എണ്ണപ്പെട്ട എഴുത്തുകാരെ ലോകത്തിനുനല്‍കി എന്ന് അഭിമാനിക്കുമ്പോഴും വായനാസംസ്ക്കാരത്തില്‍ എന്തുകൊണ്ട് നൈജീരിയ ദാരിദ്ര്യം അനുഭവിക്കുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു. വൈവിധ്യം നിറഞ്ഞ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ എത്രവേണമെങ്കിലും കിട്ടുമെന്നാകിലും വായന നന്നെ കുറവാണെന്നത് സാംസ്ക്കാരികമായൊരു തടസം സൃഷ്ടിക്കുന്നുണ്ട്. ചിലര്‍ വര്‍ഷത്തില്‍ ഒരു പുസ്തകം വായിച്ചെങ്കിലായി എന്ന അവസ്ഥയാണ് പൊതുവെ നൈജീരിയലുള്ളത്.
നൈജീരിയയില്‍ ആദ്യനോവല്‍ സമ്മാനം കൊണ്ടുവന്ന വോള്‍ സോയിങ്ക, അന്‍പത് ഭാഷകളില്‍ രചനകള്‍ തര്‍ജമ ചെയ്യപ്പെട്ട ചിനു അച്ചബേ, നവ നൈജീരിയന്‍ സാഹിത്യത്തിന്റെ അമ്മ എന്നറിയപ്പെടുന്ന ഫ്ളോറന്‍സ് നൊപാ തുടങ്ങിയ നിരവധി എഴുത്തുകാരാല്‍ സമ്പന്നമായ നൈജീരിയന്‍ സാഹിത്യം ഖ്യാതിനേടുമ്പോഴും പുസ്തകങ്ങളോടുള്ള അവിടുത്തുകാരുടെ പുറം തിരിഞ്ഞു നില്പ് വളര്‍ച്ചയുടെ ലക്ഷണമല്ലെന്ന് ശക്തമായി വിലയിരുത്തപ്പെടുന്നു. ചിമമന്‍ഡാ നഗോസി അട്ചിയെപ്പോലുള്ള എഴുത്തുകാരുടെ സാന്നിധ്യം അവിടെ രാഷ്ട്രീയത്തില്‍ ഫെമിനിസത്തിന് ഊര്‍ജം നല്കുകും ചെയ്യുമ്പോഴാണ് വായനാമടി എന്തുകൊണ്ടെന്നതിന് അത്രയ്ക്കൊന്നും ന്യായമായ ഉത്തരംകിട്ടാത്തത്.
അടുത്തകാലത്ത് ഓണ്‍ലൈനില്‍ നടത്തിയ സര്‍വേയിലാണ് വര്‍ഷത്തില്‍ ഒരു പുസ്തകംപോലും വായിക്കാത്തവരെക്കുറിച്ച് മനസിലായത്. പണംകൊടുത്തു വാങ്ങി വായിക്കുക എന്നത് ഇതിനിടയില്‍ പറ്റാവുന്ന പണിയല്ലെങ്കിലും പൊതുവെ പുസ്തകത്തിന് വിലകൂടുതലാണ് നൈജീരിയയില്‍. തീപിടിച്ച വിലകാരണം അടച്ചുപൂട്ടിയ പുസ്തകശാലകളുമുണ്ട്.
വിദ്യാഭ്യാസത്തില്‍ വായനയ്ക്കുള്ള പ്രാധാന്യമൊന്നും അവിടെ ഇനിയും കൈവന്നിട്ടില്ല. കുട്ടികള്‍ ഏതോ വലിയ പാപം എന്നനിലയിലാണോ പുസ്തകവായനയെ കാണുന്നതെന്നുപോലും വിചാരിച്ചുപോകും. വായന മാനസികമായ ഉത്തേജനവും വികാരപരമായ പക്വതയും നിലനിര്‍ത്താന്‍ ഉതകുന്നതും ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരെയുള്ള ജിഹ്വയായിരുന്നിട്ടുപോലും പുസ്തകം അത്രയ്ക്കു ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.
വായിക്കുന്നരാജ്യം വളര്‍ച്ചയുടെ രാജ്യമാണെന്നു പറയുമ്പോഴും നിര്‍ബന്ധിച്ചുള്ള വായന അസാധ്യവുമാണ്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പലതും ചെയ്യാനുണ്ട്. വായിക്കുന്നില്ല എന്ന ഒറ്റക്കാരണംംകൊണ്ട് വായനയെ പുറകോട്ടടിക്കുന്ന പ്രവണത അറിയാതെപോലും സര്‍ക്കാര്‍ നയമാകരുത്. സ്ക്കൂളുകളിലും പൊതുവിടങ്ങളിലും ലൈബ്രറികള്‍ ഇനിയും ആരംഭിക്കണം. വായനയെക്കുറിച്ചുള്ള ബോധ്യങ്ങള്‍ നിരന്തരം ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിനു കഴിയണം. ഇത്തരം സര്‍വസാധാരണമായ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തന്നെ വായനയെ അല്‍പ്പാല്‍പ്പമായി ഊര്‍ജപ്പെടുത്താന്‍ കഴിയും എന്നാണ് നൈജീരിയയിലെ ഇതു സംബന്ധിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: