ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിച്ച മലയാള കവി. ദേശാഭിമാന പ്രചോദിതമായ കവിതകള്‍ എഴുതി സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ആവേശം കൊള്ളിച്ച കവി. ഭാരതത്തിന്റെ സാംസ്കാരിക മഹത്വവും ദേശീയ ബോധവും ഉയര്‍ത്തിപ്പിടിച്ച മഹാകവി.
മഹാകവി വള്ളത്തോളിനെപ്പറ്റിയാണ് പറയുന്നത്. ഉള്ളൂരിനും കുമാരനാശാനുമൊപ്പം 20-ാം നൂറ്റാണ്ടിലെ മലയാള കവിതയിലെ യുഗസ്രഷ്ടാക്കളിലൊരാളായി ഇന്നും അദ്ദേഹം വാഴ്ത്തപ്പെടുന്നു. കഥകളിയെ പുനരുജ്ജീവിപ്പിക്കുകയും കേരള കലാമണ്ഡലം സ്ഥാപിക്കുകയും കേരള സംസ്കാരത്തിനും രംഗകലയ്ക്കും ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത മഹാവ്യക്തി കൂടിയാണ് വള്ളത്തോള്‍.
ബധിര വിലാപം
1878 ഒക്ടോബര്‍ 16ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ തിരൂരിന് സമീപം വള്ളത്തോള്‍ കോഴിപ്പറമ്പില്‍ വീട്ടില്‍ ജനനം. കുട്ടിപ്പാറു അമ്മ, മല്ലിശ്ശേരി ദാമോദരന്‍ ഇളയത് എന്നിവര്‍ മാതാപിതാക്കള്‍. മാതുലന് രാമുണ്ണി മേനോന്, കൈക്കുളങ്ങര രാമവാരിയര്‍, പാറക്കുളം സുബ്രഹ്മണ്യ ശാസ്ത്രികള്‍ എന്നിവരുടെ കീഴില്‍ സംസ്കൃത പഠനം നടത്തി. 1901ല്‍ ചിറ്റഴി വീട്ടില്‍ മാധവിയമ്മയെ വിവാഹം കഴിച്ചു. 1905ല്‍ വാല്മീകി രാമായണത്തിന്റെ വിവര്‍ത്തനം ആരംഭിച്ചു. 1907ല്‍ അത് പൂര്‍ത്തിയാക്കി. ഇക്കാലത്ത് തൃശൂരില്‍ ‘കേരളകല്പദ്രുമം’ പ്രസ്സിന്റെ മാനേജരായി ജോലി ചെയ്തിരുന്നു. 1909ല്‍ ബധിരത ബാധിച്ചു. ആ വൈഷമ്യത്തില്‍നിന്ന് പിറവികൊണ്ട ഖണ്ഡകാവ്യമാണ് ‘ബധിരവിലാപം’ (1910). 1913ല്‍ ‘ചിത്രയോഗം’ എന്ന മഹാകാവ്യം പ്രസിദ്ധീകരിച്ചു. ഇക്കാലത്ത് ‘കേരളോദയ’ത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1958 മാര്‍ച്ച് 13ന് 79-ാം വയസ്സില്‍ അന്തരിച്ചു. മലയാള സാഹിത്യത്തില്‍ വള്ളത്തോളിനെ പ്രതിഷ്ഠിച്ചത് ഖണ്ഡകാവ്യങ്ങളും കവിതകളുമാണ്. ഗണപതി, ബന്ധനസ്ഥനായ അനിരുദ്ധന്, ശിഷ്യനും മകനും, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും തുടങ്ങിയവ അദ്ദേഹം രചിച്ച പ്രശസ്ത ഖണ്ഡകാവ്യങ്ങളാണ്.
ഗുരുനാഥനെ കാണാൻ
വൈക്കം സത്യഗ്രഹ കാലത്ത് 1925ല്‍ ഗാന്ധിജി വൈക്കത്ത് എത്തി. ‘എന്റെ ഗുരുനാഥന്’ എന്ന കവിതയും ‘സാഹിത്യമഞ്ജരി’ എന്ന പുസ്തകവുമായി വള്ളത്തോള്‍ മഹാത്മജിയെ കാണാനെത്തി. അവിടെവച്ച് കൃതികള്‍ സമര്‍പ്പിക്കാനായെങ്കിലും ഗാന്ധിജിയോട് സംസാരിക്കാന്‍ കഴിഞ്ഞില്ല. 1927ല്‍ ഗാന്ധിജിയുടെ മൂന്നാം കേരള സന്ദര്‍ശന വേളയില്‍ തൃശൂരില്‍ വച്ച് മഹാകവി അദ്ദേഹത്തെ നേരില്‍ക്കണ്ട് സംസാരിച്ചു. അതിനുമുമ്പ് ഗാന്ധിജിയെ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. ദേശീയ കവിയായ അങ്ങയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്ന് മഹാത്മാവ് വള്ളത്തോളിനോട് നേരിട്ടു പറയുകയുമുണ്ടായി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മദ്രാസ് (1927), കൊല്‍ക്കത്ത (1928) സമ്മേളനങ്ങളില്‍ വള്ളത്തോള്‍ പങ്കെടുത്തു. 1922ല്‍ ബ്രിട്ടീഷ് യുവരാജാവായ വെയില്‍സ് രാജകുമാരന് നല്കിയ പട്ടും വളയും നിരസിക്കാനുള്ള തന്റേടവും അദ്ദേഹം പ്രകടിപ്പിച്ചു. ഗാന്ധിജിയുടെ വിയോഗത്തില്‍ ദുഃഖിതനായി രചിച്ച ‘ബാപ്പുജി’ എന്ന വിലാപകാവ്യവും പ്രസിദ്ധമാണ്.
സാഹിത്യമഞ്ജരി
ഒറ്റക്കവിതകളുടെ സമാഹാരങ്ങളാണ് 11 ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ‘സാഹിത്യമഞ്ജരി’. അമ്പാടിയില്‍ ചെല്ലുന്ന അക്രൂരന്, എന്റെ ഗുരുനാഥന്, ഒരു വീര പത്നി, എന്റെ ഭാഷ, ഒരരിപ്പിറാവ്, ഒരു തോണിയാത്ര, കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍, തറവാട്ടമ്മ, തിരൂര്‍-പൊന്നാനിപ്പുഴ, ഭക്തിയും വിഭക്തിയും, ഭാരതസ്ത്രീകള്‍ തന് ഭാവശുദ്ധി, മലയാളത്തിന്റെ തല, മാതൃവന്ദനം തുടങ്ങിയ പ്രസിദ്ധമായ കവിതകള്‍ ‘സാഹിത്യമഞ്ജരി’യില്‍ ഉള്‍പ്പെട്ടവയാണ്.
പരിഭാഷകൻ
പരിഭാഷകന് എന്ന നിലയിലും വള്ളത്തോള്‍ മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കി. വാല്മീകി രാമായണത്തിന് പുറമെ അഭിജ്ഞാന ശാകുന്തളം, ഋഗ്വേദം, ആന ചികിത്സയെപ്പറ്റിയുള്ള മാതംഗലീല, മാര്‍ക്കണ്ഡേയ പുരാണം, മത്സ്യപുരാണം, ഭാസന്റെ നാടകങ്ങളായ ഊരുഭംഗം, മധ്യമ വ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം എന്നിവ അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ഭാരതമെന്ന പേർ കേട്ടാൽ…
ദേശീയ സ്വാതന്ത്ര്യസമരത്തെ ഉത്തേജിപ്പിച്ച കവി കൂടിയാണ് വള്ളത്തോള്‍. മഹാത്മജിയുടെ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്തു.
”ഭാരതമെന്ന പേര് കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍”
ദേശസ്നേഹത്തെ ഏറെ പ്രചോദിപ്പിച്ച ഈ വരികള്‍ വള്ളത്തോളിന്റേതാണ്. ‘പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും’, ‘പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ’ തുടങ്ങിയ ദേശസ്നേഹം തുളുമ്പുന്ന വരികളും അദ്ദേഹം ഭാഷയ്ക്ക് സമ്മാനിച്ചു.
എന്നും ആരാധനാപാത്രം
കഥകളിയുടെ വളര്‍ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു വള്ളത്തോള്‍. 1930ല്‍ കുന്നംകുളത്ത് അദ്ദേഹം പടുത്തുയര്‍ത്തിയ കഥകളി വിദ്യാലയമാണ് പിന്നീട് കേരള കലാമണ്ഡലമായി വികസിച്ചത്. ചെറുതുരുത്തിയിലേക്ക് മാറ്റിയ കലാമണ്ഡലത്തിന്റെ ധനശേഖരണത്തിനായി കഥകളി സംഘത്തോടൊപ്പം ഇന്ത്യയിലും വിദേശത്തും വള്ളത്തോള്‍ സഞ്ചരിച്ചു.
കേരള സംസ്ഥാനം രൂപംകൊള്ളുന്നതിനു മുമ്പ് 1948ല്‍ അക്കാലത്തെ മദിരാശി സര്‍ക്കാര്‍ അദ്ദേഹത്തെ മലയാളത്തിന്റെ ആസ്ഥാന കവിയായി പ്രഖ്യാപിച്ചു. 1955ല്‍ പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു വള്ളത്തോള്‍. സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു ആദ്യ അധ്യക്ഷന്‍.
എക്കാലവും കേരളത്തിന്റെ ആരാധനാപാത്രമായിരുന്നു വള്ളത്തോള്‍. മലയാള വിമര്‍ശകുലപതിയായ കുട്ടികൃഷ്ണമാരാര് ‘വാഗ്ദേവതയുടെ പുരുഷാവതാരം’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
പി. കുഞ്ഞിരാമന്‍നായര്‍ തന്റെ ‘കളിയച്ഛന്’ എന്ന കവിത ഒറ്റപ്പാലത്തു നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ച ശേഷം മഹാകവിയെ സാഷ്ടാംഗം നമസ്ക്കരിച്ചതും ചരിത്രമാണ്.
എ അഞ്ജന
പ്രതികരിക്കാൻ ഇവിടെ എഴുതുക: