പ്രതിബന്ധങ്ങള്‍, അജ്ഞത, ഭയം എന്നിവയോട് യുദ്ധം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്, ഒരു കാര്യം പ്രത്യേകം ഓര്‍മിപ്പിച്ചു. സംന്യാസിമാര്‍ ഒരു പ്രത്യേകസ്ഥലത്ത് മോക്ഷംതേടി തമ്പടിക്കരുതെന്ന്. ഇങ്ങനെ ചെയ്താല്‍ കെട്ടിക്കിടക്കുന്ന വെള്ളംപോലെ മനുഷ്യമനസ്സും ക്രമേണ അശുദ്ധമാകും. സ്വാമികള്‍ സ്വന്തം ജീവിതാദര്‍ശമായി നദികളെ ചൂണ്ടിക്കാണിക്കുമായിരുന്നു. നദികള്‍ ഒഴുകിയൊഴുകി അഴുക്ക് നീക്കം ചെയ്യുന്നു. നദിയും ശുദ്ധമാകുന്നു.
സംന്യാസിക്കും മാനുഷികമായ വികാരമുണ്ട്. നന്മയില്‍നിന്ന് അത് ഉദയംകൊള്ളുന്നു. ശ്രീരാമകൃഷ്ണപരമഹംസന്റെ അടുത്ത അനുയായിയായിരുന്ന ബല്‍റാംബന്ധു അന്തരിച്ചവിവരം അറിഞ്ഞപ്പോള്‍ സ്വാമിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു സംന്യാസി ഇങ്ങനെ കരയരുതെന്ന് അടുത്തുനിന്ന പ്രമാദദാസ് മിത്ര ഉപദേശിച്ചപ്പോള്‍ സ്വാമി ക്ഷോഭത്തോടെ ചോദിച്ചു: ‘നാമൊരു സംന്യാസിയായതുകൊണ്ട് ഹൃദയംകളയണമോ?’
ഈ വിവേകാനന്ദനെ അറിയുന്നവര്‍ക്കു മാത്രമേ മഹാനായ ഈ ജീനിയസിന്റെ ആന്തരലോകത്തെ അടുത്തറിയാന്‍ കഴിയൂ. എസ്. സുജാതന്‍ രചിച്ച ‘വിവേകാനന്ദം’ എന്ന നോവല്‍ സ്വാമിയുടെ മനസ്സ് എന്താണെന്ന് വളരെ ഹൃദ്യമായും സൗമ്യമായും വ്യക്തമാക്കുന്നു.
ചരല്‍ക്കല്ലുകള്‍ അടിത്തട്ടില്‍ തെളിഞ്ഞുകാണുന്ന ചില അരുവികളുണ്ട്. ആ കല്ലുകള്‍ക്കുമീതെ പരല്മീനുകള് നീന്തിത്തുടിക്കുന്നതും കാണാം. വളരെ തെളിമയുള്ള അതുപോലൊരു പ്രവാഹത്തില്‍ കുറച്ചുനേരം ഇറങ്ങിനില്‍ക്കുന്നത് മനസ്സിന് എത്രമാത്രം ആരോഗ്യം തരുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. സുജാതന്റെ നോവല്‍ സ്വാമി വിവേകാനന്ദന് എന്ന മഹാപ്രസ്ഥാനത്തെ അടിത്തട്ടു കാണിക്കുന്ന അരുവിപോലെ ദൃശ്യവല്‍ക്കരിക്കുന്ന സ്വാമിയുടെ കുട്ടിക്കാലം മുതലുള്ള ജീവിതമാണ് ആവിഷ്കരിക്കുന്നത്. സുജാതന്റെ നോവലില്‍ ഒരു സംന്യാസി എന്ന നിലയില്‍ സ്വാമിയുടെ യാത്രകള്‍ വിശദമായി വിവരിച്ചിട്ടുണ്ട്.
നമ്മുടെ ശരീരത്തെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന കോടിക്കണക്കിന് സൂക്ഷ്മാണുക്കള്‍ ചുറ്റിനുമുണ്ട്. ഇതിനെക്കുറിച്ച് സ്വാമി വിവേകാനന്ദന് പറഞ്ഞത് ഇതാണ്:
കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കോടാനുകോടി സൂക്ഷ്മജീവികള്‍ ചുറ്റിലുമുണ്ട്. പക്ഷേ, അവയെ ശ്രദ്ധിക്കുകപോലും ചെയ്യരുത്. അവ നമ്മെ സമീപിക്കാന്‍ ധൈര്യം കാണിക്കുകയില്ല. നമ്മളിലേക്ക് കയറാന്‍ അവയ്ക്ക് ശക്തിയുണ്ടായിരിക്കില്ല; നമ്മുടെ മനസ്സ് ദുര്‍ബ്ബലമാകാത്തിടത്തോളം കാലം.
സ്വാമിയുടെ അമ്മ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ യുക്തിസഹമായി കണ്ടില്ല. ആ സത്യബോധം വിവേകാനന്ദനിലും കാണാം. അദ്ദേഹത്തെ ചലിപ്പിച്ച വാക്കുകള്‍ പരമഹംസ ആചാര്യനില്‍നിന്നുതന്നെ ലഭിച്ചു. അത് ഇപ്രകാരമാണ്.
”സകല ജീവജാലങ്ങളിലും അന്തര്‍ലീനമായിട്ടുള്ള ജീവനെ ആദരിക്കുക. അവര്‍ക്കുവേണ്ടി സേവനം ചെയ്യുക. നിങ്ങളുടെ ദയാവായ്പ് ആര്‍ക്കുവേണം? മറ്റുള്ളവരോട് ദയവ് തോന്നാന്‍ വേണ്ടി നിങ്ങള്‍ക്കാരാണ് ഉയര്‍ന്ന പദവി നല്‍കിയിരിക്കുന്നത്.” (പേജ് 77)
സ്വാമി വിവേകാനന്ദന് ക്ഷുദ്രമായ ജാതിചിന്തയില്ല. അദ്ദേഹം വര്‍ണ്ണാശ്രമ വ്യവസ്ഥയ്ക്ക് അപ്പുറംപോയി ലോകഹൃദയം കണ്ടു. അതിന്റെ പ്രത്യക്ഷസംഭവം നോവലില്‍ വിവരിക്കുന്നുണ്ട്. മൗണ്ട് ആബുവില്‍നിന്ന് സ്വാമിയെ ഖെത്രി രാജാവിന്റെ വക്കിലായ മുഹമ്മദ് ഹാസിം സാഹിബ്ബ് വിളിച്ചുകൊണ്ടുവന്ന് തന്റെ ബംഗ്ലാവില്‍ താമസിപ്പിച്ചു. ഒരു ദിവസം അവിടേക്ക് കയറിവന്ന രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ ജഗന്‍മോഹന്‍ലാല്‍ ചോദിച്ചു. ഹിന്ദു സംന്യാസിയായ അങ്ങ് എങ്ങനെയാണ് ഒരു മുസല്‍മാന്റെകൂടെ താമസിക്കുന്നതെന്ന്. ഇതുകേട്ട് സ്വാമിക്ക് അല്പം നീരസം തോന്നി. സ്വാമി ഇങ്ങനെ പ്രതികരിച്ചു.
”സര്, എന്താണ് നിങ്ങള്‍ പറുന്നത്? ഞാനൊരു സംന്യാസി. നിങ്ങളുടെ വര്‍ണ്ണവ്യവസ്ഥകള്‍ക്കൊക്കെ അതീതനാണ് ഞാന്‍. ഒരു തോട്ടിയുടെ കൂടെയും എനിക്ക് ആഹാരം കഴിക്കാം. ഈശ്വരന് ഇതിനെ അനുവദിക്കുന്നു. അതുകൊണ്ട് ഈശ്വരനെ എനിക്ക് ഭയമില്ല. ശാസ്ത്രങ്ങള്‍ ഇതിനെ അനുമോദിക്കുന്നു. അതുകൊണ്ട് ശാസ്ത്രങ്ങളെ എനിക്ക് പേടിയില്ല. പക്ഷേ, നിങ്ങളെപ്പോലെയുള്ളവരെയാണ് പേടി. നിങ്ങള്‍ക്ക് ഈശ്വരനെക്കുറിച്ചും ശാസ്ത്രങ്ങളെക്കുറിച്ചും ഒന്നും അറിഞ്ഞുകൂടാ. ഞാന്‍ എല്ലാറ്റിലും ബ്രഹ്മത്തെ കാണുന്നു. ഉച്ചമോ നീചമോ ആയി എനിക്ക് യാതൊന്നുമില്ല” (പേജ് 120)
ഭാരതജനത ഒരു അര്‍ദ്ധതമസ്സിലൂടെ കടന്നുപോകുന്നതായുള്ള അറിവ് സ്വാമിയെ ചിന്തിപ്പിച്ചു. ഓരോ നിമിഷവും സ്വാമി യഥാര്‍ത്ഥമായ മതവും മാനവികതയും എന്താണെന്ന് സ്പഷ്ടമാക്കാനുള്ള പുറപ്പാടിലായിരുന്നു. സഞ്ചാരമാണ് മുഖ്യം. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുക. പുതിയ സ്ഥലങ്ങള്‍ കാണുന്നത് പുതിയ ജീവിതാര്‍ത്ഥമാണ് കൊണ്ടുവരുന്നത്.
സ്വാമിയുടെ അന്തരംഗ ശ്രുതിപോലെ നോവലില്‍ ആ ഭാഗം കടന്നുവരുന്നു: ”ഭാരതം ജന്മം നല്കിയ ഋഷീശ്വരന്മാര് പകര്‍ന്നുതന്ന ആര്‍ഷജ്ഞാനം ആദ്യം ലോകമെങ്ങും പ്രചരിക്കണം. ഭാരതജനത ഈ തത്ത്വസംഹിത ഗ്രഹിക്കാനുള്ള മാനസികാവസ്ഥയിലൂടെയല്ല ഇപ്പോള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അവര്‍ക്കിപ്പോള്‍ വേണ്ടത് ആഹാരവും വസ്ത്രവും മരുന്നുമാണ്; ഒപ്പം വിദ്യാഭ്യാസവും ആത്മവിശ്വാസവും! അവ എത്തിക്കേണ്ട കടമ മതത്തിന്റേതാണ്; ഭരണാധികാരികളുടേതാണ്. ദീനരുടേയും ദരിദ്രരുടേയും കണ്ണീരൊപ്പാന്‍ കഴിയാത്ത ഈശ്വരനിലും മതത്തിലും തനിക്കു വിശ്വാസമില്ല.”
ഇങ്ങനെ ചിന്തിക്കുന്നിടത്ത് സ്വാമി പരമ്പരാഗത സംന്യാസ സമൂഹത്തില്‍ നിന്ന് ചുവടുമാറ്റുകയാണ്. എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള അദമ്യമായ സമന്വയബോധം വീണ്ടെടുത്തുതന്ന മഹാത്മാവാണ് സ്വാമി വിവേകാനന്ദന്. ‘മനുഷ്യോപകാരപ്രദമായ സംസ്കാരത്തിലേക്ക് അടുത്തുവരുന്ന വേദാന്തം’ എന്ന പുതിയ ജ്ഞാനോദയമാണ് സ്വാമി ആദിമധ്യാന്തം പരിചയപ്പെടുത്തിയത്. അതില്‍ അങ്ങേയറ്റം മുഴുകാനും അദ്ദേഹത്തിനു കഴിഞ്ഞു.
സുജാതന്റെ നോവല്‍ വിനീതമായ ഒരാഖ്യാനമാണ്. ഒരു പൂവിറുത്തെടുക്കുന്നതുപോലെയാണ് നോവലിസ്റ്റ് ഭാരതത്തിന്റെ പ്രകാശഗോപുരമായ സ്വാമി വിവേകാനന്ദനെ പിന്തുടരുന്നത്. വെളിച്ചത്തിനായി ദാഹിക്കുന്ന ഉല്പതിഷ്ണുവായ മനുഷ്യന്റെ മാനസികവും ബുദ്ധിപരവുമായ നന്മകളെ സാക്ഷാത്കരിക്കുന്ന പുസ്തകമാണ് ‘വിവേകാനന്ദം.’ ഒരു മനുഷ്യവ്യക്തിയുടെ ദൈവികതയിലേക്ക് ഏറ്റവും പവിത്രമായി സമീപിക്കുകയാണ്. ഇവിടെ ഭാഷ കുട്ടിയുടെ മനസ്സുപോലെ ജിജ്ഞാസുവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: