ഒരു വ്യാഴവട്ടക്കാലമായുള്ള കാത്തിരിപ്പായിരുന്നു-മനക്കണ്ണില്‍ ഒരു നീലവസന്തവും മെനഞ്ഞ് കുറിഞ്ഞിപ്പൂക്കാലം. പ്രകൃതിയുടെ വിസ്മയം വന്നണയാന്‍ എന്തേ ഇത്ര വൈകുന്നു?
സാധാരണയായി ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് നീലവര്‍ണ്ണം വാരിവിതറി മലനിരകളെയാകെ കോള്മയിര് കൊള്ളിച്ച് കുറിഞ്ഞികള്‍ പൂത്തിറങ്ങാറുള്ളത്.
ഇക്കുറി പേമാരിയിലും മലയിടിച്ചിലിലുമൊക്കെ മനംനൊന്ത് കുറിഞ്ഞിച്ചെടികള്‍ മരവിച്ചു നില്ക്കയാണോ?
ഏതായാലും കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടായിരുന്നു മൂന്നാറില്‍ നിന്ന് ബന്ധുവിന്റെ ഫോണ്‍കാള്‍; ”നമ്മുടെ രാജമലയില്‍ കുറിഞ്ഞിപ്പൂക്കള്‍ വിരിയാന്‍ തുടങ്ങി കേട്ടോ.” സന്തോഷമായി. നീലഗിരി മലകള്‍ നീലച്ചേലയണിയാന് തുടങ്ങിയല്ലോ. മൂന്നാറിലെ ഒരു കുറിഞ്ഞിപ്പൂക്കാലം ഒരിക്കലെങ്കിലും നെഞ്ചിലേറ്റിയവരുടെ മനസ്സില്‍ മായാത്തൊരു ചിത്രമുണ്ടാകും. നീണ്ടു പരന്നുകിടക്കുന്ന നീലാംബരം. ഉത്തുംഗ ഭാവദര്‍ശനമായി കൂറ്റന്‍ മലനിരകള്‍. അവിടവിടെയായി മലയിടുക്കുകളില്‍നിന്ന് പഞ്ഞിക്കെട്ടുകള്‍ പോലെ നിരവധി രൂപങ്ങളില്‍ പറന്നുയരുന്ന മൂടല്‍ മഞ്ഞിന് ശകലങ്ങള്‍. ആകമാനം നീലച്ചാര്‍ത്തണിഞ്ഞു നില്ക്കുന്ന താഴ്വാരങ്ങളും മലകളും. ആ വശ്യസൗന്ദര്യം മനസ്സില്‍ പതിഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.
അതുകൊണ്ടുതന്നെയാണ് ഇക്കുറി കുറിഞ്ഞി പൂക്കാന്‍ വൈകുന്നതെന്തേയെന്നുള്ള സന്ദേഹം ഒരു നൊമ്പരമായി മാറിയതും.
നമുക്ക് കുറിഞ്ഞിപ്പൂക്കാലം ഒരു മനം മയക്കുന്ന കാഴ്ച, അല്ലെങ്കില്‍ പ്രകൃതിയിലെ വിസ്മയം മാത്രമായിരിക്കാം. പക്ഷേ ആദിവാസി സമൂഹത്തിന് പ്രകൃതി എന്ന സത്യത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണത്. പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ കൃത്യമായെത്തുന്ന കുറിഞ്ഞിപ്പൂക്കാലത്തെ അവര്‍ സാഘോഷമാണ് വരവേറ്റിരുന്നത്. കുറിഞ്ഞിപ്പൂങ്കുലകളും ചുറ്റിപ്പറക്കുന്ന തേനീച്ചക്കൂട്ടങ്ങളും കരിവണ്ടുകളും ശലഭങ്ങളും നിരവധി പക്ഷികളും എല്ലാം ഒത്തുചേര്‍ന്ന് മലനിരകളിലൊരുക്കുന്ന കുറിഞ്ഞി വസന്തം അവര്‍ക്ക് ഉത്സവ സമാനമായതില്‍ അത്ഭുതപ്പെടാനില്ല.
കുറിഞ്ഞിപ്പൂക്കാലംകൊണ്ട് ആദിവാസികള്‍ കാലഗണന നടത്തിയിരുന്നു എന്ന് ചിലര്‍ പറയുന്നു. അവരുടെയിടയില്‍ ഒരാളുടെ പ്രായം കുറിഞ്ഞി ചേര്‍ത്ത് ഒരു കുറിഞ്ഞി, രണ്ട് കുറിഞ്ഞി, മൂന്ന് കുറിഞ്ഞി എന്നൊക്കെ പറയുന്ന പതിവുണ്ടായിരുന്നുവത്രേ. അതായത് ഒരു കുറിഞ്ഞി എന്നാല്‍ 12 വയസ്സ്, രണ്ട് കുറിഞ്ഞി എന്നാല്‍ 24 വയസ്സ് അങ്ങനെ.
കുറിഞ്ഞിക്ക് ഔഷധമൂല്യമുണ്ടെന്നാണ് ആദിവാസികളുടെ അഭിപ്രായം. കുറിഞ്ഞിപ്പൂക്കാലത്തിനു ശേഷം അവര്‍ ശേഖരിക്കുന്ന തേനിനും വിശേഷഗുണമുണ്ടത്രേ. ആ തേനിന് ധാരാളം ആവശ്യക്കാരുമുണ്ടാവും.
നീലഗിരി മലകള്‍ക്ക് ആ പേരു കിട്ടിയതുതന്നെ നീലക്കുറിഞ്ഞി പൂക്കുന്ന മലകള്‍ എന്ന നിലയില്‍ ആണെന്നു പറയുന്നു. പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന മലനിരകളില്‍ മാത്രമാണ് കുറിഞ്ഞി വിടരുന്നത്.
മൂന്നാറും ഇരവികുളം ദേശീയോദ്യാനവും കുറിഞ്ഞിമല വന്യജീവിസങ്കേതവും ഉള്‍പ്പെടെയുള്ള മലനിരകളിലാകെ കുറിഞ്ഞിപ്പൂക്കാലത്ത് നീല വസന്തം വിരിഞ്ഞിറങ്ങും. ഇക്കാലത്തു തന്നെ തമിഴകത്തെ നീലഗിരിമലകളും പളനിമലകള്‍ എന്നറിയപ്പെടുന്ന കൊടൈക്കനാല്‍ മലനിരകളുമെല്ലാം കുറിഞ്ഞിയുടെ ആശ്ലേഷത്തിലമരും. മലയാള സാഹിത്യത്തില്‍ കുറവാണെങ്കിലും തമിഴ് സാഹിത്യത്തില്‍ കുറിഞ്ഞി വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കാണാം.
കുറിഞ്ഞി ഇനങ്ങള്‍ പലതുണ്ടെങ്കിലും ഒരു വ്യാഴവട്ടത്തില്‍ പൂക്കുന്നവയെയാണ് പൊതുവെ നീലക്കുറിഞ്ഞി എന്നു വിളിക്കുന്നത്. ചെടികളുടെ പ്രായം എത്രയാണെങ്കിലും അവയെല്ലാം പന്ത്രണ്ടുവര്‍ഷത്തെ കാലചക്രം അനുസരിക്കുന്നു എന്നത് അതിശയകരമാണ്. കുറിഞ്ഞി പൂക്കേണ്ട കാലമായാല്‍ ധാരാളം ചെടികള്‍ പുതുതായി കിളിര്ത്തുവരുന്നത് കാണാം. വിത്തുകള്‍ മണ്ണിനടിയില്‍ ഉറങ്ങിക്കിടക്കുന്നു എന്നാണല്ലോ ഇതില്‍നിന്ന് മനസ്സിലാകേണ്ടത്.
പൂക്കാലമായാല്‍ നിലത്തുനിന്ന് ഒരടി പൊക്കം മുതല്‍ അഞ്ചടി പൊക്കംവരെ കുറിഞ്ഞിച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് ഇരവികുളത്തെ മലനിരകളിലും താഴ്വരകളിലും കാണാം.
ഉയര്‍ന്ന സ്ഥലങ്ങളിലാകട്ടെ ചെടികള്‍ക്ക് പൊക്കം കുറവായിരിക്കും. ആ താഴ്വരകളില്‍ ഒരാള്‍ പൊക്കത്തില്‍ നില്ക്കുന്ന പൂങ്കുലകള്‍ക്കിടയിലൂടെ നടക്കുന്നത് ഒരനുഭൂതി തന്നെയാണ്.
1994-ലെ കുറിഞ്ഞിപ്പൂക്കാലം കണ്ടും അടുത്തറിഞ്ഞും ആസ്വദിക്കാന്‍ കഴിഞ്ഞു എനിക്ക.് ഇരവികുളം ദേശീയോദ്യാനത്തില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന കാലമായിരുന്നു അത്. അന്ന് സ്വാമിമലയും ഗുണ്ടുമലയും ഊമമലയും കൊളുക്കുമലയുമൊക്കെ അടങ്ങുന്ന മൂന്നാര്‍ മലനിരകളിലാകെ കുറിഞ്ഞികള്‍ പൂത്തുലഞ്ഞ് നീലവര്‍ണ്ണം വാരിവിതറി. ഒരു കുറിഞ്ഞി വസന്തം തന്നെയായിരുന്നു അന്ന്. ആ വസന്ത സ്മൃതികള്‍ക്ക് ഇപ്പോഴും തിളക്കമാര്‍ന്ന വര്‍ണ്ണപ്പകിട്ട്- വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും.
വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്ന അക്കാലത്തു പോലും കുറിഞ്ഞിപ്പൂക്കളെ സംരക്ഷിക്കാന്‍ നല്ല പാടുപെടേണ്ടിവന്നു വനം വകുപ്പുദ്യോഗസ്ഥര്‍ക്ക്. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കുറിഞ്ഞിപ്പൂക്കുലകളിറുത്ത് വാഹനങ്ങളുടെ മുകളില്‍ കെട്ടിവച്ചു കൊണ്ടു പോകുന്ന കാഴ്ച കണ്ട് വിഷമിക്കേണ്ടി വന്നിട്ടുണ്ട്. പൂക്കളിറുക്കരുതെന്നും അടുത്ത പൂക്കാലത്തേക്കുള്ള വിത്തുകള്‍ ആ പൂക്കളിലാണ് ഉറങ്ങുന്നതെന്നുമൊക്കെ പറഞ്ഞാലും അനുസരിക്കാതെ പൂക്കള്‍ പൊട്ടിച്ചു കൊണ്ടുപോകുന്ന യാത്രക്കാരെ നേരിടേണ്ടതായും വന്നിട്ടുണ്ട് ജീവനക്കാര്‍ക്ക്. അന്ന് യാത്രക്കാരെ ബോധവല്‍ക്കരിക്കാന്‍ ജീവനക്കാര്‍ക്കൊപ്പം കൂടിയിരുന്ന എന്റെ മകന് – അന്നത്തെ ഒരു കുറിഞ്ഞി വയസ്സുകാരന് – വട്ടം ചുറ്റി പറക്കുന്ന വണ്ടുകളേയും തേനീച്ചകളേയും പേടിച്ച് ചെവിയും പൊത്തി കുറിഞ്ഞികള്‍ക്കിടയിലൂടെ ആഹ്ലാദിച്ചോടി നടന്നത് ഇന്നലെയെന്ന പോലെ മനസ്സില്‍.
മഞ്ഞിന് തുള്ളികളുടെ മേലാപ്പണിഞ്ഞു നില്ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍. ഇളം കാറ്റിലാടി മലകളില്‍ നിന്ന് മലകളിലേക്ക് ഒഴുകിയെത്തുന്ന ആ നീലത്തിരകള്ക്കിടയിലൂടെ ഒരു നടത്തം. ഇടയ്ക്കൊന്നു ചെവി പാര്‍ത്താല്‍ കേള്‍ക്കാം, പൂക്കളില്‍നിന്ന് ഒരു മന്ത്രണം. അതില്‍ ഒളിഞ്ഞിരിക്കുന്ന വിത്തുകളുടേതാണ്. ‘-ആവോളം ആസ്വദിച്ചോളൂ ഈ നീലവസന്തം; ദിവസങ്ങള്‍ക്കകം ഞങ്ങള്‍ സുഷുപ്തിയിലാകും. പിന്നെ പന്ത്രണ്ടു വര്‍ഷം കഴിഞ്ഞേയുള്ളു പുനര്‍ജ്ജനി. അന്നും നിങ്ങള്ക്കായൊരുക്കാം ഞങ്ങള്‍-ഒരു വിസ്മയക്കാഴ്ച.
പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് ദുസ്സഹമല്ലേയെന്ന് നമ്മുടെ മനസ്സ് മന്ത്രിച്ചേക്കാം. പക്ഷേ, അത് പ്രകൃതിയിലെ സത്യമാണ്. അത് അഭംഗുരം തുടരട്ടെ. വര്‍ണ്ണം വിതറിയെത്തുന്ന ആ ധന്യനിമിഷങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം – ഒരു വ്യാഴവട്ടക്കാലം – പ്രകൃതിയെ പ്രണയിച്ചുകൊണ്ട്, പ്രകൃതിയെ വന്ദിച്ചുകൊണ്ട്.
ജയശ്രീ മാത്തൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: