കോഴിക്കോട് സര്‍വ്വകലാശാലയില്‍ മലയാളഗവേഷണം തുടങ്ങുന്നതിനും മുന്‍പ് യഥാര്‍ത്ഥത്തില്‍ തുടങ്ങേണ്ടിയിരുന്നത് കേരളവര്‍മ്മ കോളേജിലായിരുന്നു. കേരള സംസ്ഥാനം രൂപംകൊള്ളുന്നതിനു മുമ്പേ പഴയ കൊച്ചിരാജ്യത്ത് മദിരാശി സര്‍വ്വകലാശാലയുടെ കീഴിലായിരുന്നു കോളേജ് തുടങ്ങിയത്. എറണാകുളം മഹാരാജാസിനു ശേഷമായിരുന്നു എന്നു മാത്രം. മലയാളം എം.എ. നിലവില്‍വന്നിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഡിപ്പാര്‍ട്ട്മെന്റിനെ ഗവേഷണകേന്ദ്രമായി അംഗീകരിക്കുന്നത്. ഒരുപാട് നല്ല പുസ്തകങ്ങള്‍ കോളേജിന്റെ ലൈബ്രറി ശേഖരത്തിലുണ്ടായിരുന്നു. അവയെല്ലാം വര്‍ഷങ്ങള്‍ക്കുശേഷം ചിതലെടുത്തുപോയതും പുതിയ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര് അവര്‍ക്കു താല്പര്യമുള്ള പ്രസാധകരുടെ നിലവാരം കുറഞ്ഞ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടിയതും മറ്റൊരു കഥ !
അവിടെ എം.എ. വിദ്യാര്‍ത്ഥിയായിരുന്ന ഈ ലേഖകന്‍ 1982-ല്‍ അദ്ധ്യാപകനാകുമ്പോള്‍ ഗവേഷണബിരുദം ഒരു ആവശ്യമായി തോന്നിയിരുന്നില്ല. അക്കാലത്ത് യുജിസി സ്കെയില്‍ വന്നിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം യുജിസി മാനദണ്ഡങ്ങളും, നാക് അക്രഡിറ്റേഷനും ഗവേഷണബിരുദവും ഒക്കെ പ്രമോഷനും ഉയര്‍ന്ന സ്കെയിലിനും നിര്‍ബന്ധമാക്കിയപ്പോഴാണ് ഒരു പിഎച്ച്ഡി തരപ്പെടുത്തിക്കളയാം എന്ന് ഞങ്ങളില്‍ പലര്‍ക്കും തോന്നിയത്.
വകുപ്പുതലവന് ഡോ. ഷൊര്‍ണ്ണൂര്‍ കാര്ത്തികേയന് ഇതിനിടയില്‍ പിഎച്ച്ഡി സംഘടിപ്പിച്ചിരുന്നു. മത്സരബുദ്ധിയോടെ ഡോ. കല്‍പ്പറ്റ ബാലകൃഷ്ണനും എം. ലീലാവതിയുടെ കീഴിലിരുന്ന് സുകുമാര്‍ അഴീക്കോടിന്റെ മേല്‍നോട്ടത്തില്‍ ഡോക്ടറേറ്റ് എടുത്തു. എന്റെ അടക്കമുള്ള ശിഷ്യന്മാര് പല യൂണിവേഴ്സിറ്റികളിലും പോയി ഗവേഷണം തുടങ്ങി. എന്തെങ്കിലും ജോലി ഇതിനിടയില്‍ കിട്ടിയാല്‍ അവരെല്ലാം ഈ പരിപാടി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഒരു ഗവര്‍മെന്റ് ജോലി കിട്ടുന്നതുവരെ ഇടത്താവളം മാത്രമായിരുന്നു പലര്‍ക്കും ഗവേഷണം. ചെറിയ തുക ഫെല്ലോഷിപ്പായി കിട്ടുന്നത് അക്കാലത്ത് വലിയ കാര്യവുമാണ്.
ടി.എന്‍. ജയചന്ദ്രന് ഐഎഎസ് വൈസ് ചാന്‍സലറായി വന്നപ്പോഴാണ് ഗവേഷണകേന്ദ്രമായി ഡിപ്പാര്ട്ട്മെന്ററിനെ അംഗീകരിക്കുന്നത്. ജയചന്ദ്രന് മുമ്പ് ഇവിടെ ഏതോ ഡിപ്പാര്‍ട്ട്മെന്റില്‍ അദ്ധ്യാപകനായിരുന്നു. ഐഎഎസ് കിട്ടിയപ്പോഴാണ് അധ്യാപകജോലി ഉപേക്ഷിച്ചത്. കോളേജിലെതന്നെ മലയാളം ബിഒഎല്‍ വിദ്യാര്‍ത്ഥിയായിരുന്ന എം.ആര്. ചന്ദ്രശേഖരന് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ വരുന്നതും ഈ കാലത്താണ്. 1987-ലാണ് ഔദ്യോഗികമായി മലയാളവിഭാഗം ഗവേഷണകേന്ദ്രമാകുന്നത്. സുകുമാര്‍ അഴീക്കോട്, എം. ലീലാവതി തുടങ്ങിയവര്‍ ഫാക്കല്‍റ്റിയിലും വന്നു.
ഈ ലേഖകന്‍ അതിനുമുമ്പ് കല്പറ്റ ബാലകൃഷ്ണന്റെ കീഴില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രിലിമിനറി തിസീസ് സബ്മിറ്റ് ചെയ്യുമ്പോഴേക്കും യുജിസി ശമ്പളത്തിന് ഡോക്ടറേറ്റ് ഇല്ലെങ്കിലും സര്‍വ്വീസ് മാനദണ്ഡമാക്കി ഗവണ്മെന്റ് ഉത്തരവ് വന്നു. പ്രത്യേക ഇന്‍ക്രിമെന്റ് കിട്ടില്ലെന്നു മാത്രം. അതോടെ ഗവേഷണവും അവസാനിപ്പിച്ചു.
വകുപ്പ് അദ്ധ്യക്ഷന്‍ ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്റെ കീഴില്‍ ആദ്യം ഗവേഷണത്തിന് വന്നത് മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് എംഫില്‍ കഴിഞ്ഞുവന്ന ഒരു സതീശനാണ്. അയാള്‍ അതിനിടെ കേരളവര്മ്മയില്തന്നെ അദ്ധ്യാപകനുമായി. കവികൂടിയായ സതീശന് ഷൊര്‍ണൂരുമായി വൈകാരികമായി ഇടയുകയും റിട്ടയര്‍ ചെയ്യുന്നതുവരെ പിന്നെ ഗവേഷണത്തിനു മുതിരാതിരിക്കുകയും ചെയ്തു.
റോസി എന്ന വിദ്യാര്‍ത്ഥിനി ഗവേഷണത്തിന് വന്നതാണ് വിവാദമായത്. (പേരുകള്‍ സാങ്കല്പികം). അവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന റോസി പതിവുപോലെ കാര്ത്തിയേകനു കീഴില്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട്ടുനിന്ന് തൃശൂരിലെ വിയ്യൂരില്‍ താമസമാക്കിയിരുന്ന അഴീക്കോട് നവഭാരതവേദി എന്നൊരു സംഘടനയുണ്ടാക്കി പ്രസംഗത്തൊഴിലില് മുന്നോട്ടുപോകുകയായിരുന്നു. തന്നെ വൈസ് ചാന്സലറാക്കാത്ത കെ. കരുണാകരനോടുള്ള രോഷവുമായാണ് അഴീക്കോട് രാഷ്ട്രീയ സംഭവങ്ങള്‍ സാഹിത്യം ചേര്‍ത്ത് ഗര്ജ്ജിച്ചുതുടങ്ങിയത്. പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ സാംസ്കാരിക സംഘടനയല്ലാത്തതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ ക്ഷണിക്കാനും തുടങ്ങി. ഗവേഷണത്തേക്കാള്‍ ഗൈഡിന്റെ വാര്‍ത്താപ്രാധാന്യം നോക്കിയാണ് പലരും ശിഷ്യരാകുക. ഉടനെ ഈ ശിഷ്യ അഴീക്കോടിന്റെ കീഴിലേക്ക് മാറി. ആദ്യ ഗൈഡിനോട് പറഞ്ഞതുപോലും ഇല്ല.
ഗൈഡ് ആരായാലും സെന്ററില്‍ റിസര്‍ച്ച് ചെയ്യുന്നവര്‍ അവിടെ ദിവസവും ഹാജര്‍ രേഖപ്പെടുത്തണമെന്നുണ്ട്. ശിഷ്യ ഒപ്പിടാന്‍ ചെന്നപ്പോള്‍ ക്ഷുഭിതനായ ആദ്യത്തെ ഗൈഡ് രജിസ്റ്റര്‍ കൊടുത്തില്ല. ഒപ്പിടാതെതന്നെ നേരെ അഴീക്കോടിന്റെ അടുത്തുചെന്ന് വിഷയം അവതരിപ്പിച്ചു. ആശ്രിതവത്സലനും ലോലഹൃദയനുമായ അഴീക്കോട് അന്നുരാത്രിതന്നെ അധിപനെ വിളിച്ച് കേരളവര്‍മ്മ ഗവേഷണ സെന്റര്‍ ആരുടേയും കുടുംബസ്വത്തല്ലെന്ന് ഓര്‍മ്മിപ്പിച്ചു. ഇത്രയും പ്രതീക്ഷിക്കാത്ത സെന്റര്‍ മേധാവി അഴീക്കോടിന്റെ ശിഷ്യയ്ക്ക് പ്രത്യേക പരിഗണന നല്കി, ആ വഴിക്കു വന്നില്ലെങ്കിലും ഇഷ്ടംപോലെ ഒപ്പിടാന്‍ അനുവദിച്ചു. ഇല്ലെങ്കില്‍ അഴീക്കോട് തന്നെയും തന്റെ സെന്ററിനേയും ശരിപ്പെടുത്തുമെന്ന് അദ്ദേഹത്തിന് തോന്നിപ്പോയി.
ദിവസങ്ങള്‍ക്കുള്ളില്‍ ഈ സംഭവം കാമ്പസില്മാത്രമല്ല മറ്റു ഗവേഷണസെന്ററുകളിലും വാര്‍ത്തയായി. മദ്രാസ്, ദില്ലി, മൈസൂര്‍, മാഹി, അലിഗഡ് തുടങ്ങിയ യൂണിവേഴ്സിറ്റികളിലും മലയാളത്തിന് ഗവേഷണ സെന്ററുകളുണ്ട്. പലരും മനോധര്‍മ്മംപോലെ കഥകള്‍ മെനഞ്ഞു. കോളേജിലെ ഇടതുപക്ഷ സംഘടനയില്‍പ്പെട്ട, പിഎച്ച്ഡി ഇല്ലാത്ത അധ്യാപകര്‍ കോളേജിന്റെ വാര്‍ഷികത്തിന് അഴീക്കോടിനെ ക്ഷണിക്കാന്‍ യൂണിയന് ചെയര്‍മാനോട് ശുപാര്‍ശ ചെയ്തു. ചെയര്മാന് മലയാളം എംഎ വിദ്യാര്‍ത്ഥികൂടിയായിരുന്നു. അഴീക്കോട് മൈക്കിലൂടെ സെന്ററിനെ ചീത്ത വിളിക്കുന്നത് കേള്‍ക്കാന്‍ എല്ലാവര്ക്കും താല്പര്യമുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ ഒരു ഹര്‍ത്താല്‍ മൂലം പരിപാടി മാറ്റിവയ്ക്കേണ്ടിവന്നു.
ഇടതുപക്ഷ സഹയാത്രികനായിരുന്നു സെന്റര്‍ മേധാവി. യൂണിയന്റെ സ്റ്റാഫ് അഡൈ്വസറും അദ്ദേഹം തന്നെ. മറ്റൊരുദിവസം നിശ്ചയിച്ച പരിപാടിയിലും അഴീക്കോട് തന്നെയായിരുന്നു മുഖ്യാതിഥി. തന്നെ ചീത്ത വിളിക്കാന്‍ സാധ്യതയുണ്ടെന്നു മനസ്സാലാക്കിയ അദ്ദേഹം അന്ന് ലീവെടുത്ത് മാറിനില്ക്കാന് ആലോചിച്ചു. എന്നാല്‍ ഈ ലേഖകന്‍ ഗുരുനാഥന്‍കൂടിയായ ഡോക്ടറോട് ഉദ്ഘാടനപ്രസംഗത്തിനു മുന്നിലുള്ള സ്റ്റാഫ് അഡൈ്വസറുടെ ആമുഖപ്രസംഗത്തില്‍ അംബയുടെ വാക്കുകേട്ട പരശുരാമന് ശിഷ്യനായ ഭീഷ്മരെ ശപിക്കാന്‍ മുതിര്‍ന്ന മഹാഭാരതകഥ ഒന്നു സൂചിപ്പിക്കാന്‍ പറഞ്ഞു. അക്കാലത്ത് കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടന’ത്തിലെ അംബ എന്ന അദ്ധ്യായം പ്രീഡിഗ്രിക്ക് പഠിക്കാനുമുണ്ടായിരുന്നു. നിറഞ്ഞ സദസ്സില്‍ ഡോ. കാര്ത്തികേയന് ഈ കഥ സൂചിപ്പിക്കുകയും, ഇക്കാലത്തും ഇത്തരം പരശുരാമന്മാര് ഉണ്ടെന്നും ശിഷ്യകളില്‍ പ്രലോഭിതരായി കാര്യമറിയാതെ സജ്ജനങ്ങളെ അപമാനിക്കാറുണ്ടെന്നും പറഞ്ഞുവെച്ചു.
‘എല്ലായ്പൊഴും പ്രണതശിഷ്യകള്ക്കു ദേശി-കങ്കല്‍ ചെല്ലാം സ്ഥലം സമയമെന്നിവ നോക്കിടേണ്ട’ എന്നാണല്ലോ പ്രമാണം. കാര്യം പിടികിട്ടിയ അഴീക്കോട് തന്റെ അസ്ത്രങ്ങള്‍ പുറത്തെടുക്കാതെ മറ്റു വിഷയങ്ങള്‍ സംസാരിച്ച് സ്ഥലം വിട്ടു. പ്രസംഗം കേള്‍ക്കാന്‍ മിനക്കെട്ടുവന്നവരെല്ലാം നിരാശരുമായി. ഗവേഷണ കേന്ദ്രമാണെങ്കിലും ആവശ്യത്തിന് ഒറ്റ പുസ്തകംപോലും റഫര്‍ ചെയ്യാനില്ല. ആവശ്യക്കാര്‍ സാഹിത്യ അക്കാദമിയിലാണ് പോകുന്നത്. അവിടത്തേയും ഈടുറ്റ പല ഗ്രന്ഥങ്ങളും കാലാകാലം അക്കാദമി ഭരിച്ചിരുന്നവര്‍ കടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുതന്നെയാണ് അടുത്തിടെ തുടങ്ങിയ മറ്റു ഫാക്കല്‍റ്റികളിലെ ഗവേഷണനിലങ്ങളുടേയും സ്ഥിതി. മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ കഥകളോളം ജനകീയത മറ്റു ഡിപ്പാര്ട്ടുമെന്റുകള്ക്കില്ലല്ലോ. പൊളിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഇപ്പോഴും സോവിയറ്റ് യൂണിയനും മൂന്നാംലോകവും അമേരിക്കന്‍ സാമ്രാജ്യത്വവും മാത്രമാണുള്ളത്. 1990കളിലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച പല അദ്ധ്യാപകരും അറിഞ്ഞിട്ടുപോലുമില്ല. കാര്‍ വിപണിയും ഷോപ്പിങ്ങ് മാളുകളും ആധികാരികമായി പലര്‍ക്കും അറിയാം. മറ്റു ‘പ്രശസ്ത’ കോളേജുകളുടെ സ്ഥിതി ഇതിലും കഷ്ടമാണെന്നാണ് നാക് അക്രഡിറ്റേഷനു വന്ന കമ്മിറ്റിയിലെ ഒരംഗം പറഞ്ഞത്. എങ്കിലും പല പ്രലോഭനങ്ങളും അക്രഡിറ്റേഷന് കമ്മിറ്റിയെ സ്വാധീനിക്കുന്നതുകൊണ്ട് അപേക്ഷിക്കുന്ന കോളേജുകള്‍ക്കെല്ലാം ഗവേഷണകേന്ദ്രങ്ങള്‍ അനുവദിക്കുകയാണ് പതിവെന്നും പറഞ്ഞു. പിഎച്ച്ഡി ഇല്ലാത്തതുകൊണ്ട് ആരും യുജിസി ആനുകൂല്യങ്ങള്‍ കിട്ടാത്തവരാകരുത് എന്ന ഒരു ഉദാരസമീപനമാണ് അക്കാദമിക് രംഗത്തെ ഈ ‘പകല്‍ക്കൊള്ള’യ്ക്ക് പിന്നിലെന്നു കാണാം.
പ്രൊഫ. ടി.പി. സുധാകരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: