പ്രളയത്തെക്കാള്‍ കൂടുതലുണ്ടാകുന്ന മരണങ്ങള് റോഡപകടങ്ങളിലാണ്. ഓരോ യാത്രയും അവസാനിക്കുമ്പോഴേ ശ്വാസം നേരെയാകൂ. സഞ്ചാരത്തിനിടയില്‍ വീഥിയിലെ വീഴ്ചകള്‍ വരുത്തിവയ്ക്കുന്ന വ്യഥകള്‍ മാറുന്നേയില്ല. കേരളത്തെ നടുക്കിയ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് സംഗീത രംഗത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന ബാലഭാസ്കറിന്റെ ദാരുണാന്ത്യം. തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറത്ത് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രണ്ടുവയസ്സുകാരി മകള്‍ തല്‍ക്ഷണം മരണപ്പെട്ടു. ഒരാഴ്ച പിന്നിട്ടപ്പോള്‍ ബാലഭാസ്കറും വിടപറഞ്ഞു. ബാലഭാസ്കറിന്റെ ഭാര്യ ഇതൊന്നും അറിയാതെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അപകടങ്ങള്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. റോഡിന്റെ ശോചനീയാവസ്ഥ, അലക്ഷ്യമായ ഡ്രൈവിംഗ്, മദ്യപിച്ചുള്ള വാഹനം ഓടിക്കല്‍, ഓടിക്കുന്നയാള്‍ മയങ്ങിപ്പോവുക, വേണ്ടത്ര വെളിച്ചമോ അപകട സൂചനകളോ ഇല്ലായ്മ തുടങ്ങി കാരണങ്ങള്‍ പലതാകാം. ഇപ്പറഞ്ഞതൊക്കെയാവാം കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ക്ക് കാരണം. കേരളം എന്നത് കൊച്ചു സംസ്ഥാനം. മിക്ക റോഡുകളും ഇടുങ്ങിയവയാണ്. വളവും തിരിവും എവിടെയും കാണാം. വാഹനങ്ങളുടെ പെരുപ്പമാണെങ്കില് അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. മൂന്ന് മലയാളികള്‍ക്ക് ഒരു വാഹനം എന്ന രീതിയിലാണ് വാഹനങ്ങളുടെ എണ്ണം. ഇതൊക്കെ അപകടങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. അപകടം ഒഴിവാക്കാന്‍ വാഹനം ഓടിക്കുന്നവരും സഞ്ചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറയേണ്ടതില്ല. അതോടൊപ്പം സത്വരശ്രദ്ധയും അനിവാര്യമാണ്.
വാഹനം ഓടിക്കുന്നവര്‍ റോഡ് മര്യാദകള്‍ പാലിക്കണമെന്ന് പറയേണ്ടതില്ല. അതോടൊപ്പം റോഡുകള്‍ സഞ്ചാരയോഗ്യമാകണം. മതിയായ വെളിച്ചം ഉറപ്പാക്കണം. അപകട സൂചന നല്കുന്ന അടയാളങ്ങള്‍ സ്ഥാപിക്കേണ്ടതും അനിവാര്യമാണ്. ദാരുണമായ അപകടങ്ങള്‍ മിക്കപ്പോഴും രാത്രിയാത്രയ്ക്കിടയിലാണ് സംഭവിക്കുന്നത്. ബാലഭാസ്കറിന് അപകടം സംഭവിച്ച പള്ളിപ്പുറത്താണ് കാല് നൂറ്റാണ്ടിന് മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരനും അപകടത്തില്‍പ്പെട്ടത്. അമേരിക്കയിലടക്കം വിദഗ്ധ ചികിത്സ ലഭിച്ചതുകൊണ്ട് അദ്ദേഹത്തിനന്ന് ജീവന് നഷ്ടപ്പെട്ടില്ല. സുരേഷ്ഗോപിയുടെ മകളും നടി മോനിഷയും കലാമണ്ഡലം ഹൈദരാലിയുമൊക്കെ നമുക്ക് നഷ്ടപ്പെട്ടത് റോഡപകടത്തിലാണ്. മലയാളത്തിന്റെ അനുഗ്രഹീത നടന് ജഗതി ശ്രീകുമാറിന് കലാജീവിതത്തോട് വിടപറയേണ്ടിവന്നത് രാത്രിയാത്രയിലെ റോഡപകടം മൂലമാണല്ലൊ.
വാഹനത്തിരക്കില്ലായ്മയാണ് പലരും രാത്രിയാത്ര താല്‍പ്പര്യപ്പെടുന്നത്. ഇത് അമിതവേഗതയ്ക്ക് പ്രേരണയാകാറുണ്ട്. ദീര്‍ഘദൂരയാത്രയില്‍ ഒരാള്‍ മാത്രമേ വണ്ടി ഓടിക്കാനുള്ളുവെങ്കില് മതിയായ വിശ്രമമെടുത്തേ പറ്റു. രണ്ടോ മൂന്നോ മണിക്കൂര്‍ കഴിയുമ്പോഴേക്കും മുഖം കഴുകാനും ചൂടുള്ളതെന്തെങ്കിലും കഴിക്കാനും തയ്യാറാകേണ്ടതുണ്ട്. അപകടത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ പലേടത്തും സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. സന്നദ്ധ സംഘടനകളാണ് അതിന് മുന്‍കൈ എടുക്കാറുള്ളത്. ഇപ്പോഴത് അപ്രത്യക്ഷമായിട്ടുണ്ട്. ഇതിനുപകരം നൂറ് കിലോമീറ്ററെങ്കിലും ഇടവിട്ട് പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുകയും അമിതവേഗതയ്ക്ക് തടയിടുകയും ചെയ്യാനുള്ള സംവിധാനം പരീക്ഷിക്കാവുന്നതാണ്.
റോഡപകടങ്ങളില്‍ അധികവും പൊലിയുന്നത് യുവാക്കളാണ്. കേരളത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവര്‍ ഒരുദിവസം ശരാശരി 12 പേരാണത്രെ. അഞ്ചുവര്‍ഷത്തിനിപ്പുറം 17000 പേര് സംസ്ഥാനത്ത് വാഹനാപകടത്തില്‍ രക്തസാക്ഷികളായി. രണ്ടരലക്ഷത്തില്പ്പരംപേര്ക്ക് പരിക്കേറ്റു. മൂന്നുമാസത്തിനിടയിലുണ്ടായ പതിനായിരം അപകടങ്ങളില്‍ മരണം ആയിരം. ഇങ്ങനെപോയാല്‍ ദൈവത്തിന്റെ സ്വന്തംനാട് എന്തായിത്തീരുമെന്ന് ഊഹിക്കാന്‍പോലും കഴിയുന്നില്ല. ഇതിന് മാറ്റമുണ്ടാകാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. അതിനെക്കാള്‍ ശ്രദ്ധവേണം സഞ്ചാരികള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: