പിറവിയുടെ 62 വര്‍ഷങ്ങള്‍ കടന്നുപോകുന്ന ഘട്ടത്തില്‍ കേരളം രണ്ടു പോരാട്ടങ്ങളുടെ ഭൂമിയാണ്. നാശം വാരിവിതറി കടന്നുപോയ പ്രളയത്തിന്റെ പിടിയില്‍ നിന്നു കരകയറാനുള്ള പോരാട്ടവും പരമ്പരാഗത വിശ്വാസപ്രമാണങ്ങളെ പിടിച്ചുനിര്‍ത്താനുള്ള പോരാട്ടവും. രണ്ടും ജീവല്‍ പ്രശ്നങ്ങള്‍ തന്നെ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനും കേരളത്തെ തളര്‍ത്താനാവില്ലെന്ന തിരിച്ചറിവാണ്, അതിനെ നേരിടാന്‍ നമ്മള് കാണിച്ച ഒത്തൊരുമയും ഇച്ഛാശക്തിയും വഴി ഉരുത്തിരിഞ്ഞത്. പക്ഷേ, ആ ഒത്തൊരുമയെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ജാതി ചിന്ത സമൂഹത്തില്‍ കുത്തിവയ്ക്കാന്‍ ഭരണതലത്തില്‍ നിന്നു തന്നെയുള്ള ശ്രമങ്ങള്‍, പ്രളയത്തേക്കാള്‍ വലിയ ദുരിതമായി ഇന്നു കേരളത്തിന്റെ മുന്നിലുണ്ട്. സുപ്രീംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ നടത്താന്‍ ശ്രമിക്കുന്ന ആചാരലംഘനവും അതുവഴിയുള്ള സാമൂഹിക പ്രശ്നങ്ങളും കേരളത്തെ ലോകശ്രദ്ധയിലെത്തിച്ചിരിക്കുന്നു.
രണ്ടു കാര്യങ്ങളിലും പുതിയൊരു കേരളപ്പിറവിയാണ് വരാനിരിക്കുന്നത്. നാടിന്റെ ഭൗതികമായ പുനര്‍നിര്‍മാണവും വിശ്വാസത്തേയും പാരമ്പര്യത്തേയും കൈവിടാന്‍ കൂട്ടാക്കാത്ത വിശ്വാസ സമൂഹത്തിന്റെ ദൃഢനിശ്ചയത്തിലൂടെ ഉരുത്തിരിയുന്ന മാനസികമായ പുനരര്‍പ്പണവും. കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് നവകേരള നിര്‍മാണം എന്നാണു സര്‍ക്കാര്‍ പറയുന്നതെങ്കിലും നമുക്കു വേണ്ടതു നവകേരളമാണോ പഴയ കേരളമാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചനാടായിരുന്നു ഇവിടം. പ്രകൃതി ഭംഗിയിലും ജല ലഭ്യതയിലും കാലാവസ്ഥയിലും ഫലഭൂയിഷ്ടിയിലും അസൂയാവഹമായ അവസ്ഥയിലായിരുന്നു ഈ നാട്. കുന്നും പുഴകളും പാടങ്ങളും തീരങ്ങളും പച്ചപ്പുമായിരുന്നു അതിന്റെ മുഖമുദ്ര. അത് ആരും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഒരുക്കിയതായിരുന്നില്ല. പ്രകൃതി സ്വയം രൂപപ്പെടുത്തിയതായിരുന്നു. വന്‍ പ്രകൃതിദുരന്തങ്ങള്‍ നമുക്ക് അന്യമായിരുന്ന ഒരുകാലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്വന്തം നാടായിരുന്നു. എല്ലാം തന്നിരുന്ന ആ നാടിനെ തിരിച്ചറിയാന്‍ കഴിയാതെ പോയിടത്താണ് നമുക്കു പിഴച്ചത്. മണ്ണും മനസ്സും സംസ്കാരവും വിദ്യാഭ്യാസവും എല്ലാം കച്ചവടക്കണ്ണിലൂടെ കണ്ട് വഴിതെറ്റി ഏറെ ദൂരം സഞ്ചരിച്ച നമ്മേ പ്രകൃതി തന്നെ തിരിച്ചറിവിന്റെ കടവില്‍ അടുപ്പിച്ചിരിക്കുന്നു. നാശം വിതച്ച പ്രളയത്തിന്റെ ബാക്കി പത്രം അതാണ്. പ്രകൃതി കഴുകിത്തുടച്ചു തിരിച്ചേല്‍പ്പിച്ച ഈ മണ്ണിന് ഇനി ഏതു രൂപഭാവങ്ങള്‍ നല്കണമെന്നുള്ള ചിന്ത ദീര്‍ഘവീക്ഷണത്തോടെ തന്നെയായിരിക്കണം. ഇനിയൊരു മഹാദുരന്തം ഭാവി കേരളത്തെ പിടികൂടാത്ത വിധമുള്ളത്.
മാതൃഭാഷയെ അമൃതഭാഷയായി കാണാന്‍ വേണ്ട തിരിച്ചറിവ് ഇടക്കാലത്തു നമുക്ക് കൈവന്നു എന്നതു സ്വാഗതാര്‍ഹം തന്നെ. മലയാളം പഠിക്കാത്ത കുറെയേറെ തലമുറകള്‍ ഇതിനിടെ കടന്നുപോയി എന്ന സത്യം ബാക്കിനില്‍ക്കുമ്പോഴും, കൈവിട്ടുപോയ മലയാള പഠനം തിരികെപ്പിടിച്ചു നിര്‍ബന്ധ പാഠ്യപദ്ധതിയില്പ്പെടുത്തിയതും ഭരണഭാഷ മലയാളമാക്കാനുള്ള ശ്രമവും സ്വത്വത്തെ കൈവിടാതെ പുതിയകാലത്തിലൂടെ സഞ്ചിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെ. ഭരണ രംഗത്ത് ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളില്‍ ഒഴികെ മലയാളം തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഭരണരംഗവുമായി ബന്ധപ്പെട്ട പദങ്ങളടങ്ങിയ ഭരണ മലയാളം ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും നൂതന പരീക്ഷണങ്ങളാണ്. പക്ഷേ, സാങ്കേതിക സംവിധാനങ്ങളല്ല നമ്മുടെ മനസ്സാണ് പ്രധാനം. മലയാളിക്കു മലയാളിയാകാനുള്ള മനസ്സ് അവരവര്‍ സ്വയം മനസ്സുവച്ചാലേ സംജാതമാകൂ. മാതൃഭാഷ സംസാരിക്കുന്നത് മാനക്കേടാണെന്ന തോന്നല്‍ നമ്മേയും വരും തലമുറയേയും നാടിന്റെ ഗൃഹാതുരത്വത്തില്‍ നിന്നുതന്നെ അകറ്റും. അതിനെ മറികടക്കാന്‍, അസ്തിത്വവും മാറ്റങ്ങളും കൈകോര്‍ത്തു നീങ്ങുന്ന വിദ്യാഭ്യാസമാണ് നമ്മുടെ തലമുറകള്‍ക്കു വേണ്ടത്. പ്രാരംഭ വിദ്യാഭ്യാസം മുതലേ അതിനുള്ള വിത്ത് പാകണം. മാറുന്ന സാങ്കേതിക ലോകത്തിനൊപ്പം കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനൊപ്പം സ്വന്തം ഭാഷയുടെ മാതൃവാല്‍സല്യവും അവര്‍ക്കു ലഭ്യമാക്കണം. ഇനിയൊരു തലമുറ നമ്മുടെ സംസ്കാരത്തേയും പൈതൃകത്തേയും വിശ്വാസങ്ങളേയും അവഹേളിക്കാതിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: