ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ചികിത്സാ മേഖലയില്‍ തൊഴില്‍ നേടാന്‍ ഏറെ അനുയോജ്യമായ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ പതിനാല് പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ പഠിക്കാന്‍ അവസരം. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലൂള്ള ഇനി പറയുന്ന അംഗീകൃത ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി അപേക്ഷ ഓണ്‍ലൈനായി സെപ്തംബര്‍ 29 വരെ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.lbscentre.kerala.gov.inല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന ഫാര്‍മസി, പാരാമെഡിക്കല്‍ കോഴ്സുകളിലും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. എന്‍ട്രന്‍സ് പരീക്ഷയില്ല. ഹയര്‍ സെക്കന്ററി/തത്തുല്യയോഗ്യതാ പരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് സെലക്ഷന്.
കോഴ്സുകള്‍: ഡിപ്ലോമ ഇന്‍-ഫാര്‍മസി (ഡിഫാം), ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഡിഎച്ച്ഐ), മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡിഎംഎല്‍റ്റി), റേഡിയോളജിക്കല്‍ ടെക്നോളജി (ഡിആര്‍റ്റി), ഓഫ്താല്മിഖ് അസിസ്റ്റന്‍സ് (ഡിഒഎ), ദന്തല്മെക്കാനിക്സ് (ഡിഎംസി), ദന്തല്‍ ഹൈജിനിസ്റ്റ്സ് (ഡിഎച്ച്സി), ഓപ്പറേഷന് തിയറ്റര്‍ ആന്റ് അനസ്ത്യേഷ്യ ടെക്നോളജി (ഡിഒറ്റിഎറ്റി), കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി (ഡിസിവിറ്റി) ന്യൂറോ ടെക്നോളജി (ഡിഎന്റ്റി), ഡയാലിസിസ് ടെക്നോളജി (ഡിഡിറ്റി), എന്‍ഡോസ്കോപ്പിക് ടെക്നോളജി (ഡിഇറ്റി), ഡന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്സ് (ഡിഎ), റെസ്പറേറ്ററി ടെക്നോളജി (ഡിആര്‍) എന്നീ 14 കോഴ്സുകളിലാണ് പ്രവേശനം.
യോഗ്യത: ഫാര്‍മസി ഡിപ്ലോമ-ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
$ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ-ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയങ്ങളില്‍/ഗ്രൂപ്പില്‍ 40% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു യോഗ്യത നേടിയവരെയും പരിഗണിക്കും.
$പാരാമെഡിക്കല്‍ ഡിപ്ലോമ-ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40% മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി /തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
എല്ലാ കോഴ്സുകള്‍ക്കും പട്ടികജാതി/വര്‍ഗ അപേക്ഷകര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവുണ്ട്.
പ്രായം 2018 ഡിസംബര്‍ 31 ന് 17 വയസ്സ് പൂര്‍ത്തിയാകണം. 35 വയസ്സ് കവിയാനും പാടില്ല.
അപേക്ഷാ ഫീസ്: പൊതു വിഭാഗത്തിന് 400 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 200 രൂപ. എല്ലാ കോഴ്സുകള്‍ക്കും കൂടി ഓണ്‍ലൈനായി ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലും ശാഖയില്‍ സെപ്തംബര്‍ 28നകം ഫീസ് അടയ്ക്കാം. അപേക്ഷാ ഫീസ് ഓണ്‍ലൈനായും സ്വീകരിക്കും. അപേക്ഷാ നമ്പരും, ബാങ്കില്‍നിന്നും ലഭിക്കുന്ന ചെലാന്‍ നമ്പരും ഉപയോഗിച്ച് സെപ്തംബര്‍ 29 വരെ വ്യക്തിഗത വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് അടച്ച ചെലാന്‍ രസീത്, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 3 വൈകിട്ട് 5 മണിക്കകം ലഭിക്കത്തക്കവിധം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ അയക്കണം.
റാങ്ക്ലിസ്റ്റ്, ഓപ്ഷന് രജിസ്ട്രേഷന്: റാങ്ക്ലിസ്റ്റില് സ്ഥാനംപിടിക്കുന്നവര്ക്ക് ഓണ്‍ലൈനായി സ്ഥാപന/ കോഴ്സ് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം സമയം ലഭിക്കും. സര്‍ക്കാര്‍/അംഗീകൃത സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍, കോഴ്സുകള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ യഥാസമയം വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. പ്രോസ്പെക്ടസിലെ നിബന്ധനകള്‍ക്ക് വിധേയമായി എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടറാണ് സീറ്റ് അലോട്ട്മെന്റ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ പ്രോസ്പെക്ടസിലുണ്ട്.
വൈശാഖ് ജി. നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: