ഇതു വല്ലാത്ത ധാര്‍ഷ്ട്യം തന്നെ! തെരഞ്ഞെടുത്ത ജനതയുടെ മുഖത്തു കാറിത്തുപ്പുന്ന നടപടിയുമായി കേരളസര്‍ക്കാര്‍ അഹങ്കാരത്തിന്റെ നെറുകയില്‍ കയറിനില്ക്കുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ ബലമായി അടിച്ചൊതുക്കാനുള്ള നീക്കവുമായി പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് പിണറായിയും കൂട്ടരും. പ്രശ്നം രമ്യമായി തീര്‍ക്കാനല്ല തുടരാനാണ് തങ്ങള്‍ക്ക് താത്പര്യമെന്ന് വ്യക്തമാക്കുന്നതായി ഇന്നലത്തെ ചര്‍ച്ചാ പ്രഹസനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത നിലപാടും. വിശ്വാസസമൂഹത്തെ അവഹേളിക്കാനും വരച്ചവരയില്‍ നിര്‍ത്താനുമാണ് ഉദ്ദേശിച്ചതെന്നു വ്യക്തം. വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമായിരുന്നു ആ നടപടി. വിധിനടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി തറപ്പിച്ചു പറയുമ്പോള്‍ തൊട്ടപ്പുറത്തു ചര്‍ച്ചയ്ക്കുള്ള ഒരുക്കം നടക്കുകയായിരുന്നു.
തുടക്കം മുതല്‍ തുടര്‍ന്നുപോരുന്ന ധാര്‍ഷ്ട്യത്തിന്റെ പുതിയ ഘട്ടത്തിനു തുടക്കമിടുക മാത്രമായിരുന്നു ഇത്. ചര്‍ച്ചയ്ക്കെത്തിയവരുടെ ആത്മാര്‍ഥതയും പ്രതിബദ്ധതയും ഉള്‍ക്കൊള്ളുകയും മാനിക്കുകയും ചെയ്യുന്നതിനു പകരം, നേരത്തെ ചര്‍ച്ചയ്ക്കു വരാന്‍ വിസമ്മതിച്ചതിനു പകതീര്‍ക്കാനുള്ള അവസരമായാണ് മുഖ്യമന്ത്രി ഈ അവസരം ഉപയോഗിച്ചത്. തുറന്ന ഏറ്റുമുട്ടലിനു വഴിതുറന്നിടുകയാണ് ഇതുകൊണ്ട് ചെയ്തിരിക്കുന്നതും. ജനങ്ങളോടു പകതീര്‍ക്കുന്ന ഇത്തരമൊരു ഭരണാധികാരി ലോകത്തു വേറെ ഉണ്ടാവില്ല. ഈ അപമാനം വിശ്വാസികള്‍ പൊറുക്കുമെന്നു കരുതാനും വയ്യ.
പന്തളം കൊട്ടാരം പ്രതിനിധികള്‍, തന്ത്രിമാര്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികള്‍ എന്നിവരുമായാണു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ചര്‍ച്ചയ്ക്കു മുന്നോട്ടുവന്നതു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആണെങ്കിലും അതിന് സര്‍ക്കാരിന്റെ മൗനസമ്മതമുണ്ടെന്നും സമവായത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നു എന്നുമായിരുന്നു സുചന. തുറന്ന സമീപനത്തോടെയാണ് ചര്‍ച്ചയെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ പ്രശ്നപരിഹാരത്തിനു വിദൂരമായെങ്കിലും സാധ്യതതെളിഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തോടെ കൈവിട്ടുപോയത്. ചര്‍ച്ചയില്‍ എന്ത് തീരുമാനമുണ്ടായാലും സര്‍ക്കാര്‍ സ്വന്തം നിലപാടുമായി മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ചര്‍ച്ചയ്ക്ക് അര്‍ഥമില്ലാതായി. ദേവസ്വം ബോര്‍ഡിനാകട്ടെ ചര്‍ച്ച എങ്ങനെ കൊണ്ടുപോകണമെന്നതു സംബന്ധിച്ചു യാതൊരു വ്യക്തതയുമില്ലായിരുന്നുതാനും.
കോടതി ഉത്തരവു നടപ്പാക്കരുതെന്ന് ആരും ഇതുവരെ പറഞ്ഞുകേട്ടില്ല. ആ ഉത്തരവ് കോടതിയില്‍നിന്ന് ഉണ്ടാവാന്‍ കാരണം ഇതേസര്ക്കാരിന്റെ തെറ്റായ സത്യവാങ്മൂലമാണെന്നും അതു തിരുത്താന്‍ വേണ്ടതു ചെയ്യണമെന്നുമേ ഭക്തസമൂഹം സമാധാനപരമായ നാമജപയാത്രയിലൂടെ ആവശ്യപ്പെട്ടുള്ളു. അതുവരെ വിധി നടപ്പാക്കുന്നതു നീട്ടിവയ്ക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷേ, അതു തങ്ങളുടെ തോല്‍വിയാകുമെന്ന ചിന്തയാണു സര്‍ക്കാരിനെ നയിക്കുന്നത്. ജനപങ്കാളിത്തത്തിലൂടെ തങ്ങളുടെ വികാരം സര്‍ക്കാരിനെ അറിയിക്കുക മാത്രമേ വിശ്വാസികള്‍ ചെയ്തുള്ളു. അതു കേള്‍ക്കാനും ഉള്‍ക്കൊള്ളാനും മാന്യത കാണിക്കുന്നൊരു ഭരണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ പ്രതീക്ഷിച്ചെങ്കില്‍ തെറ്റു പറയാനാവില്ല. അക്രമാസക്തരാകാത്തത് ബലഹീനതയായി അവര്‍ കണക്കാക്കിയിട്ടുമുണ്ടാകില്ല. പക്ഷേ, സര്‍ക്കാര്‍ അതിനെ അങ്ങനെ തന്നെയാണു കണ്ടതെന്നു വേണം കരുതാന്‍. കൈക്കരുത്തിനു മുന്നില്‍ ചിതറിപ്പോകുന്നൊരു ജനക്കൂട്ടം മാത്രമായി ഇതിനെ കാണാനാണ് സര്‍ക്കാരിന് ഇഷ്ടം. ആ നിലയിലാണു നീക്കവും.
ജനതാത്പര്യമാണോ സര്‍ക്കാരിന്റെ പിടിവാശിയാണോ നടപ്പാക്കേണ്ടത് എന്നതാണ് പ്രശ്നം. സ്ത്രീസമൂഹത്തെ ബാധിക്കുന്നൊരു വിഷയത്തില്‍, 99 ശതമാനം സ്ത്രീകള്‍ക്കും താത്പര്യമില്ലാത്ത കാര്യം ബലമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ വന്‍സന്നാഹത്തോടെ ഇറങ്ങിപ്പുറപ്പെടുന്നത് ഹൈന്ദവജനതയ്ക്കിടയില് മാത്രമല്ല ഇതര മതസ്ഥരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനുപിന്നിലെ ലക്ഷ്യം എന്തെന്ന ആശങ്ക നിലനില്ക്കുന്നു. അവരെ വിശ്വാസത്തിലെടുക്കാന്‍ യാതൊരു വിധത്തിലുള്ള ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ക്ഷമയും സമചിത്തതയും പക്വതയും കാണിക്കേണ്ട സര്‍ക്കാര്‍ അസഹിഷ്ണുതയും അഹന്തയും എടുത്തുചാട്ടവുമാണ് പുലര്‍ത്തിവരുന്നത്. അടിച്ചിരുത്തി അനുസരിപ്പിക്കലല്ല മനസ്സിലാക്കി അംഗീകരിപ്പിക്കലാണ് ഭരണ നൈപുണ്യമെന്ന് ഇവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജനങ്ങളോടു പ്രതികാരബുധിയോടെ പെരുമാറുന്നതല്ലല്ലോ ഭരണകര്‍ത്താക്കളുടെ ചുമതല. ശബരിമല വിഷയം ഹൈന്ദവജനതയുടെ ജീവല്‍ പ്രശ്നമാണ്. അത് ഈ അവസ്ഥയിലെത്തിച്ചതു സര്‍ക്കാരാണ്. ഇനിയങ്ങോട്ട് അതിന്റെ ഗതിമാറ്റം ഏതുവഴിക്കായിരുന്നാലും അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: