മഹാഭാരതം എത്രതവണ വായിച്ചെന്ന് എംഎന്‍ പാലൂരിനു തന്നെ ഒരു പക്ഷേ ഓര്‍മകാണില്ല. അത്രത്തോളം വട്ടം ഉണ്ടാകും ആ വായന. ഇതിഹാസങ്ങളും പുരാണങ്ങളും വേറിട്ട് നിരീക്ഷിച്ച ഊര്‍ജത്തിന്‍നിന്നും ജീവിതത്തെ കണ്ട് കവിത എഴുതുകയായിരുന്നു പാലൂര്. ശാന്ത ഗംഭീരവും സ്നേഹകാരുണ്യവും നിറഞ്ഞ് മനുഷ്യജീവിതത്തിന്റെ അകംപൊരുളിനെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞവയാണ് പാലൂര് കവിതകള്‍. തപ്തനിശ്വാസങ്ങളും ആത്മവിശ്വസങ്ങളും അവയ്ക്കുമേല്‍ നിഷേധിക്കാനാവാത്ത ജീവിതയാഥാര്‍ഥ്യങ്ങളും തകര്‍ച്ചയുടെ സങ്കടങ്ങളും നിറഞ്ഞ ചൂടുകാലമാണ് പാലൂര് കവിതകളുടെ പരിസരങ്ങളില്‍. കഥയില്ലാത്തവന്റെ കഥ എന്ന വൈരുധ്യ ലാവണ്യത്തില്‍ എല്ലുറപ്പുള്ള മനുഷ്യകഥ കവിതയില്‍ എഴുതുകയായിരുന്നു അദ്ദേഹം. പാലൂര് വിടപറയുമ്പോള്‍ ഒരിക്കലും യാത്രയാകാതെ ഇനി നമ്മോടൊപ്പം അദ്ദേഹത്തിന്റെ കവിതകളുണ്ടാകും.
ഔപചാരിക വിദ്യാഭ്യാസമില്ലാതെ തന്നെ അത് വേണ്ടുവോളം ഉണ്ടായിരുന്നവരെക്കാള്‍ ജീവിതാനുഭവങ്ങളും വായനയും ലോക പരിചയത്താലും ചിന്തകളാലും എഴുത്തില്‍ ഔന്നത്യം പുലര്‍ത്തിയ കവിയാണ് പാലൂര്. ചെറുപ്പത്തിലെ ആണ്ടിറങ്ങിയ സംസ്കൃത പഠനവും ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഡ്രൈവര്‍ ജോലിയും ജീവിതത്തിന്റെ ആഴവും പരപ്പും തിരിച്ചറിയാന്‍ പ്രേരിപ്പിച്ചു. അതിനിടയിലെ കഥകളിപഠനവും വീക്ഷണങ്ങളില്‍ വേറൊരു മാനവും തീര്‍ത്തു. വേണ്ടപ്പെട്ടവരുടെ ചെറുപ്പത്തിലേയുള്ള മരണം നല്കിയ വേദനാഭാരവും ചുമന്ന് നടന്നപ്പോള്‍ പിന്നേയും വിചാരങ്ങള്‍ക്ക് വാള്‍മൂര്‍ച്ചയുണ്ടായി. ആധുനിക മലയാള കവിതയുടെ തുടക്കക്കാരില്‍ മുന്നേ നടന്ന കവിയാണ് പാലൂര്.
കവിയരങ്ങിലോ ആടിപ്പാടാനോ ഒച്ചപ്പാടില്‍ പേരുറപ്പിക്കാനുള്ള നിഷേധങ്ങളിലോ അദ്ദേഹത്തെ കണ്ടില്ല. സ്വയം മാര്‍ക്കറ്റു ചെയ്യാനും അറിയാത്ത കവി. കൊട്ടിപ്പാടി കവിതകളെക്കാളും ആളാകലാകുന്നവരുടെ പിന്നാലെ പോയവര്‍ അന്തസുള്ള ജീവിതവും അനിവാര്യമായ എഴുത്തുമുള്ള പാലൂരിനെ കണ്ടില്ല. പച്ചമാങ്ങ, കവിത, ഭംഗിയും അഭംഗിയും, സുഗമസംഗീതം, കലികാലം തുടങ്ങിയ കൃതികളില്‍ ഈടുവെപ്പുള്ള ഭാഷയും പദലാളിത്യവും നേരെ ചൊവ്വേയുള്ള ജീവിതംനോക്കിക്കാണലുമുണ്ട്. പ്രതിഷേധങ്ങളുടെ കേവലാരവങ്ങളിലും കാമ്പില്ലാത്ത വിപ്ളവ പദാവലികളിലും ആധുനിക കവിത പിന്നീട് മുങ്ങിച്ചത്തപ്പോള്‍ ജീവിതത്തിന്റെ കരുതലായി ശേഷിച്ചവയാണ് പാലൂരിനെപ്പോലുള്ളവരുടെ കവിതകള്‍.
പറയാനുള്ളപ്പോള്‍ മാത്രം പറയുക എന്നതായിരുന്നു പാലൂരിന്റെ രീതി. അങ്ങനെ പറഞ്ഞവയാണ് പാലൂര് കവിതകള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന് സ്മാരക കവിതാ പുരസ്ക്കാരം, സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആത്മാവില്‍ കഥയുള്ളവനാണ് പാലൂര്. കഥയില്ലായ്മയും ആത്മാവില്ലായ്മയുമാണ് ഇന്നത്തെ പല ആത്മകഥകളുടേയും കുറവും നീതിയില്ലായ്മയും. പക്ഷേ പാലൂരിന്റെ ആത്മകഥ കഥയില്ലാത്തവന്റെ കഥ ആവോളം കഥയുടെ തിളപ്പുള്ള ഉച്ചച്ചൂടിന്റെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: