തിരുവനന്തപുരം: ന്യൂനപക്ഷ കോര്പ്പറേഷന് ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനോട് സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിശദീകരണം തേടി. ഇന്നു ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയേറ്റിനു മുന്നോടിയായാണ് വിശദീകരണം തേടിയത്. എന്നാല്‍ തന്നോടാരും വിശദീകരണം ചോദിച്ചിട്ടില്ലെന്ന നിലപാടാണ് ജലീലിന്റേത്.
കോടിയേരി വിശദീകരണം തേടിയതിനെത്തുടര്‍ന്ന് ജലീല്‍ കോടിയേരിയെ നേരിട്ട് കണ്ടിരുന്നു. ഇന്ന് പാര്‍ട്ടിസെക്രട്ടേറിയറ്റ് നടക്കാനിരിക്കെയാണ് വിശദീകരണം ആവശ്യപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ തന്നോട് മുഖ്യമന്ത്രിയോ കോടിയേരിയോ ഒരു വിശദീകരണവും തേടിയിട്ടില്ലെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ അപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം. ഇതിനിടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥിയും ന്യൂനപക്ഷ കോര്പ്പറേഷന് ചെയര്‍മാനും ജലീലിനെ പിന്തുണയ്ക്കാന്‍ രംഗത്തെത്തി.
ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത തന്റെ പേര് വലിച്ചിഴക്കരുത് എന്ന് പറഞ്ഞ് തസ്തികയില്‍ അപേക്ഷകനായിരുന്ന പി.മോഹനനാണ് രംഗത്ത് എത്തിയത്. എസ്ബിഐയില്‍ മാനേജര്‍ ആയി പ്രവര്ത്തിരുന്നുവെന്നും യോഗ്യതയുണ്ടായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ താന്‍ എസ്ബിഐ ലൈഫില്‍ ബിസിനസ് ഡവലപ്മെന്റ് എക്സിക്യുട്ടീവ് ആയി നേരത്തെ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഈ ജോലി രാജിവച്ച ശേഷം തൊഴില്‍രഹിതനായി നില്‍ക്കുമ്പോഴാണ് ന്യൂനപക്ഷ കോര്പ്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതെന്നുമാണ് മോഹനന് പറഞ്ഞത്. എന്നാല്‍ തനിക്ക് യോഗ്യതയുണ്ടായിരുന്നുവെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ മോഹനന് ഡെപ്യൂട്ടേഷന് അര്‍ഹതയില്ലാത്തത് കൊണ്ടായിരിക്കും തനിക്ക് നിയമനം ലഭിക്കാത്തതെന്നും കെ.ടി.അദീബ് യോഗ്യനാണെന്നും പറഞ്ഞു.
വൈകിട്ട് മോഹനന്റെ വാദഗതികള്‍ ശരിവച്ചുകൊണ്ടു മന്ത്രി ജലീല്‍ പത്രക്കുറിപ്പുമിറക്കി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മോഹനന് അടക്കമുള്ള ആറുപേര്‍ക്കും യോഗ്യതയില്ലെന്ന് വ്യക്തമാക്കിയായിരുന്നു കുറിപ്പ്. അഭിമുഖത്തില്‍ പങ്കെടുത്ത മോഹനന്, സാജിദ് മുഹമ്മദ്, റിജാസ് ഹരിത് വി.എച്ച്, വി.പി.അനസ് എന്നിവര്‍ റഗുലര്‍ സര്‍വീസില്‍ ഇല്ലാതിരുന്നതാണ് അയോഗ്യതയെന്ന് മന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: