ടോവിനോ തോമസ് തൊട്ടതെല്ലാം പൊന്നാവുകയാണ്. മായാനദിക്കും തീവണ്ടിക്കും ശേഷം അടുത്തതെന്ത് എന്ന് മിഴിനട്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെ ‘ഒരു കുപ്രസിദ്ധ പയ്യന്’ പുറത്തിറങ്ങി.
മധുപാല്‍ ആണ് സംവിധായകന്. ടൈറ്റില്‍ മുതല്‍ ആരംഭിക്കുന്ന കൗതുകവും ആകാംക്ഷയും സിനിമയിലുടനീളം നിലനിര്‍ത്താനുള്ള ചേരുവകള്‍ തിരക്കഥയില്‍ ഒളിപ്പിച്ചിരിക്കുന്നത് നവാഗതനായ ജീവന് ജോബ് തോമസാണ്. പൂര്‍ണ്ണമായും വൈക്കം പശ്ചാത്തലമായി ചിത്രീകരിച്ച ചിത്രത്തിലെ നാട്ടിന്‍പുറത്തുകാരനായ അജയന് എന്ന കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. ആക്ഷനും പ്രണയവും ഉദ്വേഗം ജനിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുമായാണ് ‘ഒരു കുപ്രസിദ്ധ പയ്യന്’ ഇന്ന് ജനമനസ്സുകളെ കയ്യിലെടുക്കുന്നത്.
മലയാള സിനിമയില്‍ റൊമാന്റിക് ഹീറോ എന്ന ടൈറ്റില്‍ ഇന്ന് ഏറ്റവും ചേര്‍ച്ചയുള്ള യുവനടന് ടോവിനോ തോമസിനാണ്. സൂപ്പര്‍ ഹിറ്റുകളായ മായാനദിയിലും തീവണ്ടിയിലും ടോവിനോയുടെ റൊമാന്‍സ് ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. വളരെ തന്മയത്വത്തോടെ നായികമാരുമായി സ്ക്രീനില്‍ പ്രണയം സാക്ഷാത്കരിക്കാനുള്ള വൈഭവത്തെ ചെറുപ്പക്കാര്‍ ഏറ്റെടുത്തിട്ടുമുണ്ട്.
തലപ്പാവ്, ഒഴിമുറി എന്ന ആദ്യ രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളത്തിന്റെ ക്ലാസ് സംവിധായകരുടെ പട്ടികയില്‍ ഇടം നേടിയ സംവിധായകന് മധുപാല്‍ തന്റെ കഴിവുകള്‍ പൂര്‍ണ്ണമായും ഒരു കുപ്രസിദ്ധ പയ്യനില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു നാട്ടിന്‍പുറവും അവിടെ യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളുമായി പുരോഗമിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്മയത്വത്തോടെ ചെയ്യാനുള്ള ടോവിനോയുടെ കഴിവിനേയും പരമാവധി ഉപയോഗിച്ചിട്ടുണ്ട്.
വി സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭമായ ചിത്രം പൂര്‍ണ്ണമായും വൈക്കം പശ്ചാത്തലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈക്കത്തിന്റെ ഗ്രാമഭംഗി ചോരാതെ ഒപ്പിയെടുത്തിരിക്കുന്നത് ഛായാഗ്രാഹകന്‍ നൗഷാദ് ഷരീഫാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം വീണ്ടും വൈക്കം പശ്ചാത്തലമായി വരുമ്പോള്‍ കാഴ്ചകള്‍ ഏറെ വ്യത്യസ്തമാണ്.
മലയാളത്തിലെ ശ്രദ്ധേയനായ ശാസ്ത്ര എഴുത്തുകാരനായ ജീവന് ജോബ് തോമസ് ആദ്യമായി ഒരു ചിത്രത്തിന് തിരക്കഥയെഴുതുമ്പോള്‍ പക്ഷേ കഥാതന്തു ശാസ്ത്രസംബന്ധിയല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലെ വാണിജ്യസിനിമയുടെ പള്‍സ് അറിഞ്ഞ എഴുത്ത് എന്നാണ് ജീവന്റെ തിരക്കഥയെ സംവിധായകന് മധുപാല്‍ പോലും വിശേഷിപ്പിച്ചത്. ഉദ്വേഗം ഉണര്‍ത്തുന്ന കഥാപുരോഗതിയോടെ ആവിഷ്കാരത്തിലും പശ്ചാത്തലത്തിലും പുതുമ നിറഞ്ഞ ചിത്രം പ്രേക്ഷകരുടെ ഇഷ്ട ചെരുവകളാല്‍ സമ്പന്നമാണ്. തിരക്കഥാമേഖലയില്‍ നിലയുറപ്പിക്കാന്‍ ജീവന് ജോബ് തോമസിന് ചിത്രമൊരു മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
ശ്രീകുമാരന്‍ തമ്പി എഴുതി ഔസേപ്പച്ചന് ഈണമിട്ട മൂന്ന് ഗാനങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ദേവാനന്ദ്, സുദീപ്, രാജലക്ഷ്മി, റിമി ടോമി, ആദര്‍ശ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ യൂട്യൂബില്‍ തരംഗമാണ്.
ചിത്രത്തില്‍ ടോവിനോ തോമസിനൊപ്പം നായികമാരായി എത്തുന്നത് അനു സിതാരയും നിമിഷ സജയനുമാണ്. ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടെ പേരുകള്‍ മലയാള സിനിമയില്‍ പതിപ്പിക്കാന്‍ സാധിച്ചവരാണ് ഇരുവരും. മലയാളത്തനിമയുള്ള നാട്ടിന്‍പുറത്തുകാരിയായി അനു എത്തുമ്പോള്‍ ഒരു അഡ്വക്കേറ്റിന്റെ വേഷത്തിലാണ് നിമിഷ എത്തുന്നത്. നെടുമുടി വേണു, സിദ്ധിക്ക്, അലന്‍സിയര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: