ലോകവിനോദ സഞ്ചാരദിനം
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസായ മേഖലയാണ് വിനോദസഞ്ചാരം. ലോകസൗഹാര്ദ്ദത്തിനും വിദ്യാഭ്യാസത്തിനും സംഭാവന നല്കുന്ന ഒരു മേഖല കൂടിയാണിത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുവാനും വേണ്ടി ഐക്യരാഷ്ട്രസഭയുടെ World Tourism Organisation ആഭിമുഖ്യത്തില്‍ ലോകവിനോദസഞ്ചാരദിനം ആചരിക്കുന്നു. ഉത്തരാര്‍ദ്ധഗോളത്തിലെ വിനോദസഞ്ചാര കാലത്തിന്റെ അവസാനവും ദക്ഷിണാര്‍ധഗോളത്തിലെ ആരംഭവും കുറിക്കുന്ന അവസരമായതിനാലാണ് സപ്തംബര്‍ 27 ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
”വിനോദസഞ്ചാരവും സാംസ്കാരിക സംരക്ഷണവും” (Tourism and Cultural Protection) എന്നതാണ് 2018ലെ ലോകവിനോദസഞ്ചാര ദിനത്തിന്റെ സന്ദേശം. ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ഈ വര്‍ഷത്തെ പ്രധാന ആഘോഷം നടക്കുന്നത്.
കല്ലിൽ കൊത്തിയെടുത്ത പെട്ര
തെക്കുപടിഞ്ഞാറന്‍ ജോര്‍ദ്ദാനിലെ തകര്‍ന്നടിഞ്ഞ പട്ടണമാണ് പെട്ര(Petra). ചരിത്രാതീതകാലത്ത് നബാത്തിയന്മാര് എന്ന അറബി നാടോടി വിഭാഗക്കാര്‍ കല്ലില്‍ കൊത്തിയെടുത്ത് നിര്‍മിച്ചതാണിത്.
എ.ഡി. 106ല്‍ റോമക്കാരാല്‍ തോല്പിക്കപ്പെടുംവരെ പെട്ര നബാത്തിയന്‍ രാജ്യത്തിന്റെ തലസ്ഥാനമായി വര്‍ത്തിച്ചു. അതിനുശേഷം അത് അറേബ്യന്‍ പ്രദേശത്തിന്റെ ഭാഗമായി. ഏഴാം ശതകത്തില്‍ പെട്ര മുസ്ലിം അധീനപ്രദേശമായി. 1812ല്‍ സ്വിസ് സഞ്ചാരിയായ ജോഹന്‍ എല്‍.ബര്‍ക് ഹാര്‍ട്ടാണ് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
നഷ്ടപ്പെട്ട നഗരം
പുരാതന ഇന്‍കാ സാമ്രാജ്യത്തില്‍പ്പെട്ട, കോട്ടയ്ക്കുള്ളിലെ നഗരമായിരുന്നു മാച്ചുപിക്ചു (ങമരവൗ ജശരരവൗ). പെറുവിലെ കുസ്കാ നഗരത്തില്‍ നിന്ന് 80 കി.മീ. അകലെ ഉറുബാംബ താഴ്വരയില് സ്ഥിതി ചെയ്യുന്നു. രണ്ട് ഉയര്‍ന്ന കൊടുമുടികളുടെ ഇടയ്ക്കുള്ള ഇടുങ്ങിയ പ്രദേശത്തായി സമുദ്ര നിരപ്പില്‍ നിന്ന് ഉദ്ദേശ്യം 2350 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ‘ഇന്‍കകളുടെ നഷ്ടപ്പെട്ട നഗരം’ എന്ന് മാച്ചുപിക്ചു വിളിക്കപ്പെടുന്നു.
സ്പാനീഷ് കൈയേറ്റത്തോടെയാണ് ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടത്. നൂറ്റാണ്ടുകളോളം വിസ്മൃതമായി കിടന്ന ഈ നഗരത്തെ 1911ല്‍ യുഎസ് പര്യവേക്ഷകനായ ഹിറാം ബിങ് ഹാമാണ് പുറംലോകത്തിന് പരിചയപ്പെടുത്തിയത്.
പർവതനിരകളിലെ ഉദ്യാനം
കാനഡയിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ് ബാന്‍ഫ് നാഷണല്‍ പാര്‍ക്ക്. 1885ല്‍ ഇത് നിര്‍മിക്കപ്പെട്ടു. റോക്കി പര്‍വതനിരകളുടെ കിഴക്കന്‍ ചരിവുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനത്തില്‍ ഒട്ടേറെ അരുവികളും മഞ്ഞുപാടങ്ങളും മഞ്ഞു തടാകങ്ങളും ഉണ്ട്. 6641 ച. കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഇതിന്.
കുന്നുകളിലെ അഭയ കേന്ദ്രങ്ങൾ
പ്രാചീന ഗ്രീസ്സില്‍ ഉയര്‍ന്ന കുന്നുകളില്‍ അഭയസങ്കേതങ്ങളായി നിര്‍മിക്കപ്പെട്ടിരുന്ന കോട്ട കൊത്തളങ്ങളായിരുന്നു അക്രോപൊളീസുകള്. ഇവ കേന്ദ്രീകരിച്ചാണ് നഗരങ്ങള്‍ നിലനിന്നിരുന്നത്. ഏതന്‍സ്, കോറിന്ത്, അര്‍ഗോസ് എന്നീ നഗരങ്ങളില്‍ ഇവ ഉണ്ടായിരുന്നു. ഏതന്‍സിലെ അകോപൊളീസിലുള്ള പ്രസിദ്ധമായ ദേവാലയമാണ് ‘പാര്‍ത്ഥിനോണ്‍’.
യുദ്ധത്തിൽ തകർന്ന തുറമുഖ നഗരം
പ്രാചീന ലോകത്തെ പ്രമുഖ തുറമുഖ നഗരങ്ങളിലൊന്നായിരുന്നു കാര്‍ത്തേജ്. ഇപ്പോഴത്തെ ടുണീഷ്യന്‍ തലസ്ഥാനമായ ടുണീസ് നഗരത്തിന് സമീപത്തായിരുന്നു സ്ഥാനം. ബി.സി. 800ല്‍ ഫിനീഷ്യന്‍ നാവികരാണ് നഗരം സ്ഥാപിച്ചത്. സിസിലി ദ്വീപുകളെ ചൊല്ലി പലതവണ ഗ്രീക്കുകാരും കാര്‍ത്തേജും യുദ്ധത്തില്‍ ഏര്‍പ്പെട്ടു. ബി.സി. 264നും 146നും മധ്യേ റോമും കാര്‍ത്തേജുമായി സിസിലി ദ്വീപുകളുടെ പേരില്‍ നടന്ന പ്യൂണിക് യുദ്ധങ്ങളെ തുടര്‍ന്ന് കാര്‍ത്തേജ് തകര്‍ക്കപ്പെടുകയായിരുന്നു.
വന്മതിൽ
ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്മതിലിന്റെ നീളം 6325 കിലോമീറ്ററാണ്. ബി.സി. 200ല്‍ ആരംഭിച്ച് വിവിധ രാജവംശങ്ങള്‍ പല കാലഘട്ടങ്ങളിലായാണ് ഇത് പൂര്‍ത്തിയാക്കിയത്. ക്വിന്ഷി ഹുയാങ് (Quin Shi Huan) എന്ന ചൈനയിലെ ആദ്യ ചക്രവര്‍ത്തിയാണ് മനുഷ്യനിര്‍മിതമായ ഈ മഹാത്ഭുതത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. 1987ല്‍ UNESCO ഇതിനെ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.
നയാഗ്രയുടെ മനോഹാരിത
അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ എന്നിവയുടെ അതിര്‍ത്തിയിലാണ് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡര്വെയ്ല് ഫാള്‍സ്, കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഒന്നുചേര്‍ന്നാണ് നയാഗ്ര രൂപം കൊള്ളുന്നത്. യുഎസ്സില്‍ നിന്ന് കാനഡയിലേക്ക് പതിക്കുന്ന നയാഗ്രയുടെ മനോഹാരിത കാനഡയിലാണ് ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: