തിരുവനന്തപുരം: ശബരിമല മണ്ഡലവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ തീരുമാനം. ആരോഗ്യവകുപ്പില്‍ നിന്ന് 3000ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിയമിക്കും.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും മേല്‍നോട്ടം. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം), ഒരു നോഡല്‍ ഓഫീസര്‍, ഒരു ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ സഹായിക്കും. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
പമ്പ മുതല്‍ സന്നിധാനം വരെയുളള 5 കിലോമീറ്റര്‍ 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.
സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പന്സറികള് നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 15 മുതല്‍ മറ്റു സ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും. ഇടത്താവളങ്ങളായ പന്തളം, വലിയകോയിക്കല്‍ ക്ഷേത്രം, ഉപ്പുതുറ, കല്ലിടാംകുന്ന്, പെരുവത്താനം എന്നിവിടങ്ങളില്‍ അടിയന്തിര ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക ആരോഗ്യ സേവന കേന്ദ്രം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: