ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന രജനികാന്തിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0യുടെ ടീസര്‍ പുറത്തിറങ്ങി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 29നാണ് പ്രദര്‍ശനത്തിനെത്തുന്നത്.
സാങ്കേതിക വിദ്യയുടെ പുതിയതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ചരിത്രത്തില്‍ പുതിയ താളുകളെഴുതി ചേര്‍ക്കുമെന്ന് ടീസര്‍ കണ്ടാല്‍ മനസിലാകും. രജനികാന്തിന്റെ വില്ലനായി അക്ഷയ്കുമാറെത്തുന്ന ചിത്രത്തില്‍ ഏമി ജാക്സനാണ് നായിക.
കൂടാതെ, മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര് റഹ്മാന് ആണ്.
500 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോ ആണ് നേടിയിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി 12ഓളം ഭാഷകളിലായി ഏകദേശം10,000ല്‍ പരം സ്ക്രീനുകളിലാണ് ചിത്രമെത്തുക.
ലോകത്തെ വിവിധഭാഗങ്ങളിലുള്ള 3000 ടെക്നിഷ്യന്മാര് നിര്‍മ്മിച്ച വിഎഫ്എക്സ് സാങ്കേതിക വിദ്യയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് 2.0യുടെ ടീസര്‍ ചോര്‍ന്നത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഒരുപാട് പേരുടെ അധ്വാനം നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്ന് രജനിയുടെ മകള്‍ ഐശ്വര്യ ട്വീറ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: