സത്യന് അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന സിനിമയില്‍ ക്യാപ്റ്റന്‍ രാജു വില്ലനാണ്. നായകനായ മോഹന്‍ലാലിനെയും ശ്രീനിവാസനെയും കൊല്ലാന്‍ വരുന്ന വാടകക്കൊലയാളി. പക്ഷേ, ക്യാപ്റ്റന്റെ കഥാപാത്രം മലയാളിയെ ഏറെ ചിരിപ്പിച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും നാടോടിക്കാറ്റിലെ ക്യാപ്റ്റന്‍ രാജുവിന്റെ പവനായി ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ‘പവനായി അങ്ങനെ ശവമായി…’ എന്നത് ഒരു ചൊല്ലായി, ഭാഷയ്ക്കു മുതല്‍ക്കൂട്ടായി. സിഐഡി മൂസയില്‍ ക്യാപ്റ്റണ് സിഐഡിയായിരുന്നു. കാറുതള്ളാന് വേറെ ആളുവേണ്ടാത്ത സിഐഡി. കറുത്ത ഭംഗിയുള്ള സ്യൂട്ട്കേസില്‍ മീനുമായി വരുന്ന കരുണന് ചന്തക്കവല എന്ന സിഐഡിയെ ആര്‍ക്കുമറക്കാനാകും.
എണ്‍പതുകളിലെ മലയാളസിനിമയുടെ സുവര്‍ണ്ണ കാലത്തിനൊപ്പമാണ് ക്യാപ്റ്റന്‍ രാജുവും വളര്‍ന്നത്. പവനായിയെ അവിസ്മരണീയമാക്കിയ ആ കാലഘട്ടത്തില്‍ തന്നെയാണ് പ്രേക്ഷക മനസ്സില്‍ ഭയംജനിപ്പിക്കുന്ന നിരവധി വില്ലന്‍ കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചത്. സിബിമലയില്‍ സംവിധാനം ചെയ്ത ‘ആഗസ്റ്റ് ഒന്ന്’ എന്ന സിനിമയിലെ നിക്കോളാസിനെ ജീവസ്സുറ്റതാക്കാന്‍ ക്യാപ്റ്റനു മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ ആകാരവും സംസാരവും ചലനങ്ങളുമെല്ലാം വാടകക്കൊലയാളിക്കു ചേരുന്നതായി. ആ സിനിമയുടെ വിജയം ക്യാപ്റ്റന്‍ രാജു എന്ന നടന്റെ അഭിനയ വൈഭവത്തെ അടിസ്ഥാനമാക്കിത്തന്നെയായിരുന്നു.
~അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഏറെയും വില്ലന്മാരായിരുന്നു. രണ്ടാം സ്ഥാനം പോലീസ് ഓഫീസര്‍മാര്‍ക്കും. എന്നാല്‍, ക്യാപ്റ്റന്‍ അഭിനയിച്ച പോലീസ് വേഷങ്ങള്‍ വില്ലന്മാരായിരുന്നില്ല. അഭിനയ പ്രാധാന്യമുള്ള പോലീസ് ഓഫീസര്‍മാര്‍ ക്യാപ്റ്റന്‍ രാജുവിന്റെ കയ്യില്‍ ഭദ്രമായി. ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇന്നലെ, കളികാര്യമായി, രാക്ഷസരാജാവ് തുടങ്ങിയ ചിത്രങ്ങളിലെ നല്ല പോലീസ് വേഷങ്ങളിലൂടെ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
തമിഴ് സിനിമയെ കയ്യിലെടുത്ത വില്ലനാകാനും ക്യാപ്റ്റനു കഴിഞ്ഞു. ജല്ലിക്കെട്ട്, ശൂരസംഹാരം, ജീവ, ധര്മ്മത്തിന് തലൈവന് തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായി. മലയാളവും തമിഴും തെലുങ്കും ഹിന്ദിയും കടന്ന് ഹോളിവുഡില്‍ വരെ ക്യാപ്റ്റന്‍ രാജുവെത്തി. 1999ല്‍ ഇസ്മായില്‍ മര്‍ച്ചെന്റിന്റെ ‘കോട്ടണ്‍ മേരി’-യില്‍ ക്യാപ്റ്റന്‍ അഭിനയിച്ചതും പോലീസ് ഓഫീസറുടെ വേഷത്തിലാണ്.
പട്ടാളത്തില്‍ നിന്നെത്തി മലയാള സിനിമയുടെ ഭാഗമായി മാറിയ നിരവധി നടന്മാര് നമുക്കുണ്ടായിട്ടുണ്ട്. ജി.കെ.പിള്ളയും ജയനുമൊക്കെ അക്കൂട്ടത്തിലുള്ളവരാണ്. ക്യാപ്റ്റന്‍ രാജുവും പട്ടാളക്കാരനായിരുന്നു. എന്നാല്‍ പട്ടാളത്തിലെ ഉന്നത പദവികളിലെത്തുമായിരുന്ന അദ്ദേഹം നാടകത്തിനു വേണ്ടിയാണ് ആ ജോലി ഉപേക്ഷിച്ചത്. മുംബൈയില്‍ പട്ടാളക്കാരനായിരിക്കുമ്പോഴാണ് തീയറ്റര്‍ ആകര്‍ഷണമായത്. ആദ്യം ഒഴിവു സമയം ചെലവഴിക്കാനായിരുന്നു നാടകക്കാഴ്ച. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി. മുംബൈയിലെ പ്രതിഭാ തീയറ്ററില്‍ അമേച്വര്‍ നാടകത്തില്‍ അഭിനയിച്ചായിരുന്നു തുടക്കം. ആ ചുവട് അദ്ദേഹത്തിന് പിഴച്ചില്ല. ജോഷിയുടെ ‘രക്ത’ത്തില്‍ പ്രേംനസീറിനും മധുവിനൊപ്പം ക്യാപ്റ്റനും നല്ല വേഷത്തിലെത്തി. പിന്നീട് സിനിമയുടെ ഏഴടിപ്പൊക്കമുള്ള നടനായി.
സിനിമയിലെ ഭയപ്പെടുത്തുന്ന വില്ലന്‍, ജീവിതത്തില്‍ സ്നേഹസമ്പന്നനായിരുന്നു. എല്ലാവരെയും സ്വയം അദ്ദേഹം പരിചയപ്പെട്ടത് ‘രാജുഅച്ചായനാടോ…’ എന്ന സംബോധനയോടെയാണ്. ആരെയും നിറഞ്ഞ ചിരിയോടെ ‘അനിയാ..’ എന്നു വിളിച്ചു. എങ്കിലും സിനിമയില്‍ നിന്ന് കയ്പ്പുനീര് കുടിക്കാനും ക്യാപ്റ്റന്‍ സാഹചര്യമുണ്ടായി.
സിനിമാ സംഘടന സംവിധായകന് വിനയന് വിലക്ക് ഏര്‍പ്പെടുത്തിയ കാലത്ത് വിനയന്റെ ‘യക്ഷിയും ഞാനും’ എന്ന സിനിമയില്‍ അഭിനയിച്ചതിന് ക്യാപ്റ്റന്‍ രാജുവിനെയും വിലക്കി. ക്യാപ്റ്റനൊപ്പം മാള അരവിന്ദനും സ്ഫടികം ജോര്‍ജ്ജിനും വിലക്കു വന്നു. അവരാരും പിന്നീട് സിനിമയില്‍ സജീവമായതുമില്ല. താന്‍ വളരെയധികം സ്നേഹിച്ചവര്‍ തന്നെ അകറ്റി നിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്റെ മനസ്സും വേദനിച്ചു. ഒരു നടന് തന്നോട് മോശമായി പെരുമാറിയത് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. വിലക്കിനു ശേഷം ക്യാപ്റ്റന്‍ രാജുവും സജീവമായില്ല. നല്ല വേഷങ്ങള്‍ കിട്ടാതായി എന്നു തന്നെ പറയാം. 2010ലാണ് ‘യക്ഷിയും ഞാനും’ റിലീസാകുന്നത്. പിന്നീട് വിരലില്‍ എണ്ണാവുന്ന വേഷങ്ങള്‍ മാത്രമാണ് നാല് പതിറ്റാണ്ടോളം അഭിനയരംഗത്തെ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തെ തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: