മലയാളം കണ്ട എക്കാലത്തേയും നല്ല സാഹിത്യകാരന്, എഴുത്തിന്റെ ലോകത്ത് തീക്ഷ്ണസൗന്ദര്യം വിതറിയ ആധുനിക സഹിത്യത്തിന്റെ കുലപതി യാത്രയായിട്ട് ഏഴ് വര്‍ഷംതികയുന്നു. 2011 ഒക്ടോബറിലായിരുന്നു അര്‍ബുദത്തിന്റെ രൂപത്തില്‍ മരണം കാക്കനാടനെ നമ്മളില്‍നിന്നും തട്ടിയെടുത്ത്പറന്നകന്നത്.
കാക്കനാടനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെയും ആദ്യം മനസ്സിലേക്കോടിയെത്തുന്നത് എന്റെ അയല്‍വാസിയും എഴുത്തുകാരനുമായ മുരളിയേട്ടന്റെ (മുരളി ജെ. നായര്‍ ) ഇതിഹാസങ്ങളുടെ മണ്ണില്‍ എന്ന ആദ്യ പുസ്തകം പ്രകാശനം ചെയ്യാനുള്ള ക്ഷണം സ്വീകരിച്ച് കണ്ണനാകുഴിയില്‍ എത്തിയ അദ്ദേഹത്തെ നേരില്‍ കണ്ട ആ മനോഹര സായാഹ്നമാണ്.
ക്ഷമയോടെ കാത്തിരുന്ന സദസ്സിലേക്ക് അപ്പൂപ്പന്താടിപോലെ വെളുത്ത് നീണ്ട മുടിയുമായി വട്ടക്കണ്ണടയും മുണ്ടും ജുബ്ബയും ധരിച്ച് സാധാരണ മനുഷ്യനെപ്പോലെ അദ്ദേഹമെത്തി. ഞാന്‍ വായിച്ച പുസ്തകങ്ങളിലൂടെ എന്നെ അമ്പരപ്പിച്ച, ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ പല കഥാപാത്രങ്ങളുടെയും തമ്പുരാന്. ചിത്രങ്ങളില്‍ കണ്ടിട്ടുള്ള അതേരൂപം. നിറഞ്ഞചിരിയുമായി അദ്ദേഹം സദസ്സിനെനോക്കി വലതുകൈ ഉയര്‍ത്തി വീശിയപ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നുപൊങ്ങിയ തിരശ്ശീലയ്ക്ക് പിന്നിലെ അരങ്ങില്‍ തെളിഞ്ഞ ആട്ടവിളക്കിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍നിന്നും പിറവിയെടുത്ത പല കഥാപാത്രങ്ങളും ഒന്നൊന്നായി തിരനോട്ടം നടത്തുകയായിരുന്നു.
‘ഇതിഹാസങ്ങളുടെ മണ്ണില്‍’ ഗ്രീസിലൂടെയുള്ള യാത്രയും ഐതിഹാസികമായ അനുഭവങ്ങളുമടങ്ങിയ പുസ്തകം പ്രകാശനം ചെയ്തശേഷം തന്റെ വാക്കുകള്‍ക്കായി അക്ഷമയോടെ കാത്തിരുന്ന സദസ്സിനെ നോക്കി കാക്കനാടന് വാചാലനായി. ശാരീരികമായ ബുദ്ധിമുട്ടുകളെല്ലാം മറന്ന് ഇടയ്ക്കിടെ സാഹിത്യലോകത്തെ രസകരമായ പല അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ച് അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. സ്വന്തം രചനയിലെ അക്ഷരങ്ങളുടെ സൗന്ദര്യവും തീവ്രതയും ആ വാക്കുകളിലും നിഴലിച്ചിരുന്നു.
എഴുത്തിന്റെ ലോകത്തെ അതികായന് മടക്കയാത്രയ്ക്കായി കാറിലേക്ക് കയറിയപ്പോള്‍ അദ്ദേഹത്തെ ഒന്നടുത്തു കാണാന്‍ ഞാനടക്കമുള്ള കുട്ടികള്‍ വെളുത്ത അംബാസഡറിന് ചുറ്റുംതടിച്ചുകൂടി. കുട്ടികളോടൊത്ത് കുറച്ച് സമയം ചെലവഴിക്കാന്‍ അദ്ദേഹത്തിനും സന്തോഷമായിരുന്നു.
കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്തി വലതുകൈ പുറത്തേക്കിട്ട് ഞങ്ങളെ തൊട്ടും തലോടിയും ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു.
സ്വീകരണവേളയില്‍ കിട്ടിയ പൂച്ചെണ്ടില്നിന്ന് പൂക്കളിറുത്ത് നിറഞ്ഞ ചിരിയോടെ അദ്ദേഹം ഞങ്ങള്‍ക്കു നേരേ നീട്ടുമ്പോള്‍ വാര്‍ദ്ധക്യത്തിന്റെ നിഴല്‍വീണ് ചുളിഞ്ഞ തന്റെ ശരീരത്തില്‍നിന്നും കൊതിയോടെ ഞങ്ങളിലെ ബാല്യത്തിലേക്കിറങ്ങിവന്ന മനസ്സിന്റെ സന്തോഷമായിരുന്നു ആ മുഖംനിറയെ.
വര്‍ഷങ്ങള്‍ക്കുശേഷം മുറിയിലെ ഷെല്‍ഫില്‍ നിരനിരയായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങള്‍ക്കിടയില്‍നിന്ന് വലിച്ചെടുത്ത ഇതിഹാസങ്ങളുടെ മണ്ണില്‍ എന്ന യാത്രാവിവരണത്തിന്റെ താളുകള്‍ക്കിടയിലെ ഉണങ്ങിക്കരിഞ്ഞ ആ പൂക്കളില്‍ വേദനയോടെ തൊടുമ്പോള്‍ പണ്ടൊരിക്കല്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അശരീരിപോലെ ആത്മാവില്‍ നിറഞ്ഞു.
”എന്റെ മനസ്സിന്റെ അറിവിന്റെയും അറിവില്ലായ്മയുടെയും കത്തിപ്പടരല്‍, അത് ഞാന്‍ എഴുതിവച്ചു . അതിനെ എന്തു പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല. ഇതുവരെ എഴുതിയതൊന്നും എനിക്കു തിരുത്തിപ്പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞതിനെ ഓര്‍ത്ത് പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല. എല്ലാം വളരെ കണ്‍വിക്ഷനോടു കൂടിയാണ് എഴുതിയിട്ടുളളത്. ആരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി എനിക്ക് എഴുതാന്‍ കഴിയില്ല.’
മഴ ഒതുങ്ങി, വെള്ളമിറങ്ങിയപ്പോള്‍ നിറഞ്ഞ നദി കരകളെ ഭീഷണിപ്പെടുത്തിക്കൊണ്ട്, കല്ലുകളെ തട്ടിയുരുട്ടി പ്രവാചകനെ തിരഞ്ഞുകൊണ്ട് വീണ്ടുമൊഴുകിയതും, അവളുടെ തീരങ്ങളില്‍ മണ്ണും മനുഷ്യരും ചത്തുകിടന്നതും, ചത്ത മണ്ണിനു നടുവിലൂടെ കലക്കവെള്ളവുമായി നദി വീണ്ടുമൊഴുകിയതും, നദിയെ പുണര്‍ന്ന കാറ്റിന്റെ വാഗ്ദത്തഭൂമിയും പ്രവാചകനും എവിടെ എന്ന ചോദ്യവും, അവിശ്വാസത്തോടെ പുച്ഛത്തോടെ പടിഞ്ഞാറ് കായലിലേക്ക് നിശ്ശബ്ദമായി ഒഴുകിക്കൊണ്ടിരുന്ന നദിയും, അവളോടൊപ്പമൊഴുകിയ കാലവും, കാറ്റും എല്ലാം, എല്ലാ അരുതായ്മകളുടെയും ഏഴാംമുദ്ര പൊട്ടിച്ച ആ സാഹിത്യ കുലപതിയുടെ തലച്ചോറില്‍നിന്നും തൂലികത്തുമ്പിലേക്കുള്ള ചിന്തകളായിരുന്നു.
നെടുവീര്‍പ്പോടുകൂടി പുസ്തകമടച്ച് തിരികെ വയ്ക്കുമ്പോള്‍ അശ്വത്ഥാമാവിന്റെ ചിരി ഒരട്ടഹാസമായി കാതുകളെ പ്രകമ്പനംകൊള്ളിച്ചു, ഒപ്പം ആ നിലച്ച തൂലികത്തുമ്പില്‍നിന്ന് പൂര്‍ണ്ണതയിലെത്താന്‍ കഴിയാഞ്ഞ ക്ഷത്രിയന്റെ നൊമ്പരം പറന്നുയരാന്‍ വെമ്പല്‍കൊള്ളുന്ന ഒരു കുഞ്ഞുപറവയുടെ ചിറകടിയൊച്ചയായി എനിക്ക് ചുറ്റും അലയടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: