$ഹിന്ദുത്വത്തെ ഹിന്ദുയിസം എന്നുവിളിക്കാമോ?
ഹിന്ദുത്വം, ഹൈന്ദവത, ഹൈന്ദവവാദം എന്നൊക്കെയുള്ളവ തികച്ചും ശരിയായ പദങ്ങളല്ല. കാരണം ഇസമെന്നത് ഒരടഞ്ഞ അധ്യായമാണ്. ഹിന്ദുത്വം ഇസമല്ല, തുടര്‍പ്രക്രിയയാണ്. സത്യത്തിന്റെ അന്തമില്ലാത്ത അന്വേഷണമെന്നാണ് ഗാന്ധിജി ഹിന്ദുത്വത്തെ വിശേഷിപ്പിച്ചത്. നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ക്രിയാത്മകമായ ഒരു പ്രക്രിയയാണ് ഹിന്ദുത്വമെന്ന് ഡോ.എസ്.രാധാകൃഷ്ണനും പറഞ്ഞിട്ടുണ്ട്. ഭാരതത്തില്‍ ജീവിച്ചു മരിച്ച ഓരോ ദാര്‍ശനികന്റെയും സംഭാവനകള്‍കൊണ്ട് സമ്പുഷ്ടമാണ് ഹിന്ദുത്വം. അതുകൊണ്ട് ഹിന്ദുത്വത്തെ ഹിന്ദുയിസം അഥവാ ഹൈന്ദവവാദം എന്നു വിളിക്കാവുന്നതല്ല.
$ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങളെ എങ്ങനെ കാണുന്നു?
ഹിന്ദുത്വം നമ്മുടെ ദേശീയതയാണ് എന്നാണ്അടിസ്ഥാന വീക്ഷണം. ഇതുപ്രകാരം എല്ലാ പിന്നാക്കവിഭാഗങ്ങളും ഹിന്ദുക്കളാണ്. ദേശീയതയുടെയും അസ്തിത്വത്തിന്റെയും തിരിച്ചറിയപ്പെടുന്നതിന്റെയുംകാഴ്ചപ്പാടില് ഭാരതത്തില്‍ താമസിക്കുന്ന എല്ലാവരുംഹിന്ദുക്കളാണ്. ചിലര്‍ ഇക്കാര്യം അറിയുകയും പറയുകയും അഭിമാനിക്കുകയും ചെയ്യുന്നു. ചിലര്‍ ഇതറിയുന്നുവെങ്കിലും ഇതിലഭിമാനം കൊള്ളുന്നില്ല. മറ്റു ചിലരാവട്ടെ അറിയുന്നു, പക്ഷേ സവിശേഷ കാരണങ്ങളാല്‍ പുറത്തുപറയാന്‍ മടികാണിക്കുന്നു. വേറെ ചിലര്‍ ഇതറിയാത്തതുകൊണ്ട് പറയുന്നില്ല.
അതിപ്രാചീനമായ ഭാരതീയ ചിന്താധാര നിരന്തരം ചലനാത്മകവും സമസ്ത ജീവിതമേഖലകളിലുംഒന്നല്ലെങ്കില് മറ്റൊരുരൂപത്തില്‍ പ്രകടവുമാണ്. പലപ്പോഴും പരസ്പരവൈരുദ്ധ്യം തോന്നിപ്പിക്കുന്ന തരത്തില്‍ ഈ വിവിധത പ്രബലവുമാണ്. എന്നാല്‍ ഏകമാത്രമായ ഒരു മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്മുന്നോട്ടുപോകുന്നതാണ് ഈ ജീവിതവൈവിധ്യം. ഈ മൂല്യബോധത്തിന്റെ പ്രാരംഭം കുറിച്ചത് കര്‍ഷകരും പിന്നാക്ക ജാതിക്കാരുമാണ്. ഈ അര്‍ത്ഥത്തില്‍ ഇവരാണ് നമ്മുടെ പൂര്‍വ്വികര്‍. ഈ ആശയപശ്ചാത്തലത്തില്നിന്നുവേണം പിന്നാക്ക ജാതിക്കാരുടെ അവസ്ഥയെയും പ്രശ്നങ്ങളെയും വീക്ഷിക്കേണ്ടത്.
$ഹിന്ദുസമാജത്തില്‍ സമരസത ഉറപ്പുവരുത്താന്ആഹാരവിവാഹബന്ധങ്ങള് ഉണ്ടാവേണ്ടത് ആവശ്യമാണ്. ആര്‍എസ്എസ് ഇതിനായി എന്തുചെയ്യാനുദ്ദേശിക്കുന്നു? ഹിന്ദുസമാജം ജാതീയമായി വിഘടിച്ചുനില്ക്കില്ലെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുമോ?
ആഹാരവിവാഹ കാര്യങ്ങളില്‍ ഭേദരഹിതമായ വ്യവഹാരത്തിനെ സംഘം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. എന്നാല്‍ വിവേചനമില്ലാത്ത പന്തിഭോജനം എളുപ്പമാണ്. പൂര്‍ണ്ണസമ്മതത്തോടെ അല്ലെങ്കിലും പലരും ഇന്നിതുചെയ്യാന് ഒരുക്കമാണ്. ഇതിന്റെ ആവശ്യകത മനസ്സിലാക്കി പൂര്‍ണ്ണമനസ്സോടെ വ്യവഹരിക്കാന്‍ എല്ലാവരും തയ്യാറാവണം. വിജാതീയ വിവാഹം നടത്തുകയെന്നത് ഇന്നും കഠിനമാണ്. സാമാജികസമരസതാ ബോധത്തിനുമപ്പുറത്ത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യബോധം ഇതില്‍ പ്രധാനമാണ്.
വധൂവരന്മാരുടെ ചേര്‍ച്ചയും പ്രാധാന്യമുള്ളതാണ്. ഈ വശങ്ങളെക്കുറിച്ചൊക്കെ ചിന്തിച്ചതിനുശേഷം നാമതിനെ അംഗീകരിച്ചു നടപ്പാക്കണം. മഹാരാഷ്ട്രയില്‍ 1942-ലാണ് ആദ്യത്തെ അന്തര്‍ജാതീയ വിവാഹം നടന്നത്. ആദ്യത്തേതായതുകൊണ്ടും അറിയപ്പെടുന്നവരുടേതായതുകൊണ്ടും അത് പ്രസിദ്ധിനേടി. ഡോ. ബാബാസാഹേബ് അംബേദ്ക്കറും പൂജനീയഗുരുജിയും (ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍) ആ വിവാഹത്തിന് ആശിര്വചനങ്ങളരുളി. കേവല ഭൗതികമായ ചേര്ച്ചയ്ക്കപ്പുറം സമൂഹത്തില്‍ നമ്മളെല്ലാവരും ഒന്നാണെന്നാണ് നിങ്ങളുടെ വിവാഹം വിളിച്ചോതുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും, ഭാവിദാമ്പത്യജീവിതത്തിന് സകലവിധ ശുഭകാംക്ഷകള് അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗുരുജി അവര്‍ക്കെഴുതിയത്.
രുചിഭേദങ്ങള്‍ മനുഷ്യരെ വ്യത്യസ്തരാക്കുന്നില്ല. ജീവിതകാലം മുഴുവന്‍ ഒരുമിച്ചുനില്‍ക്കേണ്ടവരാണ്. ഇതുസാധ്യമാണോ എന്നുമാത്രം നോക്കിയാല്‍മതി. ഈ പശ്ചാത്തലത്തില്‍ അന്തര്‍ജാതീയ വിവാഹവും നമുക്കു സ്വീകാര്യമാണ്. ഭാരതത്തില്‍ നടക്കുന്ന അന്തര്‍ജാതീയ വിവാഹങ്ങളുടെ കണക്കെടുത്തുപരിശോധിച്ചാല് അതില്‍ ഭൂരിഭാഗവും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ (സ്വയംസേവകര്‍) ആയിരിക്കും എന്നുതോന്നിയിട്ടുണ്ട്.
ആഹാരവിവാഹസംബന്ധം വര്ദ്ധിപ്പിക്കുകയെന്നാല് പന്തിഭോജനവും അന്തര്‍ജാതീയ വിവാഹവും പ്രോത്സാഹിപ്പിക്കുകഎന്നതല്ല. മനസ്സിലെ സകല ഭേദ വിചാരങ്ങളും ഉന്മൂലനം ചെയ്ത് ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉച്ചനീചത്വങ്ങളെ ഇല്ലായ്മ ചെയ്യുകയെന്നാണര്ത്ഥം. ശവമഞ്ചം ചുമക്കാനല്ലാതെ നാലു ഹിന്ദുക്കള്‍ ഒത്തൊരുമയോടെ ഒരേദിശയിലേക്ക് സഞ്ചരിക്കില്ലെന്ന് ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാറിനോട് പറഞ്ഞവരുണ്ടായിരുന്നു. അതുകൊണ്ട് ഹിന്ദുസംഘാടനം അസാധ്യമാണെന്നായിരുന്നു വാദം. എന്നാല്‍ നാമിന്നത് ചെയ്യുകയാണ്. മുമ്പ് ചെയ്തിട്ടുണ്ട്, ഇപ്പോള്‍ ചെയ്യുന്നുമുണ്ട്. ഇനിയും ചെയ്തുകൊണ്ടിരിക്കും.
$ഹിന്ദുസമാജത്തിലെ ജാതിവ്യവസ്ഥയെ സംബന്ധിച്ച് ആര്‍എസ്എസിന്റെ വീക്ഷണമെന്താണ്?
ജാതിവ്യവസ്ഥ എന്നുവിളിക്കുന്നത് തെറ്റാണ്. ഇന്നുള്ളത് ജാതീയമായ അവ്യവസ്ഥയാണ്. പണ്ടെപ്പൊഴോ ജാതിവ്യവസ്ഥ ഉണ്ടായിരുന്നിരിക്കാം, പ്രയോഗിച്ചുവെന്നിരിക്കാം. എന്നുവച്ച് ഇന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. ഇന്നത് മൃതപ്രായമായിരിക്കുകയാണ്. അതില്ലാതാക്കാന്‍ പരിശ്രമിക്കുന്തോറും ശക്തിപ്രാപിക്കുന്നതായാണ് അനുഭവം. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെക്കാള്‍ ഉത്തമം പകരമുണ്ടാവേണ്ട നല്ല വ്യവസ്ഥയെ സ്ഥാപിക്കുവാനുള്ള ശ്രമം നടത്തുന്നതാണ്. ഇരുട്ടിനെ തല്ലിയോടിക്കാനാവില്ല. ഒരുതിരി കത്തിച്ചുവയ്ക്കുന്നതോടെ ഇരുട്ട് നീങ്ങുന്നു. ചെറിയ വരയ്ക്കുപകരം വലിയ വരവരച്ച് എല്ലാ ഭേദഭാവനകളെയും ഇല്ലാതാക്കുകയെന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസ് ചെയ്യുന്നത്. സാമൂഹികപ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്ന ഒരു ആശയത്തെയും ആര്‍എസ്എസ് അംഗീകരിക്കുന്നില്ല.
$ആര്‍എസ്എസില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും സ്ഥാനവും എന്താണ്?
എന്നെ സര്‍കാര്യവാഹായി തെരെഞ്ഞെടുത്ത സമയത്ത് സുരേശ് സോണിജിയെ സഹസര്‍കാര്യവാഹായും നിയോഗിച്ചു. ഒരാള്‍ ഭാഗവത സമുദായത്തില്നിന്നായിപ്പോയതുകൊണ്ട് ഒബിസി പ്രാതിനിധ്യത്തിനുവേണ്ടിയാണ് സുരേശ്ജിയെ നിയോഗിച്ചതെന്ന് മാധ്യമങ്ങള്‍ എഴുതി. ഇതുവായിച്ചതിനുശേഷം ഞാന്‍ സോണിജിയോടു താങ്കള്‍ ഒബിസി ആണോയെന്ന് ചോദിച്ചു. ഇതുകേട്ട അദ്ദേഹം മറുപടിയൊന്നും പറയാതെ ചെറുതായി പുഞ്ചിരിക്കുകമാത്രം ചെയ്തു. അദ്ദേഹം ആ വിഭാഗത്തില്പ്പെടുന്നയാളാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. ഇതാണ് ആര്‍എസ്എസിന്റെ കീഴ്വഴക്കം. നമ്മള് ഇതേ രീതി തുടരുകയാണെങ്കില്‍ തീര്‍ച്ചയായും പരിവര്‍ത്തനമുണ്ടാകും.
ഞാന്‍ നാഗ്പൂരില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തെ സംഘഅധികാരിമാര് മിക്കവരും ബ്രാഹ്മണരായിരുന്നു. പക്ഷേ എണ്‍പതുകളില്‍ ഞാന്‍ നാഗ്പൂരില്‍ പ്രചാരകനായ കാലമാകുമ്പോഴേക്കും എല്ലാ ബസ്തികളിലും അതതു പ്രദേശക്കാര്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നമ്മുടെ ശാഖകള്‍ വര്‍ദ്ധിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ അത്തരം പ്രദേശങ്ങളില്‍ ചെന്നെത്തി പ്രവര്‍ത്തിച്ചതുകൊണ്ട് സമൂഹത്തിന്റെ നാനാതുറകളില്‍നിന്ന് കാര്യകര്‍ത്താക്കള്‍ ഉയര്‍ന്നുവന്നു. സംവരണസംവിധാനം ജാതിയെ ഉണര്‍ത്തും. പകരം സഹജമായ രീതിയില്‍ എല്ലാവരെയും ഉയര്‍ത്തുകയാണെങ്കില്‍ ജാതീയത അപ്രത്യക്ഷമാകും. സ്വജനങ്ങളെ സ്വീകരിക്കുന്ന മനുഷ്യന്റെ സഹജ സ്വഭാവത്തെ ബോധപൂര്‍വ്വം അതിക്രമിച്ചുകൊണ്ട് വ്യവഹരിച്ചാല്‍ ഇതു സാധ്യമാകും.
$നാടോടികളുടെ ക്ഷേമത്തിനായി സംഘം എന്തെങ്കിലും ചെയ്യുന്നുണ്ടോ?
സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ മഹാരാഷ്ട്രയിലെനാടോടികളുടെ ക്ഷേമത്തിനായി സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരെ സ്ഥിരതാമസക്കാരാക്കാനും വിദ്യാഭ്യാസം നല്‍കാനും, തങ്ങള്‍ക്കിടയിലെ അനാചാരങ്ങളില്ലാതാക്കുന്നതിനുള്ള ആഗ്രഹം അവര്‍ക്കിടയില്‍ സംജാതമാക്കുവാനും ആര്‍എസ്എസിനു കഴിഞ്ഞു. മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇവരുടെ ക്ഷേമത്തിനായി രൂപീകരിച്ച കമ്മീഷന് നടപ്പിലാക്കിയ പദ്ധതിയുടെ പ്രാഗ്രൂപം സംഘത്തിന്റേതായിരുന്നു.
$നീതിന്യായ മേഖലയില്‍ ആംഗലേയ ഭാഷയുടെ മേല്‍ക്കോയ്മ കാണുന്നു. ഹിന്ദിയോടും മറ്റുഭാരതീയ ഭാഷകളോടുമുള്ള സംഘത്തിന്റെ വീക്ഷണമെന്താണ്? ഹിന്ദി എന്നാണ് സമ്പൂര്ണ്ണഭാരതത്തിന്റെയും ഭാഷയായിത്തീരുക? സംസ്കൃതത്തിന് ഹിന്ദിയേക്കാള്‍ പ്രാധാന്യം നല്‍കാത്തതെന്തുകൊണ്ട്?
വ്യവസ്ഥിതിയല്ല നമ്മുടെ മനഃസ്ഥിതിയാണ് ആംഗലേയഭാഷയ്ക്ക് മേല്‍ക്കോയ്മ നേടിക്കൊടുത്തത്. ഹിന്ദിയോ മറ്റു മാതൃഭാഷയോ അറിയുന്ന ഉന്നതരെല്ലാം പരസ്പരം കണ്ടുമുട്ടുമ്പോള്‍ ആംഗലേയം സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്.
ഭാഷ സംസ്കാരത്തിന്റെയും വികാരത്തിന്റെയും വാഹകമാണ്. നമ്മുടെ വികാസത്തിന് സ്വഭാഷാജ്ഞാനം അനിവാര്യമാണ്. അതുകൊണ്ട് നാമെല്ലാവരുംമാതൃഭാഷയെ ആദരിക്കണം, ഉപയോഗിക്കണം. ഇതിനര്‍ത്ഥം ആംഗലേയത്തെ ഒഴിവാക്കണമെന്നല്ല. അതിനര്‍ഹിക്കുന്ന സ്ഥാനം മാത്രം നല്കി നാം മാതൃഭാഷ ഉപയോഗിക്കണം. ആംഗലേയം അന്താരാഷ്ട്രഭാഷയാണെങ്കിലും രണ്ടു ഭാരതീയര്‍ വിദേശത്ത് കണ്ടുമുട്ടിയാല്‍ ഹിന്ദി സംസാരിക്കണം.
സമൃദ്ധമായ പ്രാദേശികഭാഷകള്‍ നമ്മുടെ രാഷ്ട്രത്തില്‍ ഉണ്ട്. ആംഗലേയഭാഷയോട് നമുക്ക് ശത്രുതയൊന്നുമില്ല. ആ ഭാഷ നന്നായി പ്രയോഗിക്കാനറിയുന്നവരും നമുക്കിടയില്‍ തീര്‍ച്ചയായും വേണം. അന്തര്‍ദേശീയതലത്തില്‍ നമ്മുടെ രാഷ്ട്രത്തിന്റെ വിജയമുദ്ര പതിപ്പിക്കാന്‍ ആംഗലേയം ആവശ്യമാണ്. പക്ഷേ, നമ്മുടെ രാഷ്ട്രത്തിന്റെ സമഗ്രമായ ഉന്നതിക്കും സാംസ്കാരിക മൂല്യരക്ഷണത്തിനും മാതൃഭാഷയിലുള്ള വിദ്യാഭ്യാസവും അതിന്റെ ഉപയോഗവുമാണ് ഉത്തമം. ആംഗലേയ ഭാഷയോട് നമുക്ക് ശത്രുത ഒന്നുമില്ലെങ്കിലും ജപ്പാനും റഷ്യയും ഇസ്രയേലും അവരുടെ ഭാഷ പ്രയോഗിക്കുന്നതുപോലെ നാം ഭാരതീയ ഭാഷകള്‍ ഉപയോഗിക്കണം.
നമ്മുടെ അനേകം ഭാഷകളില്‍നിന്ന് ഒന്നിനെ എങ്ങനെ സ്വീകരിക്കുമെന്നതാണ് അടുത്ത സംശയം. കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നു എന്ന കാരണംകൊണ്ട് അനേകം വര്‍ഷങ്ങളായി ഹിന്ദിയാണ് നാം പൊതുവായി ഉപയോഗിച്ചുപോരുന്നത്.
അനുരൂപമായ മനസ്സുണ്ടായാല് ഒരുപൊതു ഭാഷപഠിക്കുവാന് നമുക്കു സാധിക്കും. നിയമനിര്‍മ്മാണമോ അടിച്ചേല്‍പ്പിക്കലോ വഴി ഇതുസാധ്യമല്ല. രാഷ്ട്രത്തെ സംയോജിപ്പിച്ചുനിര്ത്തുന്ന ഒരു മാധ്യമമാണ് ഭാഷ. ദേശീയതലത്തിലെ വ്യാവഹാരിക ഭാഷഹിന്ദിയായതുകൊണ്ട് എല്ലാവരും ഹിന്ദിപഠിക്കുന്നു. അതുപോലെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ മറ്റൊരു ഭാഷകൂടി പഠിക്കാന്‍ തയ്യാറാവണം. ഇത്തരത്തില്‍ എല്ലാവരും മാനസികമായിതയ്യാറായാല് ദേശീയഐക്യം ഊട്ടിയുറപ്പിക്കുന്ന ഒരു പൊതുഭാഷ എന്നത് പ്രാവര്‍ത്തികമാവും.
$സംസ്കൃതഭാഷയുടെ പ്രാധാന്യം കുറയുകയുംസംസ്കൃതവിദ്യാലയങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നതിനെക്കുറിച്ചു ആര്‍എസ്എസിന്റെ ചിന്ത എന്താണ്?
സംസ്കൃതഭാഷയ്ക്ക് നാം പ്രാധാന്യം നല്‍കാത്തതുകൊണ്ടാണ് സര്‍ക്കാരും പ്രാധാന്യം നല്‍കാത്തത്. നമ്മുടെ പൈതൃകവും പാരമ്പര്യവുമായ സകലമാന ദര്‍ശന-സാഹിത്യങ്ങളും സംസ്കൃതത്തിലാണ് എന്നതുകൊണ്ട് ഞാനും എന്റെ പിന്‍തലമുറയും സംസ്കൃതം പഠിക്കണം എന്ന് തീരുമാനിക്കേണ്ടത്നമ്മള്തന്നെയാണ്. കുറഞ്ഞപക്ഷം സംസാരിക്കാനെങ്കിലും സാധിക്കണം.
സ്വയംസേവകര്‍ ഈ ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തനനിരതരാണ്. നമ്മളോരോരുത്തരും ഇക്കാര്യത്തില്‍ മനസ്സുറപ്പിച്ചാല്‍ നമ്മുടെ വരുംതലമുറയ്ക്ക് സംസ്കൃത ഭാഷ ലഭ്യമാകും. നമുക്ക് സ്വന്തവും മഹത്തരവുമായ ഭാഷയുണ്ടെന്ന് ചിന്തിക്കുകയും അഭിമാനിക്കുകയും ചെയ്താല്‍ ഇക്കാര്യം സാധ്യമാകും. സമാജത്തിന് ആവശ്യമുണ്ടാകുന്ന സമയത്ത് സംസ്കൃത വിദ്യാലയങ്ങള്‍ സ്വാഭാവികമായും പുനരാരംഭിക്കും. അധ്യാപകരെയും ലഭിക്കും. ഭാരതത്തിലെ എല്ലാ ഭാഷകളും ശ്രേഷ്ഠമാണ്. ഒന്ന് മറ്റൊന്നില്‍നിന്നും മറ്റൊരാളില്‍നിന്നും അന്യമല്ല. നാമെവിടെയാണോ താമസിക്കുന്നത് അവിടുത്തെ ഭാഷ സംസാരിക്കുന്നുവെന്ന് മാത്രം.
$സ്ത്രീസുരക്ഷയെ സംബന്ധിച്ച് സംഘത്തിന്റെ കാഴ്ചപ്പാടെന്താണ്? ഈ മേഖലയില്‍ എന്തെങ്കിലും പ്രവര്‍ത്തനം ചെയ്യുന്നുണ്ടോ? സ്ത്രീപീഡകര്‍ക്ക് നിയമത്തെ ഭയമില്ലാത്തത് എന്തുകൊണ്ടാണ്?
പൗരാണികകാലത്ത് മഹിളകള്‍ വീട്ടിനകത്തുതന്നെ ജീവിച്ചതുകൊണ്ട് കുടുംബമായിരുന്നു അവരുടെ സുരക്ഷ ഉറപ്പുവരുത്തിയത്. ഇക്കാലത്ത് മഹിളകളും പുരുഷന്മാരോടൊപ്പം സമാജത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്നതുകൊണ്ട് സമാജമാണ് അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേപോലെ ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ളവരും ജാഗരൂകരും പരിശീലനം സിദ്ധിച്ചവരുമാകണം. മഹിളകളുടെ സുരക്ഷിതത്വം അപകടത്തിലാവുന്നത് പുരുഷന്റെ കാഴ്ചപ്പാട് തെറ്റായ ദിശയിലാവുന്നതോടെയാണ്.
കുറ്റക്കാരെ ശിക്ഷിക്കുന്നത് കൊണ്ടുമാത്രം ഈ പ്രശ്നം അവസാനിക്കുകയില്ലെന്ന് ഈ വിഷയത്തിലെ ചര്‍ച്ചയ്ക്കിടയില്‍ ഒരു മാധ്യമപ്രവര്‍ത്തക പറയുന്നത് കേട്ടിട്ടുണ്ട്. അതു ശരിയാണ്. അടിസ്ഥാനപ്രശ്നം സ്ത്രീകളോടുള്ള പുരുഷന്റെ വ്യവഹാരം മാറി എന്നുള്ളതാണ്. തന്റെ പത്നിയൊഴികെ മറ്റുള്ളവരെല്ലാം മാതാക്കളാണ് എന്ന ഉത്തമദൃഷ്ടിയിലായിരിക്കണം പുരുഷവ്യവഹാരം. ഇത്തരം സംസ്കാരങ്ങള്‍ പുരുഷന്മാരുടെ ഉള്ളിലുറപ്പിക്കണം. കൗമാരക്കാര്‍ക്ക് ഇതിനുള്ള പ്രശിക്ഷണം ലഭിക്കണം. സ്വയംസേവകര്‍ ഈ മേഖലയിലും ചില പ്രയോഗങ്ങള്‍ നടത്തിവരുന്നുണ്ട്. വിദ്യാര്ത്ഥിപരിഷത്തിലൂടെ സ്വയംസേവകര്‍ ദേശീയതലത്തില്‍ പെണ്‍കുട്ടികള്‍ക്കായി സുരക്ഷാപരിശീലനക്കളരികള് സംഘടിപ്പിക്കുന്നുണ്ട്.
അപരാധികള്‍ നിയമത്തെ ഭയക്കാത്തത് അതിന്റെസ്വാഭാവികമായ പരിമിതി നിമിത്തമാണ്. ഇവരുടെ സാമൂഹ്യപ്രതിബദ്ധതയാണ് നിയമഭയത്തേക്കാള് സ്വാധീനം ചെലുത്തുക. നിയമം പ്രബലമാക്കുന്നതോടൊപ്പം അതുപാലിക്കാനുള്ള മനസ്സും പ്രബലമാക്കണം. അപരാധങ്ങളെ പെരുപ്പിക്കുന്ന തരത്തിലുള്ള സാമൂഹിക അന്തരീക്ഷമുണ്ടാവരുത്. നിരന്തരപ്രയത്നംകൊണ്ട് നമ്മുടെ സാമാജിക അന്തരീക്ഷം സംസ്കാര സമ്പന്നമാക്കണം.
$ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ എങ്ങനെ കാണുന്നു? ഗോരക്ഷ എങ്ങനെ പ്രാവര്‍ത്തികമാക്കാം? നിയമപരിരക്ഷയില്ലാത്തതുകൊണ്ട് ഇത് ദുഷ്കരമാകുന്നു. പശുമോഷ്ടാക്കളോട് എങ്ങനെ വ്യവഹരിക്കണം?
ഗോരക്ഷണത്തിനു വേണ്ടിയെന്നല്ല, ഒരു കാര്യത്തിനും നിയമം കയ്യിലെടുത്ത് അക്രമങ്ങളഴിച്ചുവിടുന്നത് അത്യന്തം അപലപനീയമാണ്. ഇത്തരം കുറ്റംചെയ്യുന്നവര്‍ തീര്‍ച്ചയായും ശിക്ഷാര്‍ഹരാണ്. പശു ഭാരതീയ പാരമ്പര്യത്തില്‍ വിശ്വാസത്തിന്റെ മാനമുദ്രയാണ്. നമ്മുടെ രാഷ്ട്രത്തിലെ ബഹുകോടിവരുന്ന ചെറുകര്ഷകന്റെ ജീവിതത്തിന്റെ ഭാഗമാണ് പശു. അവന് പശു കര്ഷകസഹായിയും ഉപകാരിയും ധനാര്‍ജ്ജന മാര്ഗ്ഗവുംകൂടിയാണ്. ക്ഷീരോത്പാദനം സംബന്ധിച്ചുള്ള നിരവധി നൂതന പഠനങ്ങള്‍ പശുസംരക്ഷണത്തെ സാധൂകരിക്കുന്നതാണ്. ഗോരക്ഷ നമ്മുടെ ഭരണഘടനയില്‍ എടുത്തുപറഞ്ഞിട്ടുള്ളതാണ്.
ഗോവധനിരോധനം ആവശ്യപ്പെടുന്നവരെല്ലാം സ്വന്തംവീട്ടില്‍ ഒരു പശുവിനെയെങ്കിലും വളര്‍ത്താന്‍ തയ്യാറാകണം. പശുവിനെ തുറന്നഴിച്ചുവിട്ടതിനുശേഷം അതിനു സുരക്ഷയില്ല, മോഷണം നടത്തുന്നു എന്നുപറയുന്നത് ശരിയല്ല. യഥാര്‍ത്ഥ ഗോസംവര്ദ്ധകര് അതിക്രമങ്ങള്‍ നടത്തില്ല. അവര്‍ ഗോശാലകള്‍ നടത്തുന്നവരാണ്.
$സാമുദായിക സംവരണത്തെക്കുറിച്ച് സംഘത്തിന്റെ അഭിപ്രായമെന്താണ്? ക്രീമിലെയര്‍ സംവരണം ആവശ്യമാണോ? ന്യൂനപക്ഷ സംവരണം അനിവാര്യമാണോ? സംവരണത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
സാമൂഹിക അസമത്വങ്ങളും പിന്നാക്കാവസ്ഥയും ഇല്ലാതാക്കി എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ പ്രാപ്തമാക്കുന്നതിനുവേണ്ടിയാണ് സംവരണം നല്കിപ്പോന്നത്. ഭരണഘടനാപരമായ എല്ലാ സംവരണങ്ങളെയും സംഘം പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. അത് തുടരുകയും ചെയ്യും. അത് എപ്പോള്‍ വരെ തുടരണമെന്നത് സംവരണത്തിന്റെ ഗുണഭോക്താക്കളുടെ സാമൂഹിക അവസ്ഥയെ അടിസ്ഥാനമാക്കിയിരിക്കും. അവര്‍ക്കു സംവരണം ആവശ്യമില്ലെന്നു തോന്നുന്നതുവരെ അത് തുടരും. സംഘത്തിന്റെ പൂര്‍വ്വ നിശ്ചിതമായ അഭിപ്രായം ഇതാണ്. ഇടയ്ക്കിടെയുള്ള പ്രസ്താവനകളെ മനോഗതിക്കനുസരിച്ച് വ്യാഖ്യാനം ചെയ്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ല.
സംവരണം നല്‍കുന്നത് സാമൂഹിക അവസ്ഥ കണക്കിലെടുത്താണ്. സമൂഹത്തിലെ വിവിധ ജാതി വിഭാഗങ്ങള്‍ ഇപ്പോള്‍ സംവരണം ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ഒരു ഭരണഘടനാ സമിതിയുണ്ട്. അവരതിനെക്കുറിച്ചുള്ള പഠനത്തിലാണ്. ഉചിതമായ തീരുമാനത്തിലെത്തുമെന്ന് പ്രത്യാശിക്കാം.
സംവരണം സാമൂഹിക പ്രശ്നമല്ല. സംവരണത്തിന്റെ രാഷ്ട്രീയമാണ് പ്രശ്നം. സാമൂഹിക സമത്വമാണ് ലക്ഷ്യമെന്ന് മുന്നില്‍ക്കണ്ട് ഉച്ചനീചത്വങ്ങള്‍ മറന്ന് എല്ലാവരും മാനസികമായി തയ്യാറാവണം. സാമൂഹിക അസമത്വങ്ങള്‍ കാരണം അനേകായിരം വര്‍ഷങ്ങളായി പിന്തള്ളപ്പെട്ട എല്ലാവരെയും ജാതിഭേദമെന്യേ മുന്നോട്ടുനയിക്കലാണ് നമ്മുടെ ലക്ഷ്യമെന്ന് മനസ്സിലാക്കണം. ഇത് നമ്മുടെ കര്‍ത്തവ്യമാണ്. ഇതിനെ ഒരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുത്.
$രാമ ക്ഷേത്രനിര്‍മ്മാണത്തിന് അടിയന്തരനിയമനിര്മ്മാണം സാധ്യമാണോ? ഈ വിഷയത്തില്‍ നിലവിലെ നയം എന്താണ്?
നിയമനിര്‍മാണത്തിനുള്ള അവകാശം സര്‍ക്കാരിനാണ്. എന്തൊക്കെ കാര്യപരിപാടികളും പ്രക്ഷോഭങ്ങളുമാണ് നടത്തേണ്ടതെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിക്കും. ഒരു സ്വയംസേവകന് എന്ന നിലയിലും സര്സംഘചാലകന് എന്ന നിലയിലും രാമജന്മഭൂമി പ്രക്ഷോഭത്തിലെ പങ്കാളി എന്ന നിലയിലും അയോധ്യയില്‍ ഒരു ഭവ്യമന്ദിരം നിര്‍മ്മിച്ചു കാണാന്‍ ഞാനും ആഗ്രഹിക്കുന്നു. ഭാരതത്തിലെ ഭൂരിപക്ഷം വിശ്വാസികള്‍ക്കും ശ്രീരാമന് ഭഗവാനാണ്. അതുമാത്രമല്ല ഭാരതീയ ജീവിതമൂല്യത്തിന്റെ മൂര്ത്തിമദ്രൂപവുമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മസ്ഥാനത്ത് ഒരു ക്ഷേത്രം വേണമെന്ന് ഭാരതത്തിലെ ബഹുഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നു. നേരത്തെ അവിടെക്ഷേത്രമുണ്ടായിരുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. രാഷ്ട്രീയം മറന്നുകൊണ്ട് രാഷ്ട്രത്തിന്റെ ഒരുമയ്ക്കും പെരുമയ്ക്കും കോട്ടംതട്ടാതിരിക്കാന്‍ ഈ പ്രശ്നം ഉടനടി പരിഹരിക്കേണ്ടതുണ്ട്. എല്ലാവരും ദേശഹിതതത്പരരായി വിവേചനബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് പ്രവര്‍ത്തിക്കണം. അയോധ്യയില്‍ ഭവ്യമായ ക്ഷേത്രം നിര്‍മ്മിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: