ഭാഷ ഉള്‍പ്പെടെ ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സസ് ആന്റ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സയന്‍സ് മുതലായ 101 വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും (ജെആര്‍എഫ്) അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുമുള്ള യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2018 ഡിസംബര്‍ 9 നും 23 നും മദ്ധ്യേ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കുറി ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 30 വരെ സ്വീകരിക്കും. ഔദ്യോഗിക വിജ്ഞാപനം http://ntanet.nic.in -ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരാള്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നെറ്റിന് മാത്രമായോ അല്ലെങ്കില്‍ ജെആര്‍എഫ് ഉള്‍പ്പെടെ ഇവ രണ്ടിനും കൂടെയോ അപേക്ഷിക്കാം. ഫീസ് ജനറല്‍ വിഭാഗക്കാര്‍ക്ക് 800 രൂപയും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 400 രൂപയും പട്ടികജാതി/വര്‍ഗ്ഗം/ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുഡി)/ട്രാന്സ്ജന്ഡര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 200 രൂപയുമാണ്. ജിഎസ്ടി/പ്രോസസിങ് ചാര്‍ജ് കൂടി നല്‍കേണ്ടിവരും. ഫീസ് ഒക്ടോബര്‍ ഒന്നിനകം ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം അടയ്ക്കണം.
അപേക്ഷ ഓണ്‍ലൈനായി www.ntanet.nic.in-ല്‍ സെപ്തംബര്‍ 30 നകം സമര്‍പ്പിക്കണം. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
‘യുജിസി’ നെറ്റില്‍ ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ഹിസ്റ്ററി, ആന്ത്രോപ്പോളജി, കൊമേഴ്സ്, എഡ്യുക്കേഷന്‍, സോഷ്യല്‍വര്‍ക്ക്, ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഹോം സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, പോപ്പുലേഷന്‍ സ്റ്റഡീസ്, ഹിന്ദുസ്ഥാനി മ്യൂസിക് (വോക്കല്‍/ഇന്‍സ്ട്രുമെന്റല്‍), മാനേജ്മെന്റ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, അറബ് കള്‍ച്ചര്‍ ആന്റ് ഇസ്ലാമിക് സ്റ്റഡീസ്, ഇന്ത്യന്‍ കള്‍ച്ചര്‍, ലേബര്‍ വെല്‍ഫെയര്‍/പെര്‍സണേല്‍ മാനേജ്മെന്റ്, ലോ, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, ഡാന്‍സ്, മ്യൂസിയോളജി ആന്റ് കണ്‍സര്‍വേഷന്‍, ആര്‍ക്കിയോളജി, വിമെന്‍ സ്റ്റഡീസ്, വിഷ്വല്‍ ആര്‍ട്ട്, ജിയോഗ്രഫി, സോഷ്യല്‍ മെഡിസിന് ആന്റ് കമ്യൂണിറ്റി ഹെല്‍ത്ത്, ഫോറന്‍സിക് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ഇന്റര്‍നാഷണല്‍ ആന്റ് ഏരിയ സ്റ്റഡീസ്, ഹ്യൂമെന്‍ റൈറ്റ്സ് ഡ്യൂട്ടീസ്, ടൂറിസം അഡ്മിനിസ്ട്രേഷന് ആന്റ് മാനേജ്മെന്റ്, ഡ്രാമ/തിയറ്റര്‍, യോഗ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്. മുഴുവന്‍ വിഷയങ്ങളും ടെസ്റ്റ് സിലബസും വെബ്സൈറ്റിലുണ്ട്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഒബിസി നോണ്‍ ക്രീമിലെയര്‍/പട്ടികജാതി/വര്‍ഗ്ഗം/ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുഡി)എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷക്ക് 50% മാര്‍ക്ക് മതി. ട്രാന്സ്ജന്ഡര് വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ഇളവ് ലഭിക്കുന്നതാണ്.
ജെആര്‍എഫിന് പ്രായപരിധി 2018 ഡിസംബര്‍ ഒന്നിന് 30 വയസ്സാണ്. ഒബിസി നോണ്‍ ക്രീമിലെയര്‍/എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്സ്ജന്ഡര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും എല്‍എല്‍എം ബിരുദധാരികള്‍ക്ക് 3 വര്‍ഷവും സായുധസേനാ ജീവനക്കാര്‍ക്ക് 5 വര്‍ഷവും റിസര്‍ച്ച് എക്സ്പീരിയന്‍സുള്ളവര്‍ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതാ പരീക്ഷക്ക് പ്രായപരിധിയില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്സൈറ്റിലുണ്ട്.
ടെസ്റ്റ്: രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. പേപ്പര്‍ ഒന്ന് 100 മാര്‍ക്കിന്, 50ചോദ്യങ്ങള്‍. ഒരു മണിക്കൂര്‍ സമയം ലഭിക്കും. പൊതുവായ ഈ പേപ്പറില്‍ ടീച്ചിങ്/റിസര്‍ച്ച് അഭിരുചി അളക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടും. റീസണിങ് എബിലിറ്റി, കോംപ്രിഹെന്ഷന്, ഡൈവര്‍ജന്റ് തിങ്കിങ്, പൊതുവിജ്ഞാനം പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടാവും. പേപ്പര്‍ രണ്ട് 200 മാര്‍ക്കിന്, 100ചോദ്യങ്ങള്‍, തെരഞ്ഞെടുത്ത വിഷയങ്ങള്‍ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങള്‍. രണ്ട് ഷിഫ്റ്റുകളായി ഡിസംബര്‍ 9 നും 23 നും മധ്യേയാണ് പരീക്ഷ നടത്തുക. നവംബര്‍ 19 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
കേരളത്തില്‍ ആലപ്പുഴ, അങ്കമാലി, ചെങ്ങന്നൂര്‍, എറണാകുളം, കൊച്ചി, ഇടുക്കി, കാഞ്ഞിരപ്പള്ളി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോതമംഗലം, കോഴിക്കോട്, മലപ്പുറം, മൂവാറ്റുപുഴ, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ www.ntanet.nic.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: