത്തും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമല്ല, അയ്യപ്പഭക്തന്മാരുടെ വിശ്വാസമാണ് ജയിച്ചതെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: