നാരായണന് പെരുമ്പാവൂര്‍
യജ്ഞാചാര്യന്‍ എന്ന പദവിയെ അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വമാണ് രാജഗോപാലമേനോന്. കേരളത്തിലുടനീളവും കേരളത്തിന് പുറത്തുമായി മഹാക്ഷേത്രങ്ങളുള്‍പ്പെടെ 200-ല്‍ പ്പരം ക്ഷേത്രങ്ങളില്‍ 650-ലേറെ സപ്താഹ-നവാഹ യജ്ഞങ്ങള്‍ക്ക് ആചാര്യസ്ഥാനം വഹിച്ച് മള്ളിയൂരിനുശേഷം ഏറ്റവുമധികം യജ്ഞങ്ങള്‍ നടത്തി എന്ന ഖ്യാതിയോടെ യജ്ഞവേദികളിലെ സൂര്യതേജസ്സായി അദ്ദേഹം നിറഞ്ഞുനില്ക്കുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ വടകുളം പഞ്ചായത്തില്‍ കലൂര്‍ കാട്ടയില്‍ തറവാട്ടില്‍ ബാലകൃഷ്ണമേനോന്റെയും പത്മാവതിയമ്മയുടെയും അഞ്ച് മക്കളില്‍ രണ്ടാമനായാണ് രാജഗോപാലമേനോന്റെ ജനനം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാദിച്ചിട്ടുള്ള പെരുമ്പിലാവില്‍ കേളുമേനോന്റെ പിന്‍തലമുറക്കാരന്‍കൂടിയാണ് അദ്ദേഹം. പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ ഗവണ്മെന്റ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കലാദേവതയുടെ അനുഗ്രഹംകൊണ്ട് സിദ്ധിച്ച സ്വരശുദ്ധിയും പാടാനുള്ള കഴിവും രാജഗോപാലമേനോന് ഒരു ഗായകനെന്ന നിലയില്‍ കൊച്ചിന് കലാഭവനില്‍ അംഗമാകുവാന്‍ അവസരമൊരുക്കി.
1971-ല്‍ ഗാനഗന്ധര്വ്വന് യേശുദാസിനും ഭാവഗായകന് ജയചന്ദ്രനും ഒപ്പം ഒട്ടനവധി വേദികളില്‍ രാജഗോപാലമേനോന് പാടാന്‍ കഴിഞ്ഞു എന്നുള്ളത് അത്ഭുതാവഹമായ കാര്യം തന്നെയാണ്. 1972-ല്‍ ഗള്‍ഫില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഗാനമേഖല ഉപേക്ഷിക്കേണ്ടി വന്നു. ദുബായിയില്‍ ഒരു കമ്പനിയില്‍ പര്‍ച്ചേയ്സ് മാനേജരായി രണ്ട് വര്‍ഷത്തോളം ജോലി നോക്കിയതിനുശേഷം 1975-ല്‍ നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്.എല്‍.വി മ്യൂസിക് കോളേജില്‍ ചേര്‍ന്ന് സംഗീതപഠനം ആരംഭിച്ചു. അവിടെവച്ചാണ് നിര്‍മ്മലാദേവിയെ കണ്ടുമുട്ടുന്നത്. ജൂനിയറായി പഠിച്ചിരുന്ന നിര്‍മ്മലാദേവിയോടുള്ള പ്രണയവും സംഗീതവും ഒന്നായ നാളുകളില്‍നിന്ന് 1977 ആയപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് നിര്‍മ്മലാദേവിയെ ജീവിതസഖിയാക്കി.
ഭദ്രകാളി ഉപാസകനായിരുന്ന മുടിക്കല്‍ പാറയില്‍ കൃഷ്ണമേനോന്റെ മകളായിരുന്നു നിര്‍മ്മലാദേവി. ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാരില് ഒരാളായിരുന്നു അദ്ദേഹം. 17 വയസ്സുവരെ പുത്തന്‍കുരിശ് വടയമ്പാടി പരമഭട്ടാരഗുരുകുലത്തില്‍ ആശ്രമജീവിതം നയിച്ചുവരുകയായിരുന്നു അദ്ദേഹം. അവിടുത്തെ മഠാധിപതിയും ഗുരുനാഥനുമായ ഭക്താനന്ദസ്വാമികളുടെ നിര്‍ദ്ദേശപ്രകാരമാണ് സംന്യാസം ഉപേക്ഷിച്ച് ലൗകികജീവിതത്തിലേക്ക് മടങ്ങിവന്നതും വിവാഹിതനായതും. പഴയകാല പ്രതാപം കുടുംബത്തിന് നഷ്ടപ്പെട്ടുവെങ്കിലും ഭദ്രകാളി ഉപാസനയിലൂടെ കൃഷ്ണമേനോന് ഒട്ടേറെ പേര്‍ക്ക് ഭാഗ്യസിദ്ധിയും പ്രശ്നപരിഹാരങ്ങളും നല്കിവന്നിരുന്നു. ആ നിലയില്‍ ജാതിഭേദമെന്യേ നാട്ടിലെ ബിസിനസ്സുകാരും പ്രമാണിമാരും കൃഷ്ണമേനോന്റെ സഹായം തേടിയിരുന്നു. ആ ബന്ധമാണ് രാജഗോപാലമേനോന് ആത്മീയമേഖലയിലേക്കുള്ള വഴിതുറന്നു കൊടുത്തതെന്ന് നിസ്സംശയം പറയാം.
രാജഗോപാലമേനോന്റെ കുടുംബവുമായി തട്ടിച്ചു നോക്കിയാല്‍ സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന നിര്‍മ്മലാദേവിയുടെ കുടുംബവുമായുള്ള ബന്ധം രാജഗോപാലമേനോന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ആരുടേയും ഔദാര്യത്തിന് കാത്തുനില്‍ക്കാതെ ഭാര്യയുടെ കൈപിടിച്ച് വീടുവിട്ടിറങ്ങി. പിന്നെ 23 വര്‍ഷം ദുരിതയാതനകള്‍ നിറഞ്ഞ ജീവിതം. ആലുവയിലും പെരുമ്പാവൂരിലുമായി പലയിടങ്ങളിലും വാടകയ്ക്ക് താമസിച്ചും, പല മാര്‍ക്കറ്റിങ് കമ്പനികളിലും ജോലി ചെയ്തും ജീവിതം മുന്നോട്ട് കൊണ്ടുപോയി. ഇതിനിടെ നിര്‍മ്മലാദേവി മൂന്ന് ആണ്‍കട്ടികള്‍ക്ക് ജന്മം നല്കി.
1991-ല്‍ പെരുമ്പാവൂര്‍ ടൗണിനടുത്ത് കുഴിപ്പിള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിച്ചു വരുമ്പോഴാണ് ജീവിതത്തെ മാറ്റിമറിച്ച ചില അനുഭവങ്ങള്‍ രാജഗോപാലമേനോന് ഉണ്ടാകുന്നത്. അന്ന് സിഗ്മപെയിന്റ് കമ്പനിയില്‍ ജോലി നോക്കിവരുകയായിരുന്ന രാജഗോപാലമേനോന് വളരെ വൈകിയാണ് ഒരു ദിവസം വീട്ടിലെത്തിയത്. ഇന്നത്തെ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന് സമീപ പ്രദേശം ഒന്നു രണ്ടു വീടുകള്‍ ഒഴിച്ചാല്‍ കാട് നിറഞ്ഞ പ്രദേശമായിരുന്നു. ആ ഭാഗത്തുള്ള വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ സ്കൂളിന് സമീപത്തുള്ള ഇടവഴിയില്‍നിന്ന് ഒരു അവ്യക്തരൂപം തന്നെ പിന്തുടരുന്നതായി തോന്നി. ഭയം മനസ്സിനെ അതിക്രമിച്ചപ്പോള്‍ നടപ്പിന് വേഗം കൂട്ടി. ഇതേസമയം ഏതോ ഉള്‍വിളി ഉണ്ടായതുപോലെ കൃഷ്ണമേനോന് വീടിന്റെ ഉമ്മറത്തേക്കിറങ്ങിവന്ന് ഭദ്രകാളീമന്ത്രം ജപിച്ചുവത്രേ. ഭയന്നോടി ഇടയ്ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ രക്ഷയ്ക്കെത്തിയ ഭദ്രകാളീ രൂപം കണ്ടുവെന്ന് രാജഗോപാലമേനോന് സാക്ഷ്യപ്പെടുത്തുന്നു. വീടിന്റെ പടിക്കല്‍ വന്ന് തളര്‍ന്നുവീണ രാജഗോപാലമേനോനെ കൃഷ്ണമേനോന് സമാധാനിപ്പിച്ച് ഭദ്രകാളി മന്ത്രം ഉപദേശിക്കുകയും, മന്ത്രജപത്തിലൂടെ ക്രമേണേ അദ്ദേഹം തികഞ്ഞ ദേവീഭക്തനായി മാറുകയും ചെയ്തു.
ഒരു മാന്ത്രികനോവലിന്റെ ഏടുകള്‍ക്കൊപ്പം വയ്ക്കാവുന്ന ഈ സംഭവത്തിനുശേഷം ദൈവനിശ്ചയംപോലെ ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് രംഗനാഥാനന്ദസ്വാമികളുമായുള്ള കണ്ടുമുട്ടലാണ് രാജഗോപാലമേനോന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥവ്യാപ്തികള്‍ നല്‍കിയത്. 1993-ല്‍ രംഗനാഥാനന്ദസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചു. മന്ത്രദീക്ഷ നല്കി ദേവീമന്ത്രം ഉപദേശിച്ചു. ആ ജ്ഞാനതാപസന്റെ സാമീപ്യം ദേവീകടാക്ഷം പോലെ രാജഗോപാലമേനോനില്‍ വന്നുഭവിച്ചു. ദേവീഭാഗവതം പാരായണം ചെയ്ത് തുടങ്ങാന്‍ സ്വാമികള്‍ ഉപദേശിച്ചു. ആ നിര്‍ദ്ദേശം അനുസരിച്ചാണ് രാജഗോപാലമേനോന് ദേവീ ഭാഗവതം പാരായണം ചെയ്തുതുടങ്ങിയത്. ഒരു വര്‍ഷത്തോളം വീട്ടില്‍ പതിവായി പാരായണം തുടര്‍ന്നപ്പോള്‍ പുറത്തുപോയി വായിക്കണമെന്ന് ആഗ്രഹം തോന്നി തുടങ്ങി. അതിനുവേണ്ടിയുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആദ്യമൊന്നും ആരും അവസരം നല്കാന് തയ്യാറായില്ല. എങ്കിലും നിരാശനാകാതെ പരിശ്രമിച്ചതിന്റെ ഫലമായി ആലുവ തായിക്കാട്ടുകര മാന്തറയ്ക്കല്‍ ദേവീ ക്ഷേത്രത്തില്‍ അവസരം ലഭിച്ചു. അങ്ങനെ ആദ്യമായി ദേവീഭാഗവതം യജ്ഞവേദിയില്‍ പാരായണം ചെയ്ത വ്യക്തി എന്ന ഖ്യാതി രാജഗോപാലമേനോന് ലഭിച്ചു.
ശബ്ദഗാംഭീര്യവും ദേവീഭക്തിയും ഇഴചേര്‍ത്ത് പ്രേക്ഷക മനസ്സുകളെ അനിര്‍വ്വചനീയമായ തലങ്ങളില്‍ എത്തിക്കാന്‍ കഴിവുള്ള യജ്ഞാചാര്യന്‍ എന്ന നിലയില്‍ രാജഗോപാലമേനോന് വളരെപ്പെട്ടെന്ന് തന്നെ അറിയപ്പെട്ടു തുടങ്ങി. ആ യാത്ര പെരുമ്പാവൂര്‍ കുന്നുംചിറങ്ങര ദേവീക്ഷേത്രം, അല്ലപ്ര പാലക്കര ദേവീക്ഷേത്രം, കുഴിപ്പിള്ളിക്കാവ് ദേവീക്ഷേത്രം, ഇരിങ്ങോള്‍ക്കാവ്, ചേലാമറ്റം, തൃക്കാരിയൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, ദല്‍ഹി മയൂര്‍വിഹാര്‍, ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചെന്നൈ അണ്ണാര്‍നഗര്‍ അയ്യപ്പക്ഷേത്രം, ബെംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം, കോയമ്പത്തൂര്‍ സിദ്ധാപ്പുത്തൂര്‍ അയ്യപ്പക്ഷേത്രം, കല്‍ക്കട്ട അയ്യപ്പക്ഷേത്രം എന്നിവയുള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമായി ഇതിനകം 200-ല്‍ പരം ക്ഷേത്രങ്ങളിലായി 650-ലേറെ യജ്ഞങ്ങള്‍ക്ക് ആചാര്യസ്ഥാനം വഹിച്ചു.
വിഷ്ണുഭാഗവതവും അയ്യപ്പഭാഗവതവും ആണ് സാധാരണയായി പാരായണം ചെയ്തുവരുന്നത്. കോട്ടയം, വാഴൂര്‍ മഠാധിപതി തീര്‍ത്ഥപാദാനന്ദസ്വാകള്‍ രചിച്ച അയ്യപ്പഭാഗവതം കോതമംഗലം അയ്യപ്പക്ഷേത്രത്തില്‍ വച്ച് ആദ്യമായി പാരായണം ചെയ്ത് തുടങ്ങിയത് രാജഗോപാലമേനോനാണ്. ഇന്ന് പലയിടങ്ങളിലും അയ്യപ്പഭാഗവതത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചതും അദ്ദേഹത്തിലൂടെ തന്നെയാണ്.
ഭാഗവതപാരായണം ആരംഭിച്ച കാലം മുതല്‍ ഇന്നുവരെ ഒരു യജ്ഞവേദിയില്‍ നിന്നും അവര്‍ മനസ്സറിഞ്ഞ് തരുന്ന ദക്ഷിണ അല്ലാതെ നിര്‍ബന്ധപൂര്‍വ്വം ഒന്നുംതന്നെ ആവശ്യപ്പെടുന്ന രീതി രാജഗോപാലമേനോനില്ല. അതുകൊണ്ടുതന്നെ കച്ചവടമനോഭാവത്തോടെ ഈ മേഖലയില്‍ തുടരുന്ന പലരില്‍നിന്നും സ്വന്തം കര്‍ത്തവ്യത്തോടുള്ള അര്‍പ്പണമനോഭാവംകൊണ്ട് അദ്ദേഹം വ്യത്യസ്തനാകുന്നു. വ്യക്തിജീവിതത്തില്‍ തികച്ചും സൗമ്യനായ അദ്ദേഹം യജ്ഞവേദികളില്‍ വളരെ കര്‍ക്കശക്കാരനാണെന്ന ശ്രുതി പലയിടത്തും നിലനില്ക്കുന്നു. ഏകാഗ്രമായ മനസ്സോടെ ഭാഗവതയജ്ഞത്തില്‍ മുഴുകുമ്പോള്‍ അതിന് ഭംഗംവരുത്തുന്ന ഒന്നിനേയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അതിന് കാരണം. മറ്റൊരു പ്രത്യേകത, യജ്ഞവേദികളില്‍ ഏകനായി കൃത്യമായ ഇടവേളകളില്ലാതെ ജലപാനം പോലുമില്ലാതെ ഭാഗവതപാരായണത്തില്‍ മുഴുകാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. നിരന്തരസാധനയിലൂടെ ലഭിച്ച ആ സിദ്ധി ദേവിയുടെ വരദാനം മാത്രമാണ് എന്നേ കരുതാനാവൂ. അതോടൊപ്പം തന്നെ ദേവീഭാഗവതം തുറന്നുള്ള പ്രവചന ജ്യോതിഷത്തിലും അദ്ദേഹം അഗ്രഗണ്യനാണ്. ഒട്ടനവധി ആളുകള്‍ അതിനുവേണ്ടി അദ്ദേഹത്തെ സമീപിക്കാറുണ്ട്.
കേരളത്തിനകത്തും പുറത്തുമുള്ള യജ്ഞവേദികളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളാണ് രാജഗോപാലമേനോന്. പ്രേക്ഷകമനസ്സുകളെ ഭക്തിയുടെ ശൃംഗങ്ങളില്‍ എത്തിക്കുന്ന ആ സ്വരമാധുര്യത്തിനായി കേരളം ഇനിയും കാതോര്‍ക്കുന്നു. ആദ്ധ്യാത്മിക വഴികളില്‍ അദ്ദേഹത്തിന്റെ നാമം കാലം സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
പുരസ്കാരങ്ങളും ബഹുമതികളും
സ്വജീവിതം യജ്ഞവേദികളില്‍ ഭഗവദ്സേവയ്ക്കായി ഉഴിഞ്ഞുവച്ച രാജഗോപാലമേനോന് കേരളത്തിന് അകത്തും പുറത്തുനിന്നുമായി ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2006-ല്‍ ക്ഷേത്രസംരക്ഷണസമിതി സര്‍വ്വേയിലൂടെ ഏറ്റവും അധികം ഭാഗവതപാരായണം നടത്തിയവരെ തിരഞ്ഞെടുത്തപ്പോള്‍ വിഷ്ണുഭാഗവതത്തില്‍ വെണ്മണി കൃഷ്ണന് നമ്പൂതിരിപ്പാടും ശിവഭാഗവതത്തില്‍ വിരൂപാക്ഷന് നമ്പൂതിരിയും ദേവീഭാഗവതത്തില്‍ രാജഗോപാലമേനോനും പ്രഥമസ്ഥാനീയനായി. അവരോടൊപ്പം 2006-ലെ ക്ഷേത്രസംരക്ഷണസമിതി പുരസ്കാരവും രാജഗോപാലമേനോന് ലഭിച്ചു. അതുകൂടാതെ 2008-ല്‍ അഖിലകേരള ഭാഗവതസപ്താഹയജ്ഞസമിതിയുടെ പുരസ്കാരം, 2010-ല്‍ കാലടി കാഞ്ഞൂര്‍ പുതിയകാവ് ക്ഷേത്രസമിതിയുടെ ഭാഗവത ഹംസം പുരസ്കാരം, 2010-ല്‍ ഹിമാചല്‍ പ്രദേശിലെ മാനസാദേവി സങ്കീര്‍ത്തന ട്രസ്റ്റ് ഇന്ത്യയില്‍ ഒട്ടാകെ സര്‍വ്വെ നടത്തി ഏറ്റവും കൂടുതല്‍ ദേവീഭാഗവതം പാരായണം ചെയ്ത വ്യക്തി എന്ന നിലയില്‍ ലഭിച്ച കാളിദാസപുരസ്കാരം എന്നിവ ഉള്‍പ്പെടെ ഒട്ടനവധി പുരസ്കാരങ്ങള്‍ രാജഗോപാലമേനോന് ലഭിച്ചിട്ടുണ്ട്. അതുകൂടാതെ 1996-ല്‍ ആര്.കെ. പുരം അയ്യപ്പക്ഷേത്രസമിതി ‘ഭാഗവതശ്രീ’എന്ന പദവി നല്കി ആദരിച്ചിരുന്നു. അന്നു മുതല്‍തന്നെ ‘ഭാഗവതശ്രീ രാജഗോപാലമേനോന്’എന്ന പേരിലാണ് അറിയപ്പെട്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: